ദുബായ്: കൊറോണ ജാഗ്രതയുടെ ഭാഗമായി ഈ വര്‍ഷം യു.എ.ഇ യിലെ ക്ഷേത്രങ്ങളില്‍ ഹോളി ആഘോഷങ്ങള്‍ ഉണ്ടാവില്ല. കോവിഡ്-19 ദുബായില്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആഘോഷങ്ങളും കൂടിച്ചേരലുകളും ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഇതനുസരിച്ച് ബര് ദുബായിലെ ശ്രീകൃഷ്ണ ക്ഷേത്രത്തിലും ശിവ ക്ഷേത്രത്തിലും ഹോളി ആഘോഷങ്ങള്‍ റദ്ദാക്കിയതായി അധികൃതര്‍ അറിയിച്ചു. ആഘോഷത്തിന്റെ ഭാഗമായി നിറങ്ങള്‍ വാരിയെറിയുന്നതും ഒഴിവാക്കിയിട്ടുണ്ട്. ദുബായില്‍ കൊറോണ സ്ഥിരീകരിച്ഛവരില്‍ ഇന്ത്യന്‍ വംശജര്‍ ഉള്‍പ്പെട്ടതിനാല്‍ ഇന്ത്യാക്കാര്‍ക്കിടയില്‍ ജാഗ്രത കര്‍ശനമാക്കിയിട്ടുണ്ട്. പൊതുചടങ്ങുകള്‍ സംഘടിപ്പിക്കുന്നത് പരമാവധി ഒഴിവാക്കാനും പങ്കെടുക്കുന്നതില്‍ നിന്ന് വിട്ടു നില്‍ക്കാനും നിര്‍ദ്ദേശമുണ്ട്.
കൊറോണ സ്ഥിരീകരിച്ചതോടുകൂടി ദുബായ് വിമാനത്താവളത്തിലെയും ദുബായ് വേള്‍ഡ് സെന്ററിലേയും സ്മാര്‍ട്ട് ഗേറ്റുകള്‍ അടച്ചുപൂട്ടി. ചൈന, ഇറ്റലി,സിറിയ, ലബനന്, തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്കായി ദുബായ് അതോറിട്ടി തെര്‍മല്‍ സ്ക്രീനിംഗ് നടത്തുന്നുണ്ട്.ചൈന, ഇറാന്, ബെഹറൈന്‍ എന്നീ രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു.