മുംബൈ: നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി നേതാവ് ശരത് പവാര്‍ ശസ്ത്രക്രിയയ്ക്കുശേഷം സുഖംപ്രാപിച്ച് വരുന്നതായി മഹാരാഷ്ട്ര ആരോഗ്യമന്ത്രി രാജേഷ് ടോപ്പെ അറിയിച്ചു. പിത്താശയത്തില്‍ കണ്ടെത്തിയ കല്ലുകള്‍ എന്‍ഡോസ്കോപ്പിയിലൂടെ നീക്കം ചെയ്യുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ശരത് പവാറിന്റെ ആരോഗ്യനില തൃപ്തികരമായി തുടരുന്നു. അരമണിക്കൂര്‍ നീണ്ടുനിന്ന ശസ്ത്രക്രിയക്കുശേഷം അദ്ദേഹം നിരീക്ഷണത്തിലാണ്. പിത്തസഞ്ചി നീക്കം ചെയ്യുന്നത് സംബന്ധിച്ചുളള കാര്യങ്ങള്‍ പിന്നീട് തീരുമാനിക്കുമെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം അടിവയറ്റില്‍ വേദനയുണ്ടായതിനെത്തുടര്‍ന്ന് ശരത് പവാറിനെ പരിശോധനക്ക് വിധേയനാക്കുകയും തുടര്‍ന്ന് പിത്താശയത്തില്‍ കല്ലുകള്‍ കണ്ടെത്തുകയുമായിരുന്നു. മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയിലാണ് അദ്ദേഹം നിലവില്‍ ചികിത്സയില്‍ കഴിയുന്നത്.