മിസ്റ്റര്‍ പി ടി തോമസ്...‌ 'സ്വപ്ന സുന്ദരി' സ്ത്രീവിരുദ്ധ പരാമര്‍ശമാണ്

Sufad Subaida 1 month ago

സംസ്ഥാന രാഷ്ട്രീയത്തില്‍ ഉണ്ടയില്ലാ തോക്കുമായി നിരവധി രാഷ്ട്രീയ പ്രസ്ഥാനങ്ങളും നേതാക്കളും നടക്കുന്നത് നാം കണ്ടിട്ടുണ്ട്. എന്നാല്‍ തോക്കില്ലാ ഉണ്ടയുമായി കേരളത്തില്‍ അവതരിച്ച നേതാവാണ്‌ പി ടി തോമസ്. സദാ രോഷാകുലന്‍. സി എ ജി റിപ്പോര്‍ട്ടിന്റെ പിന്തുണയില്‍ കാണാതായ ഉണ്ടകളെകുറിച്ചുള്ള ഉത്കണ്ഠകള്‍ പരിഹരിച്ചത് മുഴുവന്‍ പോലീസുകാരും നിന്ന് ഉണ്ടയെണ്ണി തിട്ടപ്പെടുത്തിയിട്ടാണ് എന്നത് ഏറ്റവും സമീപകാല ചരിത്രമാണ്. 

കഴിഞ്ഞ ദിവസം നിയമസഭയില്‍ സ്വര്‍ണ്ണക്കടത്ത് കേസില്‍ അടിയന്തരപ്രമേയം അവതരിപ്പിച്ചുകൊണ്ട് സംസാരിച്ചത് പി ടി തോമസ്‌ ആണ് എന്നതുകൊണ്ടാണ് അദ്ദേഹത്തെക്കുറിച്ചുത്തന്നെ പറഞ്ഞുകൊണ്ട് തുടങ്ങിയത്. രാഷ്ട്രീയമൊന്നും പറയാതെ ആരോപണങ്ങളും അധിക്ഷേപങ്ങളും വ്യക്തിപരമായ അധിക്ഷേപത്തിലേക്കെത്തുന്നതാണ് ബജറ്റവതരണത്തിനു തലേദിവസം നടന്ന നിയമസഭാ സമ്മേളനം കാണിച്ചുതന്നത്. പൊതുഖജനാവില്‍ നിന്ന് ഭാരിച്ച തുക ചെലവു ചെയ്ത് നടത്തുന്ന നിയമസഭാ സമ്മേളനങ്ങള്‍ ഈയൊരു നിലവാരത്തിലേക്ക് താഴുന്നത് കേരളത്തിന്റെ അന്തസ്സിനുതന്നെ ചേര്‍ന്നതല്ല എന്ന കാര്യം മാന്യരായ സാമാജികര്‍ ഓര്‍ക്കുന്നത് നല്ലതാണ്.

അടിയന്തര പ്രമേയം ചര്‍ച്ചക്കെടുക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് പി ടി തോമസ്‌ എം എല്‍ എ നിയമസഭയില്‍ നടത്തിയ പ്രസംഗത്തില്‍ അദ്ദേഹം മുഖ്യമന്ത്രിയെയും ഭരണപക്ഷത്തെയും പ്രകോപിപ്പിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ക്കിടയില്‍, മുഖ്യമന്ത്രിയുടെ വീട്ടില്‍ മകളുടെ വിവാഹവുമായി ബന്ധപ്പട്ട് സ്വര്‍ണ്ണക്കടത്തു കേസില്‍ പ്രതിചേര്‍ക്കപ്പെട്ട സ്വപ്ന എത്തിയിരുന്നോ എന്ന കാര്യം വ്യക്തമാക്കണമെന്ന് ആവശ്യപ്പെടുന്നുണ്ട്. സ്വപ്നയുമായി മുഖ്യമന്ത്രിക്കും സര്‍ക്കാരിനും എന്തെങ്കിലും തരത്തില്‍ ബന്ധമുണ്ടോ എന്ന ഒരന്വേഷണം തീര്‍ച്ചയായും പ്രതിപക്ഷ ബെഞ്ചില്‍നിന്ന് ഉയരുന്നതില്‍ അപാകതയൊന്നുമില്ല. എന്നാല്‍ ഒരു നിയമസഭാംഗം അതുന്നയിക്കുമ്പോള്‍ കാണിക്കേണ്ട മര്യാദയും അന്തസ്സും അദ്ദേഹം കാണിച്ചില്ല എന്ന് മാത്രമല്ല. അദ്ദേഹം സ്വപ്നയുടെ പേരുച്ചരിച്ചതുപോലും അശ്ലീലമായിട്ടാണ് എന്നാണു പറയാനുള്ളത്. 

