പകര്‍ച്ചവ്യാധിക്കാലത്ത് ഉസ്താദ് അലാവുദ്ദീന്‍ ഖാനെയും ആദ്യത്തെ ഓര്‍ക്കസ്ട്രയെയും ഓര്‍ക്കുമ്പോള്‍ - നദീം നൗഷാദ്

ഒരു പകര്‍ച്ചവ്യാധിക്കാലത്ത് തുടങ്ങിയ ഓര്‍ക്കസ്ട്രയെ മറ്റൊരു പകര്‍ച്ചവ്യാധിക്കാലത്ത് ഓര്‍ക്കുന്നത് കൗതുകരമായിരിക്കും. കൊവിഡ് പോലെ 1918-ല്‍ ഒരു സാംക്രമികരോഗം മധ്യപ്രദേശിലെ മൈഹറിലും പരിസര പ്രദേശങ്ങളിലും പടര്‍ന്നുപിടിച്ചു. ചുവപ്പ് ജ്വരം എന്നറിയപെട്ട ഈ മഹാമാരി നിരവധി ജീവനുകള്‍ അപഹരിച്ചു. നിരവധി പിഞ്ചുകുട്ടികള്‍ അനാഥരായി. ഹിന്ദുസ്ഥാനി സംഗീതജ്ഞന്‍ ഉസ്താദ് അലാവുദ്ദീന്‍ ഖാനെ ഈ സംഭവം വല്ലാതെ ഉലച്ചുകളഞ്ഞു. ബാബ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഉസ്താദ് അലാവുദ്ദീന്‍ ഖാന്‍ അപ്പോള്‍ മൈഹറിലെ കൊട്ടാരം ഗായകനായിരുന്നു. മൈഹര്‍ രാജാവ് ബ്രിജ്നാഥ് സിംഗുമായി  ആലോചിച്ച്, ദുരന്തത്തിന് ഇരയായ കുട്ടികളെ സംഗീതമഭ്യസിപ്പിക്കാനും അതുവഴി അവരെ പുതുജീവിതത്തിലേക്ക് കൊണ്ടുവരുവാനും അദ്ദേഹം തീരുമാനിച്ചു. അങ്ങനെയാണ് ഇന്ത്യയിലെ ആദ്യത്തെ ഓര്‍ക്കസ്ട്ര രൂപംകൊണ്ടത്. 

എട്ടും പതിനാറും വയസ്സിനിടയില്‍ പ്രായമുള്ള പതിനെട്ട് കുട്ടികളെ ഏറ്റെടുത്ത് ബാബ സംഗീതം പഠിപ്പിക്കാന്‍ തുടങ്ങി. എല്ലാ സൗകര്യങ്ങളും സംഗീതോപകരണങ്ങളും നല്‍കി രാജാവ് ഒപ്പംനിന്നു. ക്രമേണ അവരൊരു മികച്ച ബാന്‍ഡായി അറിയപ്പെട്ടു. അക്കാലത്ത് ഇന്ത്യന്‍ സംഗീതത്തില്‍ അത്തരമൊരു സംഘം ഒരു വിസ്മയമായിരുന്നു. ഒരു ഹിന്ദുസ്ഥാനി സംഗീതജ്ഞന്‍റെ നേതൃത്വത്തില്‍ ഇത്തരത്തില്‍ ഒരു സംഗീതസംഘം ഉണ്ടായിവന്നത് പലരിലും അത്ഭുതമുണ്ടാക്കി. ഗ്രാമഫോണില്‍ സംഗീതം റെക്കോര്‍ഡ്‌ ചെയ്യുന്നത് തങ്ങളുടെ കലയെ നശിപ്പിക്കും എന്ന് വിശ്വസിച്ച സംഗീതകാരന്മാരുടെ കാലത്താണ് ബാബ ഇത്തരമൊരു സാഹസം ചെയ്തത്. അതെ ഉസ്താദ് അലാവുദ്ദീന്‍ ഖാന്‍ എല്ലാ നൂതന സംഗീതപരീക്ഷണങ്ങളിലും അതീവ തത്പരനായിരുന്നു.

