ഒറ്റക്കായിരിക്കാനാഗ്രഹിക്കാത്തതുകൊണ്ട് - ഷാജു വി വി

സാധാരണക്കാരനായ ഒരാൾ

ഒറ്റക്കായിരിക്കാനാഗ്രഹിക്കാത്തതുകൊണ്ട്

അയാൾ,

യുദ്ധമുഖത്തുനിന്ന് ഒളിച്ചോടിയ 

ഒരു കുതിരപ്പടയാളി.

പിൽക്കാലത്ത് തോക്കിൻ കുഴലിൽ 

സുഷിരങ്ങളുണ്ടാക്കി

സംഗീതം സൃഷ്ടിച്ച ഒരുത്തൻ.

സാധാരണക്കാരനായ ഒരാൾ

ഒറ്റക്കായിരിക്കാനാഗ്രഹിക്കാത്തതു

കൊണ്ട്.


പോർമുഖത്ത് അയാളൊറ്റ.

ശത്രു സൈനികരുടെ

ഉടലഭാവയിടങ്ങൾ മാത്രം

ലക്ഷ്യം വെച്ചയാൾ

തുരുതുരാ വെടിയുതിർത്തു.

അസംബസങ്ങളിൽ പരേച്ഛയാ

കണ്ണിചേർക്കപ്പെട്ട 

നിസ്സഹായന്റെ ഏകാംഗ നിലവിളി,

ശൂന്യതകളെ ഉന്നം വെച്ചുള്ള 

വിഫലമായ കളി,

യുദ്ധത്തോടുള്ള അഹിംസാത്മക 

'യുദ്ധം:

ഹാ ഹാ, 

വിപരീതങ്ങളിൽപ്പെട്ടു പോകുമ്പോൾ

ഊക്കുള്ളത്  

എതിരിയെ  തനിക്കാക്കുന്നു,

കഷ്ടം, കഷ്ടം.


അയാളുടെ ഉന്നം  തെറ്റി 

എട്ടാമത്തെയാൾ മരിച്ചുവീണപ്പോൾ

യുദ്ധഭൂമിയിൽ നിന്നയാൾ 

കുതിരപ്പുറത്ത് ഒളിച്ചോടി .

കുതിരയോടുന്നേരമയാളുമോടുന്നതു

കൊണ്ടാണോ

ഇങ്ങനെ കിതയ്ക്കുന്നത്?

സാധാരണക്കാർ

ഒറ്റക്കാവാനാഗ്രഹിക്കുന്നില്ല,

അതു കൊണ്ട്... അതുകൊണ്ട് മാത്രം.


ഏതു രാജ്യത്തിന്റെ ഭൂമിയെന്നു

നിശ്ചയമില്ലാത്ത

 ഒരു സമതലത്തിലയാളെത്തി.

ഭൂമിയെ ബലാത്കാരത്തോടെ

രാജ്യമാക്കുന്നു.

അനന്തരം ഭൂമി രാജ്യമാകുന്നു.

ഭൂമിക്ക് ഭൂമി ഭൂമിപോലുമല്ല,

പിന്നെങ്ങനെയതിന്

രാജ്യമായിപ്പരിണമിക്കാനാകും?


കുതിരയും മനുഷ്യനും കിതച്ചിരുന്നു.

അകലെയകലെ പർവ്വതങ്ങൾ 

മേലെ മേലെ മേഘങ്ങൾ ,

തങ്ങളിൽത്തങ്ങളിൽ മുഴുകി നിൽക്കും 

സ്വപ്നാടകരാം മരങ്ങൾ.

ഉയരെയുയരെ

ചിറകുകൾമാത്രമായ്പ്പറക്കും

ഉടലില്ലാപ്പറവകൾ.


വിജനതയെന്നയാൾ പിറുപിറുത്തു.

ആ വാക്കു കേട്ടതും

കുതിര ചിരിച്ചു പറഞ്ഞു:

വിജനത?

മനുഷ്യഗർവ്വത്രയുമൊഴിച്ചു

കുഴച്ച് പണിത വാക്ക്!

മനുഷ്യരെ മാത്രം കുത്തിനിറച്ച

ദുർമേദസ്സാർന്ന

തുളയുള്ള വഞ്ചി.

നിങ്ങളാ പുൽച്ചാടിയെ മുയലിനെ മലകളെ

വലനെയ്യും ചിലന്തിയെ

കാണുന്നില്ലേ?

