ഒന്നുകില്‍ ഫാസിസം അല്ലെങ്കില്‍ ഇന്ത്യ - കെ ഇ എന്‍

K E N 4 days ago

''അന്നവര്‍ ജര്‍മ്മനിയില്‍ പാര്‍ലമെന്‍റ് ചുട്ടുകരിച്ചു. ഇന്നവര്‍ പുതിയ പാര്‍ലമെന്‍റ് ഉണ്ടാക്കി, നിയമനിര്‍മ്മാണ സഭയെ അതിന്റെ ആശയത്തില്‍തന്നെ അപ്രസക്തമാക്കുന്നു. ഇങ്ങനെയാണ് നവഫാസിസവും ക്ലാസിക്കല്‍ ഫാസിസവും വ്യത്യസ്തമാകുന്നത്.'' 

സര്‍വ്വ യാന്ത്രികകാഴ്ചപ്പാടുകളില്‍നിന്നും അടിസ്ഥാനപരമായി ‘വൈരുദ്ധ്യാത്മക' വിശകലന രീതി വ്യത്യസ്തമാകുന്നത്, മൂര്‍ത്ത സന്ദര്‍ഭങ്ങളില്‍നിന്നും സംഭവങ്ങളില്‍നിന്നും അത് ആരംഭിക്കുമ്പോഴാണ്. പത്തുവര്‍ഷം രാജ്യം ഭരിച്ച മന്‍മോഹന്‍സിങ്ങിന്റെ ഊര്‍ജ്ജസ്വലനായ സഹോദരന്‍ മാത്രമാണ് മോദിയെങ്കില്‍,‘ഫാസിസത്തിന്റെ പ്രശ്‌നം ഉദിക്കുന്നില്ല. എന്നാല്‍ അങ്ങിനെയല്ല, മന്‍മോഹന്‍സിങ്ങില്‍നിന്നും അടിസ്ഥാനപരമായിത്തന്നെ വ്യത്യസ്തമായ സാംസ്‌കാരിക കാര്യപരിപാടികള്‍ നരേന്ദ്രമോദിക്കും സംഘപരിവാര്‍ ഭരണകൂടത്തിനും ഉണ്ട് എന്ന് ഈ രണ്ടാം മോദി സര്‍ക്കാരിന്റെ കാലത്തും മനസ്സിലാകാത്തവരുടെ കാര്യത്തില്‍ പ്രശ്നം വളരെയേറെ സങ്കീര്‍ണ്ണമാണ്. ഫാസിസത്തെ ദിമിത്രോവ്, ഫൈനാന്‍സ് മൂലധനത്തിന്റെ നഗ്നമായ ഏകാധിപത്യമായും പ്രതിലോമ ദേശീയതയുടെ നിഷ്ഠൂരമായ പ്രയോഗമായും തിരിച്ചറിഞ്ഞതോടൊപ്പം, അതിനെ വിലയിരുത്തുമ്പോള്‍ ഓരോ രാജ്യത്തിന്റെയും സവിശേഷ സാഹചര്യങ്ങളെ കേന്ദ്രമാക്കി കാര്യങ്ങള്‍ കാണാതെ പോകരുതെന്ന് ഓര്‍മിപ്പിക്കുകയും ചെയ്തിരുന്നു.

