തിരുവനന്തപുരം: ''മുഖ്യമന്ത്രി പിണറായി വിജയനുമായി അത്ര പെട്ടെന്ന് അടുക്കാനാവില്ല എന്നാല്‍ അടുത്താല്‍ അകലാനുമാവില്ല, കോണ്‍ഗ്രസ് വിട്ടകാലം മുതല്‍ ആ സ്നേഹത്തിന്റെ മാസ്മരിക വലയത്തിലാണ് ഞാന്‍ ജീവിക്കുന്നത്''-എ. കെ. ആന്റണിക്ക് ശേഷം ആദര്‍ശ രാഷ്ട്രീയത്തിന് കോണ്‍ഗ്രസ്സില്‍ ഇടമുണ്ടാക്കുകയും കഴിഞ്ഞ 20 വര്‍ഷമായി സിപിഎമ്മിനൊപ്പം നിലയുറപ്പിക്കുകയും ചെയ്ത ചെറിയാന് ഫിലിപ്പിന്റെതാണ് വാക്കുകള്‍. മാതൃഭൂമിക്ക് നല്കിയ അഭിമുഖത്തിലാണ് ചെറിയാന് ഫിലിപ്പ് തന്റെ പിണറായി ആഭിമുഖ്യം വ്യക്തമാക്കുന്നത്.
ചെറിയാന് ഫിലിപ്പ് തുടരുന്നു " കഴിഞ്ഞ 20 വര്‍ഷമായി എല്ലാ വിഷുവിനും ഓണത്തിനും ഞാന്‍ പിണറായി വിജയന്റെ വീട്ടില്‍ നിന്നാണ് ഭക്ഷണം കഴിക്കുന്നത്. 1970 - ല്‍ അദ്ദേഹം എംഎല്‍എ ആയി വന്ന കാലം മുതല്‍ എനിക്ക് അടുപ്പമുണ്ട്. വലിയ ബഹുമാനം അന്നുമുതല്‍തന്നെ തോന്നിയിട്ടുണ്ട്. കോണ്‍ഗ്രസ്സുമായി അകന്നപ്പോള്‍ എന്നെ സംരക്ഷിച്ചതും ഇടതുപക്ഷത്തേക്ക് നയിച്ചതും പിണറായി വിജയനാണ്. എന്റെ ഇടനെഞ്ചില്‍ പിണറായിയും വലംനെഞ്ചില്‍ എ. കെ. ആന്റണിയുമാണ്."
''രാഷ്ട്രീയ ജീവിതത്തില്‍ നേട്ടങ്ങളുടെ കണക്കു പുസ്തകം ഞാന്‍ സൂക്ഷിക്കാറില്ല. എന്റെ നിലപാടുകളാണ് എന്റെ രാഷ്ട്രീയം. സിപിഎമ്മില്‍ അംഗത്വം പോലുമില്ലാത്ത എനിക്ക് കഴിഞ്ഞ രണ്ടുപതിറ്റാണ്ടായി എ കെ ജി സെന്ററില്‍ മുറിയും ഭക്ഷണവും നല്കി സംരക്ഷിച്ചുപോരുന്നത് മറക്കാനാവുന്ന കാര്യമല്ല. എന്നെ മൂന്നു തവണ മത്സരിപ്പിച്ചിട്ടുണ്ട്. തോറ്റുപോയി. എന്നാല്‍ കെടിഡിസി ചെയര്മാന് പോലുള്ള പദവികള്‍ നല്കി പരിഗണിച്ചിട്ടുമുണ്ട്.''- ചെറിയാന് ഫിലിപ്പ് കൂട്ടിച്ചേര്‍ത്തു.