കാലം സാക്ഷി... ചരിത്രം സാക്ഷി... രണവീഥികളിലെ രക്തം സാക്ഷി...

ഇന്ത്യയില്‍ സമഗ്രാധിപത്യം കൈയ്യാളാന്‍ പാകത്തില്‍ വളര്‍ന്നു പന്തലിച്ച തീവ്ര വലതുപക്ഷ രാഷ്ട്രീയത്തിന്‍റെ ജനാധിപത്യ വിരുദ്ധതകള്‍ കണ്ടു  ഞെട്ടി ഞെട്ടി ഇനിയും കാലം കഴിക്കേണ്ടി വരുന്ന മനുഷ്യര്‍ മാധ്യമങ്ങളെ കാവലാക്കി എത്ര കാലം തുടരും എന്ന സംശയം ഇന്നലെക്കൊണ്ട് അവസാനിച്ചിരിക്കുന്നു എന്ന് പുതുകാഴ്ച്ചക്കാരെയെങ്കിലും ബോധ്യപ്പെടുത്താന്‍ കേരളത്തിലെ രണ്ടു ചാനലുകളുടെ താല്‍ക്കാലിക നിരോധനം വഴി വെക്കുമെങ്കില്‍ അത്രയും നന്ന്.

നാം മുട്ടിലിഴഞ്ഞാലും 'കുളം എത്ര കൊക്കിനെ കണ്ടതാ'- എന്ന മട്ടില്‍ ചരിത്രം നിവര്‍ന്നു തന്നെ നില്‍ക്കും. പക്ഷെ... ഒന്നുണ്ട്, ചരിത്രത്തിലെ ചുമര്‍ചിത്രങ്ങള്‍ വായിക്കാന്‍, മുദ്രകള്‍ തിരിച്ചറിയാന്‍, അവ പൊള്ളുന്ന ഒരോര്‍മയായി പച്ചകുത്താന്‍ കഴിയാത്ത ജനത ''മുട്ടില്‍ ഇഴഞ്ഞുകൊണ്ടിരിക്കുക'' തന്നെ ചെയ്യും. പെരും മുട്ടികൊണ്ടുള്ള അടിയേറ്റ് മുട്ട് തകരും വരെ മാത്രമാണത്. പിന്നെ അധികാരത്തിന്‍റെ  ചാട്ടാവാറടികള്‍ ശീലമാക്കി കൂപ്പുകൈകളോടെ കമിഴ്ന്നടിച്ചു കിടക്കും. അങ്ങനെയാണത്.  നാം അവസാനിച്ചാലും ചരിത്രം അവസാനിക്കില്ല. 

വൈപരീത്യങ്ങളുടെ ധാരാളിത്തം കൊണ്ട് സമ്പന്നമാണ് ചരിത്രം. 'മുട്ടിലഴയുക' എന്ന ഫ്യുഡല്‍ പ്രയോഗത്തെ  ജനാധിപത്യ പദാവലിയിലേക്ക് ഉള്‍ചേര്‍ത്തു വെച്ചത് ഒരുപക്ഷെ പിന്നീട് ഇഴയാന്‍ പോലുമാകാതെ മുട്ട് തേഞ്ഞുപോയ ലാല്‍ കൃഷ്ണ അദ്വാനിയാണ്. തീവ്ര- തീവ്രതരമായിക്കൊണ്ട് പുരോചലനം നടത്തിയ രാജ്യത്തെ വലതുപക്ഷ ചേരിയിലെ പറ്റിയ പ്രതിനിധാനമായി ചുമരുകളില്‍ നിന്ന് മനസ്സിലേക്ക് പച്ചകുത്തേണ്ട പേരുതന്നെയാണ് അദ്വാനിയുടെത്. അടിയന്തിരാവസ്ഥയില്‍ വിടുപണി ചെയ്ത ഇന്ത്യന്‍ കുത്തക മാധ്യമങ്ങളെ നോക്കി ''കുനിയാന്‍ പറഞ്ഞപ്പോള്‍ മുട്ടിലിഴഞ്ഞവര്‍'' എന്ന് ഒരു വിപ്ലവകാരിയുടെ ആര്‍ജ്ജവത്തോടെ അദ്ദേഹം കളിയാക്കി. പിന്നീട് ലോകത്താകമാനമുള്ള മനുഷ്യര്‍ക്ക്‌ വിമോചന സ്വപ്നം പകര്‍ന്ന ഓങ്ങ്സാന്‍ സുചിയെപ്പോലെ, അടിയന്തരാവസ്ഥയിലെ ഇന്ദിരാഗാന്ധിയെപ്പോലെ 'വേലിയില്‍ നിന്ന് വിളവു തിന്നാം' എന്ന് പഠിച്ചപ്പോള്‍ ഇന്ത്യന്‍ സോഷ്യലിസ്റ്റുകളുടെ കൂടെയുള്ള പൊറുതി മതിയാക്കി പായ ചുരുട്ടി അധികാരത്തിലേക്കുള്ള അവസാന രഥത്തിലേറി വില്ലാളി വീരനായി ഓടിച്ചുപോയി. രഥചക്രത്തിനടിയില്‍ പെട്ടവരെത്ര... ചതഞ്ഞു തീര്‍ന്നവരെത്ര... തിരക്കിനിടയില്‍ കണക്കെടുക്കാന്‍ പറ്റിയതേയില്ല അന്ന്. ഇന്ന് ശരവേഗം കണക്കു രഥമോടിക്കുന്ന വില്ലാളി വീരന്മാര്‍ക്കിടയില്‍ ഞെരിഞ്ഞമര്‍ന്ന ആ വാര്‍ധക്യം മനനം ചെയ്തെടുക്കുന്ന കണക്കുകള്‍ ആരെയും രക്ഷിക്കാന്‍ ഇടയില്ല. എങ്കിലും ജനാധിപത്യത്തിന്‍റെ കുമ്പസാരക്കൂട് മലര്‍ക്കെ തുറന്നുകിടപ്പുണ്ട് എന്ന് അദ്വാനിയോട് പറയാന്‍ ആരുണ്ട് ?. രാജ്യത്ത് മുട്ടിലിഴയുന്ന മാധ്യമങ്ങള്‍ക്കാവുമോ ?. ജനാധിപത്യത്തിന് ദീര്‍ഘനിശ്വാസമയക്കാനെങ്കിലും ഒരു കുറ്റസമ്മതം! ഏതു കാളരാത്രിയിലും പ്രതീക്ഷകള്‍ക്ക് മങ്ങാന്‍ തരമില്ലല്ലോ.

