അക്കങ്ങളും, വാക്കുകളെപ്പോലെ നമ്മൾ പാടാൻ പഠിപ്പിക്കുന്ന പക്ഷികളാണ് - ടി. കെ. സുനില്‍ കുമാര്‍

Daniel Tammet from Creative Commons

'മനുഷ്യസ്വത്വവാദവും നാഡീസാധാരണത്വവും' എന്ന പ്രബന്ധത്തിന്റെ 3-ാം ഭാഗം 

ഡാനിയൽ ടമ്മറ്റ് (Daniel Tammet) അറിയപ്പെടുന്നത് എഴുത്തുകാരൻ, ഗണിതവിദഗ്ദധൻ എന്നതിലുപരി ഓട്ടിസ്റ്റിക് സാവന്റ് (Autistic Savant) എന്ന നിലയ്ക്കുകൂടിയാണ്. 'നാഡീസാധാരണ ബുദ്ധിക്ക് സങ്കല്പിക്കാൻ പോലും കഴിയാത്ത 22,514 സ്ഥാനത്തിൽ ടമ്മറ്റ് 'പൈ'യുടെ മൂല്യം കണക്കാക്കിയത് യൂറോപ്യന്‍ റെക്കോര്‍ഡ്‌ പുസ്തകങ്ങളില്‍ ഇടം പിടിച്ചിട്ടുണ്ട്. 'അക്കങ്ങല്‍ക്കൊണ്ട് തീര്‍ത്ത ഒഡീസി' എന്നാണ് മണിക്കൂറുകള്‍ നീണ്ട ആ സംഖ്യാലാപനത്തെപ്പറ്റി ടമ്മറ്റ് എഴുതിയത്. ടമ്മറ്റിന്‍റെ ആകുലതകളെ അസ്ഥാനത്താക്കി ആളുകള്‍ അത് സാകൂതം കേട്ടിരുന്നു. ചിലരില്‍ അത് ധ്യാനാത്മകമായ ഒരു ചിരി വിടര്‍ത്തിയെങ്കില്‍ മറ്റു ചിലരെ കണ്ണീരണിയിച്ചു (Tammet-2017). അശേഷം ആലോചന കൂടാതെയാണ് അയാൾ ഗണിതപ്രശ്നങ്ങളുടെ ഉത്തരങ്ങളിലേക്ക് പ്രവേശിക്കുന്നത്.

ടമ്മറ്റ് പറയുന്നത് നോക്കുക- "അക്കങ്ങൾ തമ്മിൽ ഗുണിക്കുമ്പോൾ ഞാൻ രണ്ട് രൂപങ്ങൾ കാണുന്നു; ഇവ പതിയെ രൂപമാറ്റം സംഭവിച്ച് മൂന്നാമതൊന്ന് ഉരുത്തിരിയുന്നു. ഇത് ഒട്ടും ചിന്തിക്കാതെയുള്ള ഗണിതമാണ്" (It's like maths without having to think) (Quoted as in Manning 2020). ഇതേ ടമ്മറ്റ് സൂപ്പർ മാർക്കറ്റിൽ എത്തിയാൽ ഇന്ദ്രിയാനുഭവങ്ങളുടെ കുത്തൊഴുക്കിലും ഇടകലരലിലും പെട്ട് സാധനങ്ങള്‍ തിരഞ്ഞെടുക്കുവാനോ വാങ്ങാനോ കഴിയാതെ നിസ്സഹായനായി പോകാറുണ്ട്. നാഡീസാധാരണത്വം ടമ്മറ്റിൻറെ ഗണിതശേഷിയെ  അതിശേഷിയായി (High Functioning) കണക്കാക്കുമ്പോൾ സൂപ്പർമാർക്കറ്റിൽ  അകപ്പെട്ട് പോകുന്നതിനെ അയാളുടെ കാര്യപ്രാപ്തിയില്ലായ്മയായി (Low Functioning) വിലയിരുത്തുന്നു. ഇത്തരം സന്ദര്‍ഭങ്ങളിലെല്ലാം മൂല്യവിചാരത്തിനുള്ള മറുചോദ്യമില്ലാത്ത മാതൃകയായി 'നാഡീസാധാരണത്വം' മാറുകയാണ്.

