കര്‍ഷകര്‍ തോറ്റാല്‍ യഥാര്‍ത്ഥത്തില്‍ തോല്‍ക്കുന്നത് കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയായിരിക്കും - എസ്. വി. മെഹ്ജൂബ്

Mehajoob S.V 10 months ago

കര്‍ഷക പ്രക്ഷോഭം തോറ്റുപോകുമോ എന്ന പ്രതീതി ഉണ്ടാക്കി കഴിഞ്ഞ ദിവസങ്ങളിലെ സംഭവവികാസങ്ങള്‍. സമാന്തര റിപ്പബ്ല്ക് ദിന പരേഡും ചെങ്കോട്ടയിലെ കൊടികെട്ടലും സംസ്ഥാന  അതിര്‍ത്തികളില്‍ നിന്നുള്ള അടിച്ചോടിക്കലും എല്ലാം ചേര്‍ന്ന് കര്‍ഷകര്‍ക്കെതിരായ ഒരു വികാരം ഉയര്‍ന്നു വരുന്നതിന്റെ പ്രതീതിയുണ്ടായി. അവര്‍ നടത്തിയ  കൊടികെട്ടലും, ഏതുനിമിഷവും അക്രമത്തിലേക്ക് വഴുതിവീഴാന്‍ പാകത്തില്‍ നടത്തിയ പരേഡും ജനാധിപത്യ പ്രസ്ഥാനങ്ങള്‍ക്ക് അംഗീകരിക്കാനാവില്ല. പ്രക്ഷോഭത്തെ പരാജയപ്പെടുത്താനും അവമതിക്കാനും സമരക്കാര്‍ക്കെതിരെ തെറ്റിദ്ധാരണ പടര്‍ത്താനും തക്കം പാര്‍ത്തിരുന്നവര്‍ക്ക് അവസരമൊരുക്കും വിധം നടത്തിയ അതിസാഹസങ്ങള്‍ പെട്ടെന്ന് തിരിച്ചറിയുകയും പാര്‍ലമെന്‍റു മാര്‍ച്ച് പിന്‍വലിക്കുകയും ചെയ്ത സമരനേതൃത്വം കൂടിയ പക്വത തന്നെയാണ് കാണിച്ചത്. ദേശീയപ്രസ്ഥാന ഘട്ടത്തിന് ശേഷം നടന്ന, പല വിധക്കാരും സ്വഭാവക്കാരുമായ ലക്ഷങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് നടക്കുന്ന ഒരു  ജനകീയ പ്രക്ഷോഭത്തെ ഈ രീതിയില്‍ രാഷ്ട്രീയ പരിപാകതയോടെ നയിക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. അത്തരത്തില്‍ അസാധ്യമായ ഒരു കാര്യമാണ്, മുന്നോട്ടുവെയ്ക്കാന്‍ വ്യക്തിപ്രഭാവമുള്ള ഒരു നേതാവ് പോലുമില്ലാതെ കഴിഞ്ഞ രണ്ടു മാസത്തിലധികമായി രാജ്യത്തെ കര്‍ഷകര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. അതുകൊണ്ട് തന്നെയാണ് ആ പ്രക്ഷോഭം ഐതിഹാസികമായിത്തീരുന്നത്.

ഈ പ്രക്ഷോഭത്തിനിടയ്ക്ക് വീണുകിട്ടുന്ന വീഴ്ചകളെ ആഘോഷമാക്കാന്‍, തെറ്റിദ്ധാരണ പരത്താന്‍, നാട്ടുകാര്‍ എന്ന വ്യാജേന സമരകേന്ദ്രങ്ങളില്‍ നിന്ന് കര്‍ഷകരെ അടിച്ചോടിക്കാന്‍ തക്കം പാര്‍ത്തിരിക്കുന്നവരെ പ്രക്ഷോഭകര്‍ മാത്രമല്ല, രാജ്യത്തെ ജനങ്ങളാകെ തിരിച്ചറിഞ്ഞു തുടങ്ങിയിട്ടുണ്ട്. ഒരുപക്ഷെ അതുതന്നെയാണ് ഈ സമരത്തിന്റെ വിജയവും.  ഒരു സമരം എല്ലായ്പ്പോഴും അതില്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ നേടിത്തരും എന്നാരും കരുതുകയില്ല. മറിച്ച് ആ ആവശ്യങ്ങളെക്കുറിച്ച് ജനങ്ങളില്‍ അവബോധമുണ്ടാക്കും. സമരത്തെ നേരിട്ട സര്‍ക്കാരിന്റെ ജനാധിപത്യ വിരുദ്ധ മുഖം വെളിപ്പെടുത്തും. ഇത്രയുമായാല്‍ ഏതു പ്രക്ഷോഭവും അതിന്റെ രാഷ്ട്രീയ അര്‍ത്ഥത്തില്‍ വിജയിച്ചു എന്നുതന്നെ പറയാം. അങ്ങിനെയെങ്കില്‍ സമീപകാല ഇന്ത്യാചരിത്രത്തില്‍ നടന്ന ഏറ്റവും ഐതിഹാസികമായ ഈ കര്‍ഷക പ്രക്ഷോഭം വിജയിച്ചിരിക്കുന്നു എന്ന് വിലയിരുത്താനാകും. 

