ഹ്യുഗോ ഷാവേസ്, സാമ്രാജ്യത്വത്തെ പിടിച്ചുകുലുക്കിയ നവതരംഗം - കെ ടി കുഞ്ഞിക്കണ്ണൻ

ഇന്ന് മാർച്ച്-5 ലാറ്റിനമേരിക്കൻ വിപ്ലവനേതാവും ഇടതുപക്ഷ നവതരംഗത്തിൻ്റെ പ്രതീകവുമായിരുന്ന ഹ്യുഗോ ഷാവേസിൻ്റെ ഓർമ്മ ദിനമാണ്. 58 വയസ്സുവരെ മാത്രം നീണ്ടുനിന്ന ആ വെനിസ്വലൻ നേതാവിൻ്റെ, നമ്മുടെ കാലം ദർശിച്ച ശക്തനായ സാമ്രാജ്യത്വവിരുദ്ധ പോരാളിയുടെ സംഭവബഹുലമായ ജീവിതത്തിന് തിരശ്ശീല വീണത് 2013 മാർച്ച് മാസത്തിലെ 5-ാം തിയ്യതിയായിരുന്നു. അമേരിക്കയുടെ നേതൃത്വത്തിലുള്ള നിയോലിബറൽ മൂലധനശക്തികളോടും കാൻസറിനോടും പൊരുതിനിന്ന ആ മഹാവിപ്ലവകാരിയുടെ ജീവിതം ഒടുവിൽ മരണത്തിന് കീഴടങ്ങി. സിഐഎയുടെ സകലവിധ അട്ടിമറികളേയും അതിജീവിച്ച്, തെരഞ്ഞെടുപ്പിലൂടെ നാലാംതവണയും അധികാരത്തിലെത്തി ആറു മാസം കഴിയും മുമ്പാണ് ഷാവേസിനെ അർബുദം അപഹരിച്ചെടുത്തത്.

സോവ്യറ്റ് യൂണിയൻ്റെ പതനത്തോടെ ആഗോളവൽക്കരണത്തിന് ബദലുകളില്ലെന്നും ഇനി സർവതന്ത്ര സ്വതന്ത്രമായ കമ്പോള വ്യവസ്ഥയുടെ കാലമാണെന്നും വാദിച്ചിരുന്ന മുരത്ത മുതലാളിത്തവാദികൾക്ക് മറുപടി നൽകിക്കൊണ്ടാണ് ലോകമെമ്പാടും വിശിഷ്യാ മെക്സിക്കോവിലെ ചിയ്യാപ്പാസ് ഉൾപ്പെടെയുള്ള മേഖലകളിലും കർഷകരുടെയും തദ്ദേശീയ ജനസമൂഹങ്ങളുടെയും പ്രക്ഷോഭങ്ങളും തൊഴിലാളി സമരങ്ങളും ഉയർന്നുവരുന്നത്. ഈയൊരു സാഹചര്യത്തിലാണ് കാസ്ട്രോ മുൻകയ്യെടുത്ത് ലോക തൊഴിലാളി യൂണിയനുകളുടെയും പൊരുതുന്ന മൂന്നാംലോക തദ്ദേശീയ ജനകീയ പ്രസ്ഥാനങ്ങളുടെയും സമ്മേളനം ഹവാനയിൻ വിളിച്ചു ചേർക്കുന്നത്.

മുതലാളിത്തത്തിൻ്റെ കാടത്തമാണ് ആഗോളവൽക്കരണ നയങ്ങളിലൂടെ അടിച്ചേല്പിക്കപ്പെടുന്നതെന്നും അതിന് ഒരേയൊരു ബദൽ സോഷ്യലിസം മാത്രമാണെന്നും ആ സമ്മേളനത്തെ അഭിസംബോധന ചെയ്തു കൊണ്ട് കാസ്ട്രോ നടത്തിയ സുദീർഘമായ പ്രസംഗത്തിലൂടെ സമർത്ഥിച്ചു. ആഗോളവൽക്കരണത്തിന് ബദൽ സോഷ്യലിസം മാത്രമാണെന്ന മുദ്രാവാക്യം ലോകമെമ്പാടും ഏറ്റുപിടിച്ചു. ഇതോടെ ചരിത്രമവസാനിച്ചുവെന്നും മുതലാളിത്ത കമ്പോളവ്യവസ്ഥക്കപ്പുറം മനഷ്യരാശിക്ക് മറ്റൊരു വ്യവസ്ഥയും ബദലും സാധ്യമല്ലെന്നുമുലള്ള പ്രചണ്ഡമായ  സോഷ്യലിസ്റ്റ് കമ്യുണിസ്റ്റ് വിരുദ്ധ പ്രചാരവേലകളെ ചോദ്യം ചെയ്തുകൊണ്ട് ലോകമെമ്പാടും ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ സോഷ്യലിസത്തെയും അമേരിക്കയുടെ ലോകാധിപത്യത്തിനെതിരായ രാഷ്ട്രസഖ്യങ്ങളെയും ബദലുകളെയും സംബന്ധിച്ച സംവാദങ്ങളും രാഷ്ട്രീയ മുൻകൈകളും ഉയർന്നുവന്നു. 

