ക്യാന്‍സറിനെ തോൽപ്പിച്ചത് എന്‍റെ ഫുട്ബോൾ പിരാന്ത് - സിഗി ജാഫർ (തയ്യാറാക്കിയത്: പ്രസാദ്‌ വി ഹരിദാസന്‍)

ന്‍റെ പേര് -സിഗി ജാഫർ തൊടുകേല്. സിഗീന്നുള്ളത് ന്‍റെ പേരും, ജാഫർ ഭർത്താവിന്റെ പേരും, തൊടുകേല് വീട്ടുപേരുമാണ്.  സാധാരണ ഒരു വീട്ടമ്മ. കോഴിക്കോട് ജില്ലേലെ കുന്നമംഗലത്തിനട്ത്ത പതിമംഗലത്താണ് ന്റെ വീട്. വീട്ടില് ഞാനും, കെട്ട്യോനും, മൂന്ന് മക്കളും -  ജാസിം, ജന്ന, പാത്തു.

ഇപ്പം ഈ ദുനിയാവിലെ ഏറ്റവും വല്യ ഫുട്ബാൾ ആരാധികയാണ് ഞാനെന്ന് ഞാന്തന്നെ പറയും. ജനിച്ചുവളർന്ന സ്ഥലാണ് മുക്കം ആനയാംകുന്ന്. മ്മളെ മൊയ്തീന്റെ നാട്..... ന്റെ ഉപ്പ മുഹമ്മദ്, ഉമ്മ ജമീല. ഓരെ രണ്ട് പെങ്കുട്ട്യോളിൽ മൂത്തോളാണ് ഞാന്. ന്റെ അനിയത്തി സിമി. ഓളും ഞാനും ഇപ്പം അടുത്തട്ത്ത വീടുകളിലാണ് നിക്കണത്. പതിമംഗലം ജാഫർക്കന്റെ സ്ഥലാണ്.         

കഴിഞ്ഞ മെയില് എനിക്കൊര് സൂക്കേട് പിടിച്ചു. ഞാനത് മറച്ച് വെക്ക്ണോംന്നില്ല. കാൻസറാണ്. കുടലിലേനി.  സത്യം പറയാണ് ട്ടോ,ന്നെ കളിയാക്കല്ലേ. പന്ത് കളിയും കൂടെ പടച്ചോനുമാണ് ട്ടൊ ന്നെ അതീന്ന്  രക്ഷപ്പെടുത്ത്യേത്. ന്റെ പന്ത് കളി ചങ്ങായിമാര് ഇല്ലെങ്കിൽ ഞാനീ ദുനിയാവിലുണ്ടാവൂലേനി. പടച്ചോനാണെ, മക്കളാണെ, ജാഫർക്കാണെ സത്യം. കോഴിക്കോട് മെഡിക്കല്‍ കോളേജാശുപത്രീല് കീമോ ചെയ്ത്  ജീവിതത്തിലേക്ക്  തിരിച്ചുവന്ന്ക്കാണ് ഞാനിപ്പം. നേരം പോകാന് ഗ്ലാസ് കുപ്പീല് പെയിന്റിംങ്ങക്കെ  ചെയ്ത്  ജീവിച്ച് പോണ്.

