ജനങ്ങളെ ജനങ്ങള്‍ക്കെതിരാക്കാന്‍ ജനാധിപത്യത്തില്‍ വഴികളുണ്ട് - എം എന്‍ കാരശ്ശേരി

ഭരണം എന്നുപറയുന്നത് മനുഷ്യരുടെ ഒരു പ്രധാനപ്പെട്ട കണ്ടുപിടുത്തമാണ്. പ്രകൃതിയിലുളളതല്ല അത് സംസ്‌കൃതിയാണ്, കാട്ടിലെ രാജാവാണ് സിംഹം എന്നുളളത് നമ്മള്‍ ഉണ്ടാക്കുന്ന കഥകളാണ്. മഹാ കൗശലക്കാരനായ കുറുക്കന്‍ മന്ത്രിയാണ്, നരി, കുരങ്ങ് അങ്ങനെ നമ്മുടെ പഞ്ചതന്ത്രം കഥകളിലോ ഈസോപ്പുകഥകളിലോ അല്ലെങ്കില്‍ പഴയ നാടന്‍ പാട്ടുകളിലോ ഒക്കെ അത്തരത്തിലുളള അനവധി കഥകളുണ്ട്. അതൊക്കെ നമ്മുടെ ഭാവനയാണ്.

ഒരാള്‍ വേറൊരാളെ ഭരിക്കുക അല്ലെങ്കില്‍ ഒന്നിലധികം ആളുകള്‍ ഒരു സമൂഹത്തെ ഭരിക്കുക എന്നുളളത് മനുഷ്യസംസ്‌കാരം, കണ്ടെത്തിയ ഒരു സംഗതിയാണ്. അതിന് പല രീതികളുണ്ട്, ഓരോരോ കാലത്ത് അതിന്റെ രീതികള്‍ മാറുകയും മറിയുകയും ചെയ്തിട്ടുണ്ട്. പരിഷ്കരണത്തിന് വിധേയമായി രാജാധിപത്യത്തില്‍ നിന്ന് ഇന്നറിയപ്പെടുന്ന ജനാധിപത്യത്തിലേക്ക് അത് എത്തിച്ചേര്‍ന്നിട്ടുണ്ട്.  അങ്ങനെ അറിയപ്പെട്ട ഭരണവ്യവസ്ഥകളില്‍ താരതമ്യേന ഏറ്റവും കുറ്റം കുറഞ്ഞത് എന്നാണ് ജനാധിപത്യത്തിനര്‍ത്ഥം. അല്ലാതെ അത് യാതൊരു തെറ്റുകുറ്റങ്ങളുമില്ലാത്ത അന്യൂനമായ ഒരു വ്യവസ്ഥയാണെന്ന് ആരും പറയില്ല. അങ്ങിനെയെങ്കില്‍ ജനാധിപത്യത്തില്‍ നമ്മള്‍ ശ്രദ്ധിക്കേണ്ട ഒരു കാര്യം ജനാധിപത്യം എന്നുപറയുന്നത് ഒരു പ്രത്യയശാസ്ത്ര (ഐഡിയോളജി) മല്ല. മറിച്ച് അതൊരു രീതിശാസ്ത്ര (മെത്തഡോളജി) മാണ് എന്നതാണ്.

