ക്ലാസ് മുറിയിലെ മുറിഞ്ഞുവീണ മരച്ചില്ല - ടി. കെ. സുനില്‍ കുമാര്‍

''ഞാൻ കൈവീശുന്നത് നിര്‍ത്താന്‍ അമ്മ എന്റെ കയ്യിൽ ബാഗ് വെച്ചുതന്നു. ബാഗിനുചുറ്റും ചിലന്തി വലവയ്ക്കുന്നതായി എനിക്ക് തോന്നി. ബാഗും കടന്ന് ട്രെയിനിലെ കമ്പാർട്ട്‌മെന്റും പിന്നിട്ട് അത് നെയ്തുനിറയുന്നു. അതും കടന്ന്, പിന്നെയും കടന്ന് നീണ്ടുപോകുന്നു... ലോകം അനിശ്ചിതത്വത്തിന്റെ ചിലന്തിവലകൊണ്ട് നിറയുന്നത് പോലെ (Tito 2015). മാനിങ്ങിന്റെ എഴുത്തുകളിലൂടെയാണ് ഞാൻ ഓട്ടിസ്റ്റിക്ക് എഴുത്തുകാരനായ ടിറ്റോയെ (Tito Rajarshi Mukhopadhya) അറിഞ്ഞുതുടങ്ങുന്നത്. ടിറ്റോയുടെ 'The mind tree; A Miraculous Child Break the Silence of Autism' അതിന്റെ രചനാഭംഗികൊണ്ടും കൗമാരം കടക്കാത്ത ഒരു കുട്ടിയുടെ ആന്തരികജീവിതത്തിലെ തീവ്രാനുഭവങ്ങളുടെ ആവിഷ്കാരംകൊണ്ടും എന്നെ അത്ഭുതപ്പെടുത്തിയ പുസ്തകമാണ്. അവഹേളനമാണ് എന്നെ ഒരു തത്വചിന്തകനാക്കിയത് എന്ന് ടിറ്റോ എഴുതിയിട്ടുണ്ട് (Tito 2015). പൊതുനിരത്തിൽ പുസ്തകങ്ങൾ മണക്കാൻ നിങ്ങൾക്ക് കഴിയില്ല. എപ്പോഴും സമൂഹ്യനിയമങ്ങളുടെ താളത്തിനൊത്ത് ജീവിക്കാൻ നാഡീസാധാരണത്വമുള്ളവർ പാടുപെടുന്നത് കാണുമ്പോൾ ടിറ്റോ 'ഓട്ടിസം' സ്വാതന്ത്ര്യം കൂടിയായി വിലയിരുത്തുന്നു (Tito 2015).