ശ്രേഷ്ഠമായ ആര്യസ്ഥാന്‍, അതിനിന്ദ്യമായ മ്ലേഛസ്ഥാന്‍

ഇന്ത്യാ-പാക്കിസ്ഥാന്‍ എന്നിങ്ങനെയുള്ള വേദനാജനകമായ രാഷ്ട്രീയവിഭജനങ്ങള്‍ സംഭവിക്കുന്നതിനൊക്കെ എത്രയോ മൂമ്പുതന്നെ, ‘ഭാരതം സാംസ്‌കാരികമായി ‘ആര്യസ്ഥാന്‍' എന്നും ‘മ്ലേഛസ്ഥാന്‍' എന്നും രണ്ടായി വിഭജിക്കപ്പെട്ടു കഴിഞ്ഞിരുന്നു. സത്യത്തില്‍ ഇന്ത്യന്‍ ഫാസിസത്തിന്റെ വേര് ഈയൊരു വിഭജനത്തിലോളം ആഴ്ന്നാഴ്ന്നാണ് കിടക്കുന്നത്. അത് കാണാതെ, 1925ല്‍ നാഗ്പ്പൂരില്‍ വെച്ച്, ഔപചാരികമായി ആര്‍എസ്എസ് രൂപംകൊണ്ടത് മാത്രം പരിഗണിച്ചാല്‍, സംഘപരിവാര്‍ അപഗ്രഥനം അപൂര്‍ണമാവും. ‘ശ്രേഷ്ഠമായ ആര്യസ്ഥാന്‍, അതിനിന്ദ്യമായ മ്ലേഛസ്ഥാന്‍'എന്ന കാഴ്ചപ്പാടില്‍ നിന്നുതന്നെയാണ് വാജ്‌പേയികാലത്തെ ‘പുരസ്‌കാര്‍, പരിഷ്‌കാര്‍, തിരസ്‌കാര്‍ തത്വം രൂപംകൊണ്ടത്.

ആര്‍എസ്എസിന്റെ സൈദ്ധാന്തിക കൃതികളായ ‘നാം അല്ലെങ്കില്‍ നമ്മുടെ രാഷ്ട്രം നിര്‍വചിക്കപ്പെടുന്നു’(1939), ‘വിചാരധാര' (1966) എന്നിവയും നരേന്ദ്രമോദിയുടെ നിലപാടുകളും കറങ്ങിക്കൊണ്ടേയിരിക്കുന്നത് കൃത്യമായും ഇത്തരം ആശയങ്ങള്‍ക്ക് ചുറ്റുമാണ്. സമകാലീന സാങ്കേതിക വിദ്യകളെ ഏറ്റവും സമര്‍ത്ഥമായി ഉപയോഗിച്ചുകൊണ്ടുതന്നെയാണ് സാംസ്‌കാരിക ദേശീയതയെന്ന ആര്യ-മ്ലേഛ സിദ്ധാന്തം ഇന്ത്യന്‍ ബഹുസ്വരതക്കുമേല്‍ കെട്ടിവെച്ചുകൊണ്ടിരിക്കുന്നത്.

പാര്‍ലമെന്‍റ്  ശ്രീകോവിലാകുമ്പോള്‍ 

നൂറ്റാണ്ടുകളോളം നീണ്ടുനിന്ന പ്രബുദ്ധ രാഷ്ട്രീയ പ്രക്ഷോഭങ്ങളുടെ സൃഷ്ടിയായ പാര്‍ലിമെന്റിനെ, വ്യാജ ആത്മീയ ഭാഷയിലേക്ക് വിവര്‍ത്തനംചെയ്ത്, വെറുമൊരു ശ്രീകോവില്‍ ആക്കുന്നതും ഒരാരാധനാകേന്ദ്രത്തിലെന്നപോലെ അവിടെ മുട്ടുകുത്തുന്നതും, നാടകീയതയ്ക്കപ്പുറം ഒരു ആര്യസ്ഥാന്‍ നിര്‍മ്മിതിയുടെകൂടെ ഭാഗം തന്നെയായിരുന്നു. ഇങ്ങനെ ജനാധിപത്യത്തിന് മുമ്പില്‍ മുട്ടുകുത്തിത്തുടങ്ങിയാണ് ഇന്ത്യന്‍ ജനാധിപത്യ, നീതിന്യായവ്യവസ്ഥയെ മോദിസര്‍ക്കാര്‍ നിര്‍ലജ്ജം വെല്ലുവിളിച്ചതെന്ന് വിസ്മരിക്കരുത്. നൂറ്റിയിരുപത് വര്‍ഷത്തെ പാര്‍ലിമെന്റ് ചരിത്രം പരിശോധിച്ചാല്‍ ശുദ്ധിയും വൃത്തിയും മര്യാദയും ആദ്യമായി ശ്രീകോവിലില്‍ പ്രവേശിച്ചവരാരെങ്കിലും പാലിച്ചിട്ടുണ്ടോ എന്നറിയില്ല. എന്നാല്‍ ആദ്യമായി പാര്‍ലിമെന്റ് മന്ദിരത്തിലേക്ക് കാലെടുത്തു വെച്ചപ്പോള്‍, മുട്ടുകുത്തി ശിരസ്സുനമിച്ച് വലതുകാല്‍വെച്ച് നിയുക്ത പ്രധാനമന്ത്രി കയറിയത് ജനകോടികളെ കോരിത്തരിപ്പിച്ച അനുഭവമായി എന്നത്രെ, ഇന്ത്യന്‍ രാഷ്ട്രീയചരിത്രത്തെ അനാദരിക്കുംവിധം ‘ഇത് ചരിത്രമൂഹൂര്‍ത്തം'എന്ന തലക്കെട്ടില്‍ സംഘപരിവാര്‍ പത്രം 'ജന്മഭൂമി' സ്വന്തം മുഖപ്രസംഗംവഴി അന്ന് പ്രഖ്യാപിച്ചത്. മോദിക്ക് മുന്‍പ് പ്രധാനമന്ത്രിമാരായിരുന്ന മുഴുവന്‍ മനുഷ്യരുമാണ് ഈയൊരൊറ്റ 'മോദിസ്തുതി'യുടെ പേരില്‍ അന്ന് അവഹേളിയ്ക്കപ്പെട്ടത്. 

