എങ്ങനെയാണ് നമുക്കൊരു സമാധാനപരമായ ജീവിതം സാധ്യമാകുക? - പി. പി. ഷാനവാസ്‌

എല്ലാറ്റിലും രാഷ്ട്രീയമുണ്ട്. നമ്മുടെ സൗഹൃദത്തിലും സന്തോഷത്തിലും ഭക്ഷണത്തിലുമെല്ലാം. രാഷ്ട്രീയം എന്ന വാക്ക് ഇവിടെ ഉപയോഗിച്ചത് കക്ഷിരാഷ്ട്രീയം എന്ന സാമാന്യാര്‍ത്ഥത്തിലല്ല, രാഷ്ട്രത്തെ സംബന്ധിച്ചത് എന്ന കേവലാർത്ഥത്തിലുമല്ല. സാമൂഹ്യാധികാരവും സാമ്പത്തിക ക്രമവുമായി ബന്ധപ്പെട്ട സൂക്ഷ്മാർത്ഥത്തിലാണ്. ഇത് രണ്ടും ഇന്ന് സംസ്കാരവുമായി ചേർന്ന് വിപുലമായ അർത്ഥം കൈവരിച്ചിരിക്കുന്നു. ആ നിലയിൽ നമ്മുടെ വിശ്വാസങ്ങൾ, ആചാരങ്ങൾ, ജീവിത ശൈലി, പെരുമാറ്റ രീതികൾ, ആഘോഷങ്ങൾ, കൂടിയിരുപ്പുകൾ എല്ലാം രാഷ്ട്രീയംകൊണ്ട് നിറം ചേർത്തതാണ്.

തൊഴിലാളികൾ ഇന്ന് മാർക്സിന്റെ കാലത്തെ തൊഴിലാളികളല്ല. രാഷ്ട്രീയ പ്രവർത്തനം ലെനിന്റെ കാലത്തേതുമല്ല. പല തരത്തിലുള്ള സാംസ്കാരികമായ പരിഗണനകളാലും സ്വത്വപരമായ പുതുബോധ നിർമ്മിതികളാലും ഇക്കാര്യങ്ങളിലെല്ലാം സംഭവിച്ചുകൊണ്ടിരിക്കുന്ന സംക്രമണ സന്ദിഗ്ദതകളിലാണ് നാം നമ്മെ ഉറപ്പിച്ചു നിർത്താന്‍  ശ്രമിക്കുന്നത്. അവിടെയാണ് സമാധാനവും സൗഹൃദവും തേടുന്നത്. അതുകൊണ്ടുതന്നെ സ്വാതന്ത്ര്യത്തെക്കുറിച്ച് ഇന്ന് നാം കൂടുതൽ ചിന്തിക്കുന്നു, 'ഞാനാര്' എന്ന ചിന്തയാല്‍ സദാ വേട്ടയാടപ്പെടുകയും ഒരുതരം സ്വത്വഭീതിയിൽ കാലം കഴിക്കേണ്ട സ്ഥിതി നമുക്ക് വന്നുചേരുകയും ചെയ്തിരിക്കുന്നു. ഈ ചരിത്ര സന്ദർഭമാണ് നമ്മുടെ സാംസ്കാരിക ജീവിതത്തെ ആകെത്തന്നെ പ്രശ്നഭരിതമാക്കിത്തീര്‍ക്കുന്നത്.

എങ്ങനെയാണ് നമുക്കൊരു സമാധാന ജീവിതം സാധ്യമാകുക?