അങ്ങനെ പൊരേലിരുന്നപ്പഴ്,  ഇന്നെ സഹായിച്ച കൊറേ നല്ല മനുഷ്യന്മാർക്ക്  നന്ദി പറേണന്ന്  ഇനിക്ക് തോന്നി. അങ്ങനെ ഇനിക്ക് അറീണ ഭാഷേല് എഴ്തി. അതാ ഈ എഴുത്ത്.  ഞാന്പ്പം 2017ലേക്ക് പോവ്വാണ്ട്ട്ടോ.. അന്ന് സ്കൂള് പൂട്ട്യേപ്പം ന്റെ മൂത്തോന്‍ ജാസിമിനെ ജാഫർക്ക KFTC യിൽ ഏപ്രിൽ മാസത്തില് (വെക്കേഷൻ ക്യാമ്പ്) ചേർത്തീനി. ഫുട്ബാള് തലക്ക് കേറ്യാളാണ് മൂപ്പര്. മ്മള് എടക്കെടക്ക് പറയൂലേ, ഫുട്ബാൾ പിരാന്താന്ന്! അതെന്നെ. ഇനിക്കാണെങ്കില് ഇയ്ന്റെ ഒരു ഹിക്ക്മത്തും അറിയൂല. ഒരു മാസം ദേവഗിരി കോളേജില് മോനേം കൂട്ടി എല്ലാ ദെവസോം പുലർച്ചക്ക് മൂപ്പര് പോകും. മൂപ്പര്ക്കും, മോനും ഇഷ്ടള്ളതോണ്ട് ഞാനും ഒന്നും മിണ്ടീല....ലോകകപ്പ് ഫുട്ബാള് വരുമ്പള് ജാഫർക്കയും, ചങ്ങായിമാരും ഇങ്ങനെ ഓരോ കഥകള് പറീണത് കേട്ടിട്ട് ,  അന്ന് ഇനിക്കൊന്നും മനസ്സിലാവൂലേയ്നി. ഈ ഫുട്ബോള്‍ ബല്ലാത്തൊരു പിരാന്ത് തന്നെന്ന് ഇനിക്ക് തോന്നീനി. ആരോ പറഞ്ഞത് പോലെ ''ഒരു പന്തും അയ്ന്റെ വയ്ത്താലെ 22 ആൾക്കാരും ഇങ്ങനെ പായിണ കളി - അതാണല്ലോ പന്ത്കളി.          

അങ്ങനെ ഏപ്രില്‍ മാസത്തിലെ ക്യാമ്പ് ആ മാസാവസാനം കഴിഞ്ഞ്, ജൂൺ മാസത്തില് ജാസിമിനെ KFTC യിലെ സ്ഥിരായിട്ട്ള്ള ക്യാമ്പില്‍ ചേർത്തേണ്ടി വന്നു. മോന്റേം, ജാഫർക്കേന്റേം ഇഷ്ടാനി അത്. പോരാത്തേന് മോന് അന്ന് പഠിച്ച മർക്കസ് സ്കൂളില് KFTC യിലെ ഹെഡ് കോച്ച് നിയാസ് സാറും, കൃഷ്ണൻ കോച്ചും, ബാസിത് കോച്ചും ക്യാമ്പെട്ക്കാൻ വരൂന്നുള്ളതും വല്യ ആകര്‍ഷണായി. സത്യത്തില്‍ ഈ തീരുമാനങ്കോണ്ട് ഞാനാണ് ശരിക്കും കുടുങ്ങേ്യ്ത്. ജാഫർക്കാക്ക് ഊട്ടീല് ജോലി ശരിയായി. മൂപ്പര് അങ്ങോട്ട് പൊയപ്പം മോനെ മെഡിക്കല് കോളജിലെ ഒളിമ്പ്യൻ റഹ്മാൻ സ്റ്റേഡിയത്തിലെ KFTC ക്യാമ്പില് കൊണ്ടാക്ക്ണ പണി ഇന്റെ തലേലായി. 