പദ്യമോ ഗദ്യമോ എന്ന് വേർതിരിക്കാൻ പറ്റാത്ത 85 പേജ് മാത്രം വലിപ്പമുള്ള ഒരു പുസ്തകമാണ് ടിറ്റോയുടെ Plankton Dreams. മാനിങ് എഴുതിയപോലെ ' ഇതൊരു കുഞ്ഞുവലിയ പുസ്തകമാണ്, ഉച്ചത്തിലുള്ളതും മെരുങ്ങാത്തതും അത്ര എളുപ്പമല്ലാത്തതുമായ ഒരു നിർമ്മിതി, അതിന്റെ സ്വരം എഴുതപ്പെട്ടതും പറയാതെ പോയതുമായ വാക്കുകൾക്ക് കുറുകെ വർദ്ധിതമാകുന്നു (Manning 2020). പുസ്തകം ആരംഭിക്കുന്നത് തന്നെ ഒരു സാമൂഹ്യപരീക്ഷണത്തിലൂടെയാണ്; തലതൊടൽ പരീക്ഷണം എന്ന് വേണമെങ്കിൽ വിളിക്കാം. നാഡീ സാധാരണത്വം ബാധിച്ച രോഗികളുടെ (Neurotypical Patience) (അ)ക്ഷമയുടെ പരിധി അളക്കുന്ന ഒരു പരീക്ഷണത്തിനാണ് ടിറ്റോ ഒരുമ്പെടുന്നത്. തലകളെ ചൂടൻ, തണുപ്പൻ, പരുപരുത്തത്, മിനുത്തത്, തരം തിരിക്കാത്തതത് എന്നിങ്ങനെ തരംതിരിക്കുകയാണ് എഴുത്തുകാരൻ. സ്‌പെഷ്യൽ സ്കൂൾ ബസ് അറ്റൻഡന്റിന്റെ തലയിൽ തൊട്ടാണ് ടിറ്റോ തന്റെ സമൂഹ്യപരീക്ഷണം തുടങ്ങുന്നത്. അവർ ഞെട്ടിയെഴുന്നേറ്റു. എന്നാലും നീയത് ചെയ്തല്ലോ എന്ന മട്ടിലുള്ള നോട്ടം (I -can't-believe-you-actually-did-that! Sort of look). അവരുടെ തല എന്റെ വിരലിനേക്കാൾ തണുത്തതാണെന്ന് ടിറ്റോയ്ക്ക് തോന്നി, എങ്കിലും കൂടുതൽ പരീക്ഷണം ആവശ്യമാണെന്നിരിക്കെ ഒരു ലേബൽ ഒട്ടിക്കാൻ മുതിർന്നില്ല. അവസാനം ഒന്നുകൂടെ തൊട്ടുനോക്കി, അവർ മുൻപത്തേതിലും വേഗത്തില്‍ ചാടി എഴുന്നേറ്റു. ആ തണുത്ത തല പതിയെ ചൂടുപിടിച്ചു വരികയായിരുന്നു, അവരുടെ നോട്ടത്തിലും ഒരു ഭീഷണി ഉണ്ടായിരുന്നു. മാനവരാശി ഈ പരീക്ഷണങ്ങളുടെ മൂല്യം അറിയാൻ ഇനിയും കാലങ്ങൾ എടുത്തേക്കാം എന്ന് ടിറ്റോ എഴുതുന്നു. ഇവിടെ കാര്യങ്ങൾ  തലതിരിച്ചിടുകയും ന്യൂറോടിപ്പിക്കാലിറ്റിയെ പതിവ് തെറ്റിച്ച് പരീക്ഷണ വിധേയമാക്കുകയുമാണ് ടിറ്റോ മുഖോപാധ്യായ'. തന്റെ സഹപാഠിയായ 'Estella Swann' തന്റെ  തലയിൽ സ്പർശിച്ചപ്പോൾ അവൾ അതറിയുക പോലും ചെയ്യാത്തവണ്ണം ശാന്തയായിരുന്നു (calm Head); ഒരുവേള അവൾ അത് ആസ്വദിക്കുകയായിരുന്നു എന്നു തോന്നുകയാൽ 'ആസ്വദിക്കുന്ന തലകളുടെ' (Enjoying Head) ഗണത്തിൽ പെടുത്തേണ്ടതല്ലേ എന്ന് ടിറ്റോ സന്ദേഹിക്കുന്നു. ഇതേ പരീക്ഷണം പ്രിൻസിപ്പലിന്റെ തലയിലും ടിറ്റോ ആവർത്തിക്കുന്നുണ്ട്.