മുതലാളിത്തത്തിന്റെ ചരിത്രത്തിലെ ഏറ്റവും വേഗമാര്‍ന്ന കാലമാണിത്. അതിന്റെ ലാഭക്കൊതിക്ക്, അതിവേഗത കൈവന്നിരിക്കുന്നു. മുതലാളിത്തം പുത്തൻ മുതലാളിത്തമായി വളർന്ന്, മനുഷ്യന്റെ എല്ലാ സ്വകാര്യ ഇടങ്ങളേയും ചരക്കുവൽക്കരിക്കുകയും കമ്പോളവൽക്കരിക്കുകയും ചെയ്തിരിക്കുന്നു. അതുകൊണ്ടുതന്നെ വിപണിയെ മനസ്സിലാക്കിക്കൊണ്ടു മാത്രമേ, പുത്തൻ മുതലാളിത്ത കമ്പോളം മനുഷ്യന്റെ സംസ്കാരത്തിലും അഭിരുചി നിർമാണത്തിലും ഇടപെടുന്നത് എങ്ങിനെയെന്ന് തിരിച്ചറിഞ്ഞുകൊണ്ടേ, ഇന്ന് സമാധാനപരമായ ഒരു ജീവിതം സാധ്യമാകൂ. സാംസ്കാരിക മുതലാളിത്തം എന്നു വിളിക്കാവുന്ന മുതലാളിത്തയന്ത്രം നമ്മെ പ്രലോഭനത്തിന്റെയും വ്യാമോഹങ്ങളുടെയും ഒടുങ്ങാത്ത ആഗ്രഹങ്ങളുടെയും ഒരു മരണവക്ത്രത്തിൽ കുടുക്കിയിരിക്കുന്നതായി കാണാം. പുതു ഭക്ഷണശീലങ്ങൾ, പുത്തൻ ഫാഷൻ സമ്പ്രദായങ്ങൾ, സൗന്ദര്യവർധക സങ്കേതങ്ങൾ, അതുവഴി രൂപപ്പെട്ട വ്യക്തിത്വം, പെരുമാറ്റ രീതികൾ എന്നിങ്ങനെ, മതം, വിശ്വാസം, ആചാരങ്ങൾ എന്നിവയിലെല്ലാം ഒളിഞ്ഞിരിക്കുന്ന മുതലാളിത്ത കമ്പോളത്തിന്റെ ഗൂഢമായ താല്പര്യങ്ങൾ, ഒരു കെണിയായി ജീവിതത്തെ മുഴുവൻ നിര്‍ണ്ണയിക്കുന്ന നില വന്നുചേര്‍ന്നിരിക്കുന്നു. എത്ര കിട്ടിയാലും മതിവരാത്ത, ആഗ്രഹ പൂരണത്തിനായി നെട്ടോട്ടമോടുന്ന, തൃപ്തിയെന്തെന്നറിയാത്ത, എല്ലാം വാങ്ങിക്കൂട്ടി സ്വന്തമാക്കാൻ വെമ്പൽ കൊള്ളുന്ന, അശാന്തമായ മനസ്സിന്റെ ഉടമകളായി നാം മാറിയിരിക്കുന്നു.

നമ്മുടെ തൃഷ്ണകളെ, ആഗ്രഹങ്ങളെ, അഭിലാഷങ്ങളെ, മോഹങ്ങളെ, കാമനകളെ, ലൈംഗികതയെ ആകെത്തന്നെ നിയന്ത്രിക്കുന്ന തരത്തിൽ മനുഷ്യ മനഃശാസ്‌ത്രത്തിന്റെ അബോധ ഇടങ്ങളെ മുതലാളിത്ത കമ്പോളത്തിന് അതിനിര്‍ണ്ണയിക്കാന്‍ കഴിയുന്ന രീതിയിൽ വളർന്ന്  ഭീകരമായ ഒരു സത്വമായി സാംസ്കാരിക മുതലാളിത്തം മാറിത്തീര്‍ന്നിരിക്കുന്നു. അകമേ തിരപോലെ അലതല്ലിക്കൊണ്ടേയിരിക്കുന്ന ആഗ്രഹങ്ങളുടെയും മോഹങ്ങളുടെയും അതൃപ്തിയുടെയും മനസ്സുകളായി നാം പരിവർത്തനം ചെയ്യപ്പെട്ടിരിക്കുന്നു. എത്ര കിട്ടിയാലും മതിവരാത്ത, എത്ര അനുഭവിച്ചാലും കൊതിതീരാത്ത, എത്ര കുടിച്ചാലും മത്ത് പിടിക്കാത്ത നിലയിൽ, തീരാത്ത ആവശ്യങ്ങളുടെ ഒരു സൈനിക മുന്നേറ്റമായി മുതലാളിത്ത കമ്പോളം നമ്മെ മാറ്റിത്തീർത്തിരിക്കുന്നു. സ്ത്രീകളും കുട്ടികളുമാണ് ഇതിനേറ്റവും കൂടുതൽ ഇരകളായിത്തീര്‍ന്നിരിക്കുന്നത് എന്ന കാര്യത്തില്‍ സവിശേഷ ശ്രദ്ധ പതിയേണ്ടതാണ്. സ്ത്രീകളുടെയും കുട്ടികളുടെയും വിമോചനാവശ്യങ്ങളേയും സ്വാതന്ത്ര്യ വ്യഗ്രതകളേയും മുതലാളിത്ത കമ്പോളം തങ്ങളുടെ വ്യാപാര വർധനക്കുള്ള ഉപാധിയായി കാണുന്നു. അവരെ കയ്യിലെടുത്താൽ സമൂഹത്തെയാകെ തങ്ങളുടെ കമ്പോളമാക്കി വികസിപ്പിക്കാം എന്ന രഹസ്യം സാംസ്കാരിക കമ്പോളം എന്നേ മനസ്സിലാക്കിയിരിക്കുന്നു.

