ഡല്‍ഹി: ഡല്‍ഹി ഇസ്രായേല്‍ എംബസിക്കു സമീപമുണ്ടായ സ്ഫോടനത്തെ അപലപിച്ച് പ്രധാനമന്ത്രി. സ്ഫോടനത്തിനു പിന്നിലുളളവരെ കണ്ടെത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ അറിയിച്ചു. ഇസ്രായേല്‍ നയതന്ത്ര ഉദ്യോഗസ്ഥരുടെ സുരക്ഷയ്ക്ക് ഇന്ത്യ വളരെയധികം പ്രാധാന്യം നല്‍കുന്നുണ്ടെന്നും പ്രധാനമന്ത്രി നെതന്യാഹുവുമായുളള ഫോണ്‍ സംഭാഷണത്തിനിടെ വ്യക്തമാക്കി.
ഇന്ത്യന്‍-ഇസ്രയേല്‍ സുരക്ഷാ ഏജന്‍സികള്‍ തമ്മിലുളള ഏകോപനത്തില്‍ ഇരു നേതാക്കളും തൃപ്തി പ്രകടിപ്പിച്ചു. ഇരു രാജ്യങ്ങളിലെയും കൊവിഡിനെതിരായ പോരാട്ടങ്ങളും പുരോഗതികളും സംഭാഷണത്തില്‍ വിഷയമായി. ഈ മേഖലയില്‍ കൂടുതല്‍ സഹകരണത്തിനുളള സാധ്യതകളെക്കുറിച്ചും ചര്‍ച്ച ചെയ്തു.
ജനുവരി 29-നാണ് ഡല്‍ഹി ഇസ്രായേല്‍ എംബസിക്കു സമീപം സ്ഫോടനം നടന്നത്. സ്ഫോടനത്തില്‍ ആളപായമില്ല.റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കാറുകള്‍ക്ക് കേടുപാടുകളുണ്ടായി. ഡല്‍ഹിയിലുളള നയതന്ത്ര, എംബസി ഉദ്യോഗസ്ഥരെല്ലാം സുരക്ഷിതരാണെന്ന് ഇസ്രായേല്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.