മൈഹര്‍ ബാന്‍ഡില്‍ നാടോടി സംഗീതവും പാശ്ചാത്യ സംഗീതവും ബാബ സമന്വയിപ്പിച്ചു. അദ്ദേഹം ചിലവ് കുറഞ്ഞ രീതിയില്‍ ചില സംഗീത ഉപകരണങ്ങള്‍ രൂപകല്‍പ്പന ചെയ്തു. ഉപേക്ഷിക്കപെട്ട തോക്കിന്‍ കുഴല്‍ പൊട്ടിച്ച് രൂപപ്പെടുത്തിയ 'നല്‍തരംഗ്' ആയിരുന്നു അവയില്‍ ഏറ്റവും ശ്രദ്ധേയം. വെറുപ്പിന്‍റെയും പകയുടെയും പ്രതീകമായ തോക്കില്‍ നിന്ന് മനുഷ്യസ്നേഹത്തിന്‍റെയും ആര്‍ദ്രതയുടെയും പ്രതീകമായ ഒരു സംഗീതോപകരണം ഉണ്ടാക്കിയത് ഇന്ത്യന്‍ സംഗീത ചരിത്രത്തിലെ അപൂര്‍വ്വ സംഭവമാണ്. 

കൊട്ടാരത്തിലെ ഗാലറിയില്‍ ഇരുന്നായിരുന്നു ബാന്‍ഡ് വായിച്ചിരുന്നത്. രാജാവിന്‍റെ  ബന്ധുക്കളും പ്രഭുക്കന്‍മാരും മറ്റു ക്ഷണിക്കപ്പെട്ട അതിഥികളുമെല്ലാം സദസ്സിലുണ്ടാകും. ബാന്‍ഡ് മാസ്റ്റര്‍ അലാവുദ്ദീന്‍ ഖാന്‍ സദാ അവരുടെ കൂടെത്തന്നെയായിരുന്നു. ഇരുനൂറ്റിയമ്പതോളം രചനകള്‍ ബാബ അവരെ പഠിപ്പിച്ചു. അതില്‍ പാശ്ചാത്യവും ഉള്‍പ്പെടും. കൊട്ടാരം സന്ദര്‍ശിക്കാന്‍ വരുന്ന യൂറോപ്യരെ രസിപ്പിക്കാന്‍ വേണ്ടിയായിരുന്നു പാശ്ചാത്യ സംഗീതം പഠിപ്പിച്ചത്. ബാന്‍ഡിലെ അംഗങ്ങള്‍ പിന്നീട് വേദികളില്‍  ഏകവാദ്യവുമായി പ്രത്യക്ഷപ്പെട്ട് സംഗീതരംഗത്ത് തങ്ങളുടെ സാന്നിധ്യം അറിയിച്ചു.

ബാന്‍ഡില്‍ മൂന്ന് പെണ്‍കുട്ടികളുമുണ്ടായിരുന്നു. സ്ത്രീകള്‍ക്ക് പൊതുപരിപാടികളില്‍ പങ്കെടുക്കാന്‍ വിലക്കുകള്‍ നിലനിന്ന കാലത്ത് ഇത് വലിയൊരു സാമൂഹ്യവിപ്ലവമായി കണക്കാക്കപ്പെട്ടു. മൈഹര്‍ എന്ന ചെറിയ നാട്ടുരാജ്യത്തിലെ വിഭവങ്ങള്‍ പരിമിതമായിരുന്നു. കൊട്ടാരത്തില്‍ ഒരു വലിയ പിയാനോ ഉണ്ടായിരുന്നു. വയലിനും മറ്റു ഉപകരങ്ങളും പുറത്തുനിന്ന് കൊണ്ടുവന്നു. സംഗീത ഉപകരണങ്ങള്‍ക്കായി മൈഹര്‍ രാജാവ് ധാരാളം പണം ചിലവഴിച്ചു.  

