ഉദ്ധവ് താക്കറെയും ശിവസേനയും പ്രതീക്ഷയാകുന്നത് എങ്ങനെയാണ്?

Sufad Subaida 9 months ago

''ചന്ദനം ചാരിയാല്‍ ചന്ദനം മണക്കും, ചാണകം ചാരിയാല്‍ ചാണകം മണക്കും'' എന്ന ചൊല്ലിന് യാഥാര്‍ത്ഥൃവുമായി ഇത്രയധികം ബന്ധമുണ്ട് എന്ന് മനസ്സിലായത് മഹാരാഷ്ട്ര ഭരിക്കുന്ന ശിവസേനയുടെ നിലപാട് മാറ്റ വാര്‍ത്തകളിലൂടെയാണ്. മുന്‍പറഞ്ഞ പഴംചൊല്ല് വാക്കര്‍ത്ഥത്തില്‍ തന്നെ ശരിവെയ്ക്കുന്നതാണ് ബിജെപി പാളയത്തില്‍ നിന്ന് മടങ്ങി കോണ്‍ഗ്രസ്, ശരത് പവാറിന്റെ എന്‍ സി പി, ഇടതുകക്ഷികള്‍ തുടങ്ങിയ മതനിരപേക്ഷ പാര്‍ട്ടികളുമായി ശിവസേന ഉണ്ടാക്കിയ സഖ്യം. അതുകൊണ്ട് ശിവസേനയ്ക്കുണ്ടായ മാറ്റം ചില്ലറയല്ല. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ ഭരണതലത്തിലെ നടപടികളും പ്രസ്താവനകളും, കൊവിഡ് പശ്ചാത്തലത്തില്‍ ആരാധനാലയങ്ങള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് മഹാരാഷ്ട്രാ ഗവര്‍ണറുമായി നടന്ന വാക്തര്‍ക്കങ്ങളും മതനിരപേക്ഷ പക്ഷത്ത് പതിറ്റാണ്ടുകളായി നിലയുറപ്പിച്ച, ഉള്ളുറപ്പുള്ള ഒരു നേതാവില്‍ നിന്ന് മാത്രം കേള്‍ക്കാന്‍ കഴിയുന്നതാണ്. ഇത് സംഭവിച്ചത് ഉദ്ദവ് ബിജെപി പാളയത്തില്‍ നിന്ന് വിട്ട ഉടനെയാണ് എന്നതിനാലാണ് നേരത്തെ പറഞ്ഞ പഴം ചൊല്ല് വാക്കര്‍ത്ഥത്തില്‍ തന്നെ ശരിയാണ് എന്ന് ഊന്നിപ്പറഞ്ഞത്.

കഴിഞ്ഞ ദിവസം ശിവസേനാ നേതാവും മുഖ്യമന്ത്രിയുമായ ഉദ്ദവ് താക്കറെയുടെ സര്‍ക്കാര്‍ നടത്തിയ  ആ തിളക്കമുള്ള പ്രഖ്യാപനത്തില്‍ നിന്നുതന്നെ തുടങ്ങാം. ജാതിയുടെ അടിസ്ഥാനത്തിലുള്ള സ്ഥലപ്പേരുകള്‍ മാറ്റുമെന്നും അത്തരം പേരുകള്‍ പുരോഗമന ചിന്താഗതിയുള്ള ഒരു സംസ്ഥാനത്തിന് ചേര്‍ന്നതല്ലെന്നുമാണ് അവര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അത്തരം സ്ഥലങ്ങൾക്ക് ചരിത്രനേതാക്കളുടെ പേര് നൽകാനാണ് മഹാവികാസ് അഘാടി സര്‍ക്കാറിന്റെ തീരുമാനം. ഇതനുസരിച്ച് മഹര്‍വാഡ, മാംഗ്വാഡ, ബ്രാഹ്മണ്‍വാഡ തുടങ്ങി, ജാതിവരുന്ന സ്ഥലപ്പേരുകളെല്ലാം തിരുത്തും. പകരം അവയ്ക്ക് യഥാക്രമം സാമന്തനഗര്‍, ഭീം നഗര്‍, ജ്യോതിനഗര്‍ പോലെയുള്ള  പേരുകള്‍ നല്‍കുമെന്നാണ് ഉദ്ദവ് സര്‍ക്കാര്‍ അധികാരമേറ്റതിന്റെ ഒന്നാം വാര്‍ഷിക ദിനത്തില്‍ പ്രഖ്യാപിച്ചത്. നമ്മുടെ സംസ്കാരത്തിന്റെ വൈവിധ്യത്തെ സൂചിപ്പിക്കുന്ന, ദേശീയ പ്രസ്ഥാനത്തിന്റെ ചരിത്രവഴികളില്‍ തിളക്കമുള്ള പേരുകളിലൊന്നായ അലഹബാദിനെ ബിജെപി സര്‍ക്കാര്‍ പ്രയാഗ് രാജാക്കി മാറ്റുമ്പോഴാണ് സ്വര്‍ണ്ണ ലിപികളില്‍ എഴുതിവേയ്ക്കേണ്ട ശിവസേന സര്‍ക്കാരിന്റെ പ്രഖ്യാപനം വരുന്നത് എന്നത് ശ്രദ്ധേയമാണ്.