വിജനതയെന്നൊന്നില്ല പട്ടാളക്കാരാ.

അതു കേട്ടതും ലജ്ജയാലയാൾ 

നാറുന്ന ആ വാക്കിനെ

ക്ഷണം നിലത്തിട്ടു.

മനുഷ്യരെയൊഴിച്ചൊന്നും

പ്രതിഫലിപ്പിക്കാത്ത

ആ  ഹിംസാ ദർപ്പണം വീണു ചിതറുന്ന

ഒച്ച കേട്ട്

മരത്തലപ്പത്തൊരോന്ത്

അതിന്റെ നിറത്തനിമയിലേക്കറിയാതെ

പരിണമിച്ചു.


കുതിരയുടെ കടിഞ്ഞാണയാളഴിച്ചു മാറ്റി.

മനുഷ്യാഹന്തയുടെ പരവതാനി,

ആ ജീനി

ആകാശത്തേക്കു വലിച്ചെറിഞ്ഞു.

ഒരു ജന്തുവിനെ. മറ്റൊന്ന് 

സ്വേച്ഛയാൽ യാനപാത്രമാക്കുന്ന ഹുങ്ക് 

ഇനി അയാളിലില്ല.

ചരിത്രപരം, ചരിത്രപരം!

കുതിര നന്ദി പറഞ്ഞു:

മനുഷ്യരുടെ യുദ്ധങ്ങളിൽ

നിങ്ങൾക്കു വിഹിതമില്ലെങ്കിൽ 

ഞങ്ങളുടെ നാണം കെട്ട

ദുരന്തത്തെക്കുറിച്ച് 

പറയേണ്ടതില്ലല്ലോ.


അന്നേരം പല വർണ്ണങ്ങളിലുള്ള 

മേഘങ്ങൾ പോൽ

ഒഴുകിവന്ന

കുതിരക്കൂട്ടമത്രയുമവർക്കരികിൽ

പൊടുന്നനെ നിശ്ചലമായി.

അശ്വവേഗത്തെ 

ക്ഷണനേരംകൊണ്ടുടലിൽനിന്ന്

പിൻവലിച്ചവ നിലയ്ക്കും മുമ്പ്

ചലനമൊഴിയുന്നതിന്റെയിടവേളയിൽ

വിറയലോടെ വിസ്മയ നൃത്തത്തിന്റെ

സംഗീതം തീർത്തു.

മരക്കുതിരകൾക്ക് ജീവൻ വച്ചപോൽ.

ഒന്നിന്നു പിറകെ മറ്റൊരാളായ്

കുതിരയോരോന്നും ഏകാകിയായ

കുതിരയെ തിരിഞ്ഞു നോക്കി.

ക്ഷണപ്പത്രികയുടെ പല ഭാഷകളിലുള്ള 

കുറിപ്പുകൾ  പോലെ.


സൈനികന്റെ അശ്വാരുഢ

ഭൂതകാലത്തെ നോക്കുന്ന മാതിരി

മമതയില്ലാത്ത

ഒരു നോട്ടമയാളിലേക്കെറിഞ്ഞ്

കുതിരയതിന്റെ

കൂട്ടത്തോടൊപ്പമതിവേഗമപ്രത്യക്ഷമായി.

അയാളതാഹ്ളാദത്തോടെ നോക്കിനിന്നു.

ആ സാധാരണ മനുഷ്യൻ

ഒറ്റക്കാവാനാഗ്രഹിക്കാത്തതു കൊണ്ട്.

അവരിലയാളില്ല, 

അയാളിലവരും.

2

അകലെക്കാണും മലനിരകളിലേക്കയാൾ

നടന്നു, 

ഒട്ടും ധൃതിയില്ലാതെ.

നിങ്ങളാ ഔന്നത്യത്തിലെത്താൻ

വൈകിയതുകൊണ്ട്

കാമുകർ കൈവിടുംമാതിരി 

പർവ്വതങ്ങളപ്രത്യക്ഷമാകില്ല.

അതിന്റെ പള്ളയിലൂടെ

പർവ്വതാരോഹണം ചെയ്യുന്ന 

ഗിരി മൃഗങ്ങൾ

കാത്തു നിൽക്കില്ലെങ്കിലും.

