ഡല്‍ഹി: സംവിധായകന്‍ അനുരാഗ് കശ്യപിന്റെയും നടി തപ്‌സി പന്നുവിന്റെയും വീടുകളിലും ഓഫീസുകളിലുമായി നടന്ന ആദായനികുതി റെയ്ഡിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കര്‍ഷകരെ പിന്തുണയ്ക്കുന്നവര്‍ക്കു നേരെയാണ് കേന്ദ്രസര്‍ക്കാര്‍ റെയ്ഡ് നടത്തുന്നതെന്ന് രാഹുല്‍ ആരോപിച്ചു. #modiraidprofarmers എന്ന ഹാഷ്ടാഗ് ഉപയോഗിച്ചാണ് രാഹുല്‍ കേന്ദ്രത്തിനെതിരെ ട്വീറ്റ് ചെയ്തത്.
കര്‍ഷകരെ അനുകൂലിച്ച് സംസാരിക്കുന്നവര്‍ക്കെതിരെ റെയ്ഡ് നടത്തി കേന്ദ്രത്തിന്റെ താളത്തിനൊത്ത് തുളളുകയാണ് ആദായനികുതി വകുപ്പെന്ന് രാഹുല്‍ കുറ്റപ്പെടുത്തി. ആദായനികുതി വകുപ്പ്, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, സിബിഐ തുടങ്ങിയ ദേശീയ ഏജന്‍സികളെ കേന്ദ്രസര്‍ക്കാര്‍ ദുരുപയോഗം ചെയ്യുകയാണ്, മാധ്യമങ്ങള്‍ ഇതിനെതിരെ മൗനം പാലിക്കുകയാണെന്നുമായിരുന്നു രാഹുലിന്റെ വിമര്‍ശനം.
കഴിഞ്ഞ ദിവസമാണ് അനുരാഗ് കശ്യപും തപ്‌സി പന്നുവുമായി ബന്ധപ്പെട്ട മുപ്പതോളം സ്ഥലങ്ങളില്‍ ആദായനികുതി വകുപ്പിന്റെ പരിശോധന നടന്നത്. ചലചിത്ര നിര്‍മാതാവ് വികാസ് ബലലും വിതരണ കമ്പനിയായ ഫാന്റം ഫിലിംസുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലും റെയ്ഡ് നടന്നിരുന്നു. അനുരാഗ് കശ്യപും തപ്‌സിയും കര്‍ഷകസമരമടക്കമുളള ദേശീയ പ്രശ്‌നങ്ങളില്‍ തങ്ങളുടെ അഭിപ്രായങ്ങള്‍ തുറന്നുപറയുകയും കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ നടപടികളെ വിമര്‍ശിക്കുകയും ചെയ്തിട്ടുണ്ട്.