കളിക്കളത്തിൽ പറക്കുന്ന പന്തുകള്‍ അദ്ദേഹത്തെ ഭയപ്പെടുത്തി. മറ്റുള്ളവരുമായി കൂട്ടിമുട്ടുമോ എന്ന ഭയം കാരണം ടമ്മറ്റ് എപ്പോഴും മൈതാനത്തിനരികിലുള്ള മരച്ചുവട്ടിൽ മാറിയിരുന്നിരുന്നു. മറ്റു കുട്ടികളാകട്ടെ മരങ്ങളോട് സംസാരിക്കുന്ന കിറുക്കനെന്ന് അയാളെ പരിഹസിച്ചു. മരങ്ങൾക്കിടയിലാകുമ്പോൾ അവിടെ മറഞ്ഞിരുന്ന് സ്വചിന്തയിൽ മുഴുകാൻ അയാൾക്ക് അവസരം കിട്ടി. കൂട്ടിവെച്ച കല്ലുകളും ഇലകളും മരത്തണലിൽ ഇരുന്ന് ടമ്മറ്റ് എണ്ണിതിട്ടപ്പെടുത്തി. ഈ ലോകത്തിന് പാകമല്ലാത്ത, വഴിതെറ്റി അവിടെയെത്തിയ ഒരുവനായി അയാൾ സ്വയം കരുതി.

ഏകപക്ഷീയമായി നിരന്തരം സംസാരിക്കുന്നതിലൂടെ ടമ്മറ്റ് മറ്റുള്ളവരോട് മര്യാദകേട് കാട്ടുകയായിരുന്നില്ല. മറിച്ച് സംഭാഷണം എന്നത് സ്വന്തം ഉള്ളിലുള്ളത് തുറന്ന് പറയുന്നതിനുമപ്പുറമുള്ള ഒന്നാണെന്ന് അയാൾക്ക് ബോധ്യമുണ്ടായിരുന്നില്ല. തന്‍റെ സ്വാസ്ഥ്യനിടയ്ക്ക് വന്നു ഭവിക്കുന്ന തടസ്സങ്ങൾ അയാളെ പ്രകോപിപ്പിച്ചു. ആളുകൾക്ക് രസം കെടുന്നതും അവർ ചുറ്റും നോക്കുന്നതുമൊന്നും അയാളുടെ ശ്രദ്ധയിൽ പെട്ടില്ല. അവർ പോകുന്നതുവരെയും ടമ്മറ്റ് സ്വയം സംസാരം തുടരും. അയാൾ മറ്റുള്ളവരെ കേൾക്കാൻ എപ്പോഴും ബുദ്ധിമുട്ടി. അയാളുടെ സംഭാഷണങ്ങള്‍ റേഡിയോ സ്റ്റേഷൻ തുറന്നുവയ്ക്കും പോലെയായിരുന്നു, മറ്റുള്ളവർ പറയുന്നതൊക്കെ അയാളുടെ തലയ്ക്ക് മുകളിലൂടെ പറന്നുപോയി.

