പറവയായതുകൊണ്ടല്ല, വെറും മനുഷ്യനായതുക്കൊണ്ട് - ഷിന്‍ ചാന്‍ (ഷാജു വിവി)

സ്വതേ അയാൾ രാജ്യവിരുദ്ധനായിരുന്നു.

രാജ്യം അയാളുടെ തെരഞ്ഞെടുപ്പല്ലായിരുന്നു.

കോഴി വിരിയുന്നിടത്തുവച്ച്

കൂട പൊതിയുന്ന കെണിയാണ് രാജ്യമെന്ന്

അയാൾ എന്നും പറയും.


രാജ്യം സ്വയംഭൂവാണെങ്കിൽപ്പോലും

അയാൾ രാജ്യവിരുദ്ധനാണ്.

ക്ഷേമരാഷ്ട്രത്തിലെ

പ്രജയാണെങ്കിൽപ്പോലും

അയാൾക്ക് രാജ്യം 

ഒരു ഓക്കാനമാണ്.


മതം 

അയാളുടെ തെരഞ്ഞെടുപ്പല്ലായിരുന്നു,

ഒരു ഗ്ലാസ് ടംബ്ലർ 

സരസമായി നിലത്തിടും പോലെ

അയാളതിനെ കൈവിട്ടതാണ്.

പുകിലൊന്നുമുണ്ടായില്ല.


അയാളത്ര കാൽപ്പനികനൊന്നുമല്ല.

സൈന്യം,

ബോംബർ വിമാനങ്ങൾ, 

കോടതി,

പാർലമെൻ്റുമന്ദിരങ്ങൾ,

രാഷ്ട്രപിതാക്കളുടെ പ്രതിമകൾ,

ചരിത്ര സ്മാരകങ്ങൾ,

രാഷ്ട്രഭാഷ,

രാഷ്ട്രപൂജ ചെയ്യുന്ന ജനസഞ്ചയങ്ങൾ,

രാഷ്ട്രത്തെ പ്രതിനിധീകരിക്കുന്ന

വിഷാദത്തിൻ്റെ താളത്തിലുള്ള പാട്ടുകൾ,

പുരാവസ്തു വിദഗ്ധർ കുഴിച്ചെടുക്കുന്ന

സഹസ്രാബ്ദങ്ങളുടെ ചരിത്രം പറയുന്ന

പടച്ചട്ടകൾ,

താളിയോലകൾ,

സംഗീതോപകരണങ്ങൾ,

ദിനോസറിൻ്റെ ഇടുപ്പെല്ല്,

ചക്രവർത്തിമാർക്ക് പുറം ചൊറിയാൻ

രൂപകൽപ്പന ചെയ്ത 

കലമാൻകൊമ്പ്,

കുറ്റവാളികളെ കലാപരമായി കൊല്ലാൻ

നിർമ്മിക്കപ്പെട്ട

ക്രൂരമായ വാസ്തു,

കെട്ടുകഥകൾ,

എതിരികളായ അയൽ രാജ്യങ്ങൾ...

ഇവയെല്ലാം ചേർന്ന

യുക്തിഭദ്രമായ അസംബന്ധമാണ്

രാജ്യമെന്നതയാൾക്കറിയാതെയല്ല.


സ്വരാജ്യത്തിൻ്റെ 

ഗോൾ വല കുലുങ്ങുമ്പോൾ

ആഹ്ളാദത്താൽ അയാളുടെ ഹൃദയം

ചിറകടിച്ചു പറക്കുന്നതിൽ

അയാൾക്കൊരു 

അസ്വാഭാവികതയും തോന്നിയില്ല.


ഇപ്പോഴിതാ രാജ്യം

അതിനെ ഭക്തിയോടെ കണ്ട ജനതയോട്

ആ ഭക്തിക്കാധാരമായ രേഖകൾ

ചോദിക്കുമ്പോൾ,

രാജ്യമതിൻ്റെ അവയവങ്ങളോരോന്നായി

ലേലത്തിനു വെക്കുമ്പോൾ

തീറ്റിപ്പോറ്റുന്നവരെ വെയിലത്ത് നിർത്തി

പരിഹസിക്കുമ്പോൾ

ഞാനീ രാജ്യത്തിൻ്റേതല്ല

എന്ന വാക്യത്തോടൊപ്പം

ഈ രാജ്യം എൻ്റെതല്ലയെന്ന

ചുവന്ന മഷി കൊണ്ടുള്ള അടിക്കുറിപ്പും 

അയാൾ എഴുതിക്കഴിഞ്ഞു.


അതിർത്തികൾ ബാധകമല്ലാത്ത

പറവയായതുകൊണ്ടല്ല,

വെറും മനുഷ്യനായതുക്കൊണ്ട്.


(ഷിൻ ചാൻ: ചൈനീസ് മലമടക്കുകളിൽ ജീവിച്ച അപ്രശസ്ത കവി)

Contact the author

Recent Posts

Binu M Pallippad 1 month ago
Poetry

കഥാർസിസ് - ബിനു എം പള്ളിപ്പാട്

More
More
Web Desk 2 months ago
Poetry

സാഹിര്‍ പറയുന്നു: ബോംബ് എവിടെ വീണാലും മുറിവേല്‍ക്കുന്നത് ആത്മാവിനാണ്- കെ പി എ സമദ്

More
More
Web Desk 3 months ago
Poetry

ചിത്രപ്പണിയൊട്ടുമില്ലാത്ത ആ ഒറ്റ വാക്ക്- ശിഹാബുദ്ധീൻ വെളിയങ്കോട്

More
More
Mehajoob S.V 4 months ago
Poetry

രോഹിത് വെമുല പറയുന്നു- എസ് വി മെഹ്ജൂബ്

More
More
Sathya Raj 6 months ago
Poetry

വെളുത്ത ഒരു നിഴലിനെക്കുറിച്ച്- സി സത്യരാജന്‍

More
More
Dr. Azad 6 months ago
Poetry

അത്രമേല്‍ നിശ്ശബ്ദരായ ഒരു തലമുറയാണ് നാം- ഡോ. ആസാദ്

More
More