നമ്മള്‍ ഒരു സമൂഹത്തെ, ഒരു രാഷ്ട്രത്തെ ഒരു മനുഷ്യസംസ്‌കാരത്തെ കാണുന്ന രീതിയാണ് ജനാധിപത്യം. ഉദാഹരണത്തിന് മനുഷ്യരൊക്കെ തുല്യരാണ് എന്നുളളതും എല്ലാവരും നീതി അര്‍ഹിക്കുന്നു എന്നുളളതും ജനാധിപത്യത്തിന്റെ കാഴ്ച്ചപ്പാടാണ്. ആണും പെണ്ണും ട്രാന്‍സ്‌ജെന്‍ഡറും തുല്യരാണ് എന്ന് നാം പറയുന്നത് ജനാധിപത്യത്തിന്റെ ഈ മൂല്യത്തില്‍ നിന്നുകൊണ്ടാണ്. രാജാധിപത്യക്രമത്തില്‍ ഇത് നടക്കില്ല. കാരണം രാജകുടുംബാംഗങ്ങള്‍ മേലെയാണ്. ജാതിവ്യവസ്ഥയില്‍ മേല്‍ജാതി എന്ന് സ്വയം വിളിക്കുന്ന കൂട്ടരും കീഴ്ജാതി എന്ന് വിളിക്കപ്പെട്ടവരും തുല്യരല്ല. അവര്‍ക്ക് നീതി തുല്യമല്ല. മനുസ്മൃതി അനുസരിച്ച് ബ്രാഹ്മണന്‍ ചെയ്ത അതേകുറ്റം ശൂദ്രന്‍ ചെയ്താല്‍ ശൂദ്രന് കിട്ടുന്നതിന്റെ എത്രയോ കുറവ് ശിക്ഷ മാത്രമേ ബ്രാഹ്മണന് കിട്ടുകയുളളു. കൊലപാതകമടക്കമുള്ള എന്തു കുറ്റം ചെയ്താലും  ബ്രാഹ്മണന് വധശിക്ഷയില്ല. കാരണം ലോകത്തിലേക്ക് വെച്ച് ഏറ്റവും കൊടിയ പാപം ബ്രാഹ്മണഹത്യയാണ് എന്ന് മനുസ്മൃതി പറയുന്നുണ്ട്. ഈ തരത്തില്‍ തുല്യതയോ നീതിയോ ഇല്ലാത്ത ഒന്നാണ് ജാതിഘടനയും രാജാധിപത്യവും.

മതങ്ങളും ഇങ്ങനെയാണ്. അതിലെ വിശ്വാസികളും അല്ലാത്തവരുമെന്ന് വകതിരിക്കും. അതുകൊണ്ടുതന്നെ ഒരു പ്രത്യേക മതാധികാരം നിലനില്‍ക്കുന്ന രാജ്യത്തോ സമൂഹത്തിലോ ഇതര മതസ്ഥര്‍ക്ക് തുല്യനീതി ലഭിക്കില്ല. ഉദാഹരണത്തിന് ഇറാന്‍, ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്‍ ആണ്. റിപ്പബ്ലിക് എന്നാല്‍ ജനങ്ങള്‍ക്ക് പരമാധികാരമുളളത് രാഷ്ട്രം എന്നാണ്, എന്നാല്‍ ഇറാനില്‍ ജനങ്ങള്‍ തെരഞ്ഞെടുത്ത പാര്‍ലമെന്റിന്റെ തീരുമാനങ്ങള്‍ക്കുമുകളില്‍ ആ പാര്‍ലമെന്റിന്റെ തീരുമാനങ്ങളെ വീറ്റോ ചെയ്യാന്‍ അധികാരമുളള പുരോഹിത സഭയുണ്ട്. പാര്‍ലമെന്‍റ് ഭൂരിപക്ഷ  ജനങ്ങളുടെ താല്‍പ്പര്യമനുസരിച്ച് പാസാക്കിയ നിയമം ഇസ്ലാമിക കര്‍മശാസ്ത്ര വിധികള്‍ക്ക് ഒക്കുമോ ഇല്ലയോ എന്ന് അവസാന വിധി പറയേണ്ടത് മേല്‍പ്പറഞ്ഞ പുരോഹിതസഭയാണ്. അതിന് ഷൂറ എന്ന് പറയും. അങ്ങനെ ഏതുമതമാണോ അധികാരത്തില്‍ ഇരിക്കുന്നത് അവരുടെ മൂല്യങ്ങള്‍ക്കും ശാസനകള്‍ക്കുമാണ് ആ രാഷ്ട്രത്തില്‍ പരമാധികാരം.. മതവിധികളിലേക്ക് പോയാല്‍ ജനാധിപത്യം പൂര്‍ണമായ അര്‍ത്ഥത്തില്‍ ഉണ്ടാവില്ല എന്ന് വ്യക്തമാക്കാനാണ് ഇറാന്റെ കാര്യം ഇവിടെ സൂചിപ്പിച്ചത്.