ചുരുങ്ങുന്ന വരുമാനവും പെരുകുന്ന ആവശ്യങ്ങളും 

വരുമാനവും ആവശ്യങ്ങളും തമ്മിലുള്ള വിടവും സംഘര്‍ഷവും സ്ഫോടനാത്മകാമായ രീതിയില്‍ വര്‍ദ്ധിച്ചിരിക്കുന്നു.  ഇരട്ടിപ്പ് സംഖ്യകളെക്കൊണ്ട് വരവിനെ സൂചിപ്പിക്കാമെങ്കില്‍ ചെലവിനെ സൂചിപ്പിക്കുന്നത് പെരുക്ക സംഖ്യകളാണ്. ചുരുക്കത്തില്‍ ലഭിക്കുന്ന വരുമാനത്തിന് അനുസരിച്ചല്ല പെരുകുന്ന ആവശ്യങ്ങൾ എന്ന നില ഇന്ന് സംഘടിത, അസംഘടിത തൊഴിലാളികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയ വ്യത്യാസങ്ങളില്ലാതെ എല്ലാവരെയും ഒരുപോലെ ബാധിച്ചിരിക്കുന്നു.

നമ്മുടെ വിദ്യാലയങ്ങൾ നിരന്തരം പുതിയ ആവശ്യങ്ങളും ചെലവുകളും രക്ഷിതാക്കളുടെമേൽ അടിച്ചേൽപ്പിക്കുന്ന സ്ഥിതി മുമ്പ് നിലവിലുണ്ടായിരുന്നില്ല. വിദ്യാലയങ്ങളും മതസ്ഥാപനങ്ങളും ചൂഷക വർഗങ്ങളെ പുനരുത്പാദിപ്പിക്കുന്ന മുതലാളിത്ത 'കമ്പോള സേവാ സംഘ'ങ്ങളായി മാറിയിരിക്കുന്നു. കമ്പോളയുക്തി നമ്മുടെ ആഘോഷങ്ങളെയും ആചാരങ്ങളെയുമെല്ലാം മുതലാളിത്ത കെട്ടുകാഴ്ചളാക്കി മാറ്റിയിരിക്കുന്നു. മതപരവും ആചാരാനുഷ്ടാനപരവും ജാതിപരവുമായ തിട്ടൂരങ്ങൾക്കപ്പുറത്ത്, കമ്പോളത്തിന്റെ ഒരു പുതിയ മതം നമ്മുടെ അഭിരുചികളെയും കാഴ്ചപ്പാടുകളെയും നിർണയിക്കുന്നു. അങ്ങിനെ പഴയ മതവും ആചാരങ്ങളും ആഘോഷങ്ങളുമെല്ലാം മുതലാളിത്ത കമ്പോളത്താല്‍ അതിനിര്‍ണ്ണയിക്കപ്പെട്ട ഒരു സാംസ്കാരിക പരിതസ്ഥിതി രൂപപ്പെട്ടിരിക്കുന്നു.