രാജ്യതലസ്ഥാനം കത്തിയെരിഞ്ഞപ്പോള്‍ അതിനെ അവധാനതയോടെ നേരിട്ടവര്‍, പൌരത്വ സമരത്തോട് മുഖം തിരിഞ്ഞുനിന്നവര്‍, രാജ്യത്ത് സ്വതന്ത്രമായി അഭിപ്രായപ്രകടനം നടത്തുന്നവരെ കരാഗൃഹത്തിലടയ്ക്കുന്നവര്‍ ഈ സമരക്കാര്‍ക്ക് മുന്‍പില്‍ പത്തുവട്ടം ചര്‍ച്ചക്കായിവന്നു എന്നത് വിജയമല്ലാതെ പിന്നെന്താണ്? കര്‍ഷകാരാരും ഒരപ്പീല്‍പോലും കൊടുക്കാത്ത കോടതിയില്‍ അപ്പീല്‍ നല്‍കി ഇടപെടുവിച്ചു എന്നത് സമരത്തിന്റെ വിജയമല്ലേ? ഒന്നരവര്‍ഷത്തേക്ക് കാര്‍ഷിക നിയമങ്ങള്‍ മരവിപ്പിച്ചോളാമേ എന്ന കേന്ദ്ര അഭ്യര്‍ത്ഥന സമരത്തിന്റെ നേട്ടമല്ലേ?  നിയമം മുച്ചൂടും പിന്‍വലിച്ചേ തലസ്ഥാനം വിടൂ എന്ന് സര്‍ക്കാരിന്റെ മുഖത്തുനോക്കി പലവട്ടം പറഞ്ഞത്, ഇടയ്ക്ക് വെച്ചുനീട്ടുന്ന തിരുമധുരങ്ങളങ്ങ് കൊട്ടാരത്തില്‍ വെച്ചാല്‍മതി എന്നുപറഞ്ഞത് വിജയമല്ലാതെ മറ്റെന്താണ്? ഈ വിജയമെല്ലാം തിരിച്ചിട്ടാല്‍ കേന്ദ്ര സര്‍ക്കാരിന്റെയും ഭരിക്കുന്ന പാര്‍ട്ടിയുടെയും പരാജയവുമാണ്.

ശരിയാണ്, കാര്‍ഷികനിയമം പൂര്‍ണ്ണമായി പിന്‍വലിക്കുമ്പോള്‍ മാത്രമേ പ്രക്ഷോഭകരുടെ വിജയം പൂര്‍ണ്ണമാകൂ. അതേസമയം സമരം തീരുമ്പോള്‍ മാത്രമേ കേന്ദ്ര സര്‍ക്കാരിനും ഭരിക്കുന്ന പാര്‍ട്ടിക്കും മോചനമുള്ളൂ എന്നത് അതിലേറെ വലിയ പരമാര്‍ഥമാണ്. അത് എത്ര പെട്ടെന്ന് നടക്കുന്നോ അപ്പോള്‍ മാത്രമേ അവര്‍ക്ക് നിവര്‍ന്നുനിന്ന് ശ്വാസം വിടാനാകൂ.