സരോദായിരുന്നു ബാബയുടെ ഏറ്റവും പ്രിയപ്പെട്ട ഉപകരണം. ഇതുകൂടാതെ വയലിന്‍, റബാബ്, സുര്‍ശ്രിങ്കാര്‍, സിതാര്‍, സുര്‍ബഹാര്‍, ബാന്‍സുരി, ഡ്രം, തബല, എസ്രാജ്, ക്ലാരിനെറ്റ്, ദില്‍രുപ, ധോലക്, പക്കാവജ്, പിയാനോ, ഹാര്‍മോണിയം താളശ്രുതി ഭേദമില്ലാതെ ഒരുപാട് സംഗീതോപകരണങ്ങള്‍  ബാബ കൈകാര്യം ചെയ്‌തിരുന്നു. നിലവിലുള്ള ഉപകരണങ്ങളില്‍ നിന്ന് ചെറിയ മാറ്റങ്ങളോടെ ചന്ദ്രസാരംഗ്, സിതാര്‍ ബന്‍ജോ എന്നിങ്ങനെ പുതിയ ചിലവ അദ്ദേഹം രൂപകല്‍പ്പന ചെയ്യുകയുമുണ്ടായി. ഇവയെല്ലാം ബാബ തന്റെ കുട്ടികളെ പഠിപ്പിച്ചു.

ഏറെ പേരെടുത്തുകഴിഞ്ഞപ്പോഴും ഒരു സംഗീത വിദ്യാര്‍ഥിയുടെ മനസ്സ് ബാബ സൂക്ഷിച്ചു. കൂടുതല്‍ സംഗീതോപകരണങ്ങള്‍ പഠിക്കാനും അത് മറ്റുള്ളവരെ പഠിപ്പിക്കാനും ബാബ സദാ സന്നദ്ധനായിരുന്നു. താല്‍പര്യവും അര്‍പ്പണബോധവുമുള്ള ഒരാള്‍ക്കുപോലും സംഗീതം നിഷേധിക്കപ്പെടരുതെന്ന് അലാവുദ്ദീന്‍ ഖാന് നിര്‍ബന്ധമുണ്ടായിരുന്നു. ചൊല്ലിക്കൊടുക്കുന്ന പാഠങ്ങള്‍ മണിക്കൂറുകളോളം പരിശീലനം ചെയ്യിപ്പിക്കുക, അത് പിഴവില്ലാതെ വായിപ്പിക്കുക എന്നിവയില്‍ നിഷ്കര്‍ഷത പുലര്‍ത്തി. പഠിപ്പിച്ച കാര്യം ശരിയായി വായിക്കാന്‍ പറ്റിയില്ലെങ്കില്‍ നിര്‍ദ്ദയം ശിക്ഷ നല്‍കുന്ന രീതിയായിരുന്നു അദ്ദേഹത്തിന്റേത്. ഉസ്താദ് അലാവുദ്ദീന്‍ ഖാന്‍റെ കീഴില്‍ പഠിക്കുന്നത് ശിഷ്യര്‍ക്ക് പേടി സ്വപ്നമായിരുന്നു. ബാബയുടെ കീഴില്‍  പഠിച്ചുതെളിഞ്ഞവരെക്കാള്‍ പഠനം പൂര്‍ത്തിയാക്കാതെ ഓടിപ്പോയവരായിരിക്കും ഒരുപക്ഷെ കൂടുതല്‍. ഉറച്ചുനിന്ന് പഠിച്ചവരെല്ലാം ലോകം അറിയപ്പെട്ട സംഗീതജ്ഞരായി.

സംഗീതം പഠിക്കാന്‍ എട്ടാം വയസ്സില്‍ വീട്ടില്‍നിന്ന് ഒളിച്ചോടി കൊല്‍ക്കത്തയിലെ തെരുവില്‍ യാചകരുടെയും നാടോടികളുടെയും കൂടെ ജീവിച്ച ഒരു കുട്ടിക്കാലം ബാബക്കുണ്ടായിരുന്നു. അതുകൊണ്ട് സാധാരണക്കാരുടെ പ്രശ്നങ്ങള്‍ അദ്ദേഹത്തിന് നന്നായി മനസ്സിലാവുമായിരുന്നു. സംഗീതത്തിന്‍റെ കൊടുമുടികള്‍ കീഴടക്കാന്‍ താണ്ടിയ ദുരിതക്കയറ്റങ്ങള്‍ ബാബയ്ക്ക് മനുഷ്യരേക്കുറിച്ച് പുതിയ അവബോധം ഉണ്ടാക്കി. അതുകൊണ്ട് പഠിക്കാന്‍ കഴിവുള്ള പാവപെട്ടവര്‍ക്ക് ഒരിക്കലും അദ്ദേഹം പഠനം നിഷേധിച്ചില്ല. 