സകലതും കുടുംബത്തിന്റെ നാലതിരിൽ നോക്കിക്കാണാന്‍ മാത്രം ശേഷിയുള്ള, ഒരു മധ്യവർഗ ന്യൂക്ലിയർ കുടുംബമായി നാം മാറ്റിപ്പണിയപ്പെട്ടിരിക്കുന്നു. അത്തരം ഒരു കുടുംബഘടന മുതലാളിത്ത കമ്പോളത്തിന് അനുസൃതമായി നിലനിർത്തുന്ന ഒരു ആശയപരിസരം അല്ലെങ്കിൽ പ്രത്യയശാസ്ത്രപരമായ കീഴടങ്ങൽ ആണ് ഇന്ന് നാം കാണുന്നത്. "കുടുംബത്തിന് വേണ്ടി എന്തു ക്രൂരതയും ആകാം" എന്ന ഒരു പ്രത്യയശാസ്ത്രം നമ്മെ ഭരിക്കാൻ തുടങ്ങിയിരിക്കുന്നു. എല്ലാ രാഷ്ട്രീയ നിലപാടുകൾക്കും വിശ്വാസ സംഹിതകൾക്കും ധാർമികബോധത്തിനുമപ്പുറത്ത്, മുതലാളിത്ത കമ്പോളം മുന്നോട്ടുവെയ്ക്കുന്ന ഈ ആശയത്തിന്‍റെ അടിമകളായി നമ്മുടെ തലച്ചോറും ഹൃദയവും മാറിയിരിക്കുന്നു.

പുരോഹിതർ വെച്ചുവിളമ്പുന്ന മതമല്ല 'മതം' 

ഭക്ഷണം കഴിച്ചുകഴിച്ച് രോഗികളാകുന്ന, വസ്ത്രമണിഞ്ഞ് ശരീരം വെറുമൊരു പ്രദർശന വസ്തുവാകുന്ന, മത്സരിച്ച് വിദ്യാഭ്യാസം നേടി മനുഷ്യത്വം നഷ്ടപ്പെട്ട ഉദ്യോഗസ്ഥരാകുന്ന, മതവിശ്വാസത്തിന്റെ പേരിൽ ക്രൂരത ശീലമാകുന്ന സ്ഥിതി വിശേഷം സംജാതമായിരിക്കുന്നു. സാംസ്കാരിക ജീവിതംതന്നെ മനുഷ്യത്വവിരുദ്ധവും അടിസ്ഥാന മൂല്യബോധത്തെ നശിപ്പിക്കുന്നതുമായ  പരിതോവസ്ഥ. ഇത്തരമൊരു ലോകക്രമത്തിലേക്ക് ഉൾചേരാനുള്ള വ്യഗ്രതയാണ് പ്രാദേശിക ഭേദമില്ലാതെ നമ്മുടെ നാട്ടിലുടനീളമുള്ളത്. മാളുകളുടെയും ഭക്ഷണ ശാലകളുടെയും ആരോഗ്യ വ്യവസായത്തിന്റെയും സംസ്കാരം, മതത്തിന്റെ ആട്ടിൻതോലണിഞ്ഞാണ് നമ്മെ സമീപിക്കുന്നത്. മതങ്ങളും വിശ്വാസങ്ങളും എന്തിന് വേണ്ടിയാണോ നിലകൊണ്ടത്, അതിന് നേരെതിരില്‍ അച്ചടക്കമുള്ള ഒരു മുതലാളിത്ത സമൂഹത്തെ വാർത്തെടുക്കാനുള്ള വെമ്പലിലാണ് മത പൌരോഹിത്യം. പൗരോഹിത്യ മതവും രാഷ്ട്രീയവും എല്ലാ മേഖലകളിലും പിടിമുറുക്കുന്നു. പുരോഹിതർ വെച്ചുവിളമ്പുന്ന 'മതം' മതമല്ല എന്ന തിരിച്ചറിവ് ആർജ്ജിക്കേണ്ട ഒരു കാലമാണിത്. കാരണം മുതലാളിത്തക്രമത്തിന്റെ പാദസേവകരായി, മുതലാളിത്ത സമൂഹത്തിന്റെ പുനരുൽപാദകരായി മതപൗരോഹിത്യം മാറിപ്പോയിരിക്കുന്നു. ഈ തിരിച്ചറിവ് തൊഴിലിടങ്ങളിലും കുടുംബങ്ങളിലും ഉണ്ടാകേണ്ടതുണ്ട്. കമ്പോള സംസ്ക്കാരത്തിന്റെ ഈ പ്രളയകാലത്ത് അതിൽ ഒരു കച്ചിത്തുരുമ്പ് കണ്ടെത്തി, സ്വയം വിജയിച്ചു എന്ന്  വ്യാമോഹിക്കുന്നതിനു പകരം,  ഒരു സമാന്തര (ബദല്‍) സാംസ്കാരിക ജീവിതം ഇന്ന് അനിവാര്യമായിരിക്കുന്നു.

