കാര്‍ഷിക നിയമത്തിലെ പ്രശ്നങ്ങള്‍ എന്തൊക്കെയാണ്?- സുഫാദ് സുബൈദ

എല്ലാ ആഘോഷങ്ങള്‍ക്കുമുണ്ട് മുതിര്‍ന്നവരുടെ വക കുട്ടികള്‍ക്കായി  ഒരു കൈനീട്ടം. വിഷുവിന് വിഷുക്കൈനീട്ടം കൊടുക്കും, പെരുന്നാളിന്  പെരുന്നാള്‍ പൈസ, ക്രിസ്മസിന് ആണ് ഏറ്റവും രസം. രാത്രി ഉറങ്ങാന്‍ കിടന്ന കുട്ടികളുടെ തലയണയ്ക്കരികെ സമ്മാനപ്പൊതികള്‍ കൊണ്ടുവെയ്ക്കും. രാവിലെ കണ്ണുതിരുമ്മി എഴുന്നേറ്റുവരുന്ന കുട്ടികള്‍ ക്രിസ്മസ് പാപ്പ കൊണ്ടുവെച്ച സമ്മാനങ്ങള്‍ കണ്ട് അത്ഭുത പരതന്ത്രരാകും. എപ്പോഴാണ് ക്രിസ്മസ് അപ്പൂപ്പന്‍ വന്നത് എന്നും, എന്നെ എന്തേ വിളിച്ചില്ല എന്നും അപ്പനമ്മമാരോട് അന്വേഷിക്കും.

സത്യത്തില്‍, എല്ലാം കുട്ടികളുടെ സന്തോഷം കാണാനാണ്. രാജ്യത്തെ കര്‍ഷകര്‍ക്കായി ഇത്തരത്തില്‍ മോദിജി വാത്സല്യത്തോടെ നടപ്പാക്കിയ കാര്‍ഷിക നിയമമാണ് ഇപ്പോള്‍ ഏറെ തെറ്റിദ്ധരിക്കപ്പെട്ടിരിക്കുന്നത്. കൊറോണ കാലയളവില്‍ രാജ്യത്തെ കര്‍ഷകരെയെല്ലാം അകത്താക്കിയതിനു ശേഷമാണ് കേന്ദ്ര സര്‍ക്കാര്‍ ഈ വലിയ സമ്മാനം പാസാക്കിയെടുത്തത്. സസ്പെന്‍സ് പൊളിയാതിരിക്കാന്‍ കര്‍ഷകരോട് നേരത്തെക്കൂട്ടി പറഞ്ഞില്ല എന്ന് മാത്രമല്ല സംഗതി ഭദ്രമായിരിക്കാന്‍ പ്രതിപക്ഷവുമായിപ്പോലും മിണ്ടിയില്ല. ഒറ്റയടിക്ക് നിയമത്തിന്റെ രൂപത്തില്‍ മൂന്നു സമ്മാനങ്ങള്‍! എന്തുരസാല്ലേ എന്ന് പറഞ്ഞ് കര്‍ഷകര്‍ കവിളത്ത് ചൂണ്ടു വിരല്‍ ചാര്‍ത്തി അദ്ഭുതം കൂറും എന്നാണ് മോഡിജിയും ടീംസും കരുതിയത്. ''എല്ലാവരും കര്‍ഷകര്‍ക്ക് വേണ്ടി പ്രഖ്യാപനങ്ങള്‍ മാത്രമേ നടത്താറുള്ളൂ എന്നാല്‍ നാം അത് നടപ്പാക്കി കാണിച്ചു'' എന്ന്  മന്കി ബാത്തില്‍ അദ്ദേഹം പറയുകയും ചെയ്തതാണ്. മന്കി ബാത്തില്‍ ആര്‍ക്കും ഒന്നും അങ്ങോട്ട്‌ ചോദിക്കാന്‍ സൌകര്യമില്ലാത്തതുകൊണ്ടോ എന്തോ, വിവരമറിയാന്‍ കര്‍ഷകരെല്ലാം കൂടി ദില്ലിക്ക് ചെന്നു. അപ്പൊ മോദിജിയും അമിത്ഷാ ജിയും പറയുന്നത് കര്‍ഷകരെ ആരൊക്കെയോ ചേര്‍ന്ന് തെറ്റിദ്ധരിപ്പിച്ചതാണ് എന്നാണ്. യതാര്‍ത്ഥത്തില്‍ അങ്ങനെയാണോ. എന്താണ് കാര്ഷികനിയമം ?

പുതിയ കാര്ഷികനിയമം 

വളരെ ലളിതമാണ്. മൂന്ന് നിയമങ്ങളാണ് നാം നേരത്തെ പറഞ്ഞ തരത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയത്.