പിൽക്കാലത്ത് ഇന്റർനെറ്റ് ടമ്മറ്റിന് മുമ്പിൽ മറ്റൊരു ലോകം തുറക്കുകയായിരുന്നു. മറ്റ് സാമൂഹിക സാഹചര്യങ്ങളിൽ നിന്ന് ഭിന്നമായി ശരീര ഭാഷയുടെയും ഭാവങ്ങളുടെയും മേൽ കയ്യടക്കം വേണ്ടാത്ത ഇ- മെയിലും ചാറ്റ്റൂമുകളും അയാൾക്ക് അനായാസമായി വഴങ്ങി. ഓൺലൈനായി തന്റെ കൂട്ടുകാരനും ജീവിതപങ്കാളിയുമായ നീലി (Neil) നെ കണ്ടുമുട്ടുന്നതിനെക്കുറിച്ചു ടമ്മറ്റ് വിശദീകരിക്കുന്നുണ്ട്. എന്തിലെങ്കിലും മതിമറന്ന് പോകുമ്പോൾ ടമ്മറ്റ്  കൈകൾ കൂപ്പി മുഖത്തോട് ചേർത്തുവെയ്ക്കും, വിരലുകൾകൊണ്ട് ചുണ്ടിൽ അമർത്തും. കൈകൾ കൊട്ടി ശബ്ദമുണ്ടാക്കും. അത് കണ്ട് ആവലാതിപ്പെടുന്ന അമ്മ ഉടൻ അവനോട് നിർത്താൻ പറയും. പക്ഷെ അതൊക്കെ സംഭവിച്ചു പോകുന്നതായിരുന്നു. ടമ്മറ്റ് ബോധപൂർവം ചെയ്യുന്നതായിരുന്നില്ല, 

ഒറ്റപ്പെടലിൽ അയാൾ സ്വന്തമായി ഒരു കൂട്ടുകാരിയെ കണ്ടെത്തി. നീണ്ടുമെലിഞ്ഞ, ആറടിയിലധികം പൊക്കമുള്ള100 വയസ്സ് കഴിഞ്ഞ ആനി. ടമ്മറ്റ് ആനിയോട് സംസാരിച്ചുകൊണ്ടിരുന്നു. അവസാനം അവർ മരണത്തിലൂടെ യാത്രപറഞ്ഞു പോവുകയാണ്. ആരുമില്ലാത്ത ലോകത്ത് അയാൾ കണ്ടെത്തുന്ന സങ്കല്പ തോഴിയാണ് ആനി. ലോകത്തിൽ താൻ ഒറ്റയ്ക്കാണെന്നുള്ള തിരിച്ചറിവിലേക്കെത്തുകയാണ് ആനിയെ മരണത്തിന് വിട്ടുകൊടുക്കുകയും ജീവിതയാഥാർഥ്യങ്ങളോട് പൊരുത്തപ്പെടുകയും ചെയ്യുക വഴി ടമ്മറ്റ് ചെയ്യുന്നത്.

മരങ്ങൾക്ക് പിറകിൽ നടന്നുകൊണ്ടിരിക്കുമ്പോൾ അയാളുടെ കാൽ എപ്പോഴും എന്തിലെങ്കിലും തട്ടി നിന്നു. അയാൾ തലതാഴ്ത്തി, കണ്ണുകൾ അതിൽ പതിഞ്ഞു. ഒപ്പം നടന്നെത്തിയ അമ്മ നേരെ നോക്കാൻ പറഞ്ഞുകൊണ്ടിരുന്നു. ഒരു രക്ഷയുമില്ല. ഒടുക്കം ദൂരെ ഒരു മതിൽകെട്ടിലോ, മരത്തിലോ, കെട്ടിടത്തിലോ  നോക്കി നടക്കാൻ പറഞ്ഞപ്പോൾ അതുപോലെ ചെയ്തുനോക്കി. അമ്മ പറഞ്ഞ ലളിതമായ ആ വിദ്യ പ്രയോജനപ്പെട്ടു.