‘ആര്‍എസ്എസ് അജണ്ട രഹസ്യമല്ല' എന്ന തലക്കെട്ടില്‍ ജന്മഭൂമിപത്രത്തില്‍ ക.ഭാ. സുരേന്ദ്രന്‍ അന്നെഴുതിയ ലേഖനത്തില്‍ "പരമവൈഭവ ഹിന്ദുരാഷ്ട്രം എന്ന ആര്‍എസ്എസ് അജണ്ട, ഇതുവരെ മാറ്റിപ്പറയേണ്ടി വന്നിട്ടില്ല'' എന്ന് വിമര്‍ശകരെ ഓര്‍മിപ്പിക്കുകയും ചെയ്തിരിക്കുന്നു. താനൊരു ‘ഇന്ത്യന്‍ദേശീയവാദി ആണെന്നല്ല, ഹിന്ദു ദേശീയവാദിയാണെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് മോദി പ്രധാനമന്ത്രി കസേരയില്‍ കയറിയിരുന്നത്.

എവിടെ പുക എന്ന് ചോദിക്കുന്നവര്‍ കാലിന്നടിയിലെ തീ കാണണം 

പാര്‍ലിമെന്റ് മന്ദിരത്തിലേക്ക് കാലെടുത്തുവെച്ചപ്പോള്‍ അതിന്റെ പടികളില്‍ മുട്ടുകുത്തി നമസ്കരിച്ചത്  പാര്‍ലിമെന്റിനെ ഒരരാഷ്ട്രീയ അലങ്കാരമാക്കാനും, അതോടൊപ്പം, രാജ്യത്ത് ഒരു തൊമ്മിജനതയെ സൃഷ്ടിച്ചെടുക്കാനുമായിരുന്നു. രാഷ്ട്രീയ പ്രക്ര്യയകളാല്‍ സജീവമാകേണ്ട ഒരിടത്തെ ഒരരാഷ്ട്രീയ അലങ്കാരമാക്കിയുള്ള തുടക്കത്തിലൂടെ അവര്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത് തൊമ്മിജനതയെയും തൊമ്മിധൈഷണികരെയുമാണെന്ന് തിരിച്ചറിയാതെ, മോദി ഭരണത്തിന്റെ 7-ാം വര്‍ഷത്തിലും ''എവിടെ പുക''എന്ന് ചോദിക്കുന്നവര്‍ കാണാതെ പോകുന്നത് സ്വന്തം കാലിന്നടിയിലെ തീയാണ്.