സ്വപ്നയെ സ്വപ്നസുന്ദരി എന്നാണ് പി ടി തോമസ്‌ എം എല്‍ എ വിശേഷിപ്പിച്ചത്. സ്വപ്ന സുന്ദരി താങ്കളുടെ വീട്ടില്‍ വന്നിരുന്നോ? സ്വപ്ന സുന്ദരി താങ്കളുടെ മകളുടെ വിവാഹത്തിനു വന്നിരുന്നോ എന്നായിരുന്നു ആവര്‍ത്തിച്ച് പി ടി തോമസ് മുഖ്യമന്ത്രിയോട് ചോദിച്ചത്. സ്വപ്ന സുന്ദരി എന്ന് വിശേഷിപ്പിക്കുന്നത് തെറ്റാണോ എന്ന് നേര്‍ബുദ്ധിക്ക് നിങ്ങളാരേങ്കിലും മനസ്സില്‍ ചോദ്യമുന്നയിച്ചെങ്കില്‍ ഞാനൊന്നു പറയട്ടെ, സുഹൃത്തുക്കളെ അത് തെറ്റു മാത്രമല്ല സ്ത്രീ വിരുദ്ധം കൂടിയാണ്. ഒന്നുകൂടി കടത്തിപ്പറഞ്ഞാല്‍ സംസ്ഥാന നിയമസഭാ രേഖകളില്‍ നിന്ന് നീക്കം ചെയ്യേണ്ട പരാമര്‍ശമാണത്. സംശയിക്കേണ്ട അത്രക്ക് ഗൌരവമുണ്ടതിന്. അക്കമിട്ടു പറയാം.

1. സഭയില്‍ ഇല്ലാത്ത ഒരാളെക്കുറിച്ച്, സഭയില്‍ വന്നു മറുപടി പറയാന്‍ പറ്റാത്ത ഒരാളെ കുറിച്ച് പരാമര്‍ശം നടത്തുമ്പോള്‍ അത് സഭ്യമായിരിക്കണം.

2.ഇവിടെ പി ടി തോമസ്‌ സ്വപ്നയുടെ പേര് പറയുന്നതില്‍ തെറ്റില്ല. എന്നാല്‍ സ്വപ്നയുടെ പേരിനു വിശേഷണമായി അദ്ദേഹം സ്വപ്ന സുന്ദരി എന്ന് ആവര്‍ത്തിച്ചുപയോഗിക്കുന്നു. എന്താണ് ഈ സ്വപ്ന സുന്ദരിയുടെ അര്‍ഥം? വളരെ റൊമാന്റിക് ആയി ഒരാള്‍ക്ക് ഇഷ്ടപ്പെട്ട ഒരു സ്ത്രീയെ പ്രണയത്തോടെ, വല്ലാത്തൊരിഷ്ടത്തോടെ സ്വപ്ന സുന്ദരി എന്ന് വിശേഷിപ്പിക്കുകയോ വിചാരിക്കുകയോ ചെയ്യാം. അതില്‍ അസഭ്യമില്ല. എന്നാല്‍ ഒരു പൊതുവേദിയില്‍ അതും സംസ്ഥാന നിയമസഭയില്‍ അത്തരത്തില്‍ ഒരു പരാമര്‍ശം നടത്തുമ്പോള്‍ അത് അശ്ലീലമായിത്തീരും. തന്റെ പദവികള്‍ ഉപയോഗിച്ച് സ്വാധീനം ചെലുത്തി സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട ഒരു സ്ത്രീയുടെ പേരിനുപുറകില്‍ പ്രാസമൊപ്പിച്ച് സുന്ദരി എന്ന് ചേര്‍ത്തു പറയുന്നതിന്റെ അര്‍ഥം ആ സൌന്ദര്യം ഒരു സ്വാധീന ശക്തിയായി അവര്‍ ഉപയോഗിച്ചു എന്നുതന്നെയാണ്.