വേറൊരു ദിവസം, മറ്റൊരു ചെറുസാമൂഹ്യ പരീക്ഷണത്തിന് മുതിരുകയാണ് ടിറ്റോ. തന്റെ തലയിൽ കൊമ്പും വാലും മുളച്ച ഒരു സത്വം കുടിയേറിയതായി അയാൾക്ക് തോന്നി. ആ മുറിയിൽ Mr. Gardener ക്ക് മാത്രമാണ് കറങ്ങുന്ന കസേര ഉള്ളത്. പക്ഷെ ഒരിക്കൽ പോലും അയാൾ അതിലിരുന്ന് കറങ്ങിയില്ല. കമ്പ്യൂട്ടർ മോണിറ്ററിൽ നിന്നും കണ്ണെടുക്കാതെ ഒറ്റ ഇരിപ്പാണ്!. ടിറ്റോ പ്രിൻസിപ്പലിനെ കറക്കാൻതന്നെ  തീരുമാനിച്ചു. പക്ഷെ എങ്ങനെ? നിനച്ചിരിക്കാതെയാകുമ്പുമ്പോൾ ഫലം ഇരട്ടിക്കും എന്ന് അയാൾ കരുതി, The law of effective action. പൊടുന്നനെ അവസരം ഒത്തുവന്നപ്പോൾ സർവശക്തിയും പ്രയോഗിച്ചു കറക്കി. ഗാർഡനറുടെ മാറ്റം ടിറ്റോ അറിഞ്ഞു. അയാൾ കസേരയിൽ നിന്നും തുള്ളി എഴുന്നേറ്റു. ടിറ്റോയ്ക്ക് ആ പരീക്ഷണം വീണ്ടും ആവർത്തിക്കാനുള്ള അവസരം ഗാർഡനർ നൽകിയില്ല. ഞാനായിരുന്നെങ്കിൽ അവശേഷിക്കുന്ന ദിവസം മുഴുവൻ തന്നെ കറക്കിക്കൊണ്ടിരിക്കാൻ അനുവദിക്കുമായിരുന്നു എന്ന് ടിറ്റോ കുറിക്കുന്നു. ഒരിക്കൽ പ്രിൻസിപ്പലിന്റെ തിരിയുന്ന ഒഴിഞ്ഞ കസേരയിൽ കയറിയിരുന്ന് കറക്കത്തെ പറ്റിയുള്ള തന്റെ കാഴ്ചപ്പാട് വശദമാക്കാൻ ടിറ്റോ ശ്രമിച്ചതാണ്."നോക്കൂ,  ഇതിൽ പേടിക്കാൻ ഒന്നുമില്ല! പക്ഷെ ആയാൾക്ക് ഇതൊന്നുമറിയില്ല". അതിനിടയിൽ പൊലീസിനെപ്പോലെയോ, ആംബുലൻസ് പോലെയോ മിസ്റ്റർ. ബി കടന്നുവന്നതു കാരണം ആ ഉദ്യമം ടിറ്റോയ്ക്ക് പാതിവഴിക്ക് ഉപേക്ഷിക്കേണ്ടിവന്നു.

മറ്റൊന്ന് 'മണപ്പിക്കൽ പരിപാടി' ആണ്. ടിറ്റോക്ക് സ്വയം അയാൾ മൂക്കുകൾ തുന്നിച്ചേർത്ത, ഏത് തലയിലും പാകമായ ഒരു തൊപ്പിയാണെന്ന് തോന്നി. ബസ് ഡ്രൈവർ Ms. McGrueger ആയിരുന്നു ആദ്യമായി പരീക്ഷണവിധേയനായത്. അവര്‍ എപ്പോഴും ഒരു ബേസ്‌ബാൾ ക്യാപ്പ് തലയിൽ ധരിച്ചിരുന്നു. അവരുടെ തല മണത്തു തുടങ്ങും മുമ്പ് തൊപ്പി ഊരിമാറ്റണമായിരുന്നു. രണ്ട് തൊപ്പി ആരും ഒരേസമയം ധരിക്കില്ലല്ലോ. പുറകിൽ മറ്റ് ബസുകൾക്ക് കുട്ടികളെ ഇറക്കാനുള്ള തത്രപ്പാടിലാണ്. അപ്പോഴൊന്നും പറഞ്ഞില്ലെങ്കിലും ബസ്സിറങ്ങുമ്പോഴുള്ള അവരുടെ നോട്ടത്തിൽ വീട്ടിലേക്ക് വരാനിരിക്കുന്ന പ്രിൻസിപ്പലിന്റെ കത്തിനെകുറിച്ചുള്ള ഭീഷണിയുണ്ടായിരുന്നു. അപ്പോഴും അയാളുടെ മൂക്ക് ബസ് ഡ്രൈവറുടെ തലമുടിയിഴകളുടെ ഗന്ധത്തെ പുകഴ്ത്താൻ മറന്നില്ല. 