പല്ലുതേക്കുമ്പോൾ ബ്രഷ് പല്ലിൽ ഉരസുന്ന ശബ്ദം പോലും ടമ്മറ്റിന് അസഹ്യമായിരുന്നു. ഒടുക്കം ചെവിയിൽ കോട്ടണ്‍ തിരുകിയാണ് കുഞ്ഞായിരിക്കുമ്പോൾ അയാൾ പല്ല് തേച്ചിരുന്നത്. സൈക്കിൾ ഓടിക്കുമ്പോൾ പെഡൽ ചവിട്ടാനും ഒരേസമയം സ്റ്റിയറിങ് കൈകാര്യം ചെയ്യാനും ടമ്മറ്റ് പാടുപെട്ടു. എന്തിനേറെ ഇടവും വലവും തിരിച്ചറിയാനും ഷൂ ലെയ്സ് കെട്ടാനുമെല്ലാം അയാൾക്ക് വർഷങ്ങളുടെ പരിശീലനം വേണ്ടിവന്നു. കൗമാരത്തിലെത്തിയപ്പോഴാകട്ടെ അയാൾക്ക് ഷേവ് ചെയ്യുന്നത് വെറുപ്പായിരുന്നു. ഒരു കൈകൊണ്ട് ബ്ലേഡും മറ്റേ കൈകൊണ്ട് തലയും അനങ്ങാതെ നിർത്താൻ പാടുപെടുകയാൽ മുഖത്ത് മുറിവുപറ്റുമായിരുന്നു. പതിയെ ഷേവ് ചെയ്യുക വല്ലപ്പോഴുമായി, അതിന് അയാൾ മണിക്കൂറുകൾ ചിലവഴിച്ചു. ടമ്മറ്റിനു മുമ്പിൽ ക്ഷമകെട്ടുനിന്ന ലോകം അയാളെ കാര്യശേഷി ഇല്ലാത്തവനും വിചിത്രജീവിയുമായി മുദ്രകുത്തി.

"ഞാൻ ജനിച്ചത് 1979 ജനുവരി 31-ന് ആണ് (ബുധനാഴ്ച). അത് ബുധനാഴ്ചയാണെന്ന് എനിക്കറിയാം, കാരണം ആ തീയതിക്ക് നീലനിറമാണ്, ബുധനാഴ്ചകൾക്ക് എപ്പോഴും നീലനിറമാണ്. കടൽതീരത്തെ സ്ഫടികകല്ലുകൾ പോലെ മിക്ക അക്കങ്ങൾക്കും മിനുത്ത്, ഉരുണ്ട ആകാരമാണുള്ളത്''-(Tammet-2006)

അക്കങ്ങളെപ്പോലെ കണിശവും കൃത്യവുമായിരുന്നു ടെമ്മറ്റിന്റെ ജീവിതവും.പ്രഭാതഭക്ഷണം കൃത്യം 45 ഗ്രാം ഓട്മീൽ, അത് തൂക്കിനോക്കി ഉറപ്പിക്കും. പിന്നെ വീടുവിട്ടിറങ്ങും മുമ്പ് വസ്ത്രങ്ങൾ എണ്ണി തിട്ടപ്പെടുത്തും. ''ചായകുടി എപ്പോഴും കൃത്യസമയത്താണ്, അല്ലെങ്കിൽ ഭ്രാന്തെടുക്കും. മനസ്സിന് പിരിമുറുക്കം വന്നാൽ ശ്വാസം മുട്ടുംപോലെയാണ്. അപ്പോൾ കണ്ണടച്ച് എണ്ണിത്തുടങ്ങും. അക്കങ്ങളെക്കുറിച്ച് ആലോചിക്കുമ്പോൾ തന്നെ ഞാൻ ശാന്തനാക്കും''-(Tammet-2006)

അക്കങ്ങൾ ടമ്മറ്റിന് കൂട്ടുകാരെപ്പോലെയാണ്. അതിന് നിറവും രൂപവും ഭാവവും വ്യക്തിത്വവും ഒക്കെയുണ്ട്. '11'എന്ന അക്കവുമായി നല്ല കൂട്ടാണ്, '5' ചൂടനാണ്. '4' ആകട്ടെ നാണംകുണുങ്ങിയും ശാന്ത സ്വാഭാവിയും ആണ്, എനിക്കേറ്റവും പ്രിയപ്പെട്ട സംഖ്യയും അതാണ്, ഒരുപക്ഷേ അതെന്നെത്തന്നെ ഓർമ്മിപ്പിക്കുന്നത് കൊണ്ടാകും''- (Tammet-2006)


ന്യൂയോർക്കിൽ വെച്ച് ഡേവിഡ് ലേറ്റർമാനുമായുള്ള ഒരഭിമുഖം നടക്കുന്നു. ''അയാൾ 117 എന്ന സംഖ്യ പോലെയായിരുന്നു. നീണ്ട് മെലിഞ്ഞ്''-(Tammet 2006).