പ്രക്ഷോഭം അവസാനിപ്പിക്കുക എന്നത് ഏറ്റവും എളുപ്പമുള്ള കാര്യമാണ്. ഒറ്റ കാര്യമേ അതില്‍ ചെയ്യേണ്ടതുള്ളൂ. സംസ്ഥാനങ്ങളോട് ചര്‍ച്ചചെയ്യാതെ കൃഷി എന്ന സംസ്ഥാന വിഷയത്തില്‍ കേന്ദ്രം നടത്തിയ അനധികൃത ഇടപെടല്‍ പിന്‍വലിക്കുക, അതായത് ഒരു ചര്‍ച്ചയുമില്ലാതെ, കീഴ്വഴക്കങ്ങളെല്ലാം ലംഘിച്ചുകൊണ്ട് പാര്‍ലമെന്‍റില്‍ പാസാക്കിയ, കര്‍ഷകര്‍ക്ക് വേണ്ടാത്ത കാര്‍ഷിക നിയമം പിന്‍വലിക്കുക. വളരെ ലളിതമാണ് കാര്യം. അല്പം ഈഗോ കുറയ്ക്കേണ്ടിവരും, കോര്‍പ്പറേറ്റുകളെ ചൊടിപ്പിക്കേണ്ടിവരും. അതു താങ്ങാന്‍ കഴിയുമെങ്കില്‍ ഇന്നേയ്ക്കിന്ന് സമരം അവസാനിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് കഴിയും.അതിനു പകരം കര്‍ഷകരെ തെരുവില്‍ തോല്‍പ്പിക്കാന്‍ മുതിര്‍ന്നാല്‍ അവര്‍ ജയിച്ചു കൊണ്ടേയിരിക്കും.

സമരം അവസാനിപ്പിക്കാന്‍ മര്‍ക്കടമുഷ്ടിക്ക്, അധികാര പ്രയോഗത്തിന് തല്‍ക്കാലത്തേക്ക് കഴിഞ്ഞേക്കാം. എന്നാല്‍  കേന്ദ്രസര്‍ക്കാരും ഭരിക്കുന്ന പാര്‍ട്ടിയും തിരിച്ചറിയേണ്ട ഒരുകാര്യമുണ്ട്. കഴിഞ്ഞ രണ്ടുമാസമായി ജയിക്കാനുറച്ച് ഡല്‍ഹിയിലെത്തിയ കര്‍ഷക പ്രക്ഷോഭകരുടെ സമരം തോറ്റാല്‍ അത് കേന്ദ്ര സര്‍ക്കാരിന്റെയും ബിജെപിയുടെയും തോല്‍വിയായി പരിണമിക്കും. രാജ്യത്തെ കൃഷിക്കാരും കര്‍ഷക തൊഴിലാളികളും ആ പരാജയം മറക്കാന്‍ പാടുപെടും. തങ്ങള്‍ വഞ്ചിക്കപ്പെട്ടു എന്ന ആ തോന്നല്‍ മാത്രം മതി, തലസ്ഥാനത്ത് അവര്‍ നയിച്ച പ്രക്ഷോഭത്തിന്റെ ഓര്‍മ്മകള്‍ മതി നിങ്ങളുടെ സിംഹാസങ്ങളെ കടപുഴക്കിയെറിയാന്‍. അതുകൊണ്ട് കര്‍ഷകപ്രക്ഷോഭത്തിന്റെ തോല്‍വി ആത്യന്തികമായി കേന്ദ്ര സര്‍ക്കാരിന്റെയും ഭരിക്കുന്ന പാര്‍ട്ടിയുടെയും തോല്‍വിതന്നെയായിത്തീരും. 

Contact the author

Recent Posts

Web Desk 5 months ago
Editorial

ഉണ്ണിമായയോടല്ല ആയിഷാബീവിയോടാണ് ഒപ്പന പാടി വരാന്‍ പറയേണ്ടത്- പി. സി. ജോര്‍ജ്ജ്‌

More
More
Web Desk 7 months ago
Editorial

777 ചാര്‍ലി മലയാളത്തിലും; രക്ഷിത് ഷെട്ടി ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ട് പൃഥ്വിരാജ്

More
More
Mehajoob S.V 10 months ago
Editorial

കേരളത്തിലെ മാധ്യമങ്ങള്‍ ബിജെപിയുടെ ബൂത്ത് കമ്മിറ്റി ഒഫീസുകളാണൊ - എസ്. വി. മെഹ്ജൂബ്

More
More
Mehajoob S.V 11 months ago
Editorial

ചെത്ത് വെറുമൊരു തൊഴിലല്ല സുധാകരാ - എസ്. വി. മെഹ്ജൂബ്

More
More
Mehajoob S.V 1 year ago
Editorial

തോമസ്‌ ഐസക് താങ്കള്‍ ബജറ്റിനെ സാധാരണക്കാരുടെ വിഷയമാക്കി മാറ്റി - എസ്. വി. മെഹ്ജൂബ്

More
More
Mehajoob S.V 1 year ago
Editorial

താഹ അറസ്റ്റ്, ഏറ്റുമുട്ടല്‍ കൊല - ഡിവൈഎഫ്ഐക്ക് എന്തുപറയാനുണ്ട്?- എസ്. വി. മെഹ്ജൂബ്

More
More