ഡല്‍ഹി: സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നത് ആശങ്കാജനകമാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ പതിനായിരത്തിലേറേ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഡല്‍ഹിയില്‍ ഇതാദ്യമായാണ് കൊവിഡ് കേസുകള്‍ പതിനായിരത്തിനുമുകളില്‍ പോവുന്നത്.
ലോക്ക് ഡൗണിന് അണുബാധയുടെ വ്യാപനത്തെ മന്ദഗതിയിലാക്കാനേ കഴിയുകയുളളു. ലോക്ക് ഡൗണിനെ അനുകൂലിക്കുന്നില്ലെങ്കിലും മറ്റ് മാര്‍ഗങ്ങളില്ലാത്തതിനാല്‍ നിയന്ത്രണങ്ങളേര്‍പ്പെടുത്തിയിട്ടുണ്ട്. നിങ്ങള്‍ക്ക് ഗുരുതരമായ അവസ്ഥയിലല്ലെങ്കില്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയണം. മികച്ച ഹോം ഐസോലേഷന് സൗകര്യങ്ങള്‍ ഡല്‍ഹിയിലുണ്ട്. ആരോഗ്യരംഗത്തെ അടിസ്ഥാന സൗകര്യങ്ങള്‍ ഉപയോഗിച്ച് സംരക്ഷിക്കാവുന്നതില് കൂടുതല്‍ രോഗികളായാല്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കേണ്ടിവരുമെന്ന് അരവിന്ദ് കെജ്രിവാള് പറഞ്ഞു.
കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നൈറ്റ് കര്‍ഫ്യൂ പ്രഖ്യാപിച്ചിരുന്നു. രാത്രി പത്തുമുതല്‍ രാവിലെ അഞ്ച് മണിവരെ പുറത്തിറങ്ങുന്നതിന് നിയന്ത്രണമുണ്ട്. ഏപ്രില്‍ മുപ്പത് വരെയാണ് നൈറ്റ് കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നത്.