അല്ല ശ്രീധരന്‍ സാറേ, ഇങ്ങള് വെജ്ജ് മുട്ട കഴിക്കോ ? - കെ. ടി. കുഞ്ഞിക്കണ്ണന്‍

ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ശ്രീധരന്‍ സാറേ, അങ്ങ് പാല് കുടിക്കുമെന്നാണ് ഈയുള്ളവൻ്റെ അന്വേഷണത്തിൽ മനസ്സിലാക്കാൻ കഴിഞ്ഞത്. ചിലർ പറഞ്ഞത് താങ്കള്‍ മുട്ടയും കഴിക്കുമെന്നാണ്. ശുദ്ധസസ്യഭുക്കാണ് താനെന്നും മാംസഭക്ഷണം കഴിക്കുന്നവരെ ഇഷ്ടമല്ലായെന്നുമൊക്കെ തട്ടിവിട്ട സ്ഥിതിക്ക് പാലും മുട്ടയും സസ്യഭക്ഷണമല്ലായെന്നൊന്നും ഓർമ്മിപ്പിച്ച് വിഷമിപ്പിക്കുന്നില്ലാ കേട്ടോ. അല്ലെങ്കിലും ഇതൊന്നും അങ്ങയെ ഇപ്പോൾ അസ്വസ്ഥപ്പെടുത്തില്ലെന്നറിയാം. മറ്റൊന്നും കൊണ്ടല്ല, അങ്ങിപ്പോൾ മുട്ടയും പാലുമൊക്കെ സസ്യഭക്ഷണമാക്കുന്ന മായാവാദികളുടെ പാർടിയിലാണല്ലോ!

ഗോവധ നിരോധനത്തെ കുറിച്ചന്വേഷിക്കാൻ ഇന്ദിരാഗാന്ധി നിയോഗിച്ച കമ്മീഷനിൽ ഗോൾവള്‍ക്കറും ഉണ്ടായിരുന്നല്ലോ. കമ്മീഷന് മുമ്പിൽ പാല് കുടിക്കുന്നവർ ഗോമാംസം കഴിക്കുന്നത് അശുദ്ധവും നിഷിദ്ധവുമായി കാണുന്നതിലെ അസംബന്ധം തുറന്നു കാണിച്ച ഇന്ത്യയുടെ ലോകപ്രശസ്ത ജീവശാസ്ത്രജ്ഞൻ പി എം ഭാർഗവയോട് ഗോൾവള്‍ക്കർ തട്ടിക്കയറിയതായി കേട്ടിട്ടുണ്ട്. ഹിന്ദുക്കളുടെ വിശ്വാസത്തെ വ്രണപ്പെടുത്തരുതെന്ന് പറഞ്ഞാണ് ഗോൾവള്‍ക്കർ ഭാർഗവയെ ഭീഷണിപ്പെടുത്തിയത്. സസ്തനികളായ ജന്തുക്കളുടെ ശരീരത്തിൽ മാംസവും പാലും ഉണ്ടാകുന്നത് ഒരേ ജീവശാസ്ത്ര പ്രക്രിയയിലൂടെയാണെന്ന ശാസ്ത്രസത്യം ചിത്പവൻ ബ്രാഹ്മണ വിശ്വാസങ്ങളുടെ ഉന്മാദം പിടിപ്പെട്ട ഗോൾവള്‍ക്കർക്ക് അംഗീകരിക്കാനാവുന്നതല്ലല്ലോ. ശാസ്ത്രത്തെ വിശ്വാസംകൊണ്ട് നേരിടുന്ന അബദ്ധ പ്രത്യയശാസ്ത്രമാകാം താങ്കളെപ്പോലൊരു ടെക്നോക്രാറ്റിനെ അബദ്ധങ്ങൾ വിളിച്ചു പറയുന്ന  ഗതികേടിലേക്കെത്തിച്ചത്. ആ അബദ്ധങ്ങളെല്ലാം അത്ര നിരുപദ്രവകരങ്ങളല്ലായെന്നതാണ് ജനാധിപത്യവാദികളെ അസ്വസ്ഥപ്പെടുത്തുന്നത്. പാലിനെ സസ്യഭക്ഷണമാക്കുന്ന യുക്തിതന്നെയാണ് ശാസ്ത്രത്തെ മിത്തും വിശ്വാസവുമൊക്കെയാക്കി അധ:പതിപ്പിക്കുന്നത്. 