സ്വേച്ഛാധിപത്യം എന്നു പറയുന്നത്. ഒരു വ്യക്തിയോ ഒരു കൂട്ടം വ്യക്തികളോ ഒരു കുടുംബമൊ അല്ലെങ്കില്‍ സ്വേച്ഛാധിപത്യത്തിന് തഴച്ചുവളരാന്‍ തക്ക ഘടനയുള്ള ഒരു പാര്‍ട്ടിയുടെ മേല്‍ഘടമൊ ഒരു സമൂഹത്തെ അടക്കിഭരിക്കുന്നതാണ്. അവിടെ അവസരസമത്വമോ തുല്യനീതിയോ അഭിപ്രായസ്വാതന്ത്ര്യമോ ഉണ്ടാവില്ല. സ്വേച്ഛാധിപത്യം എന്നുപറയുന്നത് ജനങ്ങളെ അടിച്ചമര്‍ത്തുന്ന രീതിയാണ്. ഇറ്റലിയില്‍ മുസ്സോളിനിയുടെ ഭരണത്തിലും ജര്‍മനിയില്‍ ഹിറ്റ്‌ലറുടെ ഭരണത്തിലും റഷ്യയില്‍ സ്റ്റാലിന്റെ ഭരണത്തിലും നാമത് കണ്ടതാണ്.  സ്വേച്ഛാധിപത്യം ഭരിക്കുന്നവരുടെ സ്വന്തം ഇച്ഛയ്ക്കനുസരിച്ചുളള ആധിപത്യമാണ്. അവിടെ നിങ്ങള്‍ക്ക് എതിരഭിപ്രായം പറയാനുളള സ്വാതന്ത്ര്യമുണ്ടാവില്ല.

ജനാധിപത്യത്തിലേറ്റവും പ്രധാനപ്പെട്ട ഒരു കാര്യം ആര്‍ക്കും ആരെയും ഏതളവിലും വിമര്‍ശിക്കുവാനുളള സ്വാതന്ത്ര്യം ഉണ്ട് എന്നുളളതാണ്. അപ്പോഴെ തിരുത്തുവാനും പരിഷ്‌കരിക്കുവാനും മുന്നോട്ടുപോകുവാനും പറ്റുകയുളളു, എന്നാല്‍ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട ഒരു കാര്യം ജനാധിപത്യത്തില്‍ ചില ചതിക്കുഴികളുണ്ട് എന്നതാണ്. ജനങ്ങളെ ജനങ്ങള്‍ക്കെതിരായിട്ട് ഉപയോഗിക്കാന്‍ ജനാധിപത്യത്തില്‍ സൗകര്യമുണ്ട്. ജനങ്ങളെ പറഞ്ഞ്  ബ്രെയിന്‍വാഷ് ചെയ്യാന്‍, അവരുടെ തലച്ചോറ് കഴുകാന്‍ കഴിയുന്നവര്‍ ഒളിച്ചുപാര്‍ക്കുന്ന ഇടങ്ങളാണ് ഈ ചതിക്കുഴികള്‍.