മതയാഥാസ്ഥിതികത്വത്തിന്റെ ആക്രോശങ്ങള്‍ക്കുമുമ്പില്‍ നാളിതുവരെയും പൊരുതിനിന്ന പെന്‍ഗ്വിന്‍, വെന്‍ഡിഡോണിഗറുടെ പുസ്തകം ഒരു പ്രതിരോധവും കൂടാതെ പിന്‍വലിച്ചപ്പോള്‍, അരുന്ധതിറോയി നല്‍കിയ മുന്നറിയിപ്പുകള്‍ ഇപ്പോഴേറെ അര്‍ത്ഥപൂര്‍ണമായി തീര്‍ന്നിരിക്കുന്നു. പെന്‍ഗ്വിനെപ്പോലെ സാര്‍വ്വദേശീയ അംഗീകാരവും വമ്പിച്ച മൂലധനവുമുള്ള ഒരു പ്രസിദ്ധീകരണശാല ഒരു പ്രാദേശിക വര്‍ഗീയ സംഘടനക്കുമുമ്പില്‍ കുനിഞ്ഞപ്പോള്‍, ‘'നിങ്ങള്‍ ആരാണെന്ന് മറന്നോ? എന്താണ് നിങ്ങളെ ഭയപ്പെടുത്തിയത്?''എന്ന അരുന്ധതിറോയിയുടെ ചോദ്യം മതേതര ഇന്ത്യയുടെ മുഴുവന്‍ ശബ്ദമായിരുന്നു. ''അവര്‍ ഇനിയും അധികാരത്തിലെത്തിയിട്ടില്ല. എന്നിട്ടും നിങ്ങള്‍ നേരത്തെതന്നെ കീഴടങ്ങുകയായിരുന്നുവോ?"എന്ന അരുന്ധതിയുടെ ആ ചോദ്യമാണ്, നരേന്ദ്രമോദിയുടെ അധികാരാരോഹണശേഷം ബഹുവിധരൂപങ്ങളില്‍ പിന്നീട് ശക്തിയാര്‍ജ്ജിച്ചത്. കഴിഞ്ഞ 7 വര്‍ഷത്തോളമായി സംഘപരിവാര്‍ അധികാരത്തിലാണ്. തുടക്കത്തില്‍ യു ആര്‍ അനന്തമൂര്‍ത്തി, ഹിന്ദുസ്ഥാനി സംഗീതപ്രതിഭ ശുഭാമുദ്ഗല്‍, ബി രാജീവന്‍ തുടങ്ങി മതേതര ഇന്ത്യയുടെ അഭിമാനമായ നിരവധി പ്രതിഭാശാലികള്‍ വ്യത്യസ്തരീതിയില്‍ വേട്ടയാടപ്പെട്ടു. ഇന്ന് എണ്ണമറ്റയാളുകള്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ജയിലഴികള്‍ക്കുള്ളിലാണ്. മോദി വിമര്‍ശനത്തിന്റെ പേരിലാണ്, യു ആര്‍ അനന്തമൂര്‍ത്തിക്ക് പാക്കിസ്ഥാനിലേക്ക് മോദിഭക്തര്‍ അന്ന് വിമാനടിക്കറ്റ് നല്‍കിയത്.