കുന്നുകൾ

പറന്നു പോവാതിരിക്കാനവയുടെ

ഉച്ചപ്രതിച്ഛായയിൽ 

നിങ്ങൾ കമിഴ്ന്നു കിടന്ന്

യാചിക്കേണ്ടതില്ല.

മലകളെയൊന്നും പ്രലോഭിപ്പിക്കുന്നില്ല. 

അവയുടെ ഉയരം പോലും.

തന്റെയുന്നത ശൃംഗത്തിലേക്ക് 

ആരോഹണം നടത്തി 

കൊടിനാട്ടിയ ഒരു പർവ്വതവുമില്ല

ചരിത്രത്തിൽ. 

തന്റെ തന്നെ പടി സ്വയംകയറി 

ഉയരങ്ങളിലേക്കു മുന്നേറുന്ന

എസ്കലേറ്റർ,

മനുഷ്യ ഭാവനയുടെ മാത്രമഹന്ത.


നടക്കുമ്പോഴയാളൊരു

സ്വപ്നത്തെയോർത്തെടുത്തു:

ഒരു ചതുരമുറിയിൽ നിന്നടുത്തതിലേക്ക്,

അതിൽനിന്നുമടുത്തതിലേക്കങ്ങനെ

മുറികളോരോന്നായി 

ചെറുതായിച്ചെറുതായി വരുന്ന 

നിഗൂഢമായ കെട്ടിടം.

ചതിയുടെ, 

ഗൂഢാലോചനയുടെ

വാസ്തു.


അകത്തളങ്ങളുടെയനന്ത ദൂരത്തിൽ നിന്ന്

കേൾക്കാവുന്ന

സംഗീതത്തിന്റെ പ്രലോഭനത്തിലയാൾ 

ഒരു മുറിയിൽ നിന്നുമടുത്തതിലേക്ക്

അതിൽ നിന്നുമടുത്തതിലേക്ക്.

അവസാനമില്ലെന്നു മതിഭ്രമിപ്പിക്കുന്ന 

അന്ത്യയാത്രയിലേക്ക്.


ഒടുവിലൊടുവിലയാൾ 

ശിരസ്സു കുനിച്ച് വണങ്ങി

സ്വയമൊടിച്ചു മടക്കി 

മുന്നോട്ട് മുന്നോട്ട്.

വിശുദ്ധ സംഗീതത്തിന്റെയപ്രതിരോധ്യ

പ്രലോഭനം.


ഒടുക്കത്തെ മുറിയിലയാൾ 

കാൽ കുത്തിയതും

പാദങ്ങളിലൂടെ

ചൂട് മേലോട്ട് പടർന്നതും

സംഗീതം നിലച്ചതും

വൃത്താകാരമായ പീഢത്തിൽ വച്ച

രക്തമൊഴുകുന്ന മനുഷ്യ ശിരസ്സ്

പൊട്ടിച്ചിരിക്കുന്നത് 

കണ്ടതും 

കേട്ടതുമൊരുമിച്ചായിരുന്നു.


അതു പറഞ്ഞു:

പൂർത്തിയായിക്കഴിഞ്ഞ

ഒരസംബന്ധ വാക്യമാണ് മനുഷ്യൻ.

അതു കേട്ടതുമയാളുടെ ഉടലിൽ നിന്നു

വേർപെട്ട ശിരസ്സ്

പീഠത്തിലെ പ്രദർശനവസ്തുവായി.

കൂട്ടുകാരനെയയാൾ തിരിഞ്ഞു നോക്കി.

അയാൾ മരിച്ചു കഴിഞ്ഞിരുന്നു.

ആ വാക്യത്തിന്റെ ബാറ്റൺ കൈമാറി

നിഷ്ക്രമിച്ച 

റിലേക്കളിക്കാരനെപ്പോലെ.

തന്റെ ധർമമയാൾക്കു വെളിവായി.

ആ വാക്കുമായയാൾ 

അടുത്ത മനുഷ്യനായി കാത്തുനിന്നു.

സാധാരണക്കാരനായ ഒരാൾ

ഒറ്റക്കായിരിക്കാനാഗ്രഹിക്കാത്തതു

കൊണ്ട്.

3

മലനിരകളയാൾക്കു

പാർക്കാനൊരുക്കിവെച്ച

ഗുഹയെ ഒരു മലയണ്ണാനതിന്റെ

വരകൾ ചൂണ്ടിക്കാട്ടി  ദൃശ്യപ്പെടുത്തി.