മുട്ടയെ സസ്യ ഭക്ഷണമാക്കുന്ന ബ്രാഹ്മണ്യത്തിൻ്റെ തർക്കശാസ്ത്ര യുക്തികളാണല്ലോ സംഘപരിവാറുകാരുടെത്. പരിപ്പിൻ്റെ വിലക്കയറ്റം സസ്യഭുക്കുകളുടെ മാംസ്യലഭ്യതയെ ബാധിക്കുമെന്നും അതിനോടുള്ള പ്രതികരണമാരാഞ്ഞു അങ്ങയെ പോലുള്ള ശുദ്ധ സസ്യഭുക്കുകൾക്കിടയിൽ ഒരു മാധ്യമ സുഹൃത്ത് നടത്തിയ കൗതുകകരമായ ഒരു അന്വേഷണത്തിൻ്റെ അനുഭവകഥയുണ്ട്. ശുദ്ധ സസ്യഭുക്കുകളും മോദി അനുകൂലികളുമായ മൈഥിലി ബ്രാഹ്മണ വിഭാഗത്തിൽപ്പെട്ട ചിലരോട് ഈ മാധ്യമ സുഹൃത്ത് ചോദിച്ചത് ''പരിപ്പിന്‍റെ വിലക്കയറ്റത്തിനുത്തരവാദിയായ മോദി സർക്കാറിൻ്റെ നയത്തോട് നിങ്ങൾക്ക് പ്രതിഷേധമില്ലേ'' എന്നായിരുന്നു. ഈ സസ്യഭുക്കുകൾ അതിന് മറുപടിയായി പറഞ്ഞത് ''പരിപ്പിൻ്റെ വിലക്കയറ്റം ഞങ്ങളെ ബാധിക്കില്ല, ഞങ്ങൾ മുട്ടയും പാലും കഴിക്കുന്നവരാണ്." എന്നാണ്.

ശുദ്ധസസ്യഭുക്കുകളുടെ മറുപടി കേട്ടു ഒന്നു ഞെട്ടിയ മാധ്യമ പ്രവർത്തകൻ വിനയപൂർവ്വം അവരോട് ശബ്ദം താഴ്ത്തി ചോദിച്ചു; ''അല്ല ഈ മുട്ടയും സസ്യഭക്ഷണമായത് എന്നു മുതലാണ്'' എന്നായിരുന്നു. അതിനവർ നൽകിയ വിശദീകരണമിതായിരുന്നു; "രണ്ടു തരം മുട്ടയുണ്ടു്. വെജും നോൺ വെജും.'' സംശയവൃത്തിക്കായി മാധ്യമ പ്രവർത്തകൻ അവരോട് വീണ്ടും ചോദിച്ചു; ''രണ്ടും കോഴികളിടുന്ന മുട്ട തന്നെയാണോ?'' സംഘപരിവാര്‍ യുക്തിയില്‍ ചിന്തിക്കുന്ന ബ്രാഹ്മണർ യുക്തിഭദ്രമായി തന്നെ വിശദീകരിച്ചു കൊടുത്തു. അതിങ്ങനെയായിരുന്നു:-''നോൺ വെജ് മുട്ടയെന്നാൽ പൂവൻകോഴിയുമായി ഇടപെടുന്ന പിടക്കോഴികളിടുന്ന മുട്ട, വെജ് മുട്ടയെന്നാൽ പൂവൻകോഴികളുമായി ഒരിടപാടുമില്ലാത്ത നിത്യബ്രഹ്മചാരിണികളായ പിടക്കോഴികളിടുന്ന മുട്ട.'' പ്രിയപ്പെട്ട ശ്രീധരൻ സാറേ, അങ്ങ് ഈ മനോഹര പരിവാര്‍ യുക്തിയിൽ ചിന്തിച്ച് ചാണകമായി തീർന്നെന്നും ശശികലക്ക് പഠിക്കുകയാണെന്നുമൊക്കെയാണ് വിവരമില്ലാത്ത വിമർശകർ പറയുന്നത്.