''പുറത്ത്, അക്കത്തിനൊത്ത പേരുള്ള ടൈം സ്ക്വയറിൽ ചുറ്റുമുള്ള അംബരചുംബികളായ കെട്ടിടങ്ങൾ കണ്ടപ്പോൾ ഒമ്പതിന് ഇടയിൽ പെട്ടപോലെയാണ്. ഒന്ന് എന്ന അക്കമാകട്ടെ ഏറ്റവും ചേർന്നുനിൽക്കുന്നതും അനുഭവവേദ്യമാക്കുന്നതും അപാരതയെയാണ്.''- (Tammet-2006)

'1' മനോഹരമായ തിളങ്ങുന്ന വെണ്മയാണ്. കണ്ണിലടിക്കുന്ന ടോർച്ചിന്റെ വെട്ടം പോലെ. '5' ഇടിമുഴക്കം പോലെയും പാറക്കെട്ടിൽ അടിക്കുന്ന തിരമാലകൾ പോലെയുമാണ്. 37 ക്രമരഹിതമായ അരികുള്ള ഓട് മീൽ പോലെയാണെങ്കിൽ 89 ഓർമ്മിപ്പിക്കുന്നത് മഞ്ഞുപെയ്യുന്നതാണ്''-(Tammet-2006).

ഇവിടെ അക്കങ്ങൾ ജീവിതവും അനുഭവങ്ങളുമായി മാറുന്നു. കവികൾ വാക്കുകൾ തിരഞ്ഞെടുക്കും പോലെ ചില അക്കങ്ങളുടെ കൂട്ടുകൾ മനോഹരമാകുന്നു. അയാളുടെ മറ്റൊരു സവിശേഷത കലണ്ടർ കണക്കാണ്. എല്ലാദിവസങ്ങൾക്കും നിറവും ഭാവവും ഒക്കെയുണ്ട്. ''സ്നേഹിതൻ ദുഃഖിതനായിരിക്കുമ്പോൾ ഇരുണ്ട്, പൊള്ളയായ '6' എനിക്കത് അനുഭവവേദ്യമാക്കിത്തരും. ഒരു മനുഷ്യന്റെ ഭയപ്പാട് ഞാൻ അറിയുന്നത് '9' നെ തൊട്ട് നിൽക്കുന്നതായി കരുതുമ്പോഴാണ്. ആരെങ്കിലും  മനോഹരമായ ഒരു സ്ഥലത്ത് നിൽക്കുന്നു എന്ന് പറയുമ്പോൾ അക്കങ്ങളെ കൊണ്ടുള്ള ഒരു ഭൂദൃശ്യമാകും മനസ്സിലെത്തുക.''- അക്കങ്ങൾ ടമ്മറ്റിനെ മറ്റു മനുഷ്യരെ അടുത്തറിയാനും മനസ്സിലാക്കാനും  സഹായിക്കുന്നു.

വാക്കുകൾ നമ്മൾ പാടാൻ പഠിപ്പിക്കുന്ന പക്ഷികൾ ആണെന്നാണ് (Every Word is a Bird we Teach to Sing) ഡാനിയൽ ടമ്മറ്റിന്റെ ഒരു പുസ്തകത്തിന്റെ പേര്. ''ഞാൻ എന്റെ മാതൃഭാഷ, അന്യഭാഷ പഠിക്കുമ്പോലെ 'ബോധപൂർവം' തന്നെ പഠിച്ചു, ഒരു രണ്ടാം ഭാഷ എന്നപോലെ''-എന്ന് ടമ്മറ്റ് എഴുതിയിട്ടുണ്ട് (Tammet-2017).


