കോഴിക്കോട്: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് സംവിധായകന് രഞ്ജിത്ത്. സിപിഐഎം ശക്തികേന്ദ്രമായ കോഴിക്കോട് നോര്‍ത്തില്‍ രഞ്ജിത്തിനെ മത്സരിപ്പിക്കുമെന്ന ധാരണയിലെത്തിയിരുന്നു. എന്നാല്‍ എല്‍ഡിഎഫിനുവേണ്ടി കോഴിക്കോട് നോര്‍ത്തില്‍ നിന്ന് മത്സരിക്കാനില്ലെന്ന് രഞ്ജിത്ത് പാര്‍ട്ടി ജില്ലാ സെക്രട്ടറിയെ അറിയിച്ചു. നോര്‍ത്തില്‍ പ്രദീപ് കുമാര്‍ തന്നെ മത്സരിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.
നിലവില്‍ കോഴിക്കോട് എംഎല്‍എയായ എ പ്രദീപ് കുമാറിനെ മാറ്റുന്നത് വിജയസാധ്യതയെ ബാധിക്കുമെന്ന് സിപിഎം ജില്ലാ സെക്രട്ടറിയേറ്റില്‍ വാദമുയര്‍ന്നിരുന്നു. മൂന്ന് ടേം പൂര്‍ത്തിയാക്കിയ പ്രദീപ് കുമാറിന് ഇളവുനല്‍കണമെന്നും ആവശ്യമുയര്‍ന്നു. ഇതിനുപുറമേ സവര്‍ണ,ഫ്യൂഡല്‍ ഭാവുകത്വത്തേയും അധികാരത്തേയും താലോലിക്കുകയും മുന്നോട്ടുവയ്ക്കുകയും ചെയ്യുന്ന നിരവധി സിനിമകള്‍ക്ക് തിരക്കഥയൊരുക്കിയ രഞ്ജിത്തിന്റെ കാര്യത്തില്‍ സിപിഎമ്മിലെ ഒരു വിഭാഗം പ്രവര്‍ത്തകര്‍ക്ക് താല്‍പ്പര്യക്കുറവുണ്ടായിരുന്നു. 13 അസംബ്ലി മണ്ഡലങ്ങളുളള കോഴിക്കോട് ഇത്തവണ ആറ് സീറ്റുകളിലായിരിക്കും സിപിഐഎം മത്സരിക്കുക.