ഒരുദിവസം പിരിച്ചുവിടേണ്ടവരാണോ താത്കാലിക ജീവനക്കാർ? - എന്‍. പി. അനൂപ്‌

കേരള പൊലീസ് എന്നാ സുമ്മാവാ... എന്ന പഞ്ച് ഡയലോഗുമായി പ്രദർശനത്തിനെത്തിയ സിനിമയാണ് ഓപ്പറേഷൻ ജാവ. പതിവ് പൊലീസ് കഥകളിൽനിന്നും വ്യത്യസ്തമായി ഇപ്പോള്‍ കേരളത്തിൽ സജീവ ചർച്ചയായ വിദ്യാസമ്പന്നരായ ചെറുപ്പക്കാരുടെ തൊഴിൽപ്രശ്നവും, താത്കാലിക ജീവനക്കാരുടെ തൊഴിൽ സുരക്ഷയെ കുറിച്ചും പറയുന്നു എന്നത് തന്നെയാണ് സിനിമയുടെ പ്രത്യേകത. ട്രൈലറിൽ എടുത്തുപറഞ്ഞ ഡയലോഗുകള്‍ പ്രതീക്ഷിച്ച് തിയറ്ററിൽ കയറിയാൽ 'ഒരു ജോലിക്ക് വേണ്ടിയല്ലെ സാറേ' എന്ന മലയാളി യുവത്വത്തിന്റെ ആശങ്ക ഉള്ളിൽ പേറിയാകും തിരികെ ഇറങ്ങേണ്ടി വരിക. ഇതുതന്നെയാണ് ജാവയെ വ്യത്യസ്തമാക്കുന്നതും.

'പ്രേമം' സിനിമയുടെ പൈറസി കേസിൽ തുടങ്ങുന്ന ഓപ്പറേഷൻ ജാവ, ആ ത്രില്ലർ സ്വാഭാവം പതിയെ തൊഴിൽ തട്ടിപ്പിലേക്കും അശ്ലീല വീഡിയോയുടെ പേരിൽ അപമാനിക്കപ്പെട്ട കുടുംബത്തിന്റെ പ്രശ്നങ്ങളിലേക്കും വഴി മാറുന്നു. തൊഴിൽ തട്ടിപ്പും കൊലപാതകവും എല്ലാം താളം കൈവിടാതെ തന്നെ പറയാൻ സംവിധായകൻ തരുൺ മൂർത്തിക്ക് കഴിഞ്ഞിട്ടുണ്ട്. 

ബിടെക് ബിരുദധാരികൾ ആയ രണ്ട് ചെറുപ്പക്കാർ കേരള പൊലീസ് സൈബർ സെല്ലിൽ ജോലിക്ക് നിയോഗിക്കപെടുന്നതും തുടര്‍ന്ന് അവരുടെ ജീവിതത്തിലുണ്ടാകുന്ന ഗതിവിഗതികളുമാണ് സിനിമ പറയുന്നത്. ബാലു വർഗീസ്‌, ലുക്മാന്‍ ഖാന്‍  എന്നിവർ മികവോടെത്തന്നെ ഈ യുവാക്കൾക്ക് ജീവൻ നൽകുന്നു. കേന്ദ്ര കഥാപാത്രങ്ങളായ ഇവർ ഉൾപ്പെട്ട സൈബർ സെല്ലിന് മുന്നിലെത്തുന്ന ടാസ്കുകൾ ആണ് ഓപ്പറേഷൻ ജാവ. സൈബർ സെൽ ഇടപെടുന്ന നാല്‌ വിഷയങ്ങളും കേരളത്തിലെ ചെറുപ്പക്കാരുമായി പലതരത്തിൽ ബന്ധപ്പെട്ടതാണ് എന്നതാണ്. കേസുകളിൽ ഇരകളും വേട്ടക്കാരും രക്ഷകരും ഇടനിലക്കാരും ചെറുപ്പക്കാർ തന്നെ. ഇതിന്റെ കാരണവും ഓപ്പറേഷൻ ജാവ പറയാതെ പറയുന്നുണ്ട്.

