ഡല്‍ഹി: ഡല്‍ഹിയില്‍ റിപ്പബ്ലിക് ദിനത്തില്‍ ട്രാക്ടര്‍ റാലി നടത്താനുള്ള കര്‍ഷകരുടെ തീരുമാനത്തില്‍ പൊലീസിന് ഉചിതമായ തീരുമാനമെടുക്കാമെന്ന് സുപ്രീംകോടതി. കര്‍ഷകര്‍ പ്രഖ്യാപിച്ചിരിക്കുന്ന റാലി ക്രമസമാധാന വിഷയമാണ്. അതില്‍ കോടതിക്ക് ഇടപെടാനാവില്ലെന്നും കോടതി പറഞ്ഞു.
തലസ്ഥാനത്തേക്ക് കര്‍ഷകരെ പ്രവേശിപ്പിക്കണോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് ഡല്‍ഹി പോലിസാണ്. അതിനായി എത്രത്തോളം ആളുകളെ, എങ്ങനെയൊക്കെ, തലസ്ഥാനത്തേക്ക് പ്രവേശിപ്പിക്കാം എന്നതിനെ സംബന്ധിച്ച് പോലീസിന് ഉചിതമായ തീരുമാനമെടുക്കാം എന്നും ചീഫ്ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി. കര്‍ഷകര്‍ പ്രഖ്യാപിച്ചിരിക്കുന്ന ട്രാക്ടര്‍ റാലി തടയണമെന്നാവശ്യപ്പെട്ടുകൊണ്ട് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയാണ് സുപ്രീംകോടതി ഇക്കാര്യത്തിലുള്ള നിലപാട് വ്യക്തമാക്കിയത്. ഈ വിഷയം വീണ്ടും ഈ മാസം 20ന് പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി.
അതേസമയം ട്രാക്ടര്‍ റാലിക്ക് യാതൊരു മാറ്റവുമുണ്ടാകില്ലെന്ന് കര്‍ഷക സംഘടനകളുടെ സംയുക്ത സമിതി വ്യക്തമാക്കി. സമരം എളുപ്പം അവസാനിക്കുമെന്ന് കരുതേണ്ടതില്ലെന്നും സമിതി സര്‍ക്കാരിന് മുന്നറിയിപ്പ് നല്കി. ഈ സര്‍ക്കാരിന്റെ കാലാവധി തീരുന്നതുവരെ സമരം നീണ്ടാലും പിന്മാറുന്ന പ്രശ്നമില്ലെന്ന് കര്‍ഷക സംഘടനകളുടെ സംയുക്ത സമിതി വ്യക്തമാക്കി.