ഹിറ്റ്‌ലര്‍ യഹൂദന്‍മാര്‍ക്കെതിരായിട്ട് ഒരു കുറ്റവും ചെയ്തിട്ടില്ല എന്നാണ് വിചാരണാവേളയില്‍ അദ്ദേഹത്തിനുവേണ്ടി വാദിക്കപ്പെട്ടത്. എന്താ കാരണം? പൗരാവകാശങ്ങള്‍ ഹനിച്ചിട്ടില്ല. എന്തുപറ്റി? യഹൂദന്‍മാരുടെ പൗരത്വം ഹിറ്റ്‌ലര്‍ നേരത്തേ എടുത്തുകളഞ്ഞിരുന്നു. പൗരന്മാരല്ലാത്തവര്‍ക്ക് പിന്നെ പൗരാവകാശങ്ങളുണ്ടാവില്ലല്ലോ! അതിനുതക്ക മാനസികാവസ്ഥ ഉണ്ടാക്കാനുള്ള പ്രചാരണങ്ങള്‍ അഥവാ നാം നേരത്തെ പറഞ്ഞ ബ്രെയിന്‍വാഷ് ഹിറ്റ്ലര്‍ നടത്തിയിരുന്നു. ഹിറ്റ്‌ലര്‍ ജര്‍മനിയിലെ ജനങ്ങളെ പറഞ്ഞ് വിശ്വസിപ്പിച്ചത് ഒന്നാം ലോകയുദ്ധത്തില്‍ ജര്‍മനിയുടെ പരാജയത്തിന്റെ പ്രധാനകാരണം ജര്‍മനിയില്‍ തലമുറകളായി ജീവിക്കുന്നവരെങ്കിലും രാജ്യത്തോട് കൂറില്ലാത്ത, സ്വന്തം മതസമൂഹത്തോടുമാത്രം കൂറുളള, കച്ചവടക്കണ്ണുളള, ലാഭക്കൊതിയന്‍മാരായ യഹൂദന്‍മാര്‍ സ്വന്തം രാഷ്ട്രത്തിനെതിരായി പ്രവര്‍ത്തിച്ചു എന്നാണ്. അത് കളവായിരുന്നു,  അത്തരം കളവുകളൊക്കെ ഒരു ജനാധിപത്യത്തിലെങ്ങനെ തന്ത്രപരമായി ഉപയോഗിക്കാമെന്നുളളതിന്റെ എല്ലാക്കാലത്തേക്കുമുളള ഉദാഹരണമാണ് ഹിറ്റ്ലറുടെ മന്ത്രിയായിരുന്ന ജോസഫ് ഗീബല്‍സ്. നൂറുവട്ടം ഒരു അസത്യം ആവര്‍ത്തിച്ചാല്‍ അത് സത്യമായിക്കൊളളും എന്നാണ് അദ്ദേഹം പറഞ്ഞത്. ആ തിയറിക്കാണ് 'ബിഗ് ലൈ' എന്നുപറയുന്നത്. 