പൊതുസ്ഥലത്ത് ഒരാളും കുടുംബത്തിൽ മറ്റൊരാളുമെന്ന ഇരട്ട കപട ജീവിതത്തിൽ നിന്നുമാറി, പൊതു സ്ഥലത്തും കുടുംബത്തിലും ഇരട്ടയല്ലാത്ത ഒരു സാമൂഹ്യ മനുഷ്യനെ സൃഷ്ടിക്കാനുള്ള പെടാപാടുകളിൽ ഏർപ്പെടേണ്ട കാലമാണ് നമ്മുടേത്. വ്യക്തിത്വം ശിഥിലീകരിക്കപ്പെട്ട, ഒരേ ദിവസം തന്നെ പല ആളുകളായി മാറേണ്ടിവരുന്ന, മനഃശാസ്ത്ര ഭാഷയിൽ സ്കിസോഫ്രീനിയ ബാധിച്ചവരായി നാം മാറിക്കൊണ്ടിരിക്കുന്ന ചിത്രം അത്യന്തം വ്യസനമുണ്ടാക്കുന്നതാണ്. മനുഷ്യരാശി വളരെ പണിപ്പെട്ടു നേടിയ ജ്ഞാനത്തെ കേവലം സാങ്കേതിക ജ്ഞാനമാക്കി വെട്ടിച്ചുരുക്കാനുള്ള, മുതലാളിത്തക്രമത്തിന് ഓശാന പാടുന്ന ഒരു രാഷ്ട്രീയ സാംസ്കാരിക പാരിതോവസ്ഥയിൽ നിന്ന് ജീവിതത്തെയും രാഷ്ട്രീയത്തെയും സംസ്കാരത്തെയും തൊഴിലിനേയും തിരിച്ചുപിടിക്കാനുള്ള ധീരമായ ചുവടുവെയ്പുകൾ ഉണ്ടാകേണ്ടതുണ്ട്. 