ടൂ വീലറ് പഠിച്ചതോണ്ടും, മോന്റെ ഇഷ്ടത്തിന് എതിര് നിക്കാൻ വയ്യാത്തോണ്ടും ഞാന്‍ ഓന്റെ കൂടെ ന്റെ ആക്ടീവേല് അങ്ങോട്ട് പോവാൻ തൊടങ്ങി. ന്റെ പടച്ചോനെ, ങ്ങക്ക് അറിയിലേ, വല്യ മൈതാനല്ലേ മ്മളെ റഹ്മാൻ സ്റ്റേഡിയം. ന്റെ മോന് ങ്ങ്ന്യാ ആടെ കളിക്ക്യാ. ന്റെ നെഞ്ച് പെടയാൻ തൊടങ്ങി. നല്ല മഴക്കാലം തൊടങ്ങ്യ സമയാണ്. മഴ തോരുന്നത് കാത്ത് നിന്നിട്ട് കോച്ചുമാർ മക്കളെ ഗ്രൗണ്ടിലേക്ക് കൊണ്ടോവും. മോൻ ഗ്രൗണ്ടിലേക്ക് പോവണത്  ഞാന്‍ നോക്കിനിക്കും. കൊറച്ച് കഴിഞ്ഞാ, മൊബൈലില് തോണ്ടാൻ തൊടങ്ങും. ആരോടേങ്കിലും, സംസാരിക്കണേല്,  ഇക്ക് ആരേം അറിഞ്ഞൂടല്ലോ. അങ്ങനെ ശനീം ഞായറൊക്കെ ആയിട്ട് കൊറേ ദെവസം അങ്ങനെപോയി. 

സപ്തംബര്‍ മാസത്തില് KFTC ല് ഓണാഘോഷവും. ആ മാസത്തിലെന്നെ മെഡിക്കല്‍ കോളേജ് കാമ്പസ് ഹയർ സെക്കണ്ടറി സ്കൂളില് വെച്ച് കുടുംബ സംഗമോം നടന്ന്. ആടെ വച്ച് കൊറേ ആളെ പരിചയപ്പെട്ട്. അപ്പോഴത്തേക്ക് അൻവർക്ക (അർഫസ് / അബ്ഷർ), ശിശിദ (അശ്വിൻ), ജിനി (അർജുൻ) സജ്നി (രെഹൻ) സി വി ഗിരീഷേട്ടൻ (നിരഞ്ജൻ), രാജീവേട്ടൻ (രെഹൻ ), സതീഷേട്ടൻ (ഹരിഗോവിന്ദ്), ബൈജു ഏട്ടൻ (കാർത്തിക്, പാർത്ഥിവ്) അങ്ങനെ കൊറേ ചങ്ക് ചങ്ങായിമാരെ കിട്ടി. നല്ല സ്നേഹള്ളോരും, നല്ലേറ്റിങ്ങളും ആണ് ഓരൊക്കെ. ശിശീം, സജ്നീം, ജിനീം ഒക്കെ ഇന്റെമാതിരി തന്ന്യേനി. പന്ത് കളീനെപ്പറ്റി ഒരു അന്തോം കുന്തോം അറിയാത്തോരേനി ഓരും. പക്ഷെങ്കില് ക്യാമ്പില് മോനെ കൊണ്ട് പോക്ണതോണ്ടും, ആടെ കുട്ട്യോളെ അങ്ങോട്ടും ഇങ്ങോട്ടും കളിപ്പിക്കണ്തോണ്ടും മെല്ലെ, മെല്ലെ ഞമ്മളും അത് ഇങ്ങ്നെ നോക്കാൻ തൊട്ങ്ങി. ഗോളടിക്കലും വാങ്ങലും ഒരു ടീമ് അങ്ങോട്ട് പായലും, മറ്റേ ടീമ് ഇങ്ങോട്ട് കേറലും, മുന്നില് കളിക്കണോരും, പിന്നില് കളിക്കണോരും, കോച്ച്മാര് പറീണതും ഒക്കെ ഒരേകദേശം ഐഡിയ മ്മക്ക് പിടികിട്ടി. മ്മളെ ടീമ് പന്ത്മായി മുമ്പിലേക്ക് പോകുമ്പള് കയ്യടിക്കാൻ തൊടങ്ങി. ടീമ് ജയിക്കുമ്പം വല്യ സന്തോഷോം, തോക്കുമ്പള് സങ്കടോം വരാനും, കളി വർത്താനങ്ങൾ ഞമ്മള് തമ്മില് പറയാനും തൊടങ്ങി. അതങ്ങനെ പോയി.