മറ്റൊരു പരീക്ഷണം മിസ്റ്റർ ഡേ ( Mr. Day ) യെ വെച്ചു നടത്തിയതാണ്. ക്ലാസ്സ്‌റൂമിൽ അയാൾക്ക് നേരെ ടിറ്റോ നടന്നടുത്തപ്പോഴൊക്കെ രണ്ടടി പിറകോട്ട് വെച്ച് അയാൾ സ്വന്തം നില ഭദ്രമാക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു. വീണ്ടും അടുക്കാൻ ശ്രമിച്ചപ്പോൾ അയാൾ കുറേക്കൂടി അപ്പുറത്തേക്ക് മാറി. ഈ പരീക്ഷണത്തിലൂടെ മിസ്റ്റർ. ഡേ ക്ക് സ്വയം മനസ്സിലാക്കാൻ അവസരമൊരുക്കുകയായിരുന്നു ടിറ്റോ. Mr. ഡേയുടെയും തലമണത്ത് നോക്കാൻ ആഗ്രഹംതോന്നിയെങ്കിലും മൂക്ക് തുന്നിയ തൊപ്പി അയാളെ ഭയപ്പെടുത്തിയതിനാൽ ആ ഉദ്യമത്തിൽ നിന്നും താൽകാലികമായെങ്കിലും അയാൾക്ക് പിന്തിരിയേണ്ടിവന്നു.

മിസ്റ്റർ ഡേയുടെ തല വെട്ടിയൊരുക്കിയ പുൽമൈതാനം പോലെയാണെങ്കിൽ  മിസ്റ്റർ ബീയുടേത് പുല്ല് കിളിർക്കാത്ത വിശാലമായ പാടം പോലെ വടിച്ചെടുത്തതായിരുന്നു. ഫ്ലൂറസെന്റ്  വെളിച്ചത്തിന് കീഴെ പൂർണാചന്ദ്രനെപ്പോലെ അത് തിളങ്ങി. അതിന്റെ നിശബദ്ധത ടിറ്റോയെ സദാ മാടിവിളിച്ചുകൊണ്ടിരുന്നു. തലയിൽ വീഴാൻ കാത്ത് നിൽക്കുന്ന തൊപ്പി. മണക്കപ്പെടാൻ അത്രമേൽ യോഗ്യം. അയാൾ തന്റെ മൊട്ടയിൽ ആഫ്റ്റർ ഷേവ് തേച്ചുകാണുമോ?

''നീ എന്താണ് കാട്ടുന്നത്?'' മൂക്ക് തുന്നിയ തൊപ്പിയോട് B ചോദിച്ചു. അതൊരു വെറും ചോദ്യം മാത്രമല്ലേ? അയാൾക്ക് അറിയാതിരിക്കുമോ? അപ്പോഴും  ഞാൻ അയാളുടെ ഒത്ത തലമണ്ട മണക്കുകയായിരുന്നു. അയാളുടെ തലമണ്ടയുടെ ഒത്ത നടുക്ക് ഒരു കണ്ണുണ്ടായിരുന്നുവെങ്കിൽ അയാൾ അത്  കാണുമായിരുന്നു. ഒരുപക്ഷേ മറ്റൊരുദിവസം അയാൾ മറ്റെന്തിലെങ്കിലും പെട്ടിരിക്കുമ്പോൾ നീല മാർക്കർ പേനകൊണ്ട് ഞാൻ അതുപോലെയൊരു കണ്ണ് വരച്ചുവയ്ക്കും. കണ്ണും മുഖവുമൊക്കെ വരയ്ക്കാൻ എനിക്കറിയാം. അത് അത്രയ്ക്ക് ഗംഭീര വരയൊന്നും ആയിരിക്കില്ലെങ്കിലും, ഉറപ്പായും കണ്ണുതന്നെയായിരിക്കും. അയാളുടെ മൂക്കിനു കീഴെ രാജാവിന്റെയും സാധാരണക്കാരുടെയും തലകൾ കാത്തുനിന്നു. അവരുടെയൊക്കെ തലമുടിക്കും ചർമ്മത്തിനും തലയോട്ടിക്കുമപ്പുറം എന്ത് രഹസ്യചിന്തകളാണ് കൂട്ടിവച്ചിരിക്കുന്നത്. അത്തരം ചിന്തകൾ അതിന്റെ ഉടമകളുടെ ഗന്ധം പോലെ വിചിത്രമാണെന്ന് ടിറ്റോ കരുതി.  ന്യൂറോടിപ്പിക്കൽ മനുഷ്യരുടെ 'മണം പിടിച്ചുകൊണ്ടുള്ള' തന്റെ സമൂഹ്യപരീക്ഷണവും വിവരശേഖരണവും തന്റെ വഴിയിൽ ടിറ്റോ തുടർന്നു.