മാര്‍ക്സിസം പ്രയോഗങ്ങളുടെ മാനിഫെസ്റ്റോ

മാർക്‌സിസത്തിന് ഈ മേഖലയിൽ എന്തു സംഭാവനയാണ് നൽകാനുള്ളത്?  ഈ ചോദ്യം പ്രസക്തമാണ്. കാരണം മത വിമോചന പ്രസ്ഥാനങ്ങൾക്കുശേഷം മനുഷ്യരാശിയെ ഇത്രമേൽ സ്വാധീനിച്ച ഒരു തത്വചിന്ത ഉണ്ടായിട്ടില്ല. മുതലാളിത്തത്തിന്റെ രൂപീകരണകാലത്ത് പ്രവർത്തിച്ച മാർക്സിന്, പഴയ കാലങ്ങളിൽനിന്ന് വ്യത്യസ്തമായി, മുതലാളിത്തം മനുഷ്യരുടെ ജീവിതത്തിൽ വരുത്താൻ പോകുന്ന സമൂല പരിവർത്തനങ്ങളെ ദീർഘദർശനം ചെയ്യാൻ കഴിഞ്ഞു. മതസമൂഹങ്ങൾ ഫാസിസ്റ്റ് ഭരണകൂടങ്ങളെ സൃഷ്ടിക്കാനുള്ള സാധ്യതയെ സംബന്ധിച്ച് ജർമ്മൻകാരനായ മാർക്സിന് വ്യക്തമായി ബോധ്യമുണ്ടായിരുന്നു. അതിനാൽ തന്നെ അക്കാലത്തെ യൂറോപ്യൻ തത്വചിന്തയുടെ തലതൊട്ടപ്പന്മാർ വിലസിയ ജർമ്മനിയുടെ തത്വചിന്താ ലോകത്തെ പഠനവിധേയമാക്കിക്കൊണ്ടാണ് മാർക്സ് പ്രവർത്തനം ആരംഭിച്ചത്. ജർമ്മൻകാരുടെ തത്വചിന്തയിൽ എങ്ങിനെയാണ് ഫാസിസത്തിന്റെ വിത്തുകൾ കുടികൊള്ളുന്നത് എന്നു മനസ്സിലാക്കിയ മാർക്സ്, തത്വചിന്തകൊണ്ട് പരിഹൃതമാകുന്നതല്ല, കൂടുതൽ പ്രത്യാഘാതം ഉള്ളടങ്ങിയ സാമൂഹ്യപ്രശ്നങ്ങൾ എന്ന് തിരിച്ചറിഞ്ഞു. 'തത്വചിന്തകർ പല നിലയിൽ ലോകത്തെ വ്യഖ്യാനിക്കുകയാണ്, എന്നാല്‍ അതിനെ മാറ്റിത്തീർക്കുകയാണ് ആവശ്യം' എന്ന് അദ്ദേഹം പ്രസ്താവിച്ചു. തത്വചിന്തയിൽ നിന്ന് ഫ്രഞ്ച് രാഷ്ട്രീയ പ്രയോഗങ്ങളിലേക്കും ഫ്രഞ്ച് നവോത്ഥാനത്തിന്റെ രാഷ്ട്രീയ നിർമിതികളിലേക്കും ബൂർഷ്വാ ജനാധിപത്യസ്ഥാപനങ്ങളിലേക്കും തൊഴിലാളിവർഗ വിപ്ലവ സാധ്യകളിലേക്കും  ശ്രദ്ധതിരിച്ചു. എന്നാൽ ബൂർഷ്വാ രാഷ്ട്രീയത്തിന്റെ കൃത്രിമങ്ങളുടെ നാലതിരിൽ തിരിയുന്ന ജനാധിപത്യ മോഹങ്ങൾ,  മനുഷ്യരാശിയെ വിമോചനത്തിന്റെ പാതയിൽ എത്തിക്കില്ലെന്നു മനസ്സിലാക്കിയ മാർക്സ്,  രാഷ്ട്രീയ അർത്ഥശാസ്ത്രത്തിലേക്കാണ് പിന്നെ നീങ്ങിയത്. സാമ്പത്തിക അടിത്തറയും രാഷ്ട്രീയമടക്കമുള്ള അതിന്റെ ഉപരിഘടനകളും എന്ന നിലയിൽ തന്റെ വിശകലന ഉപാധികളെ മെച്ചപ്പെടുത്തി. ഇതിന്റെ തുടർച്ചയെന്നോണം ബ്രിട്ടീഷ് ധനതത്വശാസ്ത്രം മാർക്സ് ചർച്ചക്കെടുത്തു. ആഡംസ്മിത്തും റികാർഡോയും അടങ്ങുന്ന ബൂർഷ്വാ അർത്ഥശാസ്ത്ര വിമർശത്തിലേക്ക് പ്രവേശിച്ചു. മൂലധനവും പണവും എങ്ങിനെയാണ് നിലവിൽ വന്നത് എന്നും, എങ്ങിനെയാണ് അവ മുതലാളിത്ത സംസ്കാരത്തിന്റെ അടിത്തറ തീർക്കുന്നത് എന്നും മാർക്സ് വിശകലനം ചെയ്തു. "പണം മുഖത്ത് ചോരപ്പാടുമായാണ് ചരിത്രത്തിൽ ഉദയം ചെയ്തത്. മൂലധനം കടന്നുവന്നത് എല്ലാ രോമകൂപങ്ങളിൽ നിന്നും ചെളിയും ചോരയും വമിപ്പിച്ചു കൊണ്ടാണ്" എന്ന് തന്റെ വിശകലനത്തിനൊടുവിൽ മാർക്സ് എഴുതി.

