സുരേന്ദ്രന്‍റെ പ്രസ്താവന: ജനാധിപത്യ കേരളം രംഗത്തുവരണം - സുഫാദ് സുബൈദ

Sufad Subaida 1 month ago

കേരള രാഷ്ട്രീയത്തിലെ മംഗലശ്ശേരി നീലകണ്ഠന്‍ ആരാണ് എന്ന് ചോദിച്ചാല്‍ ആര്‍ക്കും സംശയമുണ്ടാകില്ല. ഒറ്റ മുഖമേ മനസ്സിലെത്തൂ. അദ്ദേഹം ചെയ്യുന്നതേ പറയൂ, പറയുന്നതെ ചെയ്യൂ.  35 സീറ്റുകള്‍ ലഭിച്ചാല്‍, ഞങ്ങള്‍ സര്‍ക്കാരുണ്ടാക്കും. ഡല്‍ഹിയില്‍ പത്രപ്രവര്‍ത്തനം നടത്തുന്ന നിങ്ങള്‍ക്ക് ഇത് അറിയാത്തതാണോ? ഈ ചോദ്യം ചോദിച്ചത് മറ്റാരുമല്ല. നമ്മളീ പറഞ്ഞ മംഗലശ്ശേരി നീലകണ്ഠന്‍. ശബരിമലയില്‍ ഇരു മുടികെട്ട് നിലത്തിട്ട്, സുവര്‍ണ്ണാവസരം പരമാവധി മൊതലാക്കാന്‍ ഓടി നടന്ന കെ. സുരേന്ദ്രന്‍. ഇന്നദ്ദേഹം ബിജെപിയുടെ സംസ്ഥാന പ്രസിഡന്‍റാണ്.

എന്താണ് കെ. സുരേന്ദ്രന്‍ ഇപ്പറഞ്ഞതിന്റെ പച്ചമലയാളം ? 140 സീറ്റുകളുള്ള കേരള നിയമസഭയില്‍ കേവല ഭൂരിപക്ഷത്തിന് ഏറ്റവും കുറഞ്ഞത് 71 സീറ്റുകളെങ്കിലും കിട്ടണമെന്നും, എങ്കിലേ സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിക്കൂവെന്നും അറിയാത്തയാളാണോ ഈ സുരേന്ദ്രന്‍? അതല്ല ബിജെപിക്ക് മാത്രം ഭൂരിപക്ഷത്തിന്‍റെ കാര്യത്തില്‍ വല്ല ഇളവും ഉണ്ടോ? എല്‍ഡിഎഫിനും യുഡിഎഫിനുമൊക്കെ കേരളം ഭരിക്കണമെങ്കില്‍ ചുരുങ്ങിയത് 71 സീറ്റുകളെങ്കിലും വേണമെന്നും, ബിജെപിക്കാണെങ്കില്‍ അതിന്റെ പകുതി മതിയെന്നും വല്ല നിയമഭേദഗതിയും കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്നിട്ടുണ്ടോ? കാര്‍ഷിക നിയമഭേദഗതിയൊക്കെ കൊണ്ടുവന്ന സര്‍ക്കാരാണല്ലോ... അത്തരത്തില്‍ ആരുമറിയാതെ ഒരു നിയമഭേദഗതി കൊണ്ടുവന്ന വിവരം രഹസ്യമായി അറിഞ്ഞിട്ട് ഒന്നുമറിയാത്തതുപോലെ നടക്കുകയാണോ കെ. സുരേന്ദ്രന്‍? ഇങ്ങനെ നിരവധി സംശയങ്ങളാണ് പെട്ടെന്ന്  മനസ്സിലൂടെ കടന്നുപോയത്. 