രാവിലെ സ്‌കൂളിലേക്ക് പോകും വഴിക്ക് തലേദിവസത്തെ കാറ്റിൽ ഓടിഞ്ഞുവീണ മരച്ചില്ലയായിരുന്നു ടിറ്റോയുടെ തലയ്ക്കകത്ത് മുഴുവൻ പച്ചപിടിച്ചു കിടന്നത്. ടിറ്റോയിൽ ഒരു നഷ്ടബോധം നിറഞ്ഞു. ഉള്ളിൽ പച്ചപ്പ് നിറയുന്നു. തടയാൻ വയ്യാത്തവണ്ണം അത് തന്റെ മുഴുവൻ യുക്തിയെയും ചോർത്തിക്കളഞ്ഞു  തലയ്ക്കകത്ത് നിറയുന്നു. പ്രകാശസംശ്ലേഷണം നടത്തുന്ന ഇലകളെ താങ്ങുന്ന കൊമ്പുകളെപ്പോലെ തന്റെ കൈകാലുകൾ വളരുന്നത് അയാൾ അനുഭവിക്കുന്നുണ്ടായിരുന്നു. അനുഗ്രഹീതരായ ഇലകൾക്ക് അതിനെ കാത്തിരിക്കുന്ന വിധിയെയും വരാനിരിക്കുന്ന വീഴ്ചയെയും പറ്റി അറിവൊന്നുമില്ല. അയാൾ സ്വയം ഒരു മരച്ചില്ല ആവുകയായിരുന്നു. ക്ലാസ്സിൽ അയാൾ തന്റെ കസേര വാതിൽക്കലേക്ക് വലിച്ചിട്ട് പുറത്തേക്ക് നോക്കിയിരുന്നു. ടിറ്റോയെ തിക്കി ഞെരുങ്ങിയും മാത്രമേ ആർക്കും ക്ലാസിലേക്ക് കടക്കാൻ കഴിയൂ. വരാന്തയിലൂടെ നടന്നുപോകുന്ന കാലടികൾക്കായി അയാൾ ചെവിയോർത്തു..അയാൾ  സ്വയം മരച്ചില്ലയായി പരിണമിച്ചു. ക്ലാസുമുറിയിലേക്കുള്ള വഴിമുടക്കുന്ന മരച്ചില്ല, റോഡിന് നടുവിൽ മുറിഞ്ഞുവീണ മരത്തെ ഓർമിപ്പിച്ചു. ആളുകൾക്കാണെങ്കിൽ തടസ്സമില്ലാതെ ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് സഞ്ചരിക്കണം എന്ന് മാത്രമേയുള്ളൂ. ക്ലാസ്റൂമിലുള്ളവരാകട്ടെ നിരന്തരം തടസ്സത്തെ (എന്നെ) അഭിമുഖീകരിച്ചു. ആരായിരിക്കും ആദ്യം പരാതിപറയുക? "ടിറ്റോ വഴിമുടക്കുന്നു." അവന് മാത്രം കാണാവുന്ന, മറ്റുള്ളവർക്ക് കാണാൻ പറ്റാത്ത ഭൂതമാണ് ഞാൻ എന്ന മട്ടിൽ സീസർ ആണ് ആദ്യം വിളിച്ചു കൂവിയത്. മിസ്റ്റർ ഡേ ഇതൊന്നും ശ്രദ്ധിക്കാതെ ക്ലാസ്സ്മുറിയിലെ പുതിയ പ്രിന്ററിൽ പണിതുകൊണ്ടിരുന്നു. ഞാൻ വാതിലിന്റെ നടുക്കുതന്നെ തുടർന്നു. മരത്തടിയിൽ നിന്നും തൂങ്ങിക്കിടക്കുന്ന