വ്യത്യസ്ത ഭക്ഷണശീലങ്ങളിലും സംസ്കാരത്തിലും കഴിയുന്നവരാണ് ഇന്ത്യക്കാരെന്ന കാര്യം അങ്ങേക്കറിയാമല്ലോ! കന്നുകാലി വളർത്തുന്നവരെയും കച്ചവടം ചെയ്യുന്നവരെയും ഒരു നേരത്തേക്ക് ഉള്ള പൈസയോപ്പിച്ച് കറിവെയ്ക്കാന്‍ വാങ്ങുന്നവരെയും തല്ലിക്കൊല്ലുന്ന, നരഭോജികളുടെ പ്രസ്ഥാനത്തിൽ പെട്ടുപോയാൽ പിന്നെ അങ്ങനെയങ്ങ് ജീവിക്കുക എന്നതേയുള്ളൂ ! പക്ഷെ മാംസഭക്ഷണം കഴിക്കുന്നവരെ ഇഷ്ടമല്ലാത്ത അങ്ങ് സസ്യാഹാരികളുടെ മാത്രം മുഖ്യമന്ത്രിയായിരിക്കുമോ? മീന്‍മണവും ബീഫ് കറിയുടെ ദുര്‍ഗന്ധവുമുള്ള ആളുകളുടെ നിവേദനങ്ങള്‍ വാങ്ങാന്‍, ഇത് രണ്ടും ഭുജിക്കുന്ന സുരേന്ദ്രജിയെ എല്‍പ്പിക്കുമോ? അല്ലാ ..ഇതൊക്കെ കഴിക്കുന്ന സുരേന്ദ്രജിയെ എങ്ങനെ കൈകാര്യം ചെയ്യും? അതല്ല, കേരളത്തെ സസ്യാഹാരികള്‍ മാംസാഹാരികള്‍ എന്ന് തരം തിരിച്ച്, ആദ്യ വിഭാഗത്തിന്റെ മുഖ്യമന്ത്രിയായിരിക്കുമോ ശ്രീധരേട്ടാ താങ്കള്‍? ഇത്തരം വിവരം കെട്ട ചോദ്യങ്ങളൊക്കെ അങ്ങേക്ക് ഞൊടിയിടയ്ക്കുള്ളില്‍ പരിഹരിക്കാന്‍ കഴിയും. പറഞ്ഞ സമയത്തിനു മുന്‍പ് റയിലും വണ്ടീം എത്തിച്ച് പേരെടുത്ത ആളല്ലേ ഇങ്ങള്! 