ഒരു മിനിട്ടുകൊണ്ട് സമനില വീണ്ടെടുത്തപ്പോഴാണ് കോണ്‍ഗ്രസ്സിനു ഭൂരിപക്ഷം ലഭിച്ച ഗോവയില്‍ ബിജെപിക്കാരനായ മനോഹര്‍ പരീക്കര്‍ മുഖ്യമന്ത്രിയായതും കുമാരസ്വാമിയെ മാറ്റി യെദിയൂരപ്പ കര്‍ണ്ണാടകയില്‍ മുഖ്യമന്ത്രി സ്ഥാനത്ത് കയറിയിരുന്നതും, മധ്യപ്രദേശില്‍ കമല്‍നാഥ് നടുതല്ലി താഴെവീണതും ജ്യോതിരാദിത്യ കോണ്‍ഗ്രസ് ഹൈക്കമാണ്ടില്‍ നിന്ന് ബിജെപിയുടെ പിന്‍സീറ്റിലേക്ക് എടുത്തുചാടിയതും മഹാരാഷ്ട്രയിലെ ദേവേന്ദ്ര ഫാട്നാവിസ് അര്‍ദ്ധരാത്രി മുഖ്യമന്ത്രിയായി അധികാരമേറ്റതും, ഒറ്റ രാത്രികൊണ്ട്‌ മൂന്നു മുന്‍ മുഖ്യമന്ത്രിമാരെ തടവിലിട്ട് കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതും മറ്റും മറ്റും ഓര്‍ത്തുപോയത്. അതോടെ മനസ്സിലെ സംശയങ്ങളെല്ലാം തീര്‍ന്നു. പതുക്കെ മനസ്സ് ശാന്തമായി. ബിജെപി ഉത്തരേന്ത്യയില്‍ പറയാറുള്ള കാര്യങ്ങള്‍ പറയാന്‍ പറ്റിയ സ്ഥലമായി കേരളം മാറുന്നു എന്ന കടുത്ത യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ടു. ആലോചിക്കുന്തോറും സുരേന്ദ്രന്‍ പറഞ്ഞത് എത്ര ജനാധിപത്യ വിരുദ്ധമായ കാര്യമാണ് എന്ന ആലോചന ശക്തിപ്പെട്ടു.

ജനാധിപത്യത്തിന്‍റെ ഉത്സവമായ തെരഞ്ഞടുപ്പിന് മുന്നില്‍ നിന്നുകൊണ്ട് ഒരു പ്രധാനപ്പെട്ട നേതാവ് വെറും 35 സീറ്റ് കിട്ടിയാല്‍ ഞങ്ങള്‍ ഭരിക്കും എന്ന് പറയുന്നത് സകല ജനാധിപത്യ മര്യാദകളുടെയും ലംഘനമാണ്. ''എന്തും ചെയ്യും ആരുണ്ടിവിടെ ചോദിക്കാന്‍'' എന്ന വെല്ലുവിളിയാണ്. കോടികള്‍ കൊടുത്ത് എംഎല്‍എ മാരെ വിലക്കുവാങ്ങും എന്ന പച്ചയ്ക്കുള്ള പ്രഖ്യാപനമാണ്. തങ്ങള്‍ക്ക് യാതൊരു രാഷ്ട്രീയ നൈതികതയുമില്ലെന്ന തുറന്നു പറച്ചിലാണ്. ജനാധിപത്യത്തെ അട്ടിമറിക്കും എന്ന പ്രഖ്യാപനമാണ്. ഏറ്റവും അപലപനീയവും മാപ്പര്‍ഹിക്കാത്തതുമാണ് ബിജെപി സംസ്ഥാന പ്രസിഡണ്ടിന്‍റെ ഈ പ്രസ്താവന.

