ഡല്‍ഹി: വിവാദമായ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹിയിലെ രാജ്പഥിലൂടെ ട്രാക്ടര്‍ റാലി നടത്തുമെന്ന് കര്‍ഷകസംഘടനാ നേതാക്കള്‍. നിയമങ്ങള്‍ പിന്‍വലിച്ച് താങ്ങുവില ഉറപ്പുനല്‍കുന്ന പുതിയ നിയമം കൊണ്ടുവരണം എന്ന് ഭാരതീയ കിസാന്‍ യൂണിയന് നേതാവ് രാകേഷ് തിക്കായത് ആവശ്യപ്പെട്ടു. നിയമങ്ങള്‍ റദ്ദാക്കിയാല്‍ മാത്രമേ ഇനി ചര്‍ച്ചയ്ക്ക് തയാറാവേണ്ടതുള്ളു എന്നും കര്‍ഷകസംഘടനകള്‍ തീരുമാനിച്ചു.
അതേസമയം കേന്ദ്രസര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ചുളള കര്‍ഷകരുടെ ഡല്‍ഹിയിലെ സമരം പതിനാറാം ദിവസത്തിലേക്ക് കടന്നു. പ്രക്ഷോഭം കടുപ്പിക്കാനൊരുങ്ങുകയാണ് കര്‍ഷകര്‍. രാജ്യവ്യാപകമായി ട്രെയിനുകള്‍ തടയുമെന്ന് സംയുക്ത സമരസമിതി പ്രഖ്യാപിച്ചു. ജിയോ, റിലയന്‍സ്, അദാനി കമ്പനികളുടെ ഉത്പന്നങ്ങള്‍ ബഹിഷ്കരിക്കുക, ജിയോ സിം ഉപയോഗിക്കുന്നവര്‍ പുതിയ കണക്ഷന് എടുക്കുക തുടങ്ങി കടുത്ത നടപടികളാണ് കര്‍ഷക സംഘടനകള്‍ ആസൂത്രണം ചെയ്യുന്നത്. രാജ്യവ്യാപകമായി റാലികള്‍ നടത്തും. ഡല്‍ഹി, ജയ്പൂര്‍, ആഗ്ര ദേശീയപാതകള്‍ ഉപരോധിക്കും രാജ്യവ്യാപകമായി ദേശീയപാതകളിലെ ടോള്‍ പിരിവുകള്‍ തടയും തുടങ്ങി വന്‍ പ്രതിഷേധ പരിപാടികള്‍ നടത്താനാണ് കര്‍ഷകരുടെ തീരുമാനം.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
ഡിസംബര്‍ 14ന് ബിജെപി ഓഫീസുകളും ഉപരോധിക്കും. മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് കര്‍ഷകര്‍. കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവച്ച ഒത്തുതീര്‍പ്പുഫോര്‍മുലകള്‍ കര്‍ഷകര്‍ ഇന്നലെ തളളിയിരുന്നു. സമരം രാജ്യവ്യാപകമാക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ എല്ലാ കര്‍ഷകരോടും തലസ്ഥാനത്തേക്ക് എത്താന്‍ കര്‍ഷക സംഘടകള്‍ ആഹ്വാനം ചെയ്തിട്ടുണ്ട്.