ഭാഷകൊണ്ടു നിർമ്മിതമായ ലോകത്തിന് താൻ പാകമല്ല എന്ന് കണ്ടപ്പോൾ അക്കങ്ങളുടെ ഒരു സ്വകാര്യ ഭാഷാലോകംതന്നെ അയാൾ സൃഷ്ടിച്ചു. നോക്കുന്നേടത്തൊക്കെ ആരും കാണാത്ത മറ്റൊരു അർത്ഥം ആലേഖനം ചെയ്തിരുന്നു. 'Yogurt' എന്ന വാക്കിന് അദ്ദേഹത്തിന് മഞ്ഞ നിറമാണ്. 'Video' പർപ്പിൾ അല്ലെങ്കിൽ വയലറ്റ് ആണ്, 'gate' പച്ചയാണ്. 'at' ചുകന്ന വാക്കാണ്. അതിന് മുമ്പിൽ H ചേരുമ്പോൾ ഉണ്ടാകുന്ന 'Hat' ന്റെ നിറം വെളുപ്പാണ്. അതിന് മുമ്പിൽ T ചേരുമ്പോൾ ഉള്ള That ന്റെ നിറം ഓറഞ്ച് ആണ്.. ചിലപ്പോൾ വാക്കും വസ്തുവും ഒറ്റ നിറമാകും. 'റാസ്ബെറി' ഒരു ചുകന്ന വാക്കും പഴവും ആണ്. 'Glass', 'grass' ഇവയ്ക്ക് ആ വാക്കുകളെ പോലെ പച്ചനിറം തന്നെയാണ്. എന്നാൽ 'white' എന്ന വാക്കിന് ഓറഞ്ച് നിറവും 'Orange' എന്ന വാക്ക് ഐസ് പോലെ തെളിഞ്ഞതും തിളങ്ങുന്നതും ആണ്. ടമ്മറ്റിന്റെ ഇത്തരം ശേഷികൾ അദ്ദേഹത്തിന്റെ അറിവും അവബോധവുമൊക്കെയായി ബന്ധിപ്പിച്ചു മനസ്സിലാക്കാനുള്ള വ്യഗ്രത ഉണ്ടായേക്കാമെങ്കിലും മാനിങ്ങിന്റെ അഭിപ്രായത്തിൽ അത് അവബോധത്തിൽ അല്ല പ്രാഗ്ബോധത്തിൽ (precognitive) സംഭവിക്കുന്നതാണ്. മുളംതണ്ട് സംഗീതത്തെ എന്നപോലെ അയാൾ അനായാസതയോടെ  പ്രാഗ്ബോധത്തെ സംവേദനം ചെയ്തു.


lollipop എന്ന വാക്ക് സമ്മാനിച്ച ആഹ്ളാദത്തെ പറ്റി ടമ്മറ്റ് പറയുന്നത്- ''അത് അക്കവും വാക്കും ഇടകലർന്ന ഒന്നാണ്'' എന്നാണ് (Tammet-2017). എനിക്കും കീബോർഡിൽ 'O' എന്ന ഇംഗ്ലീഷ്  അക്ഷരവും '0' ( പൂജ്യം) യും തമ്മില്‍ മാറിപ്പോയിട്ടുണ്ട്. 'l'(ഐ) എന്ന അക്ഷരം 1 (ഒന്ന്) എന്ന് മാറിപ്പോയിട്ടുണ്ട്. പക്ഷെ ഇവിടെ 1011pop അക്കവും വാക്കും ഇടകലർന്ന മറ്റൊരു ഭാഷതന്നെ സാധ്യമാക്കുന്നു.