'തങ്ങൾ ആരാണ്, എന്തുകൊണ്ട് ജീവിതത്തിൽ തഴയപ്പെടുന്നു' എന്നതിന് ഉത്തരം തേടുന്ന, സ്വത്വപ്രതിസന്ധി നേരിടുന്ന ഇടത്തരം കുടുബങ്ങളിലെ ചെറുപ്പക്കാർ. ഇഷ്ടങ്ങൾ മാറ്റിവച്ച് സാമ്പത്തിക ഭദ്രത തേടി പോകുന്നവർ, പണമുണ്ടാക്കാൻ കൊല്ലാൻ മടിക്കാത്തവർ, കഷ്ടപ്പെട്ട് നേടിയ അറിവ് തട്ടിപ്പ് സംഘത്തിനുവേണ്ടി ഉപയോഗിക്കാൻ നിർബന്ധിതരാവുന്നവർ. മാതാവിന്റെ അശ്ളീല വീഡിയോയുടെ പേരിൽ തകർന്ന കുടുബത്തിലെ കൗമാരക്കാരി. പൈറസി പ്രചാരണത്തിൽ അറിയാതെയെങ്കിലും ഭാഗഭാക്കാകുന്ന കുട്ടികൾ. ഓപ്പറേഷൻ ജാവ കോർത്തിണക്കുന്നത് വിവിധ വിഷയങ്ങളിൽ കേരളത്തിലെ ഈയൊരു വിഭാഗത്തെയാണ്.

പോലീസ് ഉദ്യോഗസ്ഥനായ അൻവർ ഒരു സന്ദര്‍ഭത്തില്‍ പറയുണ്ട് 'ലക്ഷങ്ങൾ മാത്രമല്ല ശമ്പളം, ആറായിരവും ഏഴായിരവുമെല്ലാം ശമ്പളമാണ്' എന്ന്. എന്നാൽ ഇതിന് മറുപടിയെന്നോണം മറ്റൊരു സാഹചര്യത്തിൽ ലുക്മാന്റെ കഥാപാത്രം പറയുന്നുണ്ട് 'ശമ്പളം തന്നിലെങ്കിലും വേണ്ട, ഞങ്ങൾ ഇവിടെ നിന്നോട്ടെ' എന്ന്. സമൂഹത്തിന്റെ പരിഹാസത്തെയാണ് ഇവർ ഭയപ്പെടുന്നത്. 'താത്കാലികം ആണോ' എന്ന് പുച്ഛിക്കുന്ന അയൽക്കാരനെ ഉദാഹരണം കാണിക്കുന്നുമുണ്ട്.

അശ്ലീല വീഡിയോയുടെ പേരിൽ അപമാനിക്കപെടുന്ന കുടുംബം നീതിതേടി അലയുന്നതിനോടൊപ്പം അധികാരി വർഗ്ഗം അവരെ വീണ്ടും അപമാനിക്കുന്നുണ്ട്. മുൻവിധിയോടെ സാധാരണക്കാരിയായ സ്ത്രീ ആക്രമിക്കപെടുമ്പോൾ ഇതേ ഉദ്യോഗസ്ഥവിഭാഗത്തിൽ പെടുന്നവർ സണ്ണി ലിയോണിന്റെ വീഡിയോയും ലീക്ക് ചെയ്യപ്പെട്ട 'ഏഴ്' വിവാദ വീഡിയോയും ആരാധനയോടെയും ആവേശത്തോടെയും പകർത്തി വാങ്ങുന്നതും കാണാം. ലിംഗാധികാരവും വര്‍ഗ്ഗവ്യത്യാസവും ഇവിടെ വരച്ചിടുന്നു. അത് ഇവളല്ലെന്ന് എനിക്കും അവൾക്കും ഉറപ്പുണ്ട്, പക്ഷെ അല്ലെന്ന് പറയുന്നതിലും ആളുകൾക്ക് താല്പര്യം ആണെന്ന് ഉറപ്പിക്കുന്നതാണ്'. ചുരുക്കം സീനുകളിലെത്തുന്ന വിനായകന്റെ കഥാപാത്രം മലയാളിയുടെ ഒളിഞ്ഞുനോട്ട താൽപര്യത്തെക്കൂടിയാണ് ചൂണ്ടിക്കാട്ടുന്നത്. കൂടാതെ മുട്ടിലിഴഞ്ഞും നേതാക്കളുടെ കാലുപിടിച്ചും ജോലിക്ക് കാത്തിരിക്കുന്ന വലിയൊരു ജനസമൂഹത്തിന് ചിത്രം സമര്‍പ്പിക്കുന്നു എന്നത് പ്രതിബദ്ധത വെളിവാക്കുന്നുണ്ട്.