നാം ഇപ്പോള്‍ പറഞ്ഞതിലേക്ക് ഉദ്ദവ് താക്കറെയെ നയിച്ചത് വ്യക്തിപരമായി അദ്ദേഹം കഴിഞ്ഞ ഒരുവര്‍ഷം കൊണ്ട് കൈവരിച്ച രാഷ്ട്രീയ ജ്ഞാനവും തിരിച്ചറിവുകളുമാണ് എന്ന് തെളിയിക്കുന്നതാണ് ഹിന്ദുത്വത്തെ കുറിച്ച് സമീപ ദിവസങ്ങളിലൊന്നില്‍ അദ്ദേഹം നടത്തിയ കുറ്റസമ്മതം നിഴലിക്കുന്ന പ്രസ്താവന. ഹിന്ദുത്വത്തെ കുറിച്ചുള്ള തന്റെ നിര്‍വചനം തന്നെ മാറിയിരിക്കുന്നു, അത് കൂടുതല്‍ സംസ്കാരമുള്ള ഒന്നിലേക്ക് പരിവര്‍ത്തിക്കപ്പെട്ടിരിക്കുന്നു എന്നാണ് ഉദ്ദവ് താക്കറെ പറഞ്ഞത്. ഉന്നതമായ സാംസ്കാരിക ബോധം ഹിന്ദുത്വത്തില്‍ വളരെ പ്രധാനമാണ് എന്നിപ്പോള്‍ താന്‍ തിരിച്ചറിയുന്നു എന്നും മഹാരാഷ്ട്രാ മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. സഖ്യകക്ഷികളുടെ ആശയങ്ങൾ വ്യത്യസ്തമായേക്കാം. എന്നാൽ, സംസ്ഥാനത്തിന്റെയും ജനങ്ങളുടെയും വികസനവും ക്ഷേമവുമാണ് 3 പാർട്ടികളുടെയും അജൻഡ എന്ന പ്രഖ്യാപനത്തിലൂടെ കോണ്‍ഗ്രസ്സിനെയും എന്‍ സി പിയെയും ചേര്‍ത്തുപിടിക്കാനും അദ്ദേഹം മറന്നില്ല.

ഹിന്ദുത്വത്തെ കുറിച്ചുള്ള ഉദ്ദവ് താക്കറെയുടെ പുനരാലോചനയും മറുചിന്തയും രൂപപ്പെട്ടുവരുന്നത് താങ്കള്‍ 'എന്നാണ് ഇത്ര വലിയ മതേതര വാദിയായത്' എന്ന മഹാരാഷ്ട്രാ ഗവര്‍ണര്‍ ഭഗത് സിംഗ് കൊഷിയാരിയുടെ ചോദ്യത്തില്‍ നിന്നുകൂടിയാണ്. സംസ്ഥാനത്ത് ക്ഷേത്രങ്ങള്‍ തുറക്കാന്‍ വൈകിയതിനാണ് ഗവര്‍ണര്‍ നിലമറന്ന് പ്രകോപിതനായത്. അതിന് നിര്‍ഭയമായി ഉദ്ദവ് പറഞ്ഞ മറുപടി ഇന്ത്യന്‍ ഭരണഘടനയുടെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കുന്നതായിരുന്നു. ഭരണഘടനാ പ്രകാരം സത്യപ്രതിജ്ഞ ചെയ്ത താന്‍ അതിനോട് ബാധ്യതപ്പെട്ടവനാണെന്നും മതേതരത്വം ഇന്ത്യന്‍ ഭരണഘടനയുടെ അവിഭാജ്യഘടകമാണെന്നും അത് മനസ്സിലാക്കണമെന്നുമായിരുന്നു ഉദ്ദവ് താക്കറെയുടെ മറുപടി. തന്റെ ഹിന്ദുത്വയ്ക്ക് ഗവര്‍ണറുടെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്നു പറയാനും മഹാരാഷ്ട്രാ മുഖ്യമന്ത്രി മറന്നില്ല. 