ഈയൊരു സാഹചര്യത്തിലാണ് വെനിസ്വലയിലെ അമേരിക്കൻ സാമന്തനായ പ്രസിഡൻറ് ആന്ദ്രെ പെരസിനെതിരെ പൊരുതിക്കൊണ്ടിരുന്ന ഷാവേസ് ഹവാനയിൽ ചെന്ന് കാസ്ട്രോവിനെ കാണുന്നതും ചരിത്രം സൃഷ്ടിച്ച നീണ്ട സംഭാഷണങ്ങൾ നടത്തുന്നതും. കാസ്ടോവിൻ്റെ ഉപദേശ നിർദ്ദേശങ്ങൾ അനുസരിച്ചാണദ്ദേഹം ലാറ്റിനമേരിക്കൻ യാഥാർത്ഥ്യങ്ങളെയും ചരിത്രത്തെയും ഉൾക്കൊണ്ടുകൊണ്ട് ബൊളിവേറിയൻ ബദൽ ഉയർത്തുന്നത്. ലാറ്റിനമേരിക്കൻ വിമോചകനും വിപ്ലവഗുരുവുമായ ബൊളീവറുടെ ഇതിഹാസ സമാനമായ കൊളോണിയൽ വിരുദ്ധപോരാട്ടങ്ങളുടെ പാരമ്പര്യത്തിൽനിന്നും ഊർജ്ജം വലിച്ചെടുത്ത് നവ സാമ്രാജ്യത്വത്തിനും നിയോലിബറൽ നയങ്ങൾക്കുമെതിരായ ഒരു ബദലാണ് അദ്ദേഹം വളർത്തിയെടുക്കാൻ ശ്രമിച്ചത്. 

,കരീബിയൻ, ലാറ്റിൻ അമേരിക്കന്‍ നാടുകളെയും ഇറാൻ ഉൾപ്പെടെയുള്ള എണ്ണ സമ്പന്ന രാജ്യങ്ങളെയും ചേർത്തുകൊണ്ടുള്ള അമേരിക്കൻ വിരുദ്ധരാഷ്ടശക്തികളുടെ ഏകോപനവും സാമ്പത്തിക കൂട്ടുകെട്ടുകളും രൂപപ്പെടുത്താനും ബദലുയർത്താനും കാസ്ട്രോവിൻ്റെ സഹായത്തോടെ ഷാവേസ് ശ്രമിച്ചു. ഐക്യരാഷ്ട്രസഭയുടെ പുനസംഘടന ആവശ്യപ്പെട്ടും  അമേരിക്കയുടെ ലോകാധിപത്യത്തിന് വേണ്ടി നടക്കുന്ന യുദ്ധങ്ങളെ അപലപിച്ചുകൊണ്ടും യുഎൻ ജനറൽ അസംബ്ലിയിൽ 2006 ൽ ഷാവേസ് നടത്തിയ പ്രസംഗങ്ങൾ ചരിത്രം സൃഷ്ടിച്ചു.

