നേമത്ത് ആരൊക്കെ തമ്മിലാണ് മത്സരം? ആര് ജയിക്കും?

Mehajoob S.V 4 months ago

ഈ തെരഞ്ഞെടുപ്പ് കാലയളവില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട നിയമസഭാ മണ്ഡലമാണ് തിരുവനന്ത പുരം ജില്ലയിലെ നേമം. നേമത്ത് ആരൊക്കെ തമ്മിലാണ് മത്സരം? ആര് ജയിക്കും? എന്നതാണ് പ്രധാനപ്പെട്ട ചര്‍ച്ചാ വിഷയങ്ങളില്‍ ഒന്ന്.

അതെ, നേമത്ത് ആരു ജയിക്കും?

പ്രധാനപ്പെട്ട ചോദ്യമാണത്. ആ ചോദ്യത്തിന് ഉത്തരം പറയണമെങ്കില്‍ അവിടെ ആരൊക്കെ തമ്മിലാണ് ഫൈനല്‍ മത്സരം നടക്കുന്നത് എന്ന് ആദ്യം തീര്‍പ്പാക്കേണ്ടതുണ്ട്. എല്‍ഡിഎഫ് പറയുന്നത് എല്‍ഡിഎഫും ബിജെപിയും തമ്മിലാണ് മത്സരം എന്നാണ്. എന്നാല്‍ യുഡിഎഫ് പറയുന്നത് യുഡിഎഫും ബിജെപിയും തമ്മിലാണ് മത്സരം എന്നാണ്. രാഷ്ട്രീയമാണ്, തെരഞ്ഞെടുപ്പാണ്, മത്സരമാണ്‌. ജയത്തില്‍ കുറഞ്ഞൊന്നും ഒരു മുന്നണിയും ആഗ്രഹിക്കില്ല. അതുകൊണ്ട് തെരഞ്ഞെടുപ്പ് കാലയളവിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ അവകാശവാദങ്ങള്‍ ആരും അങ്ങനെ കാര്യമാക്കാറില്ല. 140-ല്‍140-ഉം പാര്‍ലമെന്‍റു തെരെഞ്ഞെടുപ്പാണെങ്കില്‍ 20-ല്‍ 20-ഉം തങ്ങള്‍ പിടിക്കുമെന്ന് പാര്‍ട്ടി സംസ്ഥാന ചുമതലക്കാരും മുന്നണി നേതാക്കന്‍മാരുമൊക്കെ പറയുക സ്വാഭാവികം. പ്രവര്‍ത്തകരുടെ ആവേശവും പ്രവര്‍ത്തിക്കാനുള്ള ഔത്സുക്യവുമൊക്കെ കെട്ടുപോകാതെ സൂക്ഷിക്കാന്‍ അത് അനിവാര്യമാണ് താനും.

ബിജെപിയെ നേരിടാന്‍ ഏറ്റവും നല്ല കക്ഷി ഞങ്ങളാണ്, ഞങ്ങള്‍ക്കാണ് ശക്തി നിങ്ങളുടേത് ബിജെപി വിരുദ്ധ വോട്ടുകളാണ് എങ്കില്‍, അത് ചെയ്യേണ്ടത് ഞങ്ങള്‍ക്കാണ്. ഇരുമുന്നണികളും നേമത്ത് മുന്നോട്ടു വെക്കുന്ന അവകാശവാദം ഇതാണ്. എന്നാല്‍ മുന്നണികളുടെ ഈ അവകാശവാദം ബിജെപിയെ തോല്‍പ്പിക്കാന്‍ മതിയാകാതെ വരും. ബിജെപിയെ തോല്‍പ്പിക്കുക എന്നതാണ് കെ മുരളീധരന്റെയും വി.ശിവന്‍കുട്ടിയുടെയും പ്രധാന ലക്ഷ്യമെങ്കില്‍ ഈ അവകാശവാദം അവസാനിപ്പിക്കണം.

അതെങ്ങനെ? അപ്പോള്‍ വസ്തുത പറയാതിരിക്കാനാകുമോ? ഓ രാജഗോപാലിന് 67000 ത്തിലധികം വോട്ടുള്ളതല്ലേ? ഒന്നാം സ്ഥാനത്ത് അങ്ങേരുതന്നെയല്ലേ? വസ്തുതകള്‍ മൂടിവെച്ച് സംസാരിക്കാനാകുമോ? തുടങ്ങിയ ചോദ്യങ്ങളൊക്കെ ഉയര്‍ന്നു വരാം.

