'ഫ്രീഡം അറ്റ്‌ മിഡ്നൈറ്റില്‍' ഫ്രീഡവുമില്ല, മിഡ്നൈറ്റുമില്ല! - മൃദുല സുധീരന്‍

Mridula Sudheeran 10 months ago

ഫ്രീഡം അറ്റ്‌ മിഡ്നൈറ്റ് എന്ന ഏകദേശം 20 മിനുട്ട് ദൈര്‍ഘ്യം വരുന്ന ഷോട്ട് ഫിലിം ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചക്ക് ഇടവെച്ചിരിക്കുകയാണ്. സിനിമയെ കുറിച്ചുള്ള നിരവധി നിരൂപണങ്ങള്‍ വന്നിട്ടുണ്ട്. അവ യാഥാസ്ഥിതിക കുടുംബഘടനക്ക് താങ്ങാനാവാത്ത വിഷയങ്ങള്‍, സിനിമയിലെ നായിക ഉയര്‍ത്തിക്കൊണ്ടുവരുന്നതിലും അതിലൂടെ പ്രവര്‍ത്തനക്ഷമമാകുന്ന സ്ത്രീയുടെ പുതിയ കര്‍തൃത്വത്തെ ആഘോഷിക്കുന്നതിലുമാണ് കൌതുകം കണ്ടെത്തുന്നത്. വന്ന നിരൂപണങ്ങളില്‍ പലതും ഫ്രീഡം അറ്റ്‌ മിഡ്നൈറ്റ് എന്ന സിനിമയെ സ്ത്രീകളുടെ വിമോചന ത്വരയുമായികൂട്ടി വായിക്കാന്‍ വെമ്പുന്നതാണ്. എന്നാല്‍ ഫ്രീഡം അറ്റ്‌ മിഡ്നൈറ്റിനോടും നിരൂപണങ്ങള്‍ എന്ന നിലയില്‍ വന്നിട്ടുള്ള അനുകൂല പ്രതികരണങ്ങളോടും പൊതുവില്‍ കടുത്ത വിയോജിപ്പ്‌ രേഖപ്പെടുത്താന്‍ മാത്രമാണ് ഞാന്‍ കാമറക്ക് മുന്നില്‍ നില്‍ക്കുന്നത്. 

നായികാ കഥാപാത്രത്തിന്റെ ഒത്താശയോടെ തികച്ചും സ്ത്രീവിരുദ്ധമായ ഒരു സിനിമയെടുക്കുകയാണ് ആര്‍ ജെ ഷാന്‍ എന്ന സംവിധായകന്‍ ചെയ്തത്. ഇത് എക്കാലത്തും ഇങ്ങനെയാണ് സംഭവിച്ചത്.സംഭവിച്ചു കൊണ്ടിരുന്നത്, സംഭവിച്ചുകൊണ്ടിരിക്കുന്നത്. അതില്‍ ഒരട്ടിമറിയും നടന്നിട്ടില്ല. കൂടിയ ഗഹനതയൊന്നും ഈ സിനിമ അര്‍ഹിക്കുന്നില്ല. വളരെ ലളിതമാണ് പ്രമേയവും കഥ പറച്ചിലും. 

ഫ്രീഡം അറ്റ്‌ മിഡ്നൈറ്റിലെ നായികാ കഥാപാത്രം വലിയ വലിയ ഡയലോഗുകളിലൂടെ നമ്മുടെ മൂല്യവ്യവസ്ഥയെ ആകെ ചോദ്യം ചെയ്യുകയും കുടുംബഘടനയുടെ വളരെ യാഥാസ്ഥിതികമായ അവസ്ഥയില്‍ നിന്ന് പുറത്തുകടക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു എന്ന് പ്രേക്ഷകരെ തെറ്റിദ്ധരിപ്പിച്ചുകൊണ്ട് പിതൃ, ആണ്‍കൊയ്മാ മൂല്യങ്ങളെ ഒളിച്ചുകടത്താനാണ് ശ്രമിക്കുന്നത്. സിനിമ അവസാനിക്കുമ്പോള്‍ ഒളിച്ചുകടത്താന്‍ പോലും ശേഷിയില്ലാത്ത സംവിധായകന്‍ വിവസ്ത്രനായി നില്‍ക്കുന്ന കാഴ്ചക്കാണ് പ്രേക്ഷകര്‍ സാക്ഷ്യം വഹിക്കുന്നത്.