ഡല്‍ഹി കലാപം നടന്നിട്ടേയില്ല, പൊലീസും പട്ടാളവും നിഷ്ക്രിയമായിട്ടേയില്ല, അമിത് ഷാ മൂന്നുവട്ടം ഉന്നത തലയോഗം നടത്തി സ്ഥിഗതികള്‍ ശാന്തമാക്കുകയാണ് ചെയ്തത്. അല്ലാതെ യൂദാസിനെ പോലെ തള്ളിപ്പറയുകയല്ല.  ആര്‍ക്കാണ് ഇക്കാര്യങ്ങള്‍ അറിയാത്തത്. അറിഞ്ഞുകൊണ്ട് മലയാളത്തിലെ മാധ്യമ പ്രവര്‍ത്തകര്‍ ഡല്‍ഹിയില്‍ മണ്ടി നടന്ന് കള്ളം വിളിച്ചു പറഞ്ഞതെന്തിന്?.  ഒന്നിനും ഒരു തിട്ടവുമില്ല. എന്നാല്‍ ഇതെല്ലം മാധ്യമ മുതലാളിമാര്‍ക്ക് അറിയാമായിരുന്നു. അവര്‍ എക്കാലവും മാധ്യമ സ്വാതന്ത്ര്യത്തിന്‍റെ കൂടെ നിലയുറപ്പിച്ചവരാണ്.  അടിയന്തരാവസ്ഥയില്‍..., അവര്‍ നീതിയുടെ പക്ഷം ചേര്‍ന്നു നിന്ന ചരിത്ര സന്ദര്‍ഭങ്ങള്‍ ഭാഷയിലെ കൂട്ടിയോജിപ്പ് വ്യാകരണ തന്ത്രങ്ങളില്ലാതെ പറയണമെങ്കില്‍ തന്നെ വേണം പത്തു പേജുകള്‍. അതിന് ഇപ്പോള്‍ ഞങ്ങളില്ല. ഇന്നലെയും ഇന്നുമായി നടന്ന അവരുടെ പ്രതികരണങ്ങള്‍ തന്നെ അവരുടെ നീതി ബോധത്തിന്‍റെ ഉത്തമ ഉദാഹരണമല്ലേ.. 