ഓക്കേ ശരിയായ ചോദ്യങ്ങള്‍ തന്നെ, വസ്തുതകള്‍ വെച്ചാണ് പറയേണ്ടതെങ്കില്‍ എല്‍ഡിഎഫ് പറയുന്നതാണ് ശരി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിലെ വി ശിവന്‍കുട്ടി 59,142 വോട്ടുകളും ബിജെപിയുടെ ഒ രാജഗോപാല്‍ 67,813 വോട്ടുകളുമാണ് നേടിയത്. യുഡിഎഫിനെ പ്രതിനിധീകരിച്ച് മത്സരിച്ച മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ളക്ക് ആകെ ലഭിച്ചത് 13,860 വോട്ടുകളാണ്. ഇതാണ് വസ്തുത. ഇതനുസരിച്ച് 8,671 വോട്ടുകള്‍ക്ക് ഓ രാജഗോപാല്‍ തോല്‍പ്പിച്ചത് ശിവന്‍ കുട്ടിയെയാണ്. ഇപ്പോള്‍ രാജഗോപാലിന് പകരം കുമ്മനം രാജശേഖരന്‍ വരുമ്പോള്‍ സ്വാഭാവികമായും കുമ്മനവും ശിവന്‍ കുട്ടിയും തമ്മിലാണ് മത്സരം എന്നുപറയുന്ന എല്‍ഡിഎഫ് വാദമാണ് ശരി.

അങ്ങിനെയെങ്കില്‍ കോണ്‍ഗ്രസ്സുകാര്‍ക്കും ചില വസ്തുതകള്‍ പറയാനുണ്ട്. അതെന്താണ്?

നേമം മണ്ഡല പുനക്രമീകരണത്തിനുശേഷം 2011-ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ യുഡിഎഫിനെ പ്രതിനിധീകരിച്ച് മത്സരിച്ച ചാരുപാറ രവിക്ക് 20,248 വോട്ടുകള്‍ ലഭിച്ചിരുന്നു. ഈ രണ്ടു തെരഞ്ഞെടുപ്പുകളിലും കൈപ്പത്തി ചിഹ്നത്തില്‍ കോണ്‍ഗ്രസ്സിന്റെ പ്രമുഖ നേതാക്കന്മാരല്ല മത്സരിച്ചത്. അതുകൊണ്ടു ബിജെപിയിലേക്ക് ചോര്‍ന്നുപോയ വോട്ടുകള്‍ സ്വാഭാവികമായും ഉണ്ട്. കോണ്‍ഗ്രസ്സിന്  മുരളീധരനെപ്പോലെ ശക്തനായ ഒരു സ്ഥാനാര്‍ഥി വരുമ്പോള്‍ ഈ അടിസ്ഥാന വോട്ടുകള്‍ തിരിച്ചുവരും. കൂടാതെ 'ബിഗ്‌ ലീഡര്‍ ഇമേജ്' കൊണ്ടുള്ള ആവേശത്തില്‍ വരുന്ന വോട്ടുകള്‍ വേറെയും വരും. അത് ഒരു വസ്തുതയായി എടുത്താല്‍ മുരളീധരന്റെ വോട്ടുകള്‍ ഗണ്യമായി വര്‍ദ്ധിക്കും.