ഡാനിയൽ ടമ്മറ്റ് എഴുതിയതുപോലെ ഓട്ടിസ്റ്റിക്ക് എഴുത്തുകൾക്കും എഴുത്തുകാർക്കും (അങ്ങനെ വിളിക്കാമെങ്കിൽ) പാരമ്പര്യവും പൂർവ മാതൃകകളുമില്ല. ഒരുപക്ഷേ ലൂയിസ് കരോളിനെയും (Lewis Carroll), ആസ്‌ത്രേലിയൻ കവിയും, നോബൽ സമ്മാനത്തിന്പോലും പരിഗണിക്കത്തക്ക എഴുത്തുകാരനുമായ ല മുറെ (Les Murray) തുടങ്ങിയ പേരുകളാണ് അപൂർവമായ പൂർവഗാമികളുടേതായി ടമ്മറ്റ് ഓർത്തെടുക്കുന്നത്. പൂർവമാതൃകകളില്ലാത്ത, പാരമ്പര്യം ഒന്നും ബാക്കിവെയ്ക്കാത്ത, ചരിത്ര ഭാരമില്ലാത്ത എഴുത്തുകളുടെ സ്വതന്ത്ര കല്പനകൾ ആണ് ടമ്മറ്റ് അടക്കമുള്ളവരുടെ ഓട്ടിസ്റ്റിക്ക് രചനകൾ. അതിലേക്ക് ഇനിയും തിരിഞ്ഞുനോക്കുന്നില്ലെങ്കിൽ അത് മനുഷ്യരാശിയുടെ തന്നെ തീരാനഷ്ടമായിരിക്കും.

(ഡാനിയൽ ടമ്മറ്റിന്റെ 'Born on a Blue Day' (2006) 'Every Bird is a word we teach to sing' (2017) എന്നീ പുസ്തകങ്ങളെ ആസ്പദമാക്കിയുള്ളതാണ് ഈ കുറിപ്പ്)

Ref:

1.Manning, Erin , For a pragmatics of the Useless. (Duke University Press 2020)

2. Tammet, Daniel, Born On A Blue Day: Inside the Extraordinary Mind of an Autistic Savant .(Simon and Schuster 2006)

Images Courtesy: http://www.danieltammet.net/artwork.php 
Contact the author

T K Sunil Kumar

Recent Posts

K T Kunjikkannan 1 month ago
Views

പുരുഷാധിപത്യ മുതലാളിത്ത വ്യവസ്ഥയ്‌ക്കെതിരായ പോരാട്ടം കൂടിയാണ് വനിതാ ദിനം- കെ ടി കുഞ്ഞിക്കണ്ണന്‍

More
More
K T Kunjikkannan 1 month ago
Views

മേള നടത്തിയാലൊന്നും ഗാന്ധികൊലപാതകത്തിലെ പ്രതിയാണ് സവര്‍ക്കറെന്ന സത്യം മാഞ്ഞുപോകില്ല - കെ ടി കുഞ്ഞിക്കണ്ണന്‍

More
More
Sufad Subaida 3 months ago
Views

ഈ യുദ്ധത്തില്‍ നെതന്യാഹു എങ്ങനെ ജയിക്കും? - സുഫാദ് സുബൈദ

More
More
Anand K. Sahay 3 months ago
Views

2024-ലെ തെരഞ്ഞെടുപ്പ് ബിജെപിക്ക് ഈസി വാക്കോവര്‍ ആയിരിക്കില്ല - ആനന്ദ് കെ. സഹായ്

More
More
Nadeem Noushad 3 months ago
Views

പ്രിയ സഫ്ദർ, തൂ സിന്ദാ രഹേ ഹേ - നദീം നൗഷാദ്

More
More
Mridula Hemalatha 5 months ago
Views

കോണ്‍ഗ്രസിന്റെ ഉണര്‍വ്വിനുപിന്നിലെ ചാലകശക്തി; അധ്യക്ഷ പദവിയില്‍ ഒരുവര്‍ഷം പിന്നിടുന്ന ഖാര്‍ഗെ - മൃദുല ഹേമലത

More
More