ചില്ലയാണ് താനെന്ന് ടിറ്റോയ്ക്ക് തോന്നി. തന്നിലൂടെ ഓടുന്ന കാലുകളെ ഓർത്തെടുത്തു. ഒന്നിന് പിറകിൽ മറ്റൊന്നായി നീങ്ങുന്ന അണ്ണാരക്കണ്ണൻമാർ. അവരുടെ കാൽപാദം  തന്നിൽ പതിയുന്നത് ഞാന്‍ അറിഞ്ഞു. പരസ്പരം കലഹിക്കുന്ന പക്ഷികൾ. തനിക്കുള്ളില്‍  പൂവാകാൻ കാത്തു നിൽക്കുന്ന മൊട്ടുകൾ വിരിയുന്നത്, തന്റെ  ഇലകൾ പതിയെ കൊഴിഞ്ഞുപോകുന്നത്, എല്ലാം ഞാൻ അറിഞ്ഞു.. കുട്ടികൾ വാതിൽവഴിയിലൂടെ തിങ്ങിഞെരിഞ്ഞു പുറത്തേക്ക് നീങ്ങി. പൂവും കായും അണ്ണാനും പക്ഷിയും ഒന്നുമില്ലാത്ത മരച്ചില്ല ക്ലാസ്റൂമിലേക്കുള്ള ഒരേ ഒരു വഴിമുടക്കിയായി നിൽക്കുന്നതു കണ്ട് അവർ അന്തിച്ചുപോയിട്ടുണ്ടാകും. സ്‌പെഷ്യൽ സ്കൂളിലേക്ക് കടക്കാനുള്ള വഴികളും സവിശേഷത ഉള്ളതായിരിക്കണ്ടേ?' ടിറ്റോ വഴിയിൽനിന്നും മാറുന്നില്ല', സീസർ പരാതിപറയുന്നത് നിർത്തുന്ന മട്ടില്ല. അവന് മരത്തിന്റെ ചില്ലകൾ മുഴുവൻ വെട്ടിയൊതുക്കി പെട്ടിയിലാക്കണം എന്നു തോന്നുന്നു. ഞാൻ പതിയെ മറ്റ് രസമുള്ള കാര്യങ്ങളിലേക്ക് തിരിച്ചുപോയി.... കൈകൾ വായുവിൽ വീശാനും, കാലാട്ടി കൊണ്ടിരിക്കാനും കണ്ണടച്ചും തുറന്നും കൊണ്ടിരിക്കാനും തുടങ്ങി. ആരെങ്കിലും സഹായത്തിനെത്തും എന്നു കരുതി സീസർ പ്രതീക്ഷയോടെ വിളിച്ചു കൂവിക്കൊണ്ടിരുന്നു. അവസാനം സ്കൂളിലെതന്നെ ഏറ്റവും ശക്തനായ കായികാദ്ധ്യാപകൻ തന്നെ അവതരിച്ചു. അയാൾ റോഡിൽ മുറിഞ്ഞുവീണു കിടക്കുന്ന മരച്ചില്ല മറ്റൊരു അരികിലേക്ക് നീക്കി ഗതാഗതം പുനസ്ഥാപിക്കുമോ? ചിലപ്പോൾ അയാൾ വാതിലടക്കം ഇളക്കിമാറ്റുവാനും മതി. അടുത്ത അഞ്ചു നിമിഷത്തിനകം അതുവഴി നാലഞ്ചു കാലടികൾ കൂടി കടന്നുപോയി...ആർക്കറിയാം, ആരുടേതാണെന്ന്..അവർ പൊട്ടിവീണ മരച്ചില്ലയ്ക്ക് ചുറ്റും കൂടി. അങ്ങനെ എന്റെ മരച്ചില്ലജീവിതത്തിന് അവസാനമായി.