ഡിസംബറില് ബേപ്പൂര്‍ ഓറഞ്ച് അക്കാദമി ടൂർണ്ണമെൻറില് കളിക്കാന് മോനുംണ്ടായിനി. പ്രസാദ് വി ഹരിദാസൻ സാറായിരുന്ന് ടീമിന്റെ കോച്ച്. മൂപ്പരെ ഞങ്ങക്ക് കൊറച്ച് പേട്യേനി. ഒന്നൂല്ല്യ. ഒര് ബഹുമാനം! ടീം നിക്കണ സ്ഥലത്ത് രക്ഷിതാക്കളെ മൂപ്പര് നിർത്തൂല. അപ്പം ചെറ്യേ ദേഷ്യക്കെ മൂപ്പരോട് ഞങ്ങക്ക് തോന്നീനി. കുട്ട്യോള് കളി മനസ്സിലാക്കി വര്വാണെന്നും ഇടക്ക്‌ ഓരെ വിളിച്ച് ശല്യപ്പെടുത്തരുതെന്നും  മൂപ്പര് ഞമ്മളോട് പറയും. ആദ്യോന്നും ഇത് ഞമ്മക്ക് മനസ്സിലായില്ല. ടീമ് അന്ന് രണ്ട് കളീലും ഗോളടിക്കാൻ പറ്റാതെ പൊറത്തായി. മൂപ്പർക്ക് അയ്നൊന്നും വെല്ല്യ സങ്കടോംന്നും കണ്ടീല. കുട്ട്യോളെ വിളിച്ച് ങ്ങള് കഴിവ്ള്ള മാതിരി, നല്ലോണം കളിച്ചിട്ട്ണ്ടെന്ന് പറഞ്ഞ് നല്ലോണം സമാധാനിപ്പിച്ചു വിടാണ് മൂപ്പര് ചെയ്യ. ഇങ്ങള് ഇപ്പം റെസൾട്ട് ഒന്നും നോക്കണ്ടാന്നാ മൂപ്പര് പറഞ്ഞത്. കളിക്കാരെ മൂപ്പര് ഇങ്ങനെ മനസ്സിലാക്കിക്കോളുന്നാണ് പറേണത്. ഇതേ ടീമ് വടകരേല് പിന്നേം തോറ്റ്. അപ്പഴും ആദ്യം പറഞ്ഞോണം പോലെ കുട്ട്യോളെ സമാധാനിപ്പിച്ച് വിട്ട് മൂപ്പര്. പക്ഷെങ്കില് അയിന്ശേഷം നടന്ന പന്തീരാങ്കാവ് ടൂർണ്ണമെൻറില് ജയിച്ച്. പിന്നെ, അരപ്പറ്റയും (വയനാട്) ജയിച്ച്. അങ്ങനെ ടീമ് ഉഷാറായി.കുറേ പോയപ്പഴാണ്  സാറ് അന്ന് പറഞ്ഞത് പിടികിട്ട്യേത്. ങ്ങള് റെസൾട്ട് നോക്കണ്ടാന്ന്, അത് ശരിക്ക്ളള സമയത്ത് വന്നോളുന്നാണ് അന്ന് മൂപ്പര് പറഞ്ഞത്.                        

ഇതേ  ടീമിനെ ഒരു സ്കൂള് ടീമാക്കിയാലോ എന്ന് അൻവർക്കയും, നിയാസ് സാറും, പ്രസാദ് സാറും ചേര്‍ന്ന് ആലോചിച്ച്. ദേവഗിരി കോളേജിലേക്ക് പോണ വഴിക്ക്ള്ള സേവിയോ സ്കൂളാണ് ഓര് വിചാരിച്ചത്. ഇനിക്കും, മോനും, ജാഫർക്കക്കും ഇത് ഇഷ്ടപ്പെട്ട്. മറ്റ് കുട്ട്യോളും അന്ന് ചേർന്ന്.ദേവഗിരി  കോളേജിലെ ഫാദറ് ബോണി സാറും, സാവിയോ സ്കൂളിലെ ഫാദറ്  ജോണി സാറും കുട്ട്യോളെ സ്കൂളില് ചേർക്കാനൊക്കെ നല്ലോണം സഹായിച്ചീനിട്ടൊ. നല്ല ടീമായി അപ്പം സേവിയോ. സുബ്രതോ കപ്പിൽ ഫൈനലില് എത്തി. ചേലേമ്പ്രയിൽ ഓൾ കേരള യു പി ടൂർണ്ണമെൻറിൽ ജയിച്ച്.

