താഹ അറസ്റ്റ്, ഏറ്റുമുട്ടല്‍ കൊല - ഡിവൈഎഫ്ഐക്ക് എന്തുപറയാനുണ്ട്?- എസ്. വി. മെഹ്ജൂബ്

Mehajoob S.V 3 years ago

താഹ ഫസല്‍ വീണ്ടും ജയിലിലടയ്ക്കപ്പെട്ടിരിക്കുന്നു. ജോലിസ്ഥലത്തുനിന്നാണ് ജാമ്യം റദ്ദാക്കിയ വിവരം താഹ അറിയുന്നത്. സങ്കടമാണ്. കേസ് നടത്തിപ്പുകാലയളവില്‍ ആരെ സ്വാധീനിക്കുമെന്ന് കണ്ടാണ്‌ കോടതി ഈ ചെറുപ്പക്കാരനെ ജയിലില്‍ തന്നെ പാര്‍പ്പിക്കണമെന്ന് തീരുമാനിച്ചത് എന്ന് മനസ്സിലാകുന്നില്ല. ഇന്ന് താഹയെ മാത്രം ഒറ്റ തിരിച്ചു ജയിലിലയക്കുമ്പോള്‍ കോടതിയിലും അതിന്റെ വിധികളിലുമുള്ള ഹതാശരായ മനുഷ്യരുടെ പ്രതീക്ഷകളാണ് മങ്ങിപ്പോകുന്നത്. 

ഇത്തരമൊരു സങ്കടത്തിലേക്ക് നമ്മെ എത്തിക്കുന്നതില്‍ കേരളത്തിലെ മുഖ്യമന്ത്രിയുടെ പങ്ക് വളരെ വലുതാണ്‌ എന്ന് വീണ്ടും വീണ്ടും ഓര്‍ത്തുപോകുന്നു. എന്തൊക്കെ കഷ്ടപ്പാടുകള്‍ക്കിടയിലും സുഖമായി, സ്വതന്ത്രമായി നടക്കുന്നവര്‍ക്ക് പൊലിസ് പന്തീരാങ്കാവില്‍ കാണിച്ച ആ അനീതിയുടെ ആഴം മനസ്സിലാവില്ല.ആ അറസ്റ്റ് അലന്റെയും താഹയുടെയും മനസ്സിലുണ്ടാക്കിയ, ജീവിതത്തിലുണ്ടാക്കിയ മുറിവുകള്‍ മനസ്സിലായിക്കൊള്ളണമെന്നില്ല. സ്വാതന്ത്ര്യത്തിനും  ജനാധിപത്യത്തിനും മറ്റെന്തിനെക്കാളും വില കല്‍പ്പിക്കുന്നവരുടെ ഉത്കണ്ഠകള്‍ ഉള്‍ക്കൊള്ളാന്‍ കഴിയണമെന്നില്ല. ഈ കേസിലും കേരളത്തില്‍ പോലിസ് നടത്തിയ മാവോയിസ്റ്റ് പ്രവര്‍ത്തകരുടെ കൊലപാതകങ്ങളിലും മുഖ്യമന്ത്രി അത്തരത്തിലൊരാളായി മാറി എന്നത് ഏറെ ഗൌരവമുള്ള ഒരു കാര്യമാണ്. 

എല്ലാവര്‍ക്കും അരിയും ഉപ്പും മുളകും എത്തിക്കുന്ന, വീടില്ലാത്തവര്‍ക്ക് വീടുണ്ടാവണമെന്നാഗ്രഹിക്കുന്ന, സമൂഹത്തിലെ വിവിധ തരത്തില്‍ അവശരായവര്‍ക്ക് മാസം തോറും പെന്‍ഷന്‍ ഏറ്റിയേറ്റി കൊടുക്കാന്‍ ഏര്‍പ്പാടുണ്ടാക്കിയ, അതിന്റെ പേരില്‍ ജനങ്ങളുടെ പിന്തുണ ഉറപ്പുവരുത്തിയ ഒരു മുഖ്യമന്ത്രിയെ ഇങ്ങനെയൊക്കെ പറയാമോ? എന്ന് സംശയം തോന്നുന്നവര്‍ മുഖ്യമന്ത്രിയുടെ ആ പഴയ ഡയലോഗുകള്‍ ഒന്നോര്‍ത്തെടുക്കണം.