1.കര്‍ഷകരുടെ ശാക്തീകരണവും വില സംരക്ഷണകരാര്‍ നിയമവും 

2. കാര്‍ഷികോല്പന്നങ്ങളുടെ വാണിജ്യ വ്യാപാര പ്രോത്സാഹനം 

3. അവശ്യ വസ്തു നിയമത്തിലെ പരിഷ്കരണം എന്നിവയാണവ.

ഇതില്‍ ആദ്യത്തേത് വില സംരക്ഷണവും കര്‍ഷകരുടെ ശാക്തീകരണവുമാണല്ലോ. ഈ നിയമം നടപ്പിലാകുമ്പോള്‍  ഇടനിലക്കാരെ ഒഴിവാക്കി തങ്ങളുടെ ഉത്പന്നങ്ങള്‍ക്ക് സ്വതന്ത്രമായി വിപണി കണ്ടെത്താനും  മികച്ച വില കണ്ടെത്താനും കര്‍ഷകര്‍ക്ക് കഴിയുമെന്നാണ് കേന്ദ്രം പറയുന്നത്. വന്‍കിട കമ്പനികള്‍ക്ക് നേരിട്ട് ഉത്പന്നങ്ങള്‍ വിപണനം നടത്താനും കര്‍ഷകര്‍ക്ക് സാധിക്കും എന്ന് സര്‍ക്കാര്‍ പറയുന്നു.

സര്‍ക്കാര്‍ വാദവും യാഥാര്‍ത്ഥ്യവും 

എന്നാല്‍ ഇത് ശുദ്ധ അസംബന്ധമാണ് എന്ന്  അനുഭവവും കണക്കുകളും മുന്നില്‍ നിരത്തിക്കൊണ്ട് കര്‍ഷകര്‍ പറയുന്നു. സര്‍ക്കാരിന്റെതായി രാജ്യത്താകെ ഇപ്പോള്‍ നിലവിലുള്ളത് ഇരുപത്തി രണ്ടായിരം നെല്ല് സംഭരണ കേന്ദ്രങ്ങളും നാല്പ്പത്തിനാലായിരം ഗോതമ്പ്  സംഭരണ കേന്ദ്രങ്ങളുമാണ്. ഇതുതന്നെ തികയാത്ത അവസ്ഥയാണുള്ളത്. പുതിയ സംഭരണ കേന്ദ്രങ്ങള്‍ ആരംഭിക്കണമെന്ന കര്‍ഷകരയൂടെ മുറവിളികള്‍ക്കിടയിലാണ് ഉള്ളതിനെകൂടി തകര്‍ത്ത് കൊണ്ട് കോര്‍പ്പറേറ്റുകള്‍ക്ക് നേരിട്ട് കര്‍ഷകരില്‍ നിന്ന് വിളകള്‍ സംഭരിക്കാനുള്ള അവസരം നല്‍കുന്നത്. ഇതോടെ പൊതുമേഖലയിലും സ്വകാര്യ മേഖലയിലുമായി രണ്ടു തരം ചന്തകള്‍ നിലവില്‍ വരും. ഇപ്പോഴത്തെ ജിയോ- ബി എസ് എന്‍ എല്‍ അനുഭവം വെച്ച് നോക്കിയാല്‍ സര്‍ക്കാര്‍ സംഭരണ കേന്ദ്രങ്ങളെ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് കൊണ്ടുതന്നെ തകര്‍ത്ത് സ്വകാര്യസംഭരണത്തെ മാത്രം ആശ്രയിക്കേണ്ട ഗതികേടിലേക്ക് പുതിയ നിയമം കര്‍ഷകരെ കൊണ്ടെത്തിക്കും. മറ്റൊരു ആശ്രയവുമില്ലാതെ, താങ്ങ് വില പോലും ഉറപ്പില്ലാതെ  തങ്ങളുടെ ഉത്പന്നങ്ങള്‍ കോര്‍പ്പറേറ്റ് കമ്പനികള്‍ക്ക് മുന്നില്‍ അടിയറ വെയ്ക്കാന്‍ ക്രമേണ കര്‍ഷകര്‍ നിര്‍ബന്ധിതരാകും.നിലവില്‍ 12000 കര്‍ഷകരാണ് പ്രതിവര്‍ഷം രാജ്യത്ത് ആത്മഹത്യാ ചെയ്യുന്നത്. പുതിയ നിയമം നടപ്പിലാകുന്നതോടെ ഇത് എവിടെയെത്തുമെന്നു  കണ്ടരിയെണ്ടിവരും. 