കെട്ടിലും മട്ടിലും ഇൻവെസ്റ്റിഗേഷൻ ത്രില്ലർ സ്വഭാവം നിലനിർത്തുന്ന ഓപ്പറേഷൻ ജാവ അപ്രധാനം എന്നു തോന്നിക്കുന്ന സംഭാഷണങ്ങളിലൂടെ 'തൊഴിൽ' എന്ന വലിയ പ്രതിസന്ധിയെ വരച്ചുകാണിക്കുന്നു. ഓൺലൈൻ ഭക്ഷണ പാർസൽ വിതരണം തുടങ്ങി ഡാറ്റ എൻട്രി ജോലിവരെ ചെയ്യുന്ന യുവാക്കൾ. കറങ്ങുന്ന കസേരയിലിരുന്ന് ഭരിക്കാൻ ഇഷ്ടപ്പെടുന്നവർ. നടക്കാത്ത കാര്യങ്ങൾ സ്വപനം കാണുന്ന മുഖമില്ലാത്ത അക്രമി. ലക്ഷങ്ങൾ ശമ്പളവും വിദേശത്തെ ജോലിയും മുന്നിൽ വരുമ്പോൾ ഇഷ്ടങ്ങൾ മറക്കാൻ നിർബന്ധിതരാകുന്നവർ. എല്ലാറ്റിനും അപ്പുറത്ത് 'എക്സ്പ്പീരിയൻസ് സർട്ടിഫിക്കറ്റ്' എന്ന വെള്ളകടലാസും പിടിച്ച് ഒരു ദിവസം തെരുവിലിറങ്ങേണ്ടി വരുന്നവർ. അവരെ വരച്ചിടുകയാണ് 'ഓപ്പറേഷൻ ജാവ'.

Contact the author

N. P. Anoop

Recent Posts

Dr. Azad 2 weeks ago
Reviews

വീണ്ടും ചെങ്കൊടിയില്‍ ചോരയിരമ്പി തിരയിളക്കുന്നതുപോലെ: തുറമുഖം റിവ്യൂ- ആസാദ് മലയാറ്റില്‍

More
More
Reviews

പക്വമായ പ്രകടനംകൊണ്ട് അമ്പരപ്പിക്കുന്ന ഭാവന; 'ന്‍റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്' റിവ്യൂ

More
More
Reviews

പേടിപ്പിച്ച് ചിരിപ്പിക്കുന്ന 'രോമാഞ്ചം'- ക്രിസ്റ്റിന കുരിശിങ്കല്‍

More
More
Reviews

'പുഴു' വെറുമൊരു മുഖ്യധാരാ പടമല്ല- കെ കെ ബാബുരാജ്

More
More
Dr. Azad 1 year ago
Reviews

പട ഒരു പടപ്പുറപ്പാടാണ്, അതിമനോഹരമായ സിനിമയാണ്- ഡോ. ആസാദ്

More
More
Web Desk 1 year ago
Reviews

‘തിങ്കളാഴ്ച നിശ്ചയം‘ ഹൃദ്യമായ ഒരു ചലച്ചിത്രാനുഭവം- രേണു രാമനാഥ്

More
More