നിഴലുകൾ നയിക്കട്ടെ

Plankton Dreams ലെ ഒരധ്യായത്തിന് ടിറ്റോ നൽകിയിരിക്കുന്ന പേര് 'നിഴലുകൾ' (Shadows) എന്നാണ്. 'ആ പ്രഭാതത്തിൽ ഞാൻ അത്ഭുതപ്പെട്ടു. എന്റെ ശരീരവും നിഴലുമായി പരസ്പരം വച്ചുമാറിയാൽ എന്താകും സംഭവിക്കുക? ഇനി എനിക്ക് ഉള്ളും ആഴവും ഒന്നുമില്ലെങ്കിലോ? വെളിച്ചം നിറഞ്ഞ ഈ ലോകത്തെ എന്റെ പരന്ന നിഴൽ രൂപംകൊണ്ട് ഇരുള് പിടിപ്പിച്ചാൽ ജീവിതം എന്താകും? നിഴൽ പോലെ ഞാനും അവഗണിക്കപെടുമോ, അതോ എന്റെ പുത്തൻ നിഴൽ സാന്നിധ്യം, ചരിത്രത്തിൽ തന്നെ ആദ്യമായി,  എല്ലാ നിഴലുകളെയും  ഗൗരവമായി എടുക്കാൻ പ്രേരണയാകുമോ? (Tito 2015). പക്ഷെ നിഴലുകളെ ആരും ശ്രദ്ധിച്ചതേയില്ല. നാഡീ സാധാരണത്വത്തെ ഓട്ടിസ്റ്റിക് അനുഭവലോകത്തിൽ നിന്നുമുള്ള ഒരു വ്യതിചലനം എന്ന നിലയ്ക്ക് പഠനവിധേയമക്കേണ്ടിയിരിക്കുന്നു. നിഴലുകൾ വിശദാംശങ്ങളെ മായ്ച്ചുകളയുന്നു (Un-detailing). രണ്ട് ആപ്പിൾ ഉണ്ടെന്നിരിക്കട്ടെ. അതിന്റെ നിഴലിനെ എന്റെ നിഴലിന്റെ കീഴിൽ നിർത്തിയാൽ ആദ്യത്തേത് അപ്രത്യക്ഷമാകുന്നു. ഇവിടെ നിങ്ങളുടെ ഗണിതമികവിന് മങ്ങലേൽക്കുന്നു.  സൂര്യന്റെ ചരടുവലികൾക്കൊത്ത് ആടുന്ന ഒരു പാവയായി ടിറ്റോയ്ക്ക് തോന്നി. തന്റെ ചലനങ്ങളും ചിന്തകളും പാകപ്പെടുന്നതും ആ ചരടുവലിക്ക് ഒത്താണെന്നു അയാൾ കരുതി. ടിറ്റോ ചലിക്കുന്നതിനും പതിൻമടങ്ങ് വേഗത്തിലാണ് അയാളുടെ നിഴലുകൾ ഇലാസ്റ്റിക്ക് പോലെ വലിയുന്നതും, ചുരുങ്ങുന്നതും. രാജാവിന്റെയും യാചകന്റെയും നിഴലുകൾക്ക് ഒരു വ്യത്യാസവുമില്ല. രാജാവിന്റെ പ്രൗഢിയും പ്രശസ്തിയും അധികാരവും നിഴലിലെ ഒരു കീറൽ പോലെയാണ്. തെണ്ടിയുടെ പ്രതീക്ഷാനിർഭരമായ നോട്ടം അയാളുടെ നിഴലിൽ നിങ്ങൾക്ക് കാണാൻ കഴിയില്ല. ഇവിടെ എല്ലാവരും തുല്യരാണ്. നിഴലുകളുടെ സോഷ്യലിസം. 'പൊങ്ങൽ നിയമങ്ങൾ' മറികടന്ന് നിഴലുകൾ ജലോപരിതലത്തിൽ പൊങ്ങിക്കിടക്കുന്നതും, മുങ്ങിപ്പോകുന്നതും ടിറ്റോ നിരീക്ഷിച്ചു. മേശമേൽ നിഴലുകൾ പതിയുമ്പോൾ അത് മറ്റൊന്നാകുന്നത് അയാൾ ശ്രദ്ധിച്ചു.സൂര്യവെളിച്ചം തീഷ്ണമാകുമ്പോൾ നിഴലുകൾ കൂടുതൽ ഇരുണ്ടതാകുന്നു. (Tito 2021).

ബാംഗ്ലൂരിൽ അന്വേഷ് (Anvesh) എന്ന സ്കൂളിൽ ചേരാനെത്തിയപ്പോൾ ഉള്ള അനുഭവം 'Mind tree' യിൽ ടിറ്റോ വിശദീകരിക്കുന്നുണ്ട്. ആകാശം പ്രതിഫലിക്കുന്ന കിണറിൽ തലനീട്ടി നോക്കി അതിൽ തന്റെ നിഴൽ കണ്ട് മതിമറന്നിരിക്കുന്ന ടിറ്റോ സ്കൂൾ പ്രിൻസിപ്പലിന്റെ വിളി കേട്ടതേയില്ല. അവസാനം സ്കൂളിൽ സ്വീകരിക്കപ്പെടാതെയാകുമ്പോൾ കിണറിലെ ആ നിഴൽകാഴ്ചയാണ് ഒരു നഷ്ടബോധമായി ടിറ്റോയ്ക്ക്  തോന്നുന്നത് Ding dong bell Shadow in the well (Tito 2003 )

മാക്ഡൊണാൾഡിലെ തെണ്ടി.