തെറ്റായ മുദ്രാവാക്യങ്ങള്‍ അങ്ങനെയാണ് പ്രവര്‍ത്തിക്കുക. അത് യഥാര്‍ത്ഥൃങ്ങളെ മൂടിവെക്കുകയും വികാരങ്ങളെ ആളിക്കത്തിക്കുകയും ചെയ്യും. നമ്മുടെ നാട്ടിലേക്ക് നോക്കൂ. ഇന്ത്യയില്‍ കോടിക്കണക്കിന് ആളുകള്‍ പട്ടിണിയില്‍ കിടക്കുന്നു. അവര്‍ക്ക് കിടപ്പാടമില്ല അവര്‍ക്കൊരു മേല്‍ക്കൂരയില്ല, അവര്‍ക്ക് മര്യാദക്ക് അന്നം കിട്ടുന്നില്ല. അവര്‍ക്ക് ചികിത്സ കിട്ടുന്നില്ല. അവരുടെ കുട്ടികള്‍ക്ക് വിദ്യ അഭ്യസിക്കാന്‍ സൗകര്യമില്ല, അവരുടെ സ്ത്രീകള്‍ പലപ്പോഴും ഉപജീവനത്തിനുവേണ്ടി മാനം വില്‍ക്കേണ്ടിവരുന്നു അങ്ങനെ ഒരുപിടി കാര്യങ്ങളുണ്ട്. അത്തരം കാര്യങ്ങളൊക്കെ അവരെ മറപ്പിച്ചുകളയുന്ന ഒന്നാണ് രാമജന്മഭൂമി പ്രസ്ഥാനം. കാരണം ഇന്ത്യയിലെ ജനങ്ങളുടെ ഏറ്റവും വലിയ പ്രശ്‌നം പളളി പൊളിച്ച് ആ തറയില്‍ ഒരു രാമക്ഷേത്രം പണിയുക എന്നതാണ്. ഒന്നാലോചിച്ചുനോക്കു! അപ്പോ മറ്റേതൊക്കെ മറന്നുപോയി. ഇവിടെ മനുഷ്യര്‍ക്ക് ജന്മി കുടിയാന്‍ വ്യവസ്ഥയുടെ ചൂഷണമുണ്ട്, ജാതിവ്യവസ്ഥയുടെ ചൂഷണമുണ്ട്, മുതലാളിത്തത്തിന്റെ ചൂഷണമുണ്ട്, ലിംഗ സമത്വമില്ലായ്മയുടെ ചൂഷണമുണ്ട്. അങ്ങനെ അനവധി പ്രശ്‌നങ്ങളുണ്ട്. എല്ലാ പ്രശ്‌നങ്ങളും മറന്നുപോകുന്ന തരത്തില്‍ വൈകാരികമായി അവരെ കൃത്യമായി ഹൈജാക്ക് ചെയ്യുന്ന തരത്തിലുളള ഒരു പണിയാണ് രാമക്ഷേത്രം എന്ന മുദ്രാവാക്യമുണ്ടാക്കിയത്.  ആ പ്രശ്‌നത്തിന്റെ വൈകാരികമായ ക്ഷോഭം, അതിന്റെ രസനിരപ്പ് താഴാന്‍ തുടങ്ങുകയാണ്. എന്താ കാരണം? പളളി പൊളിച്ചു, ഇപ്പോ അമ്പലത്തിന് തറക്കല്ലിട്ടു, ഇനി അമ്പലം വരുമ്പോ ആ പ്രശ്‌നം തീരും. അതുകൊണ്ട് ഇന്ത്യയിലെ ഒരു കുഞ്ഞിന്റെയും ഒരു പ്രശ്‌നവും തീരില്ല. അപ്പോ എന്തുചെയ്തു? അപ്പോഴെക്കും പശുരാഷ്ട്രീയം മുന്നോട്ടുവച്ചു, കണ്ടോ! അപ്പോ ഇവര്‍ക്ക് മേല്‍ജാതി എന്നു സ്വയം വിളിക്കുന്ന കൂട്ടരുടെ പ്രത്യയശാസ്ത്രങ്ങള്‍ക്ക് അവരുടെ ബ്രാഹ്മണാധിപത്യത്തിന്, അവരുടെ ജാതി ഘടനക്ക്, എല്ലാ നിലക്കും അതിനെ പുനരാവാഹിക്കാനുളള ഒരു പണിയാണ് വരുന്നത്. അതിലിപ്പോ രാജ്യസഭയിലും ലോക്സഭയിലും മൂന്നില്‍ രണ്ട് ഭൂരിപക്ഷമായിക്കഴിഞ്ഞാല്‍ നമ്മുടെ ഭരണഘടനയില്‍ നിന്ന് സെക്കുലര്‍ എന്നുളള വാക്ക് ഇന്നത്തെ ഹിന്ദുത്വ രാഷ്ട്രീയക്കാര്‍ എടുത്തുകളയും എന്നാണെനിക്ക് തോന്നുന്നത്. അതുപോലെ സെക്കുലര്‍ എന്നുളളതുപോലെത്തന്നെ സോഷ്യലിസ്റ്റ് എന്നുളള വാക്കും എടുത്തുകളയാന്‍ സാധിക്കും, എന്താ കാരണം? ജനപിന്തുണയുണ്ട്.  അപ്പോ ജനങ്ങളെ പറഞ്ഞുപറ്റിക്കാന്‍ പറ്റും. ജനങ്ങളെ പറഞ്ഞുമയക്കാന്‍ പറ്റും. അങ്ങനെ ജനങ്ങളെ ജനങ്ങള്‍ക്കെതിരായിട്ട് ഉപയോഗിക്കാന്‍ പറ്റും. 