'എനിക്ക് ഇഷ്ടപ്പെട്ട പൊസിഷന്‍ ഏതാണ് എന്ന് തനിക്കറിയാമോ' എന്ന് ചോദിക്കുന്ന,വളരെ അപരിചിതനായ ഒരാളുമായി ലൈഗികബന്ധമടക്കം സാധ്യമാകുന്ന മലമുകളിലെ മെഴുകുതിരി മുനിഞ്ഞുകത്തുന്ന ടെന്‍ഡ് സ്വപ്നം കാണുന്ന ഒരു സ്ത്രീ, ശരാശരി പ്രേക്ഷകരെ ഞെട്ടിക്കുക തന്നെ ചെയ്യും. പക്ഷെ ഈ നായിക സമൂഹത്തിലെ മൂല്യവ്യവസ്ഥയെ ചോദ്യം ചെയ്യുകയും കൂടുതല്‍ വിമോചിതമായ ഒരു ലോകത്തെയും കുടുംബ ബന്ധങ്ങളെയും സ്വപ്നം കാണുകയുമല്ല ചെയ്യുന്നത്, എന്ന് മനസ്സിലാക്കാന്‍ സിനിമ ഇത്തിരികൂടി മുന്നോട്ടുപോകണം. അവിടെവെച്ചാണ് ഭര്‍ത്താവിന്റെ ചാറ്റും, പ്രണയപൂര്‍വ്വം അയാള്‍ മറ്റൊരു സ്ത്രീയുമായി ഇടപഴകുന്നുവെന്നും മനസ്സിലാകുന്നത്. അവിടെവെച്ചാണ് പ്രേക്ഷകര്‍ നായികയുടെ അസുഖം തിരിച്ചറിയുന്നത്.

വീട്ടിലെ എടുത്താല്‍ തീരാത്ത ജോലികള്‍ക്കിടയിലും തന്റെ ഫ്രീഡത്തെ കുറിച്ച് സംസാരിക്കുന്ന നായികയുടെ ഇപ്പറഞ്ഞ ഗീര്‍വാണങ്ങളെല്ലാം നായകനെ വരുതിയില്‍ കൊണ്ടുവരാനായിരുന്നുവെന്നും അയാളെ മാപ്പു പറയിച്ചുകൊണ്ട് തുടര്‍ന്നും ഉപ്പുമാവ് ഉണ്ടാക്കിക്കൊടുക്കാനായിരുന്നുവെന്ന് മനസ്സിലാകുന്നത് മഴ നനഞ്ഞിരിക്കുന്ന അവളെ നായകന്‍ കൂട്ടിക്കൊണ്ടുപോകുന്നിടത്താണ്. എല്ലാം മറന്നു പ്ലംബറും, കട്ടന്‍ കാപ്പിയും ഉപ്പുമാവും ഉണ്ടാക്കിക്കൊടുക്കാന്‍ വെമ്പുന്നുണ്ട് അവസാന സീനില്‍ കാമറ നോക്കി പുഞ്ചിരി തൂകുന്ന നായികയുടെ മുഖം. തൊട്ടു മുന്‍സീനില്‍, ചെയ്ത തെറ്റിന് കാലുപിടിക്കാന്‍ തയാറായ അയാളുടെ സന്നദ്ധത അവളെ സന്തോഷിപ്പിചിരുന്നുവെന്ന്, കുറെക്കൂടി മെച്ചപ്പെട്ട ഒരു ക്ലൈമാക്സിനുവേണ്ടിയാണ് മഴ നനഞ്ഞ് കുളക്കടവിലിരുന്നത് എന്ന് മനസ്സിലാകുമ്പോഴാണ്, വല്ല്യ വര്‍ത്താനം പറഞ്ഞ ഈ സിനിമയില്‍ ഒരു പിണ്ണാക്കുമില്ല എന്ന് പ്രേക്ഷകര്‍ ആത്യന്തികമായി തിരിച്ചറിയുന്നത്.