പിന്നെ ബാസിത് കോച്ചിന്റെ കൂടെ കൊറേ ടൂർണ്ണമെന്റ് ജയിച്ച്  (വാണിയമ്പലം, കണ്ണൂര്...). അബു സ്വാലിഹ്, അശ്വിൻ, അനിരുദ്ധ്, സിനാൻ, പ്രണവ് ,ഗസ്ലിൻ, സോറിൻ, അമൽ.. അങ്ങനെ നല്ലം കളിക്കണ കൊറേ കുട്ട്യോള് ഇണ്ടായിനി അന്ന് ടീമില്. കൊറച്ചൂടി കഴിഞ്ഞപ്പം ഞാന് KFTC പാരന്റ്സ് അസോസിയേഷന് എക്സിക്യൂട്ടീവില് മെമ്പറായി. 2006-07 ബാച്ചിന്റെ കൺവീനറും  ആയി. 2019 മെയ് മാസത്തില് KFTC കേരളത്തിലെ കൊറേ ടീമുകളെ വിളിച്ച് ടൂർണ്ണമെൻറ് നടത്തി. അന്ന് ഞാൻ ഭക്ഷണ കമ്മിറ്റിലേനി. വന്ന ടീമിലെ ആള്ക്കാർക്കൊക്കെ നല്ലോണം ഭക്ഷണം കൊടുക്കാൻ പറ്റൃേത് ഇപ്പളും മനസ്സില് ഒരു സന്തോഷം ഇണ്ടാക്ക്ണ കാര്യാണ്. ആ ടൂർണ്ണമെൻറില് മോന്റെ ടീം കപ്പടിച്ചു. കാര്യങ്ങളൊക്കെ ഉഷാറായി ആ കൊല്ലം (2018-19) അങ്ങനെ പോയി. അപ്പംതന്നെ എറണാകുളത്തെ മുത്തൂറ്റ് ഫുട്ബാളിന്റെ ആൾക്കാര് വിളിച്ചീനി. മോനെ ഓരെ സ്ഥാപനത്തില്‍ ചേർക്കാൻ പറ്റ്വോ ന്നാണ് ചോദിച്ചത്. കയ്ച്ചിട്ടെറക്കാനും വയ്യ, മധുരിച്ചിട്ട് തുപ്പാനും നോബബോ ന്ന് മ്മള് പറയൂലേ, അതുപോലേനി ഞമ്മളെ കാര്യം. KFTC ന്ന് എങ്ങന്യാ പോവ്വാ? ഇൻക്കാകെ ബേജാറായി. മുഴ്വൻ മനസ്സോടെ അല്ലേങ്കിലും ഇനീക്ക് സമ്മയ്ക്കേണ്ടി വന്ന്.മോന്റെ ഒപ്പരം കളിച്ച സിനാനും അങ്ങോട്ട്ണ്ടെന്ന് പറഞ്ഞപ്പം ലേശം സമാധാനം കിട്ടി. അങ്ങനെ മോനും, സിനാനും അങ്ങോട്ടേക്ക് പോയി.

KFTC യിൽ ഇനി എങ്ങന്യാ പോവ്വാന്ന് ആലോചിക്കുമ്പം, അനിയത്തി സിമി ഓന്റെ മോൻ ആ റോണിനെ ആടെ ചേർത്താന്ന് പറഞ്ഞ്. പകുതി സമാധാനായി. അങ്ങനെ ആറോൺ മോനുമായി ഞാന് KFTC യിൽ പോവാൻ തൊടങ്ങി. 