കെ മുരളീധരന് വര്‍ധിക്കുന്ന ഈ വോട്ടുകള്‍ എവിടെ നിന്നാണ് വരിക? കഴിഞ്ഞ രണ്ടു തെരെഞ്ഞെടുപ്പുകളിലായി ബിജെപി പക്ഷത്തേക്ക് പോയ വോട്ടുകളും, ബിജെപി വിജയിക്കരുത് എന്ന് കരുതി ശിവന്‍ കുട്ടിക്ക് പോയ അല്പം യുഡിഎഫ് അനുകൂല വോട്ടുകളും മുരളി പിടിക്കും. അതായത് പുതുതായി ഉണ്ടാകുന്ന വോട്ടുകള്‍ മാറ്റിനിര്‍ത്തിയാല്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപിക്കും എല്‍ഡിഎഫിനും കിട്ടിയ മൊത്തം വോട്ടുകളില്‍ കുറവ് വരും. അക്കുറയുന്ന വോട്ടുകള്‍ മുരളിയുടെ കൂടുന്ന വോട്ടുകളായി മാറും. കുമ്മനത്തെ തള്ളിയുള്ള ഒ  രാജഗോപാലിന്റെ പ്രസ്താവനയും എന്‍ എസ് എസും മുരളീധരനും തമ്മിലുള്ള ബന്ധവുമൊക്കെ കണക്കിലെടുത്താല്‍ ബിജെപി പക്ഷത്തേക്ക് ഒഴുകിപ്പോയ വോട്ടുകളില്‍ വലിയൊരു പങ്ക് കെ മുരളീധരന്‍ തിരിച്ചുപിടിക്കും. അങ്ങനെ വരുമ്പോള്‍ മത്സരം ആര് തമ്മിലാകും?

സംശയിക്കേണ്ട ജനാധിപത്യ പ്രസ്ഥാനങ്ങളെല്ലാം ആഗ്രഹിക്കുന്നതുപോലെ വി ശിവന്‍ കുട്ടിയും കെ മുരളീധരനും തമ്മിലാകും. മത്സരിക്കുന്നവരില്‍ ഒരാള്‍ ജയിക്കുക എന്ന സാമാന്യ യുക്തിവെച്ചു നോക്കിയാല്‍ ഇവരിലൊരാള്‍ ജയിക്കും. നാം നേരത്തെ പറഞ്ഞ വസ്തുതകള്‍ വെച്ചു നോക്കിയാല്‍ വി ശിവന്‍ കുട്ടി കെ. മുരളീധരനെ തോല്‍പ്പിക്കും.

തെരഞ്ഞെടുപ്പില്‍ 'രണ്ടും രണ്ടും കൂട്ടിയാല്‍ നാലാവണമെന്നില്ല' എന്ന് പറഞ്ഞത് കെ മുരളീധരന്റെ അച്ഛനും മുന്‍ മുഖ്യമന്ത്രിയുമായ കെ കരുണാകരനാണ്. അത് കഴിഞ്ഞ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് തെളിയിച്ചതുമാണല്ലോ. വസ്തുതകളെ മറികടക്കുന്ന കൊടുങ്കാറ്റ് ഉണ്ടായാല്‍ കെ. മുരളീധരന്‍ ജയിക്കും. ഒറ്റ കണ്ടീഷന്‍ മാത്രം കോണ്‍ഗ്രസ്സുകാരും മാര്‍ക്സിസ്റ്റുകാരും തങ്ങള്‍ തമ്മില്ലാണ് മത്സരം എന്ന് തിരിച്ചറിയണം. കോണ്‍ഗ്രസ്സുകാര്‍ സ്വന്തം സ്ഥാനാര്‍ഥികള്‍ക്ക് വോട്ടു ചെയ്യണം. 

Contact the author

Recent Posts

Mehajoob S.V 30 minutes ago
Views

അയോധ്യ: മോദിയും യോഗിയും പ്രതിച്ഛായാ യുദ്ധവും - എസ്. വി. മെഹ്ജൂബ്

More
More
K T Kunjikkannan 22 hours ago
Views

മൊസാദും പെഗാസസും ഹിന്ദുത്വവാദികളും - കെ. ടി. കുഞ്ഞിക്കണ്ണന്‍

More
More
K M Ajir Kutty 1 week ago
Views

ബാങ്കുവിളിയും ലൗഡ് സ്പീക്കറും ശബ്ദമലിനീകരണവും - കെ. എം. അജീര്‍കുട്ടി

More
More
Views

രാമായണ മാസമാചരിക്കുമ്പോള്‍ ഓര്‍ക്കേണ്ടത് - കെ. ടി. കുഞ്ഞിക്കണ്ണൻ

More
More
Views

രാജ്യദ്രോഹ കുറ്റം ഇനിയും നമുക്ക് ആവശ്യമുണ്ടോ? -ക്രിസ്റ്റിന കുരിശിങ്കല്‍

More
More
P. K. Pokker 2 weeks ago
Views

കേരളം എല്ലാ യുഎപിഎ കേസുകളും പുന:പരിശോധിക്കണം - ഡോ. പി കെ പോക്കര്‍

More
More