രണ്ടു ചാനലുകളുടെ സ്ക്രീനുകള്‍ കറുപ്പ് (കറുപ്പിനെയും ദളിതരെയും ആര്‍ക്കും കാണാനാവില്ലല്ലോ) പുതച്ചു കിടന്നത് കൊണ്ടാവാം മലയാളത്തിലെ മറ്റു ചാനലുകള്‍ക്ക് അത് കാണാനൊത്തതേയില്ല.  അവിടങ്ങളില്‍ കഞ്ഞിയും കറിയും വെച്ച് കളിക്കുന്ന ചേട്ടന്‍മാരും ചേച്ചിമാരും റസിപ്പി നോക്കി ഉണ്ടാക്കിയെടുത്തത് അണ്ണാക്കിലേക്ക് കമഴ്ത്തി പൊട്ടിച്ചിരിച്ചുകൊണ്ടിരുന്നു. കെ.എസ്‌.ആര്‍.ടി.സി സമരം എന്ന പൈശാചിക കാട്ടുനീതിയെപ്പറ്റി സങ്കടപ്പെട്ടു. ആരെലുമൊന്നു പറഞ്ഞിരുന്നുവെങ്കില്‍ മീഡിയ വണ്‍ ഒന്നു പൊട്ടിക്കരഞ്ഞിരുന്നുവെങ്കില്‍ അവരുണരുമായിരുന്നു. ഇനി പറഞ്ഞിട്ടെന്തുണ്ട് കാര്യം പിലാത്തോസേ... ചുളുവില്‍ നിരോധനം നീങ്ങി കിട്ടിയ ചാനല്‍,  കളിപ്പാട്ടം തിരിച്ചു കിട്ടിയ കുഞ്ഞിനെപ്പോലെ കളിചിരി തുടങ്ങി. കളിപ്പാട്ടം കൊണ്ടോടിയ ഡല്‍ഹി റിപ്പോര്‍ട്ടര്‍ക്ക് അപ്പന്‍റെ കയ്യില്‍ നിന്ന് എത്ര തെരണ്ടിവാല്‍ അടി എന്നേ ഇനി അറിയാനുള്ളൂ. ഇടക്കൊന്നു പറയണമല്ലോ... രാഷ്ട്രീയം ചോര്‍ന്നു പോകാതിരിക്കാന്‍ ഇടയ്ക്ക് പൊള്ളുന്ന വെയിലത്ത് റോട്ടില്‍ നിന്ന് ഉരുട്ടിയെടുക്കുന്ന ടാര്‍ കൊണ്ട് ഓട്ടയടക്കുന്ന കൈരളി എന്തൊക്കെയോ ചെയ്യുന്നുണ്ടായിരുന്നു. സന്തോഷം തന്നെ. ആശയം എന്ന നിലയിലെങ്കിലും ജനാധിപത്യം  ശേഷിക്കുന്നവരെ അഭിനന്ദിക്കാതിരിക്കാനാവില്ല. 

നോക്കൂ വലിയ പണമിറക്കി ചെയ്യുന്ന സംരംഭങ്ങള്‍ക്ക് കുറേപേര്‍ക്ക് ജോലി കൊടുക്കാനാവും. അതുകൊണ്ട്  മറ്റു പരിക്കുകള്‍ കാര്യമാക്കതിരിക്കുന്നത് സ്വാഭാവികമാണ്. അവരുടെ ഉത്പന്നങ്ങള്‍ അവര്‍   ഉത്പാദിപ്പിച്ചുകൊണ്ടേയിരിക്കും. ജനായത്ത ഭരണക്രമത്തില്‍ ജനാധിപത്യത്തെപ്പറ്റി പറയലാണ് മാധ്യമങ്ങളുടെ പണി. ജനാധിപത്യമാണ് അവരുടെ പ്രധാന ഉല്പന്നം. കയറ്റി അയക്കാനുള്ളതല്ല. ഇവിടെ കഴിക്കാനുള്ളതാണ്. ഗുണനിലവാരം ഉറപ്പു വരുത്തണം. അതിന്  പുറത്തുള്ളവര്‍ തന്നെ വരേണ്ടിവരും. നഷ്ടപ്പെടാന്‍ ജനാധിപത്യം മാത്രമുള്ളവര്‍ക്കു മാത്രമേ അതിനായി ശബ്ദമുയര്‍ത്തന്‍ കഴിയൂ. ചരിത്രത്തില്‍ എമ്പാടുമുണ്ട് ദൃഷ്ടാന്തങ്ങള്‍. 

Contact the author

Recent Posts

Web Desk 10 months ago
Editorial

മില്‍മ പാല്‍ ലിറ്ററിന് ആറുരൂപ വർധിക്കും

More
More
International Desk 10 months ago
Editorial

റഷ്യ-യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാന്‍ മധ്യസ്ഥത വഹിക്കാന്‍ തയാറാണെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ

More
More
Web Desk 10 months ago
Editorial

കേരളാ ക്രിക്കറ്റ് അസോസിയേഷന്‍ ജോയിന്റ് സെക്രട്ടറിയായി ബിനീഷ് കോടിയേരി

More
More
Web Desk 10 months ago
Editorial

സിനിമ ഡയറക്ട് ചെയ്യാന്‍ പോലും കോഴ്‌സ് പഠിച്ചിട്ടില്ല, പിന്നല്ലേ അഭിപ്രായം പറയാന്‍- ജൂഡ് ആന്റണി ജോസഫ്

More
More
Web Desk 10 months ago
Editorial

സര്‍ക്കാരിനെ പിരിച്ചുവിടണമെന്ന് കെ സുധാകരന്‍ പറഞ്ഞതില്‍ അഖിലേന്ത്യാ കോണ്‍ഗ്രസ് നേതൃത്വം നിലപാട് വ്യക്തമാക്കണം - സിപിഎം

More
More
Web Desk 10 months ago
Editorial

പഠിക്കാനായി കടല വില്‍ക്കേണ്ട; വിനിഷയുടെ വിദ്യാഭ്യാസ ചെലവ് ഏറ്റെടുത്ത് ജില്ലാ കളക്ടര്‍

More
More