4

തോക്കിൻ കുഴലടർത്തിയെടുത്ത്

എട്ടു സൈനികരുടെ  

അഭാവ സ്മരണയിലയാൾ

എട്ടു സുഷിരങ്ങളുണ്ടാക്കി.

ഇല്ലായ്മയെക്കുറിച്ച്

ശൂന്യതയുടെ 

ശിൽപ്പ സംവിധാനമുണ്ടാക്കിയപ്പോൾ

ഉണ്ടായി വന്ന ഉണ്മ.


മരണത്തെക്കുറിച്ചുള്ള 

എല്ലാ ആഖ്യാനങ്ങളും

മരിച്ചവരെ ശവക്കുഴിയിൽ നിന്ന് 

വലിച്ചു പുറത്തിടുന്നു.

ചത്തുപോയവനു വിളിച്ച് പറയാനാകില്ല,

ആ ശൂന്യ വൃത്തത്തിന്റെ പതം പറച്ചിലിൽ

ഞാനില്ലാ,

അതു ഞാനല്ലായെന്ന്.


ആ ഉൾവിളിയിലയാളാ

തോക്കിൻ കുഴലിലെ

തുളകളിൽ നിന്നവരെ

അവരുടെ പാട്ടിനു പറത്തിവിട്ടു .

സാധാരണക്കാരനായ ഒരാൾ

ഒറ്റക്കായിരിക്കാനാഗ്രഹിക്കുന്നില്ല.

അതു കൊണ്ടു കൂടി.

അവരിൽ അയാളില്ല,

അയാളിലവരും.

എല്ലാ പ്രതിനിധാനങ്ങളും 

ചലിക്കുന്ന നിഴലുകളിൻ മേൽ

ആണിയെറിഞ്ഞു

നിശ്ചലമാക്കിപ്പണിയുന്ന 

കൽപ്പിത യാഥാർത്ഥ്യങ്ങളാണ്.

പ്രതീകാത്മക ഹിംസകളിൽ ചിലത് 

കലയായി പ്രകീർത്തിക്കപ്പെടുന്നു.

എട്ടു സൈനികരുടെ

സ്മരണാബാധകൂടാതെ

അയാളാ സംഗീതോപകരണത്തിലേക്ക്

കാറ്റൂതി.

ശ്വാസകോശത്തിന്റെ 

സമ്മോഹന കായിക കല,

വിരലുകളെ നൃത്തം ചെയ്യിച്ച്

മസ്തിഷ്കം നടപ്പാക്കുന്ന 

തന്നിച്ഛയുടെ സ്വരഭരണം.

5

ഒരു നാളയാളാ മുരളികയെ വായിക്കുന്നത്

വിദൂരത്തുനിന്നു കേട്ട ഒരു ഭിക്ഷു സംഘം

ഉറവിടത്തിലേക്ക് എത്തപ്പെട്ടു.

അശ്രദ്ധമായി പുലർത്തുന്ന 

ക്രമമില്ലായ്മയുടെ ക്രമം

അവരറിയാതെയവരെ

ഒരു നൃത്തസംഘമായി തോന്നിച്ചു.

മനുഷ്യരെയാ പർവ്വതഭൂമിയിൽ 

ആദ്യമായി കണ്ടതയാളെ

അസ്വസ്ഥനാക്കി.

സംഗീതം നിലച്ചു.


അവരിൽ നടു പ്രായത്തിലുള്ളൊരാൾ

ആശ്ചര്യത്തെ വിമോചിപ്പിച്ചു:

ദൂരെ നിന്നു കേട്ട അലൗകിക

സംഗീതത്താൽ നയിക്കപ്പെട്ട്

എത്തിയവർ ഞങ്ങൾ.

നിർത്തരുത്.   

 

ദൂരത്താൽ വിവർത്തനം ചെയ്യുമ്പോൾ 

ഉള്ളതിലുമുൺമയാർജ്ജിക്കുന്ന

ഏകയിനം കവിതയാണ് സംഗീതം. 

അയാൾ നിസ്സംഗനായിപ്പറഞ്ഞു .


നന്നേ ഇളയവനായൊരുവൻ

അലറി വിളിച്ചു:

നോക്കൂ, തോക്കിൻ കുഴലിൽ നിന്നു

സംഗീതം!

തോക്കിൻ കുഴലിലൂടെ ശരിയായ വിപ്ലവം!

