'ചാര്‍ളി'ക്കു ശേഷം മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന ചിത്രം 'നായാട്ട്' ഏപ്രിൽ 8-ന് തിയറ്ററുകളിലെത്തും. കുഞ്ചാക്കോ ബോബൻ, ജോജു ജോർജ്, നിമിഷ സജയൻ, അനിൽ നെടുമങ്ങാട്, ജാഫർ ഇടുക്കി തുടങ്ങിയ വമ്പൻ താരനിരയും ചിത്രത്തിലുണ്ട്. കുഞ്ചാക്കോ ബോബന്റെയും ജോജു ജോർജിന്റെയും ഉദ്വേകജനകവും കൗതുകം ഉണർത്തുന്നതുമായ ക്യാരക്ടർ പോസ്റ്ററുകള്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.
ചിത്രത്തിന്റെ ആവേശം നിറക്കുന്ന ട്രെയിലറും, പോസ്റ്ററുകളും പ്രക്ഷക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. അതിജീവനവും രാഷ്ട്രീയവും കൂടി കലർത്തിയ സർവൈവൽ ത്രില്ലർ ആയി ഒരുങ്ങുന്ന 'നായാട്ട്' സമകാലിക കേരളത്തെയാണ് പശ്ചാത്തലമാക്കിയിരിക്കുന്നത്.
ജോസഫ് സിനിമ എഴുതിയ ഷാഫി കബീറാണു തിരക്കഥാകൃത്ത്. ഷൈജു ഖാലിദാണ് ക്യാമറ. എഡിറ്റർ മഹേഷ് നാരായണൻ, സംഗീതം വിഷ്ണു വിജയ്, അയ്യപ്പനും കോശിയും നിർമ്മിച്ച ഗോൾഡ് കോയിൻ മോഷൻ പിക്ചർ കമ്പനിയാണ് നിർമ്മാണം. സംവിധായകൻ രഞ്ജിത്, പി എം ശശിധരൻ എന്നിവരാണ് നിർമ്മാതാക്കൾ.