ഇപ്പറഞ്ഞതൊക്കെ വലിയ കാര്യമാണോ?  ശിവസേനയെയും ഉദ്ദവ് താക്കറെയെയും ഇങ്ങനെ പൊക്കിപ്പറയുന്നത് രാഷ്ട്രീയമായി ശരിയാണോ എന്ന് ചോദിയ്ക്കുന്നവരോട് പറയാനുള്ളത് ഇത് മാറ്റത്തിന്റെ വലിയ  സൂചനയാണ് എന്നുതന്നെയാണ്. അത് മനസ്സിലാകണമെങ്കില്‍ ആ പഴയ ചീത്ത ഓര്‍മ്മകളിലേക്ക് ഒന്ന് മുങ്ങാംകുഴിയിടണം, പുതിയവര്‍ ശിവസേനയുടെ ചരിത്രം അറിയണം. പ്രാദേശിക വാദം പറഞ്ഞ് ദക്ഷിണേന്ത്യക്കാരെ പച്ചയ്ക്ക് കത്തിക്കാന്‍ വരെ മടിക്കാതിരുന്ന, പാകിസ്താന്‍ ക്രിക്കറ്റ് ടീം ഇന്ത്യയിലേക്ക് കടക്കരുതെന്ന് തിട്ടൂരമിരക്കിയ, വിഖ്യാത ഗായകന്‍ ഗുലാം അലിയെ മുബൈയില്‍ പാടാന്‍ അനുവദിയ്ക്കാതിരുന്ന ആ ചീത്തകാലത്തില്‍ നിന്നു വേണം ഉദ്ദവ് താക്കറെയുടെ പരിവര്‍ത്തനത്തെ കാണാന്‍ !. ലൌവ്‌ ജിഹാദ് നിയമത്തിന്റെ പേരില്‍, ഭക്ഷണത്തിന്റെ പേരില്‍, ക്ഷേത്രത്തിന്റെ പേരില്‍ പൌരത്വ നിഷേധത്തിന്റെ പേരില്‍, ഇപ്പോള്‍ ഒറ്റയടിക്ക് പറഞ്ഞുതീര്‍ക്കാന്‍ കഴിയാത്ത നിരവധി കാര്യങ്ങളുടെ പേരില്‍ ഒരു രാജ്യത്തെ ജനമനസ്സുകളെ മുറിപ്പെടുത്തി, യാതൊരു നൈതിക ചിന്തയുമില്ലാതെ അധികാരമുറപ്പിക്കുന്ന ബിജെപി യുടെ ചീത്തവര്‍ത്തമാനത്തില്‍ നിന്നുവേണം ശിവസേന നേടിയ രാഷ്ട്രീയ ഔന്നത്യം തിരിച്ചറിയാന്‍. അതുകൊണ്ടുതന്നെ ഇന്നലെ ശിവസേന എന്തായിരുന്നു എന്നതിലല്ല, ഇന്നത് എന്തായി മാറിയിരിക്കുന്നു എന്നതില്‍ തന്നെയാണ് കാര്യം. ഒന്നുകൂടി ഉറപ്പിച്ചു പറയുന്നു, വര്‍ത്തമാന ഇന്ത്യയില്‍ ഉദ്ധവ് താക്കറെയും അയാളുടെ പാര്‍ട്ടിയും വലിയ പ്രതീക്ഷയാണ്! കാലം മറ്റൊന്ന് തെളിയിക്കുന്നത് വരെ.

Contact the author

Sufad Subaida

Recent Posts

Web Desk 1 month ago
Editorial

ഉണ്ണിമായയോടല്ല ആയിഷാബീവിയോടാണ് ഒപ്പന പാടി വരാന്‍ പറയേണ്ടത്- പി. സി. ജോര്‍ജ്ജ്‌

More
More
Web Desk 3 months ago
Editorial

777 ചാര്‍ലി മലയാളത്തിലും; രക്ഷിത് ഷെട്ടി ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ട് പൃഥ്വിരാജ്

More
More
Mehajoob S.V 6 months ago
Editorial

കേരളത്തിലെ മാധ്യമങ്ങള്‍ ബിജെപിയുടെ ബൂത്ത് കമ്മിറ്റി ഒഫീസുകളാണൊ - എസ്. വി. മെഹ്ജൂബ്

More
More
Mehajoob S.V 6 months ago
Editorial

കര്‍ഷകര്‍ തോറ്റാല്‍ യഥാര്‍ത്ഥത്തില്‍ തോല്‍ക്കുന്നത് കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയായിരിക്കും - എസ്. വി. മെഹ്ജൂബ്

More
More
Mehajoob S.V 7 months ago
Editorial

ചെത്ത് വെറുമൊരു തൊഴിലല്ല സുധാകരാ - എസ്. വി. മെഹ്ജൂബ്

More
More
Mehajoob S.V 8 months ago
Editorial

തോമസ്‌ ഐസക് താങ്കള്‍ ബജറ്റിനെ സാധാരണക്കാരുടെ വിഷയമാക്കി മാറ്റി - എസ്. വി. മെഹ്ജൂബ്

More
More