''അലനും താഹയും ചായ കുടിക്കാന്‍ പോയപ്പോഴല്ല അവരെ അറസ്റ്റ് ചെയ്തത്'' എന്നുപറഞ്ഞതും, മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി ''അവര്‍ ഏതു പാര്‍ട്ടിയില്‍പ്പെട്ടവരാണ് എന്ന് എല്ലാവര്‍ക്കുമറിയാം'' എന്നും പറഞ്ഞു ചിരിച്ചതും വെറുതെ ഒന്നോര്‍ത്തു നോക്കണം. എന്തിനു വേണ്ടിയായിരുന്നു അത് എന്ന്, എന്ത് തമാശ തോന്നിയിട്ടാണ് ജയിലില്‍ കിടക്കുന്ന രണ്ടു വിദ്യാര്‍ഥികളുടെ പേര് പറഞ്ഞ് അന്നദ്ദേഹം ചിരിച്ചത് എന്ന് ഇന്നും എനിക്ക് മനസ്സിലായിട്ടില്ല. 

യുഎപിഎ അടക്കമുള്ള വകുപ്പുകള്‍ ചുമത്തപ്പെട്ട് എത്ര പേരേയാണ് ഇപ്പോള്‍ ജയിലഴികള്‍ക്കുള്ളില്‍ അടച്ചിരിക്കുന്നത്. കോടതിക്കുമുന്നില്‍ എത്തിക്കേണ്ട എത്ര പേരെ ഏകപക്ഷീയമായി, ഏറ്റുമുട്ടല്‍ എന്ന വ്യാജേന പോലിസ് വെടിവെച്ചു കൊലപ്പെടുത്തി. ഏറ്റുമുട്ടല്‍ നടന്നു എന്ന് പറയപ്പെടുന്ന സ്ഥലങ്ങളില്‍ സന്ദര്‍ശനം നടത്തിയ ഭരണപ്പാര്ട്ടിക്ള്‍ക്ക് പോലും ഏറ്റുമുട്ടല്‍ ബോധ്യപ്പെട്ടില്ല എന്നതല്ലേ യാഥാര്‍ത്ഥ്യം? എന്നിട്ടും മനുഷ്യരെ കൊല്ലുന്ന,കൊല്ലാക്കൊല ചെയ്യുന്ന, പോലീസിന്റെ മനോവീര്യം കാക്കുന്ന ഭരണാധികാരികള്‍ ആ അര്‍ത്ഥത്തില്‍ വിമര്‍ശിക്കപ്പെടുന്നില്ല. ഇത് എത്ര ഭയാനകമാണ്.

ഇന്ത്യയിലെ ഏറ്റവും വലിയ കമ്മ്യുണിസ്റ്റ് പാര്‍ട്ടിയുടെ പോളിറ്റ്ബ്യൂറോ അംഗമായ പിണറായിവിജയന്‍, പൊലീസിനാല്‍ ബോധം കെടുംവരെ മര്‍ദ്ദിക്കപ്പെട്ട പിണറായി വിജയന്‍... ജനങ്ങളുടെ മെക്കെട്ടു കയറുന്ന പോലീസിന്റെ മനോവീര്യത്തെപ്പറ്റി പറയുന്നത് കേള്‍ക്കുമ്പോള്‍, അദ്ദേഹത്തില്‍ ഇപ്പോള്‍ രാഷ്ട്രീയമൊന്നും അവശേഷിക്കുന്നില്ലേ എന്നാരെങ്കിലും സംശയിച്ചാല്‍ കുറ്റം പറയാനാകുമോ?