ഉസ്താദ് അലാവുദ്ദീന്‍ ഖാന്റെ മരണശേഷം 'മൈഹര്‍ ബാന്‍ഡിന് നേതൃത്വം നഷ്ട്ടമായി. ഇതേതുടര്‍ന്ന് മൈഹര്‍ കുടുബത്തിലെ ഒരംഗമായ നാരായണന്‍ സിംഗിന്‍റെ പരിശ്രമ ഫലമായി ബാന്‍ഡിനെ മൈഹര്‍ സംഗീത കോളേജുമായി ബന്ധിപ്പിച്ചു. 1955-ല്‍ ബാബ സ്ഥാപിച്ചതായിരുന്നു സംഗീത കോളേജ്. ആദ്യത്തെ 'ഇന്ത്യന്‍ ഓര്‍ക്കസ്ട്ര' പിന്നീട് മധ്യപ്രദേശ് സര്‍ക്കാരിന്‍റെ സാംസ്‌കാരിക വകുപ്പ് ഏറ്റെടുത്തു. മൈഹര്‍ ബാന്‍ഡ് മൈഹറിലും മറ്റു പല നഗരങ്ങളിലും പരിപാടികള്‍ അവതരിപ്പിച്ചു. ഉസ്താദ് അലാവുദ്ദീന്‍ ഖാന്‍റെ പേരില്‍ നടത്തപ്പെടുന്ന സംഗീത മേളയിലും സ്ഥിരമായി പങ്കെടുത്തു. മുമ്പത്തെപ്പോലെ സജീവമല്ലെങ്കിലും ബാബയുടെ ഓര്‍മ്മ നിലനിര്‍ത്താന്‍ ഇപ്പോഴും അവര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. കാരണം അത് ഒരു മഹാമാരിയെ നേരിട്ട അതിജീവനത്തിന്‍റെ ചരിത്രം കൂടിയായിരുന്നു.

Contact the author

Nadeem Noushad

Recent Posts

Music

രണ്ടരക്കോടി പ്രതിഫലം വാങ്ങിയിട്ടും പ്രമോഷന് സഹകരിക്കുന്നില്ല; കുഞ്ചാക്കോ ബോബനെതിരെ നിര്‍മ്മാതാവ്

More
More
Web Desk 1 year ago
Music

'ഈ മനുഷ്യൻ ഇങ്ങനെയാണ്, പ്രതിഭയാണ്'; ഹരിനാരായണനെക്കുറിച്ച് സിത്താര കൃഷ്ണ കുമാര്‍

More
More
Music

തല മൊട്ടയടിച്ച് പട്ടാള ലുക്കില്‍ ബിടിഎസ് താരം ജിന്‍; ചിത്രങ്ങള്‍ വൈറല്‍

More
More
Music

മോഹന്‍ലാലിന്റെ 'ആറാട്ട്' ഫെബ്രുവരി 18-ന് തിയറ്ററുകളില്‍

More
More
Web Desk 2 years ago
Music

സൗന്ദര്യവും സ്നേഹവും മാനവികതയും ഹൃദയത്തില്‍ സൂക്ഷിച്ച ബിച്ചു

More
More
Web Desk 2 years ago
Music

ഓര്‍മ്മകളുടെ താരാപഥത്തില്‍ എസ് പി ബി; ആ സുന്ദരശബ്‍ദം നിലച്ചിട്ട് ഒരാണ്ട് പിന്നിടുന്നു

More
More