ഛായാപടം - അവധൂതന്റെ മൊഴികള്‍ - ഷാനവാസ് കൊനാരത്ത്

അവധൂതന്‍ തനിക്ക് മുന്നിലിരിക്കുന്നവര്‍ക്കായി ഒരു കഥ പറഞ്ഞു.

രണ്ടു ചങ്ങാതിമാര്‍ ഒരു ഗുരുവിനെ കാണാന്‍ പോയി. അവര്‍ ചെല്ലുമ്പോള്‍ അയാള്‍ എന്തോ അഗ്നിക്ക് ഇരയാക്കാന്‍ തുടങ്ങുകയായിരുന്നു. അപ്പോള്‍ സന്ദര്‍ശകരില്‍ ഒന്നാമന്‍ ചോദിച്ചു-

"ഗുരോ അങ്ങ് എന്താണ് കത്തിക്കാന്‍ ഒരുങ്ങുന്നത്?"

"ഇതൊരു ഛായാപടമാകുന്നു." 

''ആരുടെ?''

''എന്റെ തന്നെ, ഇന്നലെ എന്നെ കാണാന്‍ എത്തിയ ചിത്രകാരന്‍ വരച്ചതാണ്. അരുതെന്ന് വിലക്കിയിട്ടും അയാള്‍ വരച്ചു. അതിവിടെ സമര്‍പ്പിച്ച്‌ പോവുകയും ചെയ്തു. എനിക്കാണെങ്കില്‍ സൂക്ഷിപ്പുകളോ സൂക്ഷിച്ചുവെയ്ക്കാന്‍ ഇടങ്ങളോ ഇല്ല."

അതെനിക്ക് നല്‍കിയാലും ഗുരോ... ഞാനത് സൂക്ഷിക്കാം, എനിക്ക് അങ്ങയെ എപ്പോഴും കണ്ടുകൊണ്ടിരിക്കുകയും ചെയ്യാമല്ലോ..." -സന്ദര്‍ശികരില്‍ രണ്ടാമന്‍ പറഞ്ഞു.

അപ്പോള്‍ ഒന്നാമന്‍ പറഞ്ഞു- ''അതെനിക്ക് തന്നാലും ഗുരോ... ഞാന്‍ സൂക്ഷിക്കാം...''

അതുകേട്ട് ഗുരു മന്ദഹാസത്തോടെ ഇങ്ങനെ മൊഴിഞ്ഞു- "അതുതന്നെയാണ് എന്റെ ഭയം, എന്റെ കാലശേഷം നിങ്ങളാ ചിത്രംകൊണ്ട് പുതിയൊരു ദൈവത്തെ പണിഞ്ഞേക്കാം. ഏറ്റവും ഹീനമായ ആ കര്‍മ്മത്തിന് അറിയാതെപോലും പങ്കാളിയാവുകയായിരിക്കും ഞാന്‍ ചെയ്യുക. ദൈവത്തിനു പകരക്കാരനെ സൃഷ്ടിക്കുകയോ!" - സന്ദര്‍ശകര്‍ നോക്കിനില്‍ക്കെ ഗുരു ആ ഛായാപടം അഗ്നിക്കിരയാക്കി.

കഥനശേഷം അവധൂതന്‍ ആള്‍ക്കൂട്ടത്തെ ഇങ്ങനെ അഭിസംബോധന ചെയ്തു-

"കണ്ടില്ലെന്നു നടിക്കരുത്. എന്തെന്നാല്‍ അന്ധന് നിങ്ങളെ ശബ്ദംകൊണ്ട് തിരിച്ചറിയാം. കാരുണ്യത്തില്‍ പിശുക്കരാവരുത്, കാരുണ്യം ഏറ്റവും ചേതോഹരമാകുക അത് ഏറ്റുവാങ്ങപ്പെടുമ്പോഴാണല്ലോ. ദാനത്തെ പ്രദര്‍ശിപ്പിക്കുമ്പോള്‍ ദൈവനീതി പരിഹസിക്കപ്പെടുന്നു, ദാതാവും സ്വീകര്‍ത്താവും മാത്രമറിയുമ്പോള്‍ ദാനം വിശുദ്ധമാകുന്നു. ഒരാള്‍ ഭിക്ഷ ചോദിക്കുന്നു. മറ്റൊരാള്‍ നല്‍കുന്നു. നല്‍കിയത്  ഭിക്ഷയല്ല, മനസ്സുതന്നെയെന്ന് പറയാന്‍ അയാളുടെ സത്യത്തിനു കഴിയട്ടെ. എന്തെന്നാല്‍, കരുണ ഭിക്ഷയല്ല; ദേവസ്പര്‍ശമാണ്.

ഷാനവാസ് കൊനാരത്ത്

കഥാകൃത്തും നോവലിസ്റ്റും. റെഡ്  ബുക്സിന്റെ മാനേജിംങ്ങ് ഡയറക്ടറാണ്. അഗമ്യം, സര്‍വ്വം വിവസ്ത്രമാക്കുന്ന കണ്ണുകള്‍, ആത്മഹത്യാ കുറിപ്പില്‍ പറയാത്തത് (നോവല്‍), ചൈനീസ് എംബസി (കഥാസമാഹാരം), അപ്പുണ്ണിയുടെ വീട്, സ്കൂള്‍ ലീഡര്‍ (ബാലാസാഹിത്യം ), അവധൂതന്റെ മൊഴികള്‍ എന്നിവയാണ് കൃതികള്‍.
Contact the author

Shanavas Konarath

Recent Posts

Lisha Yohannan 2 years ago
Stories

റൈനോൾഡച്ചന്റെ ബാധ- ലിഷാ യോഹന്നാന്‍

More
More
V J Thomas 2 years ago
Stories

ആമകൾ പറക്കുന്ന കാലം - വി. ജെ. തോമസ്

More
More
Gafoor Arakal 3 years ago
Stories

ദാഹം (ആയിരത്തൊന്നു രാവുകള്‍) - പുനരാഖ്യാനം - ഗഫൂര്‍ അറയ്ക്കല്‍

More
More
V J Thomas 3 years ago
Stories

ആൺവൃക്ഷത്തോടവൾക്കു പറയാനുള്ളത് - വി.ജെ. തോമസ്

More
More
V J Thomas 3 years ago
Stories

വിത്തുകുത്തി തിന്നുന്നവർ - വി ജെ തോമസ്‌

More
More
Nadeem Noushad 3 years ago
Stories

മഞ്ഞക്കാലുള്ള മനുഷ്യന്‍ - സുധീര്‍ തപ്ലിയൽ - പരിഭാഷ: നദീം നൗഷാദ്

More
More