ഡല്‍ഹി: റോയിട്ടേഴ്സിന്റെ ആദ്യ വനിതാ എഡിറ്റര്‍ ഇന്‍ ചീഫ് ആയി അലസാന്ദ്ര ഗല്ലോനി തെരഞ്ഞെടുക്കപ്പെട്ടു. നിലവിലെ ചീഫ് എഡിറ്റർ സ്റ്റീഫൻ ജെ അഡ്ലർ വിരമിച്ചതിനാലാണ് അലസാന്ദ്ര ഗല്ലോനിയെ ഈ സ്ഥാനത്തേക്ക് നിയമിക്കുന്നത്. റോയിട്ടേഴ്സിന്റെ 170 വര്‍ഷത്തെ ചരിത്രത്തില്‍ അദ്യമായാണ് ഒരു വനിത ചീഫ് എഡിറ്റർ സ്ഥാനത്തേക്ക് വരുന്നത്. ലോകമെമ്പാടും 200 സ്ഥലങ്ങളിലായി 2500 ആളുകളാണ് റോയിട്ടേഴ്സില്‍ ജോലി ചെയ്യുന്നത്.
റോയിട്ടേഴ്സില്‍ ഇറ്റാലിയന്‍ വാര്‍ത്താ റിപ്പോര്‍ട്ടറായാണ് അലസാന്ദ്ര ഗല്ലോനി തന്റെ ഔദ്യോഗിക ജീവിതം തുടങ്ങുന്നത്. 13 വര്‍ഷക്കാലം വാള്‍സ്ട്രീറ്റ് ജേര്‍ണലില്‍ പ്രവര്‍ത്തിച്ചു. പിന്നീട് റോയിട്ടേഴ്സിന്റെ ദക്ഷിണ യൂറോപ് ബ്യൂറോയുടെ എഡിറ്ററായി. മികച്ച സഹപ്രവര്‍ത്തകക്ക് എഡിറ്റർ ഇൻ ചീഫ് ബാറ്റണ്‍ കൈ മാറുവാന്‍ സാധിച്ചതില്‍ അഭിമാനമുണ്ടെന്ന് മുന്‍ എഡിറ്റർ ഇൻ ചീഫ് സ്റ്റീഫൻ ജെ അഡ്ലർ ട്വിറ്ററില്‍ കുറിച്ചു.
ആഗോളതലത്തില്‍ വിപുലമായ അന്വേഷണങ്ങള്‍ക്ക് ഒടുവിലാണ് അലസാന്ദ്ര ഗല്ലോനിയെ തെരഞ്ഞെടുത്തത്. ഒന്നിലധികം ഭാഷകള്‍ കൈകാര്യം ചെയ്യുന്ന ഗല്ലോനി 2020ലെ ജെറാള്‍ഡ് ലോബ് ഫൌണ്ടേഷന്റെ മിനാര്‍ എഡിറ്റര്‍ അവാര്‍ഡ്, ഓവര്‍സീസ് പ്രസ് ക്ലബ് അവാര്‍ഡ്, യു.കെ ജേര്‍ണലിസ്റ്റ് ഓഫ് ദി ഇയര്‍ അവാര്‍ഡ്, എന്നീ പുരസ്കാരങ്ങള്‍ കരസ്ഥമാക്കിയിട്ടുണ്ട്.