ഭര്‍ത്താവിന്റെ പരസ്ത്രീ ബന്ധം സംശയിച്ച ഒരു ഭാര്യയുടെ സൌന്ദര്യപ്പിണക്കം മാത്രമാണ് ഫ്രീഡം അറ്റ്‌ മിഡ്നൈറ്റ്. അതില്‍ ഫ്രീഡവുമില്ല, മിഡ്നൈറ്റുമില്ല. ഉള്ളത് ഇനിയും പ്രണയം വരുമെന്ന് കാത്തിരിക്കുന്ന മിഥുനം എന്ന സിനിമയിലെ ഉര്‍വശിയാണ്, ഇനിയും കൊഞ്ചി തീര്‍ന്നിട്ടില്ലാത്ത മാമാട്ടിക്കുട്ടിയമ്മയാണ്, ഒരു വിളിപ്പുറത്ത് ഭര്‍ത്താവിനു ഉപ്പുമാവ് എത്തിക്കാന്‍ വെമ്പുന്ന,അച്ഛനു വെള്ളം ചൂടാക്കുന്ന, അമ്മയ്ക്ക് മരുന്നെടുത്ത് കൊടുക്കുന്ന വീട്ടമ്മയാണ്. അവള്‍ ഇനിയും ഭര്‍ത്താവിന്റെ ജെട്ടിയും കഴുകി സ്വസ്ഥമായി ജീവിക്കും. അയാള്‍ക്ക് മറ്റൊരു ബന്ധം ഉണ്ടോ എന്ന് സംശയം തോന്നുന്നതുവരെ.

Contact the author

Mridula Sudheeran

Recent Posts

Web Desk 3 weeks ago
Reviews

‘തിങ്കളാഴ്ച നിശ്ചയം‘ ഹൃദ്യമായ ഒരു ചലച്ചിത്രാനുഭവം- രേണു രാമനാഥ്

More
More
Shaju V V 3 weeks ago
Reviews

ബ്രാല്‍: ഓർക്കാപ്പുറത്തെ ബ്രാലിൻ്റെ പിടച്ചിലാണ് ജീവിതം- ഷാജു വി വി

More
More
P. A. Prem Babu 4 months ago
Reviews

സുസ്മേഷ് ചന്ത്രോത്തിന്റെ 'പത്മിനി': സർഗാത്മകതയുടെ ദുരുദ്ദേശപരമായ ദുർവ്യയം - പി. എ. പ്രേംബാബു

More
More
Mridula Hemalatha 4 months ago
Reviews

'സാറ'എപ്പോൾ ഗർഭം ധരിക്കണമെന്ന് സാറ തീരുമാനിച്ചോട്ടെ - മൃദുല ഹേമലത

More
More
Hilal Ahammed 4 months ago
Reviews

മാലിക്ക്: റോസ്‌ലിന്‍ മാലിക്കിനുള്ള മതേതര സര്‍ട്ടിഫിക്കറ്റ് ആകുന്നതെങ്ങിനെ - ഹിലാല്‍ അഹമദ്

More
More
Reviews

'ദൃശ്യം 2' വിന് കയ്യടിക്കുമ്പോള്‍ പ്രേക്ഷകര്‍ ചെയ്യുന്നത് - പ്രൊഫ. രജനി ഗോപാല്‍

More
More