തിരുവനന്തപുരം: കോടികളും ഇഷ്ടപെട്ട സീറ്റും, ബിജെപി വാഗ്ദാനം ചെയ്തെന്ന് കോണ്‍ഗ്രസ് നേതാവും കഴക്കൂട്ടം മുന്‍ എംഎല്‍എയുമായ എം.എ വാഹിദ്. ബിജെപിയിലേക്ക് വരികയാണെങ്കില്‍ ഏത് മണ്ഡലത്തില്‍ വേണമെങ്കിലും മത്സരിക്കാന്‍ അവസരം നല്‍കാമെന്നും വാഗ്ദാനമുണ്ട്. ബിജെപി ഏജന്റ്മാരാണ് ഇതുമായി ബന്ധപ്പെട്ട് തന്നെ സമീപിച്ചതെന്നും എം.എ വാഹിദ് വ്യക്തമാക്കി.
കോണ്‍ഗ്രസ് നേതാക്കളെ ബിജെപിയിലേക്ക് കൊണ്ടുവരാന്‍ നേതാക്കള്‍ രംഗത്ത് ഇറങ്ങുന്നില്ലന്നേയുള്ളു, പകരം ഏജെന്റ്മാരെ നിയോഗിച്ചിരിക്കുകയാണ്. കോണ്‍ഗ്രസ് നേതാക്കളെയാണ് ബിജെപി നോട്ടമിടുന്നതെന്നും എം.എ വാഹിദ് പറഞ്ഞു. തന്റെ ബിജെപി വിരുദ്ധ നിലപാട് അവരെ അറിയിച്ചെന്നും വാഹിദ് കൂട്ടിച്ചേര്‍ത്തു.
അസംതൃപ്തരായ നേതാക്കളെയാണ് ബിജെപി ലക്ഷ്യമിടുന്നത്. 2001-ലാണ് ആദ്യമായ് താന്‍ പാര്‍ട്ടിക്കെതിരെ നിന്നത്, അതില്‍ ഇന്നും പശ്ചാത്താപമുണ്ട്. ഇനി അങ്ങനെ ആവര്‍ത്തിക്കില്ലെന്നും എം.എ വാഹിദ് പറഞ്ഞു .
അതേസമയം, വാഹിദിന്റെ പ്രസ്താവനയ്ക്കെതിരെ ബിജെപി നേതാവ് ബി.ഗോപാല കൃഷ്ണന് രംഗത്തെത്തിയിട്ടുണ്ട്. വാര്‍ത്ത വാസ്തവ വിരുദ്ധമാണെന്നും, വ്യാജ പ്രചരണത്തിനായി കോണ്‍ഗ്രസ് നേതാക്കള്‍ ബോധപൂര്‍വം മെനഞ്ഞെടുത്തതാണീ ആരോപണമെന്നും ബി.ഗോപാലകൃഷ്ണന് പറഞ്ഞു.