ഇവിടുത്തെ ജാതിഘടനയില്‍ ഏത് വര്‍ണത്തില്‍ പിറന്നാലും ഏത് ജാതിയില്‍ പിറന്നാലും പലതരത്തിലുളള ചൂഷണങ്ങള്‍ക്കും വിവേചനങ്ങള്‍ക്കും സ്ത്രീകള്‍ വിധേയരാണ്. അത് ബ്രാഹ്മണകുലത്തില്‍ പിറന്നാലും ക്ഷത്രിയകുലത്തില്‍ പിറന്നാലും വൈശ്യകുലത്തില്‍ പിറന്നാലും ശൂദ്ര കുലത്തില്‍ പിറന്നാലും സ്ത്രീകള്‍ സാമാന്യമായി അനുഭവിക്കുന്ന ദുരിതങ്ങളുണ്ട്. അപ്പോ ഒരു ശൂദ്രസ്ത്രീക്കെന്താണ് ദുരിതം? അവര്‍ക്ക് രണ്ടുതരം ദുരിതങ്ങളുണ്ട്. ഒന്നവര്‍ ശൂദ്രകുലത്തില്‍ പിറന്നു. രണ്ട്, അവര്‍ സ്ത്രീയാണ്. അങ്ങനെ ഒരു ഇരട്ട ചൂഷണത്തിന് വിധേയരാവുന്ന ഇരട്ട വിവേചനത്തിന് വിധേയരാവുന്ന സ്ത്രീകളാണ്. ഇവരീ പറയുന്ന ഹിന്ദുരാഷ്ട്രം വന്നാല്‍ ആ സ്ത്രീകള്‍ക്ക് ഒരു രക്ഷയും കിട്ടില്ല. അപ്പോ ജനാധിപത്യത്തിലൂടെ തന്നെ ഹിന്ദുരാഷ്ട്രം സ്ഥാപിക്കാന്‍ പറ്റും എന്നുവന്നുകൊണ്ടിരിക്കുകയാണ്. ഒരുദാഹരണം പറഞ്ഞാല്‍, ഇന്ത്യയിലേറ്റവും വലിയ അധര്‍മം എന്നുപറയുന്നത് അഴിമതിയാണ്. അത് അനീതിയാണ്, അത് അക്രമമാണ്. അതിനുപകരം ഇവിടുത്തെ ഏറ്റവും വലിയ അക്രമം ഗോവധമാണെന്നുവന്നിരിക്കുകയാണിപ്പോള്‍. അങ്ങനെ വരുത്തിക്കൊണ്ടിരിക്കുകയാണ്. അതിനെ അനുകൂലിക്കുന്ന ആളുകളുണ്ടാവും, അതിനെ അനുകൂലിക്കുന്ന സാമാജികരുണ്ടാവും.

