ഡല്‍ഹി: ഇനിമുതല്‍ വീഡിയോ കോൺഫറൻസ് വഴി വിചാരണ നടത്തുമ്പോള്‍ ലിങ്കുകള്‍ വാട്ട്സാപ്പിലൂടെ ഷെയര്‍ ചെയ്യില്ലെന്ന് സുപ്രീംകോടതി. വാട്ട്സാപ്പിനു പകരം കോടതിയുടെ വിര്‍ച്വല്‍ വിചാരണകള്ക്കായുളള ലിങ്കുകള്‍ രജിസ്റ്റര്‍ ചെയ്ത ഇമെയില്‍ ഐഡികളിലേക്കും ബന്ധപ്പെട്ട അഭിഭാഷകരുടെ മൊബൈല്‍ നമ്പറുകളിലേക്കും അയക്കുമെന്നും കോടതി വ്യക്തമാക്കി.
സര്‍ക്കാര്‍ പുറപ്പെടുവിച്ച പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരം വീഡിയോ കോണ്‍ഫറന്‍സ് ലിങ്കുകള്‍ വാട്ട്സാപ്പില്‍ ഗ്രൂപ്പുകളില്‍ ഷെയര്‍ ചെയ്യുന്നതും നിരോധിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനുകള്‍, ഒടിടി പ്ലാറ്റ്ഫോമുകള് എന്നിവയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങളില്‍ ഫേസ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.
സമൂഹ മാധ്യമങ്ങളില്‍ പങ്കുവക്കപ്പെടുന്ന സന്ദേശങ്ങള്‍ രാജ്യത്തിന്റെ സുരക്ഷക്കും പരമാധികാരത്തിനും ഭീഷണിയാണെന്ന് തോന്നിയാല്‍ അവയുടെ ഉറവിടം തിരിച്ചറിയുന്നതിനും നടപടിയെടുക്കുന്നതിനും കമ്പനികളോട് നിര്‍ദേശിക്കാന്‍ സര്‍ക്കാറിന് അധികാരമുണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്നു.