 ദ്വിരാഷ്ട്രവാദം ആദ്യം അവതരിപ്പിച്ചത് വി ഡി സവര്‍ക്കര്‍ 

സത്യത്തില്‍ സാംസ്‌കാരികമായി മാത്രമല്ല, രാഷ്ട്രീയമായും ദ്വിരാഷ്ട്രവാദം ആദ്യം അവതരിപ്പിച്ചത് സംഘപരിവാറിന്റെ അഭിമാനമായ സവര്‍ക്കറാണ്. ‘മോദി ജയിച്ചാല്‍ ഞാന്‍ ഇന്ത്യവിടും എന്ന് ഒരു വികാരവിക്ഷോഭവേളയില്‍ പറഞ്ഞതാണെന്നും, ഞാനത് പിന്‍വലിക്കുന്നു എന്നും അനന്തമൂര്‍ത്തി വ്യക്തമാക്കിയതിനുശേഷമാണ്, സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ഇവ്വിധം പ്രവര്‍ത്തിച്ചത് എന്നതും അന്നതിന്നെതിരെ ജനാധിപത്യപ്രതികരണങ്ങള്‍ വേണ്ടത്ര ഇല്ലാതെപോയി എന്നുള്ളതും നാം മറന്നുപോയിരിക്കുന്നു. ശുഭാമുദ്ഗലിനെ കാലിഫോര്‍ണിയയില്‍ നടന്ന ഒരു കച്ചേരിക്കിടയില്‍ കയ്യേറാന്‍ ശ്രമിച്ചത്, പ്രസ്തുത സംഗീതപരിപാടിയുടെ സംഘാടകരില്‍ ഒരാളായിരുന്നുവത്രെ! അവര്‍ ചെയ്ത കുറ്റം, തിരഞ്ഞെടുപ്പുകാലത്ത് മോദിക്കെതിരെ പ്രതികരിച്ചു എന്നുള്ളതാണ്. തനിക്കുണ്ടായ ദുരനുഭവത്തെക്കുറിച്ച് പ്രതിഷേധിച്ച സന്ദര്‍ഭത്തില്‍, അവര്‍ പറഞ്ഞത്, ''പൂനെയില്‍ വെച്ച് കൊല്ലപ്പെട്ട, ആര്‍ക്കെതിരെയും ഒരു പ്രതികരണവും നടത്താതെതന്നെ കൊല്ലപ്പെട്ട മുഹ്സില്‍ ഷെയ്ക്ക്  എന്ന ഐടി പ്രതിഭയുടെ അവസ്ഥവെച്ചുനോക്കുമ്പോള്‍, തന്റേത് ഒന്നുമല്ല'' എന്നായിരുന്നു. പൂനയ്ക്കടുത്ത്, ‘റാം റഹിം മിത്രമണ്ഡല്‍' എന്ന മതസൗഹാര്‍ദ്ദ ബോര്‍ഡിനു മുമ്പിലാണയാള്‍ അടിയേറ്റ് വീണുമരിച്ചത്. ഫേസ്ബുക്കില്‍ ബല്‍താക്കറെയെയും ശിവജിയെയും ആരോ അവഹേളിച്ചു എന്ന കാരണം പറഞ്ഞാണവര്‍, ഇതൊന്നുമറിയാത്ത മുഹ്‌സിന്‍ ഷെയ്ക്കിനെ തല്ലിതല്ലിക്കൊന്നത്. ‘റാം റഹിം മിത്രമണ്ഡല്‍'എന്ന ബോര്‍ഡിലെ റഹിം എന്ന ഭാഗവും അവര്‍ അടിച്ചുതകര്‍ത്തുവത്രെ! മുഹസിന്‍ ഷെയ്ക്കിനെ കൊന്ന ഉടന്‍തന്നെ, ‘ആദ്യ വിക്കറ്റ് വീണു’ എന്ന് പോസ്റ്റ് ചെയ്യാനും അവര്‍ ‘ധീര’രായി! മുഹസിന്‍ ഷെയ്ക്ക് കൊല്ലപ്പെട്ടത്, തലയിലെ തൊപ്പിയും മുഖത്തെ താടിയും കാരണമാണ്. കുപ്രസിദ്ധമായ ‘ബോംബെ കലാപ’കാലത്ത് നടന്ന ക്രൂരതകളുടെ ഒരാവര്‍ത്തനം മാത്രം! അന്ന് തൊണ്ണൂറുകളില്‍ ബോംബെ കാലാപനാളുകളില്‍ ‘താടി’, ‘ലിംഗാഗ്രം’ എന്നിവ നിമിത്തം കൊല്ലപ്പെട്ടവരില്‍ മുസ്ലീങ്ങളല്ലാത്ത ചിലരും പെട്ടുപോയത്രെ! ‘താടിപ്രശ്‌നം’ വടിച്ചാല്‍ തീരും. എന്നാല്‍ ലിംഗാഗ്രത്തിന്റെ പ്രശ്‌നം അത്ര സിമ്പിളല്ല! അനില്‍ മിരാലോ എന്ന സ്ഥലം എംപി മുഹ്സിന്‍ ഷെയ്ക്കിന്റെ വധത്തെ സ്വാഭാവിക പ്രതികരണമായിട്ടാണ് കണ്ടത്. ഒരുപക്ഷേ ഇതൊന്നും അറിയാതെയാവാം, കേരളത്തിന്റെ മതേതര മനസ്സിനെ കോരിത്തരിപ്പിക്കുന്നൊരു കവിത മോഹനകൃഷ്ണന്‍ കാലടി എഴുതിയിട്ടുണ്ട്. ‘രാമനും റഹ്മാനും’ എന്ന ആ കവിതയിങ്ങനെ.

‘റഹ്മാനേ, ചങ്ങാതീ രാമനാണ്ടോ

നമ്മളൊന്നിച്ചു പഠിച്ചതാണ്ടോ

ഉപ്പിട്ട നെല്ലിക്ക മാറിമാറി

തുപ്പലും കൂട്ടിക്കടിച്ചതാണ്ടോ

...........