ജനാധിപത്യ സംവിധാനത്തെ ബഹുമാനിക്കുന്നവരായിരിക്കണം നമ്മുടെ രാഷ്ട്രീയ പ്രവര്‍ത്തകര്‍.  ജനാധിപത്യത്തിന്‍റെ അതിരുകളെ നിരന്തരം വികാസത്തിലേക്ക് നയിക്കാവുന്ന പ്രസ്താവനകള്‍ മാത്രമേ ഒരു രാഷ്ട്രീയ പ്രവര്‍ത്തകനില്‍ നിന്ന് ഉണ്ടാകാന്‍ പാടുള്ളൂ. തന്റെ പ്രവര്‍ത്തനങ്ങള്‍ക്കൊണ്ടും വാക്കുകള്‍ കൊണ്ടും താന്താങ്ങള്‍ പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനത്തിന്റെയും സമൂഹത്തിന്റെയും ജനാധിപത്യ സ്വഭാവത്തെ ഒരിഞ്ചെങ്കിലും മുന്നോട്ടു കൊണ്ടുപോകണം എന്ന ദൃഢബോധ്യത്തിലെക്കാണ് പൊതുപ്രവര്‍ത്തകര്‍ എത്തിച്ചേരേണ്ടത്. ഇതിനു വിരുദ്ധമായ കാര്യങ്ങളാണ് 1990 കള്‍ മുതല്‍ അതിവേഗത്തില്‍ രാജ്യത്ത് സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്നത് യാഥാര്‍ഥൃമാണ്. എന്നാല്‍ അതിനപ്പുറം നിലയുറപ്പിക്കാന്‍ ഇക്കാലയളവില്‍ കേരളത്തിന് കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ടാണ് കേരളം എന്തുപറയുന്നുവെന്നും എങ്ങനെ ചിന്തിക്കുന്നുവെന്നുമറിയാന്‍ രാജ്യത്തെ വലിയ ചിന്തകരും രാഷ്ട്രീയ നേതാക്കളും മാധ്യമ പ്രവര്‍ത്തകരുമൊക്കെ ഉറ്റുനോക്കുന്നത്. സുരേന്ദ്രന്‍ ഒന്നോര്‍ക്കണം - എന്തും പറയാമെന്നുവന്നാല്‍ പിന്നെ എന്തും ചെയ്യാമെന്നാകും. അത് കേരളത്തിന്റെ മതനിരപേക്ഷ പൊതുമണ്ഡലത്തെ മുച്ചൂടും നശിപ്പിച്ചുകളയും. നൂറ്റാണ്ടുകള്‍ നീണ്ട നവോഥാന, രാഷ്ട്രീയ സമരങ്ങളുടെയും പോരാട്ടങ്ങളുടെയും ഫലമാണ് കേരളം ഇന്ന് ഉണ്ണുന്ന ജനാധിപത്യവും ജീവിത പുരോഗതിയും. ഇത് ബിജെപിയുടെ സംസ്ഥാന പ്രസിഡന്‍റിനോട്‌ ഉറക്കെ വിളിച്ചുപറയാന്‍ നാം തയാറായെ പറ്റൂ. ഇല്ലെങ്കില്‍ നിരന്തരം ജനാധിപത്യവും ജനാധിപത്യാവകാശങ്ങളും ബലികഴിക്കപ്പെടുന്ന സംസ്ഥാനങ്ങളിലൊന്നായി കേരളം അതിവേഗം മാറും.

Contact the author

Sufad Subaida

Recent Posts

Views

മഹാമാരിക്കാലത്തെ ലെനിൻ സ്മരണ - കെ. ടി. കുഞ്ഞിക്കണ്ണന്‍

More
More
Views

ക്ലാസ് മുറിയിലെ മുറിഞ്ഞുവീണ മരച്ചില്ല - ടി. കെ. സുനില്‍ കുമാര്‍

More
More
Views

സംഘപരിവാർ അജണ്ടയനുസരിച്ചാണോ വാരണസി കോടതി പ്രവർത്തിക്കുന്നത്?- കെ ടി കുഞ്ഞിക്കണ്ണൻ

More
More
P P Shanavas 2 weeks ago
Views

എങ്ങനെയാണ് നമുക്കൊരു സമാധാനപരമായ ജീവിതം സാധ്യമാകുക? - പി. പി. ഷാനവാസ്‌

More
More
K T Kunjikkannan 4 weeks ago
Views

ഝാൻസി കന്യാസ്ത്രീ ആക്രമണവും ഹിന്ദുത്വ ഭീകരതയും - കെ ടി കുഞ്ഞിക്കണ്ണൻ

More
More
Mehajoob S.V 1 month ago
Views

നേമത്ത് ആരൊക്കെ തമ്മിലാണ് മത്സരം? ആര് ജയിക്കും?

More
More