മുംബൈ: സ്ത്രീകള്‍ക്കായി ആര്‍ത്തവമുറി അഥവാ പീരിയഡ്സ് റൂം സജ്ജമാക്കാനൊരുങ്ങുകയാണ് മഹാരാഷ്ട്ര സര്‍ക്കാര്‍. തിരക്കേറിയ ചേരികളില്‍ താമസിക്കുന്ന സ്ത്രീകള്‍ക്ക് ആര്‍ത്തവസമയത്ത് ഉണ്ടാകുന്ന ദുരിതങ്ങള്‍ പരിഹരിക്കാനും അവര്‍ക്ക് സാനിറ്ററി സൗകര്യങ്ങള്‍ ഒരുക്കാനുമായാണ് മഹാരാഷ്ട്ര സര്‍ക്കാരിന്റെ പുതിയ ഉദ്യമമം.
പരീക്ഷണാടിസ്ഥാനത്തില്‍ താനെ നഗരത്തിലെ പൊതുശൗചാലയത്തില്‍ പീരിയഡ് റൂം സ്ഥാപിച്ചു. പൊതുശൗചാലയത്തില്‍ ഇത്തരമൊരു സംരംഭം ആദ്യമായാണെന്ന് മഹാരാഷ്ട്ര അവകാശപ്പെട്ടു. യൂറിനല്‍, ജെറ്റ് സ്പ്രേ, ടോയ്ലറ്റ് റോള്‍ ഹോള്‍ഡര്‍, സോപ്പ്, ഡസ്റ്റ്ബിന്‍ എന്നിവയുള്‍പ്പെടുന്നതാണ് പീരിയഡ് റൂമെന്ന് അധികൃതര്‍ വ്യക്തമാക്കി. 45,000 രൂപയാണ് ഒരു പീരിയഡ് റൂം നിര്‍മ്മിക്കാന്‍ ചിലവായത്. നഗരത്തിലെ 120 പൊതുശൗചാലയങ്ങളിലും പീരിയഡ് റൂം സജ്ജമാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
പ്രത്യേക കുളിമുറികളില്ലാത്ത ചെറിയ വീടുകളില്‍ താമസിക്കുന്ന സ്ത്രീകള്‍ക്ക് ആര്‍ത്തവസമയത്ത് വളരെയധികം ബുദ്ധിമുട്ടുകളുണ്ടാകാറുണ്ട് അതിനാല്‍ ഈ സൗകര്യം സ്ത്രീകള്‍ക്ക് ഉപകാരപ്പെടും. മഹാരാഷ്ട്രയിലെ ചേരികള്‍ നവീകരിക്കുന്നതിന്റെ ഭാഗമായി സ്കൂളുകള്‍, ഹെല്‍ത്ത് ക്ലിനിക്കുകള്‍, ടോയ്ലറ്റുകള് തുടങ്ങിയ സൗകര്യങ്ങള്‍ ഒരുക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.