അത് യുദ്ധത്തിനെതിരായ

ലോഹ സുഷിര രൂപകം,

പ്രീയരേ!


അത് കേട്ടതുമയാളാ കുഴൽ

താഴ്വാരത്തിലേക്ക് വലിച്ചെറിഞ്ഞു,

മടുപ്പോടെ.

സാധാരണ മനുഷ്യർ

ഒറ്റയ്ക്കാവാനാഗ്രഹിക്കുന്നില്ല,

അതുകൊണ്ട്.

അവരിലയാളില്ല, 

അയാളിലവരും.

നിരന്തരമനർത്ഥങ്ങൾ ഉൽപ്പാദിപ്പിക്കുന്ന 

വിചിത്ര ഫാക്ടറിയാണ്  മനുഷ്യൻ.

6

പുഴയിലയാൾ മീനുകൾക്കായെന്ന

പോലെയും

മീനുകളെ മറന്ന നിലയിലും

ചൂണ്ടലിൽ സമയത്തെ കോർത്തിരുന്നു.

പണ്ടു പണ്ട് മുത്തച്ഛൻ  പറയുമായിരുന്നു:

മറ്റ് വേട്ടകൾ പോലെയല്ല 

ചൂണ്ടലിൽ മീൻ പിടിക്കുന്നത്.

ഏതെങ്കിലുമൊരു മീനിനെതിരായ

ഗൂഢാലോചനയതിലില്ല.

മീനുകൾക്കു വേണമെങ്കിലൊഴിയാം,

ചൂണ്ടലിൽ കൊത്തുന്ന മീനിന്റെ 

തെരഞ്ഞെടുപ്പാണതിന്റെ മരണം.

ചീറ്റ ഏറ്റവും ക്ഷീണിച്ച മാനിനെ

തെരഞ്ഞുപിടിക്കുന്ന

ഹൃദയ സംസ്കാര ദാരിദ്ര്യം

ചൂണ്ടൽ നായാട്ടിലൽപ്പവുമില്ല.


ചൂണ്ടക്കണ്ണിയിൽ മീൻപിടച്ചലിന്റെ

തുടക്കം

നേർത്ത കമ്പനമേകുമ്പോൾ 

അയാൾ മുത്തച്ഛനെയോർത്ത് ചിരിക്കും:

ഗ്യാസ് ചേമ്പറിനെപ്പോലും

കാവ്യ മനോഹരമായി   

വാഴ്ത്താൻ മറ്റേതു ജീവജാതിക്കു കഴിയും?


മീൻ വേട്ട അയാളുടെയന്നം,

പരമാവധി ധ്യാനം,

കൂടിയ ഹിംസ,

അങ്ങേയറ്റത്തെ കല,

സമയത്തെ അലിയിച്ച് നിർവ്വീര്യമാക്കുന്ന

വിലക്ഷണ സമരം.

സർവ്വം കിഴിച്ചു പറഞ്ഞാൽ,

ആ സാധാരണ  മനുഷ്യൻ 

ഒറ്റക്കായിരിക്കാനാഗ്രഹിക്കുന്നേയില്ല.