നിലവില്‍ താങ്ങ് വിലയും പൊതു സംഭരണ കേന്ദ്രങ്ങളും കൃത്യമായി പ്രവര്‍ത്തിക്കാത്ത ബീഹാറില്‍ ''സര്‍ക്കാര്‍ താങ്ങുവിലയേക്കാള്‍'' താഴ്ന്ന വിലയാണ് കര്‍ഷകര്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത് എന്നതിന്റെ കണക്കുകള്‍ പുറത്തുവന്നിട്ടുണ്ട്. കഴിഞ്ഞ വര്ഷം ഒരു ക്വിന്റല്‍ നെല്ലിനു സര്‍ക്കാര്‍ പ്രഖ്യാപിച്ച താങ്ങുവില 1815 രൂപയായിരുന്നു. എന്നാല്‍ പൊതുസംഭരണ കേന്ദ്രം ശക്തമല്ലാത്ത സ്ഥലങ്ങളിലെ കര്‍ഷകര്‍ക്ക് സ്വകാര്യ സംഭരണകേന്ദ്രങ്ങളില്‍ നിന്ന് ലഭിച്ചത് വെറും 13 5 0 രൂപ മാത്രമായിരുന്നു. ഇങ്ങനെ എത്ര കണക്കുകള്‍ വേണമെങ്കിലും നിരത്താനാകും വിശദംശങ്ങളിലെക്ക് പോകുന്നില്ല. അമേരിക്ക, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളും ഈ വിഷയത്തില്‍ ഉദാഹരിക്കാവുന്ന രാജ്യങ്ങളാണ്. ഇത്തരം പരിഷ്കാരങ്ങള്‍ നടപ്പാക്കിയ അവിടങ്ങളില്‍ കര്‍ഷകരുടെ പരുങ്ങലിലാണ്. 

അവശ്യസാധന നിയമവും ഭക്ഷ്യവസ്തു സംഭരണവും

അവശ്യസാധന നിയമത്തില്‍ വന്ന മാറ്റമാണ് മറ്റൊന്ന്. അവശ്യസാധന നിയമപ്രകാരം ഭക്ഷ്യ വസ്തുക്കള്‍ സംഭരിച്ചു വെയ്ക്കുന്നതിന് സര്‍ക്കാര്‍ പരിധി നിശ്ചയിച്ചിട്ടുണ്ട്. പുതിയ നിയമ പ്രകാരം ഇത് എടുത്തു കളയും. അങ്ങിനെ വന്നാല്‍ വന്‍കിട കോര്‍പ്പറേറ്റ് കമ്പനികള്‍ കര്‍ഷകരില്‍ നിന്ന് ചുളുവിലക്ക് തട്ടിയെടുക്കുന്ന കാര്‍ഷിക വിളകള്‍ അളവും സമയവുമില്ലാതെ തങ്ങളുടെ സംഭരണ കേന്ദ്രങ്ങളില്‍ സൂക്ഷിക്കാനും പൊതുവിപണിയില്‍ ലഭ്യമാക്കാതെ കൃത്രിമ വിലക്കയറ്റം സൃഷ്ടിച്ചു കൊള്ളലാഭം കൊയ്യാനും അവസരമൊരുങ്ങും.

കോര്‍പ്പറേറ്റുകളില്‍ നിന്ന് ലഭിക്കേണ്ട പണം. ലഭിക്കാതെ വന്നാല്‍ കര്‍ഷകര്‍ക്ക് നേരിടുന്ന പ്രതിസന്ധി പരിഹരിക്കാന്‍ കോടതിയെ സമീപിക്കുക മാത്രമേ നിവൃത്തിയുള്ളൂ. എന്നാല്‍ ചെറുകിട കര്‍ഷകര്‍ക്ക് എങ്ങനെ വന്‍കിട കമ്പനികള്‍ ക്കെതിരെ കേസ് നടത്താനാവുമെന്ന് കര്‍ഷകര്‍ ചോദിക്കുന്നു.

ചുരുക്കത്തില്‍ കര്‍ഷകരെ ശാക്തീകരിക്കാന്‍ എന്ന വ്യാജേന കേന്ദ്രം കൊണ്ടു വന്ന നിയമം കര്‍ഷകരെ കൂടുതല്‍ പാപ്പരാക്കുമെന്നും ഇപ്പോഴെത്തെതിനേക്കാള്‍ വലിയ ആത്മഹത്യാ പരമ്പരകളിലേക്ക് തള്ളിവിടുമെന്നും കര്‍ഷകരും ഇത് സംബന്ധിച്ചു പഠനം നടത്തിയ കാര്‍ഷിക രംഗത്തെ വിദഗ്ദരും ചൂണ്ടിക്കാട്ടുന്നു.