ജനാധിപത്യം ധനാധിപത്യമായിരിക്കുകയാണ്. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ പ്രധാനപ്പെട്ട പ്രശ്‌നങ്ങളിലൊന്ന് ഏതാണ് മതം, ഏതാണ് കച്ചവടം, ഏതാണ് രാഷ്ട്രീയം എന്നു തിരിയുന്നില്ല എന്നതാണ്. അങ്ങനെ ഒരു ത്രികോണമുണ്ട്, മതം, രാഷ്ട്രീയം, കച്ചവടം. ഞാനൊരുദാഹരണം പറയാം, ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പലതിലും പണം കൊടുത്ത് എംഎല്‍എമാരെയും എംപിമാരെയും ബിജെപി വിലയ്ക്കു വാങ്ങി. പണം കൊടുത്ത് മുന്‍ മുഖ്യമന്ത്രിമാരെയും മുന്‍ ഗവര്‍ണര്‍മാരെയും വിലക്കുവാങ്ങി, കോണ്‍ഗ്രസ് പാര്‍ട്ടിയിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലും ഒക്കെയുളള ആളുകളെ അവര്‍ക്ക് വിലക്കുവാങ്ങാന്‍ പറ്റി. അപ്പോ എന്താ ഉണ്ടാവുന്നത്. ധനാധിപത്യമാണത്. ധനാധിപത്യം ജനാധിപത്യത്തിന്റെ പേരില്‍ നിലനില്‍ക്കുകയാണ്.  പുരുഷാധിപത്യമൂല്യങ്ങള്‍ ഉള്‍ക്കൊണ്ട സ്ത്രീകള്‍, സ്ത്രീകള്‍ക്കെതിരായിട്ട് പെരുമാറുന്നത് നമുക്ക് നല്ല പരിചയമാണ്. ഇപ്പോ സ്ത്രീധനം വേണമെന്നുപറയുന്ന ഒരു അമ്മായിയമ്മ, സ്ത്രീധനം വേണമെന്നുപറയുന്ന ഒരു നാത്തൂന്‍, സ്ത്രീധനത്തിന്റെ പേരില്‍ മരുമകളെ ചുട്ടുകൊല്ലുന്ന ഒരു അമ്മായിയമ്മ ശരീരം കൊണ്ട് സ്ത്രീയായിരിക്കുമ്പോഴും സംസ്‌കാരം കൊണ്ട് പുരുഷനാണ്. കാരണം പുരുഷാധിപത്യ മൂല്യമാണത്. അങ്ങനെ പുരുഷാധിപത്യ മൂല്യങ്ങള്‍ ഇവിടെക്കൊണ്ടുനടക്കുന്നവരില്‍ ധാരാളം സ്ത്രീകളുണ്ട്.  ഇപ്പോ മുഖം മൂടുന്ന പര്‍ദ്ദയിടുന്നത് സ്ത്രീവിരുദ്ധമാണ് എന്ന് നമ്മള് പറയുമ്പോ അത് ഞങ്ങളുടെ ചോയ്‌സാണ് എന്ന് കളളം പറയുകയാണ് ചില മുസ്ലീം സ്ത്രീകള്‍.  അവരുടെ ചോയ്‌സൊന്നുമല്ല അത്, മതവിധിയാണെന്ന് തെറ്റിദ്ധരിച്ചിട്ടാണ് അവരത് ചെയ്യുന്നത്. മതവിധിയായാല്‍ അവര്‍ക്ക് ചോയ്‌സില്ലല്ലോ. ഞാന്‍ പറയുന്നത്, ഇങ്ങനെ സ്ത്രീകളെ സ്ത്രീകള്‍ക്കെതിരായിട്ട് ഉപയോഗിക്കാന്‍ മതങ്ങള്‍ക്ക് സാധിക്കും. സ്ത്രീകളെ സ്ത്രീകള്‍ക്കെതിരായിട്ട് ഉപയോഗിക്കാന്‍ ജാതികള്‍ക്ക് സാധിക്കും. കീഴ്ജാതിയെന്ന് വിളിക്കപ്പെട്ട കൂട്ടരെ അവര്‍ക്കെതിരായിട്ട് ഉപയോഗിക്കാന്‍ ജാതിക്ക് സാധിക്കും. നമ്പൂതിരി വരുമ്പോ അദ്ദേഹത്തിന് അയിത്തമാവാതിരിക്കാന്‍ വേണ്ടി റോട്ടില്‍ നിന്ന് ഓടേണ്ടത് നമ്പൂതിരിയല്ല, ചെറുമനാണ്. ആ ഓടുന്ന പണിയെങ്കിലും നമ്പൂതിരിയെടുക്കുവോ? എടുക്കില്ല. ആ ഓടുന്ന ഉത്തരവാദിത്വം ചെറുമനെ ഏല്‍പ്പിച്ചു. അപ്പോ സവര്‍ണന്റെ സൗകര്യങ്ങള്‍ക്കുവേണ്ടി ജീവിക്കുന്നത് തന്റെ ജന്മദൗത്യമാണ് എന്ന് അവര്‍ണരെയും അടിയാളജാതിക്കാരെയും പഠിപ്പിച്ചു. എന്നമാതിരി ഇപ്പോ ജനാധിപത്യത്തിന്റെ പേരില്‍ ജനവിരുദ്ധമായ, ജനാധിപത്യവിരുദ്ധമായ  മൂല്യങ്ങള്‍ പഠിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തുകൊണ്ടാണ് ഇവിടേക്ക് സ്വേച്ഛാധിപത്യം വന്നുകൊണ്ടിരിക്കുന്നത്.