7

നീർനായകളുടെ നായാട്ടുവഴികൾ,

എലികളുടെയും ഉടുമ്പുകളുടെയും

അധോലോക ജീവിതം,

കാട്ടു കടന്നലിൻ

കൂട്ടബോധത്തിന്റെ ഗന്ധം,

ചെന്നായ് മുരൾച്ചകളുടെ 

പലമാതിരി വിനിമയ വ്യവസ്ഥകൾ,


ഇടി മിന്നലിൽ കരിഞ്ഞ നിശാമരത്തിൽ

മിന്നൽ തോൽക്കുന്ന 

പ്രകാശത്തിന്റെ ചായം കൊണ്ട്

ശിഖര, ദലങ്ങൾ വരച്ചു ചേർക്കുന്ന

മിന്നാമിന്നിക്കൂട്ടങ്ങളുടെ 

മാന്ത്രിക  കലാഭിചാരങ്ങൾ ,

പുലിമടകളിലെ 

മ്ലാന ദാർശനിക  സായാഹ്നങ്ങൾ,

ചിതലുകൾ തീർക്കുമിൻസ്റ്റലേഷനുകൾ,

കലമാൻ ആപത്ഭാവിയിലേക്കു നോക്കും 

ചെവികളുടെയിലത്താളം,

ഞെട്ടിൽ നിന്നും പഴം വീഴും മുൻപ്

മരങ്ങളടിമുടിയണിയും കുളിര്

ഇലപ്പടർപ്പുകളനക്കാതെ

ആയമെടുക്കുന്ന നരിയുടെ

ഉമിനീരു മണത്ത്

നൂറ്റാണ്ടു മുമ്പ് മുഴങ്ങിയ 

പൂർവ്വികരുടെ നടുക്കത്തിൻ വിസിൽ കേട്ട്

ആസന്ന ഭാവിയിലേക്ക് ഭീതിയോടെ

കുതിച്ചോടും മൃഗങ്ങളുടെ 

ആന്തരിക ജ്ഞാന വ്യവസ്ഥ:

എഴുതാത്ത അയാളുടെ പ്രബന്ധങ്ങൾ.

അയാളൊരു

ജീവൽ ശാസ്ത്രജ്ഞനായതുകൊണ്ടല്ല.

ആ  സാധാരണ മനുഷ്യൻ

ഒറ്റക്കാവാനാഗ്രഹിക്കാത്തതു കൊണ്ട്.

8

ഒച്ചുകളുടെ സമയത്തിലേക്ക്.

മലയിറങ്ങി താഴ്വാരത്തിലൂടെ

താണു പറന്ന് 

പുഴയിൽപ്പെയ്തസ്തമിക്കും

സായാഹ്ന വെയിലിന്റെ

നേരബോധത്തിലേക്ക്,

കോടാനുകോടി വർഷങ്ങളെ

അയവിറക്കുന്ന

മലമടക്കുകളുടെ പ്രാചീനമാം

കാലബോധത്തിലേക്ക്.


കാറ്റുബാധയിലിളകിയാടുന്ന 

അറ്റം കാണാത്ത

ഉച്ചപ്പുൽമൈതാനത്തിലൂടെ

കുറുകെ നടക്കുന്ന 

പള്ളയിൽ വാരിയെല്ല്

എഴുന്നു നിൽക്കുന്ന

ചാരനിറമുള്ള

മൂന്നു കാലൻ കാട്ടുപൂച്ചയുടെ

ഏകാന്ത, 

മന്ദ, വിളംബിത കാലത്തിനൊപ്പം,


അയാളുടെ

സമയ ബോധത്തിനസംഖ്യമടരുകൾ;

പലതിന്റെ, പലരുടെ സമയ ധാരണകളോട്

ലയിച്ച് അയാൾ.

ആ സാധാരണ മനുഷ്യൻ

ഒറ്റക്കാവാൻ ആഗ്രഹിക്കാത്തതു കൊണ്ട്.

9

അതിർത്തിയിലെ മുൾവേലിയിൽ

കാലുകളപ്പുറമിപ്പുറം കവച്ചുവച്ച്

ഇരു ദേശങ്ങളിലേക്കുമായി

അലറിച്ചിരിച്ച് മൂത്രമൊഴിക്കുന്ന

പ്രതീകാത്മക രാഷ്ട്രീയ പ്രകടനം

വിരസമായിത്തീർന്ന ദിനത്തെ അയാൾ

നിർവ്വാണത്തിലേക്കുള്ള 

ആദ്യ ചുവടെന്നു വിളിച്ചു.

മസ്തിഷ്ക നിഘണ്ടുവിൽ നിന്ന് 

രാജ്യമെന്ന വാക്ക്

എന്നേക്കുമായി മായ്ക്കപ്പെട്ടവന്

രാജ്യം എന്റെ തെരഞ്ഞെടുപ്പല്ലെന്ന് 

വിളിച്ചു പറയേണ്ടതില്ല.

10

അയാളുടെ ഭൂതകാലമത്രയും

വർണ്ണങ്ങളോരോന്നായഴിഞ്ഞ്

മങ്ങി മങ്ങി വന്നു.

അയാൾ പുതിയ പ്രണയത്തിലാകുമ്പോൾ 

അയാളുടെയവൾ

പൊടിപിടിച്ച,

കറുപ്പിലും വെളുപ്പിലുമുള്ള

തണുത്ത ഛായാപടങ്ങളായി

മാറും പോലെ.


കിണ്ണത്തിനും വായ്ക്കുമിടയിൽ

കാബേജ് സൂപ്പ്

മേശമേൽ വീണു ചിതറുന്നേരമച്ഛന്റെ

ബീഭൽസമായ 

നായേ എന്ന ആക്രോശത്തിൽ 

കിളിക്കൂട് നടുങ്ങി

മുട്ടകൾ തറയിൽ വീണു

പരന്നൊഴുകിയതിന്റെ ഞെട്ടൽ.