പണത്തിന്റെയും മൂലധനത്തിന്റെയും ദംഷ്ട്രകൾ പുതിയ രൂപവും ഭാവവും ആർജിച്ച് നമ്മുടെ സാംസ്കാരിക ജീവിതത്തെയും വിശ്വാസ ക്രമത്തെയും അടിമുടി സ്വാധീനിക്കുകയും മൂലധന താല്പര്യത്തിന് അടിമപ്പെടുത്തുകയും ചെയ്യുന്ന പുത്തൻ സാംസ്ക്കാരിക മുതലാളിത്തത്തെപ്പറ്റിയാണ് നാം ആദ്യഭാഗത്ത്‌ വിവരിച്ചത്. ഇപ്രകാരം ജർമൻ തത്വചിന്തയുടെയും ഫ്രഞ്ച് രാഷ്ടമീമാംസയുടെയും ബ്രിട്ടീഷ് അർത്ഥശാസ്ത്രത്തിന്റെയും മൂന്നുതലങ്ങൾ മാർക്സിയൻ ആശയപ്രപഞ്ചത്തിന്റെ ആണിക്കല്ലുകളായി നിലകൊള്ളുന്നു. ഇത് പിൽക്കാലത്ത് സാമൂഹ്യപ്രശ്നങ്ങളെ നോക്കികാണാനുള്ള സമഗ്രമായ ഒരു ദർശനവും വിശകലന ശാസ്ത്രവുമായി വികസിച്ചു. തത്വചിന്തയും രാഷ്ട്രീയ പ്രയോഗങ്ങളും അവയുടെ അടിത്തട്ടിലെ സാമ്പത്തിക നിയാമകങ്ങളും മാർക്സിന്റെ ചിന്താപദ്ധതിക്ക് ഒഴിച്ചുകൂടാനാവാത്ത ഉപാധികളായിത്തീർന്നു. അങ്ങനെ പിൽക്കാലത്തെ അന്വേഷണങ്ങളുടെയും വിശകലനങ്ങളുടെയും സ്വഭാവഗതികളെ മാർക്സ് എന്നെന്നേക്കുമായി സ്വാധീനിച്ചു. അക്കാദമിക ലോകത്തേയും ഗവേഷണ രീതിശാസ്ത്രങ്ങളെ അഗാധമായി സ്വാധീനിച്ചു. ലോകത്തിലെ എല്ലാ വിമോചന പ്രസ്ഥാനങ്ങളുടെയും സ്വാതന്ത്ര്യചിന്തകളുടെയും പ്രേരകശക്തിയായിത്തീർന്നു. ഇതിനു മാർക്സിനു സാധ്യമായത് വ്യവഹാരങ്ങളുടെ സ്വതന്ത്ര വിമർശത്തെ തന്റെ രീതിശാസ്ത്രമാക്കിയതിലൂടെയാണ്. ഇതിലൂടെ ഒരു പുതിയ രീതിശാസ്ത്രവും ദർശനവും സാധ്യമായിവന്നു. അത് പിൽക്കാല അന്വേഷണങ്ങൾക്കായി കൂടുതല്‍ മെച്ചപ്പെട്ട രീതിശാസ്ത്രങ്ങൾ സമ്മാനിച്ചു. തത്വചിന്തയും രാഷ്ട്രീയവർത്തമാനവും അർത്ഥശാസ്ത്ര യുക്തിയും ഒരു സംഗമ ബിന്ദുവിൽ ഒന്നിച്ചുചേരുക വഴി മാർക്സിസം ഒരു ദർശനമായി, വിശകലന ശാസ്ത്രവും പ്രയോഗങ്ങക്ക് ഒരു മാനിഫെസ്റ്റോയുമായി.

Contact the author

P P Shanavas

Recent Posts

Dr. Azad 3 days ago
Views

പിണറായി വിജയന്റെ രാഹുൽ വിരുദ്ധ നിലപാട് വലിയ പ്രത്യാഘാതമുണ്ടാക്കും- ആസാദ് മലയാറ്റിൽ

More
More
K T Kunjikkannan 1 month ago
Views

പുരുഷാധിപത്യ മുതലാളിത്ത വ്യവസ്ഥയ്‌ക്കെതിരായ പോരാട്ടം കൂടിയാണ് വനിതാ ദിനം- കെ ടി കുഞ്ഞിക്കണ്ണന്‍

More
More
K T Kunjikkannan 1 month ago
Views

മേള നടത്തിയാലൊന്നും ഗാന്ധികൊലപാതകത്തിലെ പ്രതിയാണ് സവര്‍ക്കറെന്ന സത്യം മാഞ്ഞുപോകില്ല - കെ ടി കുഞ്ഞിക്കണ്ണന്‍

More
More
Sufad Subaida 3 months ago
Views

ഈ യുദ്ധത്തില്‍ നെതന്യാഹു എങ്ങനെ ജയിക്കും? - സുഫാദ് സുബൈദ

More
More
Anand K. Sahay 3 months ago
Views

2024-ലെ തെരഞ്ഞെടുപ്പ് ബിജെപിക്ക് ഈസി വാക്കോവര്‍ ആയിരിക്കില്ല - ആനന്ദ് കെ. സഹായ്

More
More
Nadeem Noushad 3 months ago
Views

പ്രിയ സഫ്ദർ, തൂ സിന്ദാ രഹേ ഹേ - നദീം നൗഷാദ്

More
More