പിന്നെ, ഇങ്ങളോടുള്ള സ്നേഹംകൊണ്ടും ബഹുമാനം കൊണ്ടും ഒരു കാര്യം ഞാന്‍ ചോദിക്കട്ടെ, ഇങ്ങക്ക് വേറെ എവിടെയെങ്കിലും മുഖ്യമന്ത്രി ആയിക്കൂടെ? ഒന്നുണ്ടായിട്ടല്ല, നമ്മുടെ ഭക്ഷണ സർവെകൾ പറയുന്നത്, ഇങ്ങള് മുഖ്യമന്ത്രിയാവാൻ തീരുമാനിച്ചിരിക്കുന്ന ഈ കേരളത്തിലെ ജനങ്ങളിൽ 97 ശതമാനം പേരും മത്സ്യവും മാംസവും നിത്യ ഭക്ഷണമാക്കിയവരാണെന്നാണ്. ഒരു നേരമല്ല പറ്റുമെങ്കിൽ മൂന്നു നേരവും മീന്‍ കഴിക്കുന്ന ബോറന്‍മാര്‍ ഈ 97 ശതമാനം മീനുളുമ്പ് നാറിയ ചങ്ങായ്മാരെ സസ്യാഹാര ശുദ്ധനായ അങ്ങ് എങ്ങനെ സഹിക്കും? ഇനിപ്പം ഇങ്ങള് കേരളം വിട്ടുപോയാലും സസ്യാഹാരത്തിലേക്ക് ആളുകളെ കൊണ്ടുവരാനുള്ള വലിയ ശ്രമം വേണ്ടിവരുമെന്നാണ് എനിക്ക് തോന്നുന്നത്. കാരണം നേരത്തെ പറഞ്ഞ ഭക്ഷണ സർവെകൾ ചൂണ്ടിക്കാട്ടുന്നത് ഇന്ത്യയിലെ 72% ആളുകൾ മാംസഭുക്കുകളാണെന്നാണ്. യു പിയിൽ 60% ജനങ്ങൾ മാംസഭക്ഷണം കഴിക്കുന്നവരാണ്. തെലുങ്കാന, ആന്ധ്ര, ബംഗാൾ സംസ്ഥാനങ്ങളിലെ ജനങ്ങളിൽ 98% മാംസഭുക്കുകളാണ്. തമിഴ്നാട്, ഒറീസ, ജാർഖണ്ഡ് സംസ്ഥാനങ്ങളിൽ 97% ജനങ്ങളും മാംസഭക്ഷണം ശീലമാക്കിയവരാണ്. ഈ സാഹചര്യത്തില്‍ ഇനീപ്പം എന്താ ചെയ്യാ? ഇങ്ങള് നല്ലോണം ഒന്നാലോചിച്ചു നോക്ക് ശ്രീധരന്‍ സാറേ.. ഇങ്ങക്ക് വേണ്ടി ഞാനും ആലോചിക്കാം .....

Contact the author

K T Kunjikkannan

Recent Posts

Web Desk 1 day ago
Social Post

രമേഷ് ബിധുരി ഡാനിഷ് അലിക്കെതിരെ ഉപയോഗിച്ച വാക്കുകള്‍ മനസിലായില്ല- കൊടിക്കുന്നില്‍ സുരേഷ്

More
More
Web Desk 5 days ago
Social Post

ഉമ്മന്‍ചാണ്ടിയുടെ ആത്മകഥ വായിക്കാന്‍ നിങ്ങള്‍ക്ക് ധൈര്യമുണ്ടോ?- കോണ്‍ഗ്രസുകാരോട് ജെയ്ക്ക് സി തോമസ്

More
More
Web Desk 5 days ago
Social Post

'സ്വരം താഴ്ത്തി ചെറുചിരിയോടെ പറഞ്ഞു, ഞാൻ സിപിഎമ്മാ എന്ന്'; യാത്രക്കിടെ ഉണ്ടായ അനുഭവം പങ്കുവെച്ച് സാദിഖലി തങ്ങൾ

More
More
Web Desk 6 days ago
Social Post

അംഗീകൃതമല്ലാത്ത ലോൺ ആപ്പുകൾ ഒരുക്കുന്ന ചതിക്കുഴികളില്‍ വീഴരുതെന്ന് കേരള പോലീസ്

More
More
Web Desk 2 weeks ago
Social Post

ഉമ്മന്‍ചാണ്ടി സാര്‍ മരണംവരെ മനസില്‍ സൂക്ഷിച്ച രഹസ്യത്തിന്റെ ഔദാര്യമാണ് ഗണേഷ് കുമാറിന്റെ പൊതുജീവിതം- രാഹുല്‍ മാങ്കൂട്ടത്തില്‍

More
More
Web Desk 2 weeks ago
Social Post

പാര്‍ട്ടിക്കുവേണ്ടി മൂന്നല്ല, പത്തുതവണ തോല്‍ക്കാനും തയാറാണെന്ന് ജെയ്ക്ക് പറഞ്ഞു; കുറിപ്പുമായി നടന്‍ സുബീഷ് സുധി

More
More