മൂന്നാലുകൊല്ലം മുന്‍പ് എംജിഎസ് എഴുതിയ 'ജനാധിപത്യത്തിലൂടെ സ്വേഛാധിപത്യത്തിലേക്ക്' എന്ന ലേഖനത്തിലെ നിരീക്ഷണം നൂറുശതമാനം ശരിയാണ് എന്നാണ് എന്റെ വിചാരം, അതിന്റെ ഉദാഹരണങ്ങള്‍ നമുക്ക് മറ്റ് രാഷ്ട്രങ്ങളില്‍ നിന്ന് ഇരുപതാം നൂറ്റാണ്ടില്‍ തന്നെ ധാരാളം കിട്ടാനുണ്ട്. അതിനെപ്പറ്റി നമ്മള്‍ കരുതിയിരിക്കേണ്ടതാണ്. ഇവിടെ ജനാധിപത്യത്തിന്റെ പേരില്‍ ഹിന്ദുരാഷ്ട്രം സ്ഥാപിതമായി കഴിഞ്ഞത്തിനുശേഷം ഒന്നും  പറഞ്ഞിട്ട് കാര്യമുണ്ടാവില്ല, നമ്മളതിനുമുന്‍പേ അതേപ്പറ്റി ജാഗ്രത പാലിക്കേണ്ടതാണ്.
Contact the author

Recent Posts

Dr. Azad 3 days ago
Views

പിണറായി വിജയന്റെ രാഹുൽ വിരുദ്ധ നിലപാട് വലിയ പ്രത്യാഘാതമുണ്ടാക്കും- ആസാദ് മലയാറ്റിൽ

More
More
K T Kunjikkannan 1 month ago
Views

പുരുഷാധിപത്യ മുതലാളിത്ത വ്യവസ്ഥയ്‌ക്കെതിരായ പോരാട്ടം കൂടിയാണ് വനിതാ ദിനം- കെ ടി കുഞ്ഞിക്കണ്ണന്‍

More
More
K T Kunjikkannan 1 month ago
Views

മേള നടത്തിയാലൊന്നും ഗാന്ധികൊലപാതകത്തിലെ പ്രതിയാണ് സവര്‍ക്കറെന്ന സത്യം മാഞ്ഞുപോകില്ല - കെ ടി കുഞ്ഞിക്കണ്ണന്‍

More
More
Sufad Subaida 3 months ago
Views

ഈ യുദ്ധത്തില്‍ നെതന്യാഹു എങ്ങനെ ജയിക്കും? - സുഫാദ് സുബൈദ

More
More
Anand K. Sahay 3 months ago
Views

2024-ലെ തെരഞ്ഞെടുപ്പ് ബിജെപിക്ക് ഈസി വാക്കോവര്‍ ആയിരിക്കില്ല - ആനന്ദ് കെ. സഹായ്

More
More
Nadeem Noushad 3 months ago
Views

പ്രിയ സഫ്ദർ, തൂ സിന്ദാ രഹേ ഹേ - നദീം നൗഷാദ്

More
More