പൃഥ്വിരാജിനെ നായകനാക്കി മനു വാര്യര്‍ സംവിധാനം ചെയ്യുന്ന 'കുരുതി'യുടെ റിലീസ് പ്രഖ്യാപിച്ചു. മെയ് 13-ന് ചിത്രം തിയറ്ററുകളിലെത്തും. ചിത്രത്തിന്റെ റിലീസ് തിയതി പൃഥ്വിരാജ് തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പുറത്തുവിട്ടത്. കൊവിഡിന്റെ രണ്ടാം വരവിനെ തരണം ചെയ്യാന്‍ എല്ലാവര്ക്കും സാധിക്കട്ടെയെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
അടുത്തിടെ റിലീസ് ചെയ്ത കുരുതിയുടെ ടീസര്‍ വലിയ ശ്രദ്ധ നേടിയിരുന്നു. കൊല്ലും എന്ന വാക്ക്, കാക്കും എന്ന പ്രതിജ്ഞ എന്നാണ് സിനിമയുടെ ടാഗ് ലൈന്‍. പൃഥ്വിരാജിനൊപ്പം മുരളി ഗോപി, ഷൈന്‍ ടോം ചാക്കോ, റോഷന് മാത്യു, മണികണ്ഠന് ആചാരി, നവാസ് വളളിക്കുന്ന്, സാഗര്‍ സൂര്യ, മാമുക്കോയ, ശ്രിന്ദ എന്നിവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്.
കുരുതി ഒരു സാമൂഹിക രാഷ്ട്രീയ ത്രില്ലറാവുമെന്നാണ് വിവരം. അനീഷ് പളളയലാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോനാണ് ചിത്രം നിര്‍മിക്കുന്നത്. ക്യാമറ കൈകാര്യം ചെയ്യുന്നത് അഭിനന്ദന് രാമാനുജമാണ്. ജേക്ക്സ് ബിജോയ് സംഗീത സംവിധാനവും നിര്‍വഹിക്കുന്നു.