3. നിങ്ങളുടെ വീട്ടില്‍ സ്വപ്ന വന്നിരുന്നോ എന്നല്ല സ്വപ്ന സുന്ദരി വന്നിരുന്നോ എന്നാണു മുഖ്യമന്ത്രി സ്ഥാനത്തിരിക്കുന്ന ഒരു വ്യക്തിയോട് സഭയിലെ ഒരംഗം ചോദിക്കുന്നത്. ആ സൌന്ദര്യ ധാമവുമായി താങ്കള്‍ക്ക് ബന്ധമില്ലേ എന്ന അശ്ലീല ചുവയുള്ള ചോദ്യമാണ് പി ടി തോമസ് സ്വപ്ന സുന്ദരി! സ്വപ്ന സുന്ദരി എന്ന ആവര്‍ത്തിച്ചുള്ള പരാമര്‍ശത്തിന് പിന്നില്‍ ഒളിപ്പിച്ചു വെച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ ആ പരാമര്‍ശം സ്ത്രീ വിരുദ്ധമാണ്. ഏതെങ്കിലും ഒരു കേസില്‍ പ്രതി ചെര്‍ക്കപ്പെട്ടാല്‍ എല്ലാ നിലയിലും മോശമായിരിക്കും എന്ന ഒരു പൊതുധാരണയുണ്ടാക്കാന്‍ പി ടി തോമസിന്റെ പരാമര്‍ശം ഇടവേയ്ക്കുന്നുണ്ട്. അത് സംസ്ഥാനത്തെ നിയമസഭ സ്വപ്നയോട് കാണിക്കുന്ന അനീതിയാണ്.

ഇക്കാര്യം സംസ്ഥാന നിയമസഭയിലെ ഒരംഗം പോലും ചൂണ്ടിക്കാട്ടിയില്ല. എന്തിനു ഒരോറ്റ മാധ്യമത്തിനു പോലും വാര്‍ത്തയായി  തോന്നിയില്ല. സ്ത്രീ വിരുദ്ധയെന്തെന്നുപോലും മനസ്സിലാകാത്ത നമ്മുടെ സമൂഹത്തിന്റെ പരിമിതി മാത്രമായെ ഇതിനെ കാണാന്‍ കഴിയൂ. അതുകൊണ്ട് തന്നെ സംസ്ഥാന നിയമസഭാ സ്പീക്കര്‍ ഈ പരാമര്‍ശം നിയമസഭാ രേഖകളില്‍ നിന്ന് നീക്കം ചെയ്യേണ്ടതാണ്. മിസ്റ്റര്‍ പി ടി തോമസ്‌ താങ്കളുടെ പ്രയോഗം അശ്ലീലമാണ്. താങ്കള്‍ അത് പിന്‍വലിച്ച് സ്വപ്നയോടും കേരളാ നിയമസഭയോടും  കേരള സമൂഹത്തോടും മാപ്പ് പറയണം.

Contact the author

Sufad Subaida

Recent Posts

Views

നടന്നുകൊണ്ട് നില്‍ക്കുന്നവര്‍ - ടി. കെ. സുനില്‍ കുമാര്‍

More
More
K E N 4 days ago
Views

ഒന്നുകില്‍ ഫാസിസം അല്ലെങ്കില്‍ ഇന്ത്യ - കെ ഇ എന്‍

More
More
Dr. Anil K. M. 1 week ago
Views

കിംവദന്തികള്‍ ദേശീയാഖ്യാനങ്ങളായി മാറുന്ന വിധം - ഡോ. കെ എം അനില്‍

More
More
Views

ദിശ രവിയെ വിട്ടയക്കുക! രാജ്യമാകെ ഈ മുദ്രാവാക്യമുയരണം - കെ. ടി. കുഞ്ഞിക്കണ്ണൻ

More
More
Views

ജനങ്ങളെ ജനങ്ങള്‍ക്കെതിരാക്കാന്‍ ജനാധിപത്യത്തില്‍ വഴികളുണ്ട് - എം എന്‍ കാരശ്ശേരി

More
More
Prof. Ijas Ahamed 1 week ago
Views

ഹിന്ദുത്വ രാഷ്ട്രീയത്തെ ഫാസിസം എന്നുവിളിക്കാമോ ?-പ്രൊഫ. ഐജാസ് അഹമദ്

More
More