ഏഷ്യയിലെ രണ്ടാമത്തേതും ഇന്ത്യയിലെ ഏറ്റവും വലുതുമായ എര്‍ത്ത് ഡാം ബാണാസുര സാഗറും പരിസരവും സൗരോര്‍ജ വൈദ്യുതി ഉത്പാദനത്തില്‍ മാതൃകയാകുന്നു.
ബാണാസുര സാഗറിലെ ഒഴുകുന്ന സൗരോര്‍ജ പാടത്തിലൂടെയാണ് ഈ സൗരോര്‍ജ വിപ്ലവത്തിന് തുടക്കമിട്ടത്. ഇതിന് പിന്നാലെ അണക്കെട്ടിന് മുകളിലെ ഡാം ടോപ്പ് സൗരോര്‍ജ്ജ നിലയം കൂടി ഇവിടെ സജ്ജീകരിച്ചു. 500 കിലോ വാട്ട്സ് ശേഷിയുള്ള ഫ്ളോട്ടിങ്ങ് സൗരോര്‍ജ്ജ നിലയത്തില്‍ നിന്നും 1072768.1 കിലോ വാട്ട്സ് വൈദ്യുതിയാണ് 2020 ഡിസംബര്‍ വരെ ഉത്പാദിപ്പിച്ചത്.
2019 ഫെബ്രുവരിയിലാണ് ഫ്ളോട്ടിങ്ങ് സ്റ്റേഷന് കമ്മീഷന് ചെയ്തത്. 400 കിലോ വാട്ട്സ് ശേഷിയുള്ള റൂഫ് ടോപ്പ് സോളാര്‍ പ്ലാന്റില്‍ നിന്നും 99210 കിലോ വാട്ട്സ് വൈദ്യുതി ഉത്പാദിപ്പിച്ചു. 2016 ലാണ് അണക്കെട്ടിന് മുകളിലെ സൗരോര്‍ജ്ജ പന്തല്‍ കമ്മീഷന് ചെയ്യുന്നത്. 2017 ഫെബ്രുവരി 17 നാണ് ഏറ്റവും കൂടുതല്‍ പ്രതിദിന ഉത്പാദനം ഇവിടെ നടന്നത്. 2493 കിലോ വാട്ട്സാണ് അന്നത്തെ ഉത്പാദനം. കഴിഞ്ഞ 19843 കിലോ വാട്ട്സ് വൈദ്യുതിയാണ് കഴിഞ്ഞ മാസം ഉത്പാദിപ്പിച്ചത്.
പാരിസ്ഥിതിക ആഘാതമുണ്ടാക്കാത്ത വൈദ്യുതി ഉത്പാദനമാര്‍ഗങ്ങളാണ് വരുംകാലത്തിന് വേണ്ടതെന്ന തിരിച്ചറിവില്‍ നിന്നാണ് ബാണാസുര സാഗറില്‍ ഫ്ളോട്ടിങ്ങ് സോളാര്‍ സ്റ്റേഷന് എന്ന ആശയം രൂപമെടുക്കുന്നത്. വയനാട് സ്വദേശികളും എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികളുമായ അയജ് തോമസും, വി.എം സുധീനുമാണ് ഇതിന്റെ പ്രാരംഭ സാങ്കേതിക വിദ്യ കെ.എസ്.ഇ.ബിയില്‍ അവതരിപ്പിച്ചത്. ഇവിടെ നിന്നാണ് വെള്ളത്തിനു മുകളില്‍ ചലിക്കുന്ന സൗരോര്‍ജ പാനലുകള്‍ രൂപമെടുക്കുന്നത്. 80 സെ.മി കനത്തിലുള്ള വായു നിറച്ച കോണ്‍ക്രീറ്റ് പാളികളുടെ മുകളിലാണ് സോളാര്‍ പാനലുകള്‍ സ്ഥാപിച്ചത്. ഇത് ജലാശയത്തിനു മുകളില്‍ സ്വതന്ത്ര്യമായി കിടക്കും. വെള്ളത്തിന്റെ ഏറ്റകുറച്ചിലും ഗതിമാറ്റങ്ങളും പാനല്‍ പ്രതലത്തെ ബാധിക്കില്ല. പാരിസ്ഥിതികാഘാതം ഉണ്ടാക്കാതെ വെള്ളത്തിനു മുകളില്‍ വെച്ചു തന്നെയാണ് ഈ കോണ്‍ക്രീറ്റ് പ്രതലം നിര്‍മ്മിച്ചെടുത്തതെന്നും പ്രത്യേകത. 10 കിലോവാട്ട് ശേഷിയുള്ളതായിരുന്നു ആദ്യ പ്രോജക്ട്.