മാക്ഡൊണാൾഡിലേക്ക് കയറിവന്ന നാറുന്ന ഒരു മനുഷ്യൻ, നടത്തം കണ്ടാൽ  തെണ്ടിവേഷം കെട്ടിയ രാജാവാണെന്ന് തോന്നും. അയാളെ കണ്ടമാത്രയിൽ, നട്ടുച്ചയിൽ നിമിഷാർദ്ധംകൊണ്ട് അവിടെ കൂടിയിയിരുന്നവർ കടയിൽ നിന്നും പിൻവലിഞ്ഞു.'ആളുകൾ യുദ്ധം  ജയിക്കാൻ വെടിയുണ്ടകൾക്ക് പകരം കുളിക്കാത്ത പട്ടാളക്കാരെ ഉപയോഗിക്കാത്തത് എന്തായിരിക്കും എന്ന് ടിറ്റോ അത്ഭുതപ്പെടുന്നുണ്ട്. അയാളുടെ തലയ്ക്കകത്ത്  ഒരു ചിന്തകൻ പണിയെടുക്കുന്നുണ്ട്. തെരുവിൽ അലഞ്ഞുനടക്കുന്ന ഡയോജനിസിനോട് എന്താണ് വേണ്ടത് എന്ന് അലക്‌സാണ്ടർ ചക്രവർത്തി ചോദിച്ചപ്പോൾ 'ആ സൂര്യ വെളിച്ചത്തിൽനിന്നും അല്പം മാറിനില്കുവാനാണ്' അപേക്ഷിച്ചത്. എന്നാൽ വെളിച്ചത്തിൽ നിന്നും മാറിനടക്കുന്നതിന് പകരം കുളിക്കാനുള്ള സോപ്പ് വച്ചുനീട്ടുന്നവരാണ് അധികവും.

1.Tito Rajarshi Mukhopadhyay , The mind tree: A miraculous Child Breaks the silence of Autism(Riverhead Books, New York 2003)

2. Tito Rajarshi Mukhopadhyay,  Plankton Dream:What I Learned in Special–Ed (OPEN HUMANITIES PRESS,Landon 2015)

3.Manning, Erin , For a pragmatics of the Useless. (Duke University Press 2020)

3.Tito Rajarshi Mukhopadhyay,teaching myself to see (First published in 2021 by 3Ecologies Books/Immediations, an imprint of punctum books.https://punctumbooks.com)

Contact the author

T K Sunil Kumar

Recent Posts

Views

പൂരത്തിന്‍റെ മറവില്‍ രാജ്യദ്രോഹിയായ സവര്‍ക്കറെ വെളുപ്പിച്ചെടുക്കാനുള്ള നീക്കം കേരളം വകവെക്കില്ല - കെ ടി കുഞ്ഞിക്കണ്ണന്‍

More
More
Dr. Azad 1 week ago
Views

സിപിഎം നേതാക്കളെക്കുറിച്ചുള്ള വീക്കിലീക്സ് വെളിപ്പെടുത്തല്‍ ശരിയാണെന്ന് തെളിഞ്ഞു- ഡോ. ആസാദ്

More
More
Views

''കാട്ടുപന്നികളെ കൊന്നുതിന്നാമെന്ന ഗാഡ്ഗിലിന്‍റെ വെളിപാട്- ഡോ. എ രാജഗോപാല്‍ കമ്മത്ത്

More
More
J Devika 1 week ago
Views

ഹിന്ദുത്വത്തോളം സെമിറ്റിക്ക് സ്വഭാവമുള്ള ഒരു മതവും ഇന്ത്യയിലിന്നില്ല- ജെ ദേവിക

More
More
Views

കല്‍ത്തപ്പത്തിന്റെ മണമുള്ള എന്റെ ചെറിയ പെരുന്നാള്‍- ടി സി ചിത്രാഞ്ജലി

More
More
Views

എന്താണ് ഡാഷ് ബോര്‍ഡ്? കേരളം ഗുജറാത്തില്‍ നിന്ന് എന്താണ് പഠിക്കുന്നത്?- ക്രിസ്റ്റിന കുരിശിങ്കല്‍

More
More