അമ്പലത്തില്‍ കേറി മുള്ളിയപ്പോള്‍

നമ്മള്‍ക്കൊരേ മണമുള്ള മൂത്രം

പള്ളിപ്പറമ്പീന്നു പായിച്ചപ്പോള്‍

നമ്മള്‍ക്കാരേ കിതപ്പും വിയര്‍പ്പും

.........

അങ്ങിനെ നമ്മളിരുട്ടത്തു ചെന്നിരു-

ന്നഞ്ചു രൂപയ്‌ക്കൊരു ബെറ്റുവെച്ചു

എത്രമെനക്കെട്ടുവെങ്കിലും കിട്ടിയ

ശുക്ലമൊരേയളവായിരുന്നു.

അപ്പോഴല്ലേ നമ്മള്‍ കണ്ടുപിടിച്ചത്

നമ്മള്‍ക്കിടയിലാ വെത്യാസം

നമ്മള്‍ക്കതങ്ങു മുറിച്ചു കളഞ്ഞാലോ

നമ്മളൊന്നിച്ചു പഠിച്ചതല്ലേ.............’

മോദി അധികാരത്തിലെത്തിയാല്‍ വംശഹത്യകള്‍ തുടര്‍കഥയാകും എന്ന് ഫേയ്‌സ്ബുക്കില്‍ പോസ്റ്റ്‌ ചെയ്തതിനാണ് ഗോവയില്‍ ദേവുചോദങ്കറിനെതിരെ അന്ന് കേസെടുത്തത്. ‘മതം സംരക്ഷിക്കാന്‍ ഹിന്ദുക്കള്‍ ആയുധമെടുക്കണമെന്ന് ആഹ്വാനം ചെയ്ത ശ്രീരാമസേന നേതാവ് പ്രമോദ് മുത്തലിക്കിനെതിരെ കേസ്സെടുക്കാതിരുന്ന ഗോവ പോലീസാണ്, ഒരു ഫേസ്ബുക്ക് കമന്റിനെതിരെ, മുന്‍കൂര്‍ ജാമ്യാപേക്ഷപോലും തള്ളി അതേ ഗോവയില്‍വെച്ച് ദേവു ചോഡങ്കറിനെതിരെ കേസ്സെടുത്തത്. അവിടുന്ന് തുടങ്ങിയ അറസ്റ്റുകള്‍ ഇന്നെവിടെ ചെന്നെത്തിനില്‍ക്കുന്നു എന്ന് വിശദീകരിക്കാന്‍ തുടങ്ങിയാല്‍ ഈ പ്രബന്ധം ഉടനെയൊന്നും അവസാനിപ്പിക്കാന്‍ കഴിയാതെ വരും. ചുരുക്കിപ്പറഞ്ഞാല്‍ ഇങ്ങിനെയൊക്കെയാണ് ഇന്ത്യയിലിപ്പോള്‍ ജനാധിപത്യം ശക്തിപ്പെടുന്നത്! ആരുമറിയാതെ പഴയകാലത്തെ ഉരലുകളെപ്പോലെ മൂലയില്‍കിടന്നിരുന്ന പാവം കോളേജ് മാഗസിനുകള്‍ പോലും പരിശോധിക്കപ്പെടുകയാണ്. ‘മോദി നിന്ദ'കള്‍ എന്തെങ്കിലുമുണ്ടോ എന്നറിയാന്‍!


ഏകദേശം എന്ന ‘ദേശ'വും എന്നാല്‍ എന്ന ‘ആലും'

‘എന്നാലും ഒന്ന് സൂക്ഷിക്കുന്നത് നന്ന്

അല്ല, ഒന്നുമുണ്ടായിട്ടല്ല

ആരോ രാത്രിവന്ന് വീടിനുപുറത്ത്

എന്തോ അടയാളമിട്ടു പോകുന്നുണ്ട്

ജന്മദിനത്തിന് ആരോ കൊണ്ടുവന്നേല്‍പ്പിച്ച

കേക്ക് മുറിക്കുമ്പോള്‍ ഒരു കത്തി

ആര്‍ക്കുവേണ്ടിയെന്നില്ലാതെ

ബാക്കിയാവുന്നുണ്ട്.