മന്ത്രഭരിതമായ പ്രാർത്ഥനാലയത്തിൽ 

ചില്ലോടിന്റെ മാന്ത്രിക വെട്ടം

ദേവാലയത്തിനകത്തുപെട്ട 

പുൽച്ചാടിയുടെ പകപ്പിൽ

ക്യാമറ പായിക്കുന്നത് നോക്കിയിരിക്കേ

തുടകളിലമർന്ന പരുക്കൻ കൈകളുടെ

ദുസ്വപ്നം.


താൻ വരച്ച 

മൂകസായാഹ്ന

ലാന്റ് സ്കേപ്പിലെയാകാശത്തിൽ

കുഞ്ഞു മകൻ കൂട്ടിച്ചേർത്ത 

തിളങ്ങുന്ന സൂര്യനെക്കണ്ട് 

ആഞ്ഞെറിഞ്ഞ പേപ്പർ വെയിറ്റ് ചിതറിച്ച

കണ്ണാടി പോൽ

എന്നന്നേക്കുമായി

ശകലിതനായ അവന്റെ ദുരന്ത ജീവിതം.


ശിരസ്സിൽ

മൈനുകൾ പൊട്ടിക്കുന്ന 

സൈനിക പരേഡുകൾ.

അവൾ അവസാനമുച്ഛരിച്ച

 പാതിയിലവസാനിച്ചവാക്കു

പൂരിപ്പിക്കാനാവാതെ 

കനം കൂടിയ ശിഷ്ടകാല രാത്രികൾ.


ഏകാധിപതികളുടെ 

തിളങ്ങുന്ന, ചത്ത 

തെരുവു നോട്ടങ്ങൾ.

സർവ്വവും ഇരുണ്ടിരുണ്ടു പോയി.

ഒരു സാധാരണ മനുഷ്യൻ 

ഒറ്റക്കാവാനാഗ്രഹിക്കുന്നില്ല.

11

ആ ഗുഹാ ഭിത്തികളിൽ

പല പല കാലങ്ങളിൽ കോറിയിട്ട

.ചിത്രങ്ങളിൽ ഒന്നാണയാളെന്നയാൾ.

 സാധാരണക്കാരനായ ഒരാൾ

ഒറ്റക്കായിത്തീരാനാഗ്രഹിക്കാത്തതു

കൊണ്ട്, അതുകൊണ്ടു മാത്രം.


മനുഷ്യ ഭാഷയിൽ നിന്ന്‌

സമ്പൂർണ്ണമായി വിമോചിതനാകുമ്പോൾ

അയാൾ

ഒറ്റയായിരിക്കാനഭിലഷിക്കുമായിരിക്കും.


ഏകാന്തതയിൽ നിന്ന്

ഏകാകിതയിലേക്ക് ചാരിവച്ച

ലംബമോ തിരച്ഛീനമോ അല്ലാത്ത ഏണി

അയാളുടെ ഗുഹാ ജീവിതം.

Contact the author

Recent Posts

Poetry

കഥാർസിസ് - ബിനു എം പള്ളിപ്പാട്

More
More
Web Desk 2 years ago
Poetry

സാഹിര്‍ പറയുന്നു: ബോംബ് എവിടെ വീണാലും മുറിവേല്‍ക്കുന്നത് ആത്മാവിനാണ്- കെ പി എ സമദ്

More
More
Web Desk 2 years ago
Poetry

ചിത്രപ്പണിയൊട്ടുമില്ലാത്ത ആ ഒറ്റ വാക്ക്- ശിഹാബുദ്ധീൻ വെളിയങ്കോട്

More
More
Mehajoob S.V 2 years ago
Poetry

രോഹിത് വെമുല പറയുന്നു- എസ് വി മെഹ്ജൂബ്

More
More
Sathya Raj 2 years ago
Poetry

വെളുത്ത ഒരു നിഴലിനെക്കുറിച്ച്- സി സത്യരാജന്‍

More
More
Dr. Azad 2 years ago
Poetry

അത്രമേല്‍ നിശ്ശബ്ദരായ ഒരു തലമുറയാണ് നാം- ഡോ. ആസാദ്

More
More