ഈ സമയത്ത് പല സമയത്തും ഇനിക്ക് വയറ്റീന്ന് വേദനണ്ടാവും - വയറ് വേദനയാണ്ന്ന് വിചാരിച്ച് അയ്നുള്ള മരുന്ന് കഴിക്കും.ഓരോ ദെവസോം കഴീയണതനുസരിച്ച് വേദന കൂടാൻ തൊടങ്ങി. ഒന്ന് രണ്ട് പ്രൈവറ്റ് ഹോസ്പിറ്റലില് കാണിച്ച്. പക്ഷെങ്കില് ഒരു മാറ്റോംണ്ടായീല. അങ്ങനെ കുടുംബത്തിലെ ഡോ.റഷീദ് പറഞ്ഞ മാതിരി, കോഴിക്കോട് മെഡിക്കല്‍ കോളേജാസ്പത്രീലെ ഡോ.ശ്രീജയൻ സാറെ കാണാൻ പോയി. നല്ലോണം പെരുമാറ്ണ സാറായിരുന്ന് മൂപ്പര്. കോളേജിൽ അഡ്മിറ്റ് ആയി. വൻകുടലിൽ ആറ് സെന്റീമീറ്റർ നീളംള്ള മുഴ - ഇതേനിന്റെ സൂക്കേട്. സത്യം പറഞ്ഞാല്. ഇനിക്ക് കൊറച്ചൊക്കെ പേടി വന്നീനി അപ്പം. എല്ലാരും  ഇനിക്ക് ധൈര്യം തന്ന്. ന്നാലും മനസ്സില് ന്ത് ക്കെയോ ഒര് കാളല്ന്നൊ പറയൂലേ, അത് പോലെയ്നി.എപ്പഴും തണലായ ന്റെ ജാഫർക്കാനെ, കുട്ട്യോളെ ,ല്ലാരേം മുറുക്കനെ പിടിച്ച്. പടച്ചോനോട് പ്രാർത്ഥിച്ച് നിന്ന്.ന്റെ സന്തോഷത്തിലും, ദു:ഖത്തിലും ഒപ്പരം നിന്നിട്ട്ണ്ട് ജാഫർക്ക. ജാഫർക്കായും, ഉമ്മേം, ഉപ്പേം ,അനിയത്തി സിമീം, ഓളെ കെട്ട്യോൻ ഹുസൈനും (നല്ലോണം പന്ത് കളിക്ക്ണ ആളാട്ടോ ഹുസൈൻ ), ന്റെ ഉറ്റോരും, ഉടയോരും,  ഒക്കെ ഇനിക്ക് സമാധാനം തന്ന്. പിന്നെ കാണണത് കിനാവ് കാണ് ണേക്കാട്ടും അപ്പ്റത്ത് ഇനിക്ക് കിട്ടിയ സഹായങ്ങളാണ്. 