...................

ഫ്രിഡ്ജില്‍ വച്ചിട്ടും പച്ചക്കറികള്‍ ചീഞ്ഞ്

ഒരുകൂട്ടം നിലവിളികളുടെ മണം

വീട്ടിലാകെ നിറയുന്നുണ്ട്

എന്നാലും ഒന്ന് സൂക്ഷിക്കുന്നത് നന്ന്

.........................

അല്ല, ഒന്നുമുണ്ടായിട്ടല്ല

ഒന്നുമുണ്ടാവില്ല.

എന്നാലും.’

‘ഭൂമിയില്‍ ഏറ്റവും അവസാനത്തെ കവിത ആരാണെഴുതാന്‍ പോകുന്നതെന്ന് ആലോചിക്കുമ്പോഴാണ്’ എന്ന വി ജയദേവന്റെ ഏറെ പ്രത്യക്ഷമായും എന്നാല്‍ എല്ലാ ‘പരോക്ഷതകളുടെയും അടരുകളെപ്പോലും അസ്വസ്ഥപ്പെടുത്തുകയും ചെയ്യുന്ന, മോദിക്ക് ശേഷമുള്ള ഒരു കാലത്തോട് നിവര്‍ന്നു നിന്ന് സംവദിക്കുന്ന 'ദേശാഭിമാനി വാരിക' പ്രസിദ്ധീകരിച്ച, സൗമ്യമെങ്കിലും ഏറെ സ്‌ഫോടനാത്മകമായ കവിത വര്‍ത്തമാനകാലത്തിന്റെ ഹൃദയത്തിലേക്ക് തുറന്നുവെച്ച ഒരുകണ്ണുപോലെ തിളങ്ങുന്നു. ചില വാക്കുകളോട് പല കാരണങ്ങളാല്‍, ആത്മനിഷ്ഠമായൊരകലം ഏതൊരു ജീവിതത്തിലും ഇന്നത്തെ അവസ്ഥകളില്‍ സംഭവിച്ചുപോകും! അതൊരു ‘വാക്കിന്റെ കുറ്റമോ കുറവോ കൊണ്ടല്ല. വ്യക്തികളും അക്കാര്യത്തില്‍ അപരാധികളല്ല. അതുപോലെ ചില വാക്കുകള്‍ സംഘര്‍ഷങ്ങളില്‍ നമ്മുടെ വലിയ സഹായികളായും മാറും. ‘ഏകദേശം എന്ന ‘ദേശവും, ‘എന്നാല്‍ എന്ന ‘ആലും ഏറെക്കുറെ ആ വകുപ്പില്‍ ഉള്‍പ്പെടുത്താവുന്ന വാക്കുകളാണ്. അവ പലപ്പോഴും കൃത്യത അനിവാര്യമായി മാറുന്ന സന്ദര്‍ഭങ്ങളില്‍, അരോചകവും, ‘എന്നാല്‍' അല്ലാത്തപ്പോഴൊക്കെ വലിയ ആശ്വാസവുമാവും! ‘എന്നാല്‍ ഇതിനൊക്കെ അപ്പുറമുള്ള ഒരപൂര്‍വ്വമാനം, ‘എന്നാല്‍'എന്നൊരു വാക്കിനുണ്ടാവാമെന്ന് മലയാളഭാഷ തിരിച്ചറിയുന്ന, ഒരപൂര്‍വ്വ സന്ദര്‍ഭമാണ്, ‘ഭൂമിയില്‍ ഏറ്റവും അവസാനത്തെ കവിത ആരാണെഴുതാന്‍ പോകുന്നതെന്ന് ആലോചിക്കുമ്പോഴാണ്’ എന്ന താരതമ്യേന നീണ്ട പേരുള്ള വി ജയദേവന്റെ ശ്രദ്ധേയമായ കവിത, മോദിക്കുശേഷമുള്ള കാലത്തെ ആശങ്കാനിര്‍ഭരമായ അവസ്ഥകളെ ‘എന്നാല്‍' എന്ന ഒരു വാക്കുകൊണ്ട്, വരക്കാത്ത ഒരു വരയില്‍ പിടിച്ചുനിര്‍ത്തുകയാണ്. പതിവുകളുടെ വരണ്ട മടുപ്പുകളില്‍നിന്ന്, ഒരുവാക്ക് മോചിതമായി, രാഷ്ട്രീയ പ്രബുദ്ധതയുടെ ചുരുക്കെഴുത്തായി മാറുന്ന വിസ്മയമാണ്, ആ ഒരൊറ്റ ‘എന്നാലില്‍ ഞാനനുഭവിച്ചത്. ‘എന്നാലും ഒന്നു സൂക്ഷിക്കുന്നത് നന്ന്/ അല്ല, ഒന്നുമുണ്ടായിട്ടല്ല' എന്ന വി ജയദേവന്റെ കവിതയിലെ തുടക്കമുണ്ടാക്കിയ ‘താല്പര്യം അതേ കവിതയുടെ അവസാനത്തിലെ ‘എന്നാലും' എന്നതിലെത്തിയപ്പോള്‍, തലചുറ്റിക്കുംവിധമുള്ള ഒരാഘാതമായി, വെറുമൊരു വാക്കിനുമപ്പുറത്തേക്ക് എന്നെ വലിച്ചെറിയുക തന്നെയാണുണ്ടായത്. ആരോ ഇട്ടുപോവുന്ന ഏതോ അടയാളങ്ങളും, ബാക്കിവന്ന ‘കത്തിയും ആരുടെയോ മുറിക്കപ്പെട്ട മുഴുവിരലും, നിലവിളികളുടെ മണവും ചേര്‍ന്നൊരുക്കുന്ന, ‘കാക്കഫോണികളില്‍വെച്ച് കരുത്താര്‍ജ്ജിച്ച, കവിതയിലെ ‘എന്നാല്‍', മുന്‍പ് സൂചിപ്പിച്ച തണല്‍ നല്‍കുന്ന ‘ഒരാല്‍ അല്ല; മറിച്ചത് ഫാസിസ്റ്റ് അധിനിവേശത്തിന്റെ ആശങ്കകള്‍ തിളച്ചുമറിയുന്നൊരു ‘എന്നാല്‍' ആണ്. എന്നാലുകളിലും എങ്കിലുകളിലും പക്ഷേകളിലും പഴയതുപോലെ ചുറ്റിക്കറങ്ങാതെ ഇനിയെങ്കിലും ഫാസിസത്തെ പ്രതിരോധിക്കാന്‍ ഇന്ത്യക്കാരോന്നാകെ ഒരുമിക്കണം. ഇപ്പോഴത്‌ ചെയ്യാനാവുന്നില്ലെങ്കില്‍ പിന്നീടതിന് വലിയ വില കൊടുക്കേണ്ടിവരും. നിലവിളിക്കുന്നതിനും പരസ്പരം പഴിപറയുന്നതിനും പകരം നിവര്‍ന്നുനിന്ന് പൊരുതാനുള്ള നേരമാണിത്.