രാജ്യത്ത് നടക്കുന്ന കൊടിയ മനുഷ്യാവകാശ ധ്വംസനങ്ങളെപ്പറ്റി ഇന്ത്യയിലെ യുവജന പ്രസ്ഥാനങ്ങളുടെ നിലപാട് എന്താണ്. ഇന്ത്യ അവിടെ നില്‍ക്കട്ടെ, കേരളത്തിലെ ഡിവൈഎഫ് ഐയുടെ നിലപാട് എന്താണ്. യുഎപിഎ കൊണ്ടുവരുമ്പോള്‍ ഞങ്ങള്‍ പാര്‍ലമെന്റില്‍ ശക്തമായി പ്രതിഷേധിച്ചിരുന്നു എന്നാണ് ഡിവൈ എഫ് ഐയുടെ നേതാക്കന്മാര്‍ ടിവിയില്‍ ഇരുന്നു പറയുന്നത്. എപ്പോള്‍, എന്ത് അതിക്രമമുണ്ടായാലും, ആരുടെ പേരില്‍ യുഎപിഎ ചുമത്തിയാലും ''ഞങ്ങള്‍ അന്ന് പാര്‍ലമെന്റില്‍ എതിര്‍ത്തിരുന്നു'' എന്ന് മറുപടി പറഞ്ഞിട്ടു കാര്യമുണ്ടോ? നിങ്ങള്‍ക്ക് പറയാം... അപ്പുറത്തെ കോര്‍ട്ടില്‍ യൂത്ത് കോണ്‍ഗ്രസ്സുകാരോ യുവ മോര്‍ച്ചക്കാരോ ആണെങ്കില്‍. ഇതൊന്നുമല്ലാത്ത മനുഷ്യരോട് നിങ്ങള്‍ എന്തു പറയും?  നിങ്ങളുടെ എതിര്‍പ്പ് ഒരു വണ്‍ ടൈം സെറ്റില്‍മെന്റാണോ? 

കേരളത്തില്‍ പി ജയരാജനെതിരെ യുഎപിഎ ചുമത്തിയപ്പോള്‍ അദ്ദേഹം നിരപരാധിയാണ് എന്ന് ഉറച്ചു വിശ്വസിച്ച നിങ്ങള്‍ക്ക്, കാരായിമാര്‍ തെറ്റ് ചെയ്യാത്തവരാണെന്നു ഉറച്ചു വിശ്വസിച്ച നിങ്ങള്‍ക്ക് അവരെപ്പോലെതന്നെ നിങ്ങളുടെ പാര്‍ട്ടി അംഗങ്ങളായിരുന്ന അലന്റെയും താഹയുടെയും കാര്യത്തില്‍ ആ വിശ്വാസം വരാതിരുന്നത് എന്തുകൊണ്ടാണ്? അത് പോട്ടെ അത് നിങ്ങളുടെ സംഘടനാകാര്യം എന്ന നിലയില്‍ വിട്ടുകളയാം.

#എന്നാല്‍, കേരളത്തിലെ രണ്ടു വിദ്യാര്‍ത്ഥികള്‍ എന്ന നിലയില്‍ അവര്‍ക്കെതിരെ യുഎപിഎ ചുമത്തിയതിനെതിരെ നിങ്ങളുടെ നിലപാട് എന്താണ്?

#കേരളത്തില്‍ ഏറ്റുമുട്ടലിലൂടെ മാവോയിസ്റ്റുകളെ കൊലപ്പെടുത്തിയ പോലിസ് നടപടിയില്‍ നിങ്ങളുടെ നിലപാട് എന്താണ്?

#സിദ്ദിക്ക്  കാപ്പന്‍റെ കാര്യത്തില്‍ നിങ്ങള്‍ എന്ത് നിലപാട് സ്വീകരിച്ചു?

#രൂപെഷിനെതിരെ യുഎപിഎ നിലനിര്ത്താ‍ന്‍ സുപ്രീം കോടതിവരെ പോയ സംസ്ഥാന സര്‍ക്കാരിന്റെ നടപടിയില്‍ യുഎപിഎ വിരുദ്ധരായ ഡിവൈഎഫ് ഐ പ്രവര്‍ത്തകരെ നിങ്ങള്‍ക്ക് എന്തുപറയാനുണ്ട്?

#പാലത്തായിയില്‍, വാളയാറില്‍ നിങ്ങളുടെ നിലപാട് എന്താണ്? എല്ലാറ്റിനും നിങ്ങള്‍ എതിരാണ് എന്ന് ഞങ്ങള്‍ക്കറിയാം എന്നിട്ടെന്തേ മിണ്ടാത്തത്? നിങ്ങള്‍ ആരെയാണ് പേടിക്കുന്നത്?

ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പ് ഫലം നിങ്ങള്‍ സമൂഹത്തോട് കാണിച്ച സേവന മനോഭാവത്തിനു കിട്ടിയ കയ്യടികൂടിയാണ് എന്ന് പൊതുവില്‍ വിലയിരുത്തപ്പെട്ടിട്ടുണ്ട്. നിങ്ങള്‍ കൊവിഡ്‌ രോഗികളെ സഹായിച്ചു. രോഗം മൂലം ഒറ്റപ്പെട്ടവര്‍ക്ക് ഭക്ഷണമെത്തിച്ചു. സാമൂഹ്യ അടുക്കളകളില്‍ കഞ്ഞിയും കറിയും വെച്ചു, വയോജനങ്ങള്‍ക്ക് മരുന്നും ഭക്ഷണവുമെത്തിച്ചു, അവര്‍ക്ക് ക്ഷേമ പെന്‍ഷന്‍ ലഭിക്കാന്‍ ഫോറങ്ങള്‍ പൂരിപ്പിച്ച് എത്തേണ്ട ഇടങ്ങളില്‍ എത്തിച്ച്, മാസവരുമാനം ഉറപ്പുവരുത്തി. നിങ്ങള്‍ ശരിയായിരുന്നു.

പക്ഷെ  നാട്ടില്‍ നടക്കുന്ന മനുഷ്യാവകാശ പ്രശ്നങ്ങളില്‍, രാഷ്ട്രീയ പ്രശ്നങ്ങളില്‍ നിലപാടെടുത്ത്, സമരവും ഇടപെടലുകളും നടത്താത്തിടത്തോളം കാലം, നിങ്ങള്‍ക്ക് ഒരു രാഷ്ട്രീയ യുവജന സംഘടന എന്ന നിലയില്‍ ഭാവിയുണ്ടാവില്ല. നിങ്ങള്‍ ചെയ്യേണ്ട സമരങ്ങളാണ്, സ്വത്വരാഷ്ട്രീയക്കാര്‍ എന്ന് നിങ്ങള്‍വിളിച്ചാക്ഷേപിക്കുന്നവര്‍ കൊയ്തുകൊണ്ടിരിക്കുന്നത് എന്ന് നിങ്ങള്‍ എന്നാണ് തിരിച്ചറിയുക. ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ ഒരു രാഷ്ട്രീയ യുവജന പ്രസ്ഥാനം എറ്റെടുക്കേണ്ടതുതന്നെയാണ്. എന്നാല്‍ അതുമാത്രമേ ഏറ്റെടുക്കൂ എന്നാണെങ്കില്‍ നിങ്ങളുടെ സംഘടനാ റജിസ്ട്രേഷന്‍ ചാരിറ്റബിള്‍ സൊസൈറ്റി ആക്റ്റ് പ്രകാരമാക്കി മാറ്റുന്നതാണ് നല്ലത്.

Contact the author

Recent Posts

Web Desk 3 months ago
Editorial

ജനനത്തിയതി തെളിയിക്കാനുളള രേഖകളുടെ കൂട്ടത്തിൽ നിന്ന് ആധാറിനെ ഒഴിവാക്കി ഇപിഎഫ്ഒ

More
More
National Desk 3 months ago
Editorial

അയോധ്യയില്‍ നടക്കാന്‍ പോകുന്നത് ആര്‍എസ്എസും ബിജെപിയും സംഘടിപ്പിക്കുന്ന 'മോദി ഷോ'- രാഹുല്‍ ഗാന്ധി

More
More
Web Desk 3 months ago
Editorial

2023-ലെ ഫിഫ ദി ബെസ്റ്റ് പുരസ്കാരം മെസിക്ക്

More
More
Web Desk 3 months ago
Editorial

'ഭഗവാന്‍ ശ്രീരാമന്‍ സ്വപ്‌നത്തില്‍ വന്നു, പ്രതിഷ്ഠാച്ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് പറഞ്ഞു'- തേജ് പ്രതാപ് യാദവ്

More
More
Web Desk 3 months ago
Editorial

എംടി വിമര്‍ശിച്ചത് പിണറായിയെയും കേരളത്തെയും തന്നെ- കെ മുരളീധരന്‍

More
More
Web Desk 3 months ago
Editorial

എംടിയുടെ 'പല്ലുളള രാഷ്ട്രീയ വിമര്‍ശനത്തിന്' നന്ദി- ഗീവര്‍ഗീസ് മാര്‍ കൂറിലോസ്

More
More