 KFTC യിലെ പല നല്ല മന്ഷ്യന്മാരും, ന്റെ സ്കൂളിലെ (ആനയാംകുന്ന് സ്കൂൾ) ചങ്ക്സ്, ജെഡിടി സ്കൂളിലെ (വെള്ളിമാട് കുന്ന്) ചങ്ക്സ്, മറ്റ് കുടുംബക്കാര്, അയൽവാസികള് ഞാനിപ്പം എങ്ങന്യാ എല്ലാരേം പേര് എഴുതാന്ന് ഇനിക്ക് അറിയീല. അത്രേം ആൾക്കാര്ന്നെ സഹായിച്ചിട്ട്ണ്ട്. ഞാന് തൊടക്കത്തില് പറഞ്ഞ KFTC ലെ ശിശി, സുബ്രഹ്മണ്യേട്ടൻ (അശ്വിൻ), ഡോ.സുനിൽ (ദേവ ദത്ത്), ഡോ.സിന്ധു കല (ദേവദത്ത്), സജിയേട്ടൻ (നന്ദലാൽ), രാജേട്ടൻ (അഭയ് എസ് ആർ രാജ്), ശ്രീജേച്ചി (അഭയ് എസ് ആർ രാജ്),സിമി (അമൽ), ഷെറിൻ (ഫയദോർ) ,അസ് ലിത (ഗസ്ലിൻ),കെ പി കബീർക്ക ( അംജദ്),  റംസിത്ത (അംജദ്), അനീഷ് (നിരഞ്ജൻ എസ് നായർ), ഗംഗാധരേട്ടൻ (ശബരി), കോച്ച് ഐ പി പ്രസാദ്, സുധിയേട്ടൻ (സോറിൻ), ശശിയേട്ടൻ (അനിരുദ്ധ്), നാസർക്ക (അഹ് യാൻ), നോവിയ (ഡാനിഷ്), സഞ്ജീവേട്ടൻ (ധനഞ്ജയ് ), ഷാജേഷേട്ടൻ (അങ്കിത്), ഷീന (അങ്കിത്), ഫാബിദ ( ഷഹദാൻ), ഷീബേച്ചി (ശബരി), ജിഷിത (കാർത്തിക്), രമ്യ (അതുൽ രാജ്), രേഷ്മ (അനുപം ചന്ദ്), ജിഷ(വസുദേവ്), കൃസ് ന ( തരുൺ), റോയ് ടോംസ് (റൂബൻ), ജയചന്ദ്രൻ (ജയശങ്കർ), ജയരാജൻ (ജയ മോഹൻ), സുജയ (സുദർശൻ), ഡിംപിൾ ( അലൻ രാജ്) ജാസിർ, ശെൽവേട്ടൻ (സുർജിത്ത് ) ,ഷിദ ജഗത് (സഫ്ദർ/ ഷാവേസ്), സുധാകരൻ (സുദർശൻ), ഉല്ലാസ് (അർജുൻ) ,ജിഷ (നയൻ കൃഷ്ണ), ബബിത ( ഗോകുൽ രാജ്), KFTC ലെ ഓരോ ബാച്ച്‌കളിലുംള്ള ഇനിക്ക് അറിയണ  രക്ഷിതാക്കള്, എനിക്കറിയീല, ന്നെ സഹായിക്കാൻ എത്ര ആൾക്കാരാണ് വന്നീന്യത് ( ഇതില് ആരേം വിട്ട് പോയ്ട്ടി ണ്ടെങ്കിൽ ന്നോട് ക്ഷമിക്കണം ട്ടൊ).