Contact the author

Recent Posts

Views

നടന്നുകൊണ്ട് നില്‍ക്കുന്നവര്‍ - ടി. കെ. സുനില്‍ കുമാര്‍

More
More
Dr. Anil K. M. 1 week ago
Views

കിംവദന്തികള്‍ ദേശീയാഖ്യാനങ്ങളായി മാറുന്ന വിധം - ഡോ. കെ എം അനില്‍

More
More
Views

ദിശ രവിയെ വിട്ടയക്കുക! രാജ്യമാകെ ഈ മുദ്രാവാക്യമുയരണം - കെ. ടി. കുഞ്ഞിക്കണ്ണൻ

More
More
Views

ജനങ്ങളെ ജനങ്ങള്‍ക്കെതിരാക്കാന്‍ ജനാധിപത്യത്തില്‍ വഴികളുണ്ട് - എം എന്‍ കാരശ്ശേരി

More
More
Views

ഹിന്ദുത്വ രാഷ്ട്രീയത്തെ ഫാസിസം എന്നുവിളിക്കാമോ ?-പ്രൊഫ. ഐജാസ് അഹമദ്

More
More
Nadeem Noushad 1 week ago
Views

കോഴിക്കോട് അബ്ദുള്‍ഖാദറിന്‍റെ ജീവിതപുസ്തകത്തിലെ മറഞ്ഞിരിക്കുന്ന ഏടുകള്‍ - നദീം നൗഷാദ്

More
More