ലോകത്തെ പിടിച്ചുകുലുക്കിയ പ്രസംഗങ്ങളെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ ആ പ്രസംഗങ്ങളെ വിശേഷിപ്പിച്ചത്. ബുഷിന് നേരെ വിരൽ ചൂണ്ടി ഇവിടെ പിശാചിൻ്റെ സാന്നിധ്യവും ഗന്ധകത്തിൻ്റെ മണവുമുണ്ടെന്നും യുഎൻ അസംബ്ലിയിൽ തുറന്നടിച്ച ഷാവേസിലൂടെ ലോകം കേട്ടത് രാജാവ് നഗ്നനാണെന്ന് വിളിച്ച് പറഞ്ഞ കുട്ടിയുടെ നിഷ്ക്കളങ്ക ധീരതയായിരുന്നു. സ്തുതിവചനങ്ങളും ബൂർഷാമാന്യതയുമാണ് രാഷ്ട്രതന്ത്രവും നയതന്ത്രവും എന്ന് കരുതിയ ലോകനേതാക്കളുടെ തിരു'മന്തൻ' തലകളെ വെളിച്ചം കൊണ്ടാക്രമിക്കുകയായിരുന്നു ഷാവേസ്.

അധിനിവേശ ശക്തികളുടെ മാപ്പുസാക്ഷികളായി അധ:പതിച്ചുപോയ ലോകനേതാക്കൾക്കൊരപവാദമായിരുന്നു ഷാവേസ്. കടുത്ത സത്യങ്ങൾ ലോകത്തോട് പറയാനും 'നീതിക്കും സ്വാതന്ത്ര്യത്തിനും വേണ്ടി പൊരുതാനും സ്ഥിതവ്യവസ്ഥയുടെ മര്യാദകളും ഔപചാരികതകളും തടസ്സമായി എന്ന് ചിന്തിച്ച നേതാവായിരുന്നു ഷാവേസ്. ഒരിക്കലും തൻ്റെ കൈകളെ അലസമാവാൻ അനുവദിക്കില്ലെന്നും ആത്മാവിനെ വിശ്രമിക്കാൻ അനുവദിക്കില്ലെന്നും നിർബന്ധമുള്ള നേതാവ്.

രാഷ്ടങ്ങളെയും ജനസമൂഹങ്ങളെയും സാമ്രാജ്യത്വ വ്യവസ്ഥയോട് കൂട്ടിക്കെട്ടിയ ചങ്ങലക്കണ്ണികൾ അറുത്തുമാറ്റും വരെ, മാനവരാശിയുടെ ആത്യന്തികമായ വിമോചനം സാധ്യമാകുംവരെ കൈകളെ അലസമായിരിക്കാനോ മനസ്സുകളെ വിശ്രമിക്കാനോ അനുവദിക്കരുതെന്ന നിർബ്ബന്ധമായിരുന്നു ഷാവേസ് നിരന്തരം പ്രകടിപ്പിച്ചത്.

Contact the author

K T Kunjikkannan

Recent Posts

Dr. Azad 2 weeks ago
Views

വാസുവേട്ടന്‍ നിങ്ങള്‍ക്ക് കൈവിട്ടുപോയ സമരമൂല്യത്തിന്റെ ആള്‍രൂപമാണ്- ആസാദ് മലയാറ്റില്‍

More
More
Web Desk 4 weeks ago
Views

കള്ളവും ചതിയുമില്ലാത്ത നാളുകള്‍ ഇനിയും വരുമെന്ന പ്രതീക്ഷയാണ് ഓണം - കെ എസ് ചിത്ര

More
More
Views

ഓരോ ഓണവും വെറുപ്പ് വിളമ്പുന്നവർക്കെതിരെയുള്ള സമരമാണ് - ആഷിഖ് വെളിയങ്കോട്

More
More
Web Desk 4 weeks ago
Views

നമ്മുടെ ഓണവും ചരിത്രവും മിത്തുകളുടെ അക്ഷയഖനിയും അങ്ങനെ വിട്ടുകൊടുക്കാനുള്ളതല്ലല്ലോ - ടി ഡി രാമകൃഷ്ണന്‍

More
More
Web Desk 4 weeks ago
Views

ഓണത്തിന്റെ വലിയ പ്രസക്തി മനുഷ്യർ തമ്മിലുണ്ടാകുന്ന സ്‌നേഹബന്ധങ്ങളാണ്‌ - എം ടി

More
More
J Devika 1 month ago
Views

അച്ചു ഉമ്മൻറെ ആർഭാടജീവിതം വീണാ വിജയൻറെ വഴിവിട്ട സമ്പാദ്യവുമായി ന്യായീകരിക്കാമോ? - ജെ ദേവിക

More
More