ഇവരോടൊക്കെ ഞാന് എങ്ങന്യാ നന്ദി പറയാ...?? ന്റെ കണ്ണീന്ന് വെള്ളം വര്ണ്ട്പ്പം. ങ്ങനെ ജാതീം, മതോം ,സാമ്പത്തികോം ഒന്നും നോക്കാതെ എല്ലാരും ന്റെ പിന്നില് ങ്ങനെ ഒറച്ച് നിന്ന്ക്ക്ണ്. അതൊക്കെ ഫുട്ബാള് കൊണ്ട് ഇനിക്ക് കിട്ട്യേതാ. വല്യേ ഒര് ധൈര്യാ ഇനിക്ക് ഫുട്ബാള് തന്നത്. ഇവരൊക്കെ ഇപ്പം ന്റെ കുടുംബക്കാരെ പോല്യാ. ന്റെ മോൻ KFTC യിൽ വന്നിട്ടില്ലേയ്നിങ്കല് ഞാന് ഇവരൊന്നും കാണൂലേനി. ഇനിക്ക് ഈ സ്നേഹം  കിട്ടൂലേനി. ഞാന്  ഇപ്പം ജീവിതത്തിലേക്ക് ങ്ങനെ തിരിച്ച് വന്നിട്ട്ണ്ട് ഇപ്പം. അതിന് കാരണം ഫുട്ബാളും ഇങ്ങളൊക്കെയാണ്. ന്നെ നാലാളുടെ മുന്നില് പേടില്ലാതെ നിക്കാൻ പഠിപ്പിച്ചത് ഈ കളിയാണ്. പോരാടാന് പഠിപ്പിച്ചത് ഈ കളിയാണ്. ന്റെ കിനാവ് ഒക്കെ തകർന്ന അവസ്ഥേലും, എഴുന്നേറ്റ് നിക്കാൻ പഠിപ്പിച്ചതും ഈ കളി തന്നേണ്. കാൻസറിനെ പോരാടി ജയിക്കാൻ ഇനിക്കായി.ഞാന് ഈ ദുനിയാവില്ള്ള കാലം വരെ ഇനിക്ക് ങ്ങളെ ആരേം മറക്കാൻ കയിയൂലട്ടോ.എല്ലാരും ഇനിക്ക് വേണ്ടി നല്ലോണം പ്രാർത്ഥിച്ചിട്ട്ണ്ട്. ന്നെ സഹായിച്ചിട്ട്ണ്ട്.അയ്ന്റൊപ്പം മക്കള് പഠിച്ച മാക്കൂട്ടം എ എം യു പി സ്കൂള് ചൂലാംവയലിലെ  ടീച്ചർമാര്/മാഷ്മാര്, ആട്ത്തെ പിടിഎ, തൊടുകേലെ പ്രതീക്ഷ റസിഡന്റ്സ് അസോസിയേഷന്, മക്കള് പഠിച്ച ഡാൻസ് സ്കൂളിലെ ചങ്ക്സ്, പതിമംഗലത്തെ ചങ്ക്സ്, നാട്ടുകാര് ,ന്റെ എല്ലാ ചങ്ക്സ് ഇത് വായിച്ചേന് എല്ലാരോടും നന്ദീണ്ട്. 

ഇപ്പം ഇനിക്ക് തോന്ന്ന്നത് ഞമ്മള് ഓരോ ആൾക്കാരും കൂട്ടായി നിക്കാണെങ്കിൽ ഒരു ധൈര്യം ഞമ്മക്ക് വരും. ങ്ങള് ഓരോ ആൾക്കാരും തന്ന ധൈര്യോം, സ്നേഹോം, കരുതലോം ആണ്ന്നെ ജീവിപ്പിച്ചത്.  പടച്ചോന് നന്ദി!

Contact the author

പ്രസാദ് വി ഹരിദാസന്‍

Recent Posts

Web Desk 3 days ago
Social Post

ഷാഫിക്ക് ഉമ്മയുണ്ട്, പക്ഷെ അവരിങ്ങനെ കളളം പറയാറില്ല ടീച്ചറേ- രാഹുല്‍ മാങ്കൂട്ടത്തില്‍

More
More
Web Desk 5 days ago
Social Post

വടകരയിലെ നുണ ബോംബ് സാംസ്‌കാരിക ഫ്രോഡുകളുടെ തലയ്ക്കകത്തിരുന്നാണ് പൊട്ടിയത്- വി ടി ബല്‍റാം

More
More
Social Post

നരകാസുര വാഴ്ച്ച അവസാനിപ്പിക്കാനുളള ആലോചനകളുടെ ആഘോഷമാണ് ഇത്തവണത്തെ വിഷു- കെ ടി കുഞ്ഞിക്കണ്ണന്‍

More
More
Shareef Sagar 2 weeks ago
Social Post

കേരളാ സ്റ്റോറി പ്രദര്‍ശിപ്പിക്കാന്‍ സഭയ്ക്ക് സ്വാതന്ത്ര്യമുണ്ട്, അതെത്ര കാലത്തേക്ക് എന്നതാണ് ചോദ്യം- ഷെരീഫ് സാഗര്‍

More
More
Web Desk 2 weeks ago
Social Post

ലീഗ് "പച്ചപ്പതാക" മാറ്റുമോ? -കെ ടി ജലീൽ

More
More
Web Desk 3 weeks ago
Social Post

'റിയാസ് മൗലവി സ്വയം കുത്തി മരിച്ചതല്ല വിജയാ... '-രാഹുല്‍ മാങ്കൂട്ടത്തില്‍

More
More