കേന്ദ്ര ഗൂഡാലോചന

സര്‍ക്കാര്‍ പറഞ്ഞത് വിശ്വാസത്തിലെടുത്ത് അതിന്റെ വൈരുധ്യങ്ങള്‍ ചൂണ്ടിക്കട്ടുകയാണ് നാം ഇതുവരെ ചെയ്തത്. ഇനി ഇത് നടപ്പിലാക്കിയ രീതി മാത്രം പരിശോധിച്ചാല്‍ മതി സര്‍ക്കാര്‍ വാദത്തിലെ പൊള്ളത്തരവും ഗൂഡാലോചനയും മനസ്സിലാക്കാന്‍.

1. കൃഷി സംസ്ഥാന വിഷയമാണെന്നിരിക്കെ ഏതെങ്കിലും സംസ്ഥാന സര്‍ക്കാരിനോട് കേന്ദ്രം ഈ നിയമത്തെ പറ്റി ചര്‍ച്ച ചെയ്തിരുന്നോ?

2. കര്‍ഷകര്‍ക്ക് ഗുണം കൊണ്ടു വരും എന്ന് പറയുന്ന നിയമം നടപ്പിലാക്കുന്നത്തിനു മുന്‍പ് അവരോടു സംസാരിച്ചിരുന്നോ?

3. പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്തിരുന്നോ?

4. സംഘപരിവാര്‍ കര്‍ഷക സംഘടനയായ ഭാരതീയ കിസാന്‍ സംഘുപോലും ആവശ്യപ്പെട്ടിട്ടും വിഷയം പാര്ലമെന്‍ററി സ്റ്റാന്‍റിംങ്ങ് കമ്മിറ്റിക്ക് വിട്ടിരുന്നോ?

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

മേല്‍ ചോദിച്ച എല്ലാ ചോദ്യങ്ങള്‍ക്കും കിട്ടുന്ന ഉത്തരം ഇല്ല എന്നുതന്നെയാണ്. നാം നേരത്തെ പറഞ്ഞതുപോലെ ആരോടും ചോദിക്കാതെ, കൊറോണാ കാലത്ത് എല്ലാവരെയും അകത്താക്കി തിടുക്കപ്പെട്ട് നടപ്പാക്കിയ നിയമം കല്‍ക്കരി ഖനിയും ബി എസ് എന്‍ എല്ലും കച്ചവടം ചെയ്യാന്‍ തീരുമാനിച്ചതുപോലെ കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടിയാണ് എന്ന് മനസ്സിലാക്കാന്‍ ഏത് കൊച്ചുകുട്ടിക്കും സാധിക്കും.


Contact the author

Sufad Subaida

Recent Posts

Sufad Subaida 3 weeks ago
Views

ബിജെപി ഇത്തവണ രാഷ്ട്രപതി സ്ഥാനത്തേക്ക് മുസ്ലിം പേര് പരിഗണിക്കുമോ?- സുഫാദ് സുബൈദ

More
More
Views

എ കെ ആന്‍റണിയുടെ ചോദ്യത്തില്‍ സതീഷസുധാരകരാദികള്‍ക്ക് ദൃഷ്ടാന്തങ്ങളുണ്ട്‌- ക്രിസ്റ്റിന കുരിശിങ്കല്‍

More
More
Views

ശാസ്ത്രജ്ഞന്മാർ യുക്തിവാദികളുടെ പുരോഹിതന്മാരല്ല-ഡോ. രാജഗോപാല്‍ കമ്മത്ത്

More
More
K T Kunjikkannan 1 month ago
Views

പൂരത്തിന്‍റെ മറവില്‍ രാജ്യദ്രോഹിയായ സവര്‍ക്കറെ വെളുപ്പിച്ചെടുക്കാനുള്ള നീക്കം കേരളം വകവെക്കില്ല - കെ ടി കുഞ്ഞിക്കണ്ണന്‍

More
More
Dr. Azad 1 month ago
Views

സിപിഎം നേതാക്കളെക്കുറിച്ചുള്ള വീക്കിലീക്സ് വെളിപ്പെടുത്തല്‍ ശരിയാണെന്ന് തെളിഞ്ഞു- ഡോ. ആസാദ്

More
More
Views

''കാട്ടുപന്നികളെ കൊന്നുതിന്നാമെന്ന ഗാഡ്ഗിലിന്‍റെ വെളിപാട്- ഡോ. എ രാജഗോപാല്‍ കമ്മത്ത്

More
More