പക്ഷിപ്പനി കണ്ടെത്തിയ കോഴിക്കോട് ജില്ലയില്‍ വവ്വാലുകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങി. കാരശ്ശേരി പഞ്ചായത്തിലെ കാരമൂലയിലാണ് 100ല്‍ അധികം വവ്വാലുകള്‍ ചത്തൊടുങ്ങിയത്. സുബുലുല്‍ ഹുദ മദ്രസയുടെ സമീപ പ്രദേശത്തായിരുന്നു വവ്വാലുകളെ ചത്ത നിലയില്‍ കണ്ടെത്തിയത്. ചത്ത വവ്വാലുകളുടെ സാമ്പിളുകള്‍ അധികൃതര്‍ ശേഖരിച്ചു. എന്നാല്‍ ഇത് പക്ഷിപ്പനിയല്ലെന്നാണ് മൃഗസംരക്ഷണ വകുപ്പിന്റെ നിഗമനം.
മൃഗസംരക്ഷണ വകുപ്പ്,ആരോഗ്യ വകുപ്പ്,പഞ്ചായത്ത് അധികൃതര്‍ എന്നിവര്‍ സ്ഥലത്ത് എത്തി വവ്വാലുകളുടെ സാമ്പിള്‍ ശേഖരിച്ചു. ഇവ പാലോട് വെറ്റിനറി ലാബില്‍ പരിശോധിക്കും. സാമ്പിളുകള്‍ ശേഖരിച്ച ശേഷം വവ്വാലുകളെ കത്തിച്ചു കളഞ്ഞു. വവ്വാലുകള്‍ ചത്തുവീണ കാര്യം നാട്ടുകാരാണ് മൃഗസംരക്ഷണ വകുപ്പിനെ അറിയിച്ചത് കാക്കകളും, ദേശാടന പക്ഷികളും അടക്കം പക്ഷിപ്പനി ബാധയേതുടര്‍ന്ന് ചാകുന്നുണ്ട്. വേങ്ങേരിയില്‍ കാക്കകള്‍ പനിയേതുടര്‍ന്ന് ചത്തുവീഴുന്നതും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ജില്ലയില്‍ വേങ്ങേരി, വെസ്റ്റ് കൊടിയത്തൂര്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് പക്ഷിപ്പനി ബാധ റിപ്പോര്‍ട്ട് ചെയ്തത്. ഈ മേഖലകളില്‍ പക്ഷികളെ കൊന്നൊടുക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.