'ഗോ ബാക്ക് മോദി' എന്ന ഹാഷ്‌ടാഗ് ട്വീറ്റ് ചെയ്ത തമിഴ് നടി ഒവിയക്കെതിരെ കേസെടുക്കണമെന്ന് തമിഴ്നാട് ബിജെപി. ഇതു സംബന്ധിച്ച് തമിഴ്‌നാട് ബിജെപിയുടെ നിയമവിഭാഗം സൈബർ ക്രൈം സെല്ലില്‍ പരാതി നല്‍കി. പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം ചെന്നൈ സന്ദര്‍ശിച്ചിരുന്നു. മോദിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടാക്കാനാണോ ഒവിയ ശ്രമിച്ചതെന്ന് പരിശോധിക്കണമെന്നും അവർക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ പറയുന്നു.
കമല്‍ഹാസന്‍ അവതാരകനായി എത്തിയ ബിഗ് ബോസ് തമിഴ് പതിപ്പിലൂടെയാണ് ഒവിയ ശ്രദ്ധിക്കപ്പെടുന്നത്. ശ്രീലങ്ക ചൈന തുടങ്ങിയ രാജ്യങ്ങള്‍ ഒവിയയെപ്പോലെ ഇന്ത്യയില്‍ ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടാക്കാനാണ് ആഗ്രഹിക്കുന്നതെന്ന് ബിജെപിയുടെ സ്റ്റേറ്റ് സെക്രട്ടറി ആരോപിച്ചു.
അതേസമയം, ചെന്നൈ സന്ദർശനം പൂർത്തിയാക്കിയ ശേഷം പ്രധാനമന്ത്രി കേരളത്തിൽ എത്തിയിരുന്നു. ബി പി സി എൽ പ്ലാന്റ് ഉദ്ഘാടനത്തിനായാണ് പ്രധാനമന്ത്രി സംസ്ഥാനത്ത് എത്തിയത്. ഉദ്ഘാടന കർമ്മത്തിന് ശേഷം നടന്ന ബി ജെ പി യോഗത്തിലും അദ്ദേഹം പങ്കെടുത്തിരുന്നു. സംസ്ഥാനത്തെ മുതിർന്ന നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തിയ ശേഷമാണ് അദ്ദേഹം ഡൽഹിയിലേക്ക് മടങ്ങിയത്.