സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മകനും ദില്ലിയിലെ മാധ്യമപ്രവര്‍ത്തകനുമായ ആശിഷ് യെച്ചൂരി അന്തരിച്ചു. കൊവിഡ് ബാധിതനായി ഗുഡ്ഗാവിലെ മേദാന്ത ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. പുലര്‍ച്ചെ അഞ്ചര മണിയോടെയായിരുന്നു അന്ത്യം. 33 വയസായിരുന്നു. ടൈംസ് ഓഫ് ഇന്ത്യ, ന്യൂസ് 18 മുതലായ സ്ഥാപനങ്ങളില്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു.
ആശിഷ് യെച്ചൂരിക്ക് രണ്ടാഴ്ച മുമ്പാണ് കൊവിഡ് ബാധിച്ചത്. ആദ്യം ഹോളി ഫാമിലി ആശുപത്രിയിലാണ് ആശിഷിനെ പ്രവേശിപ്പിച്ചത്. ആരോഗ്യസ്ഥിതി ഗുരുതരമായതിനെ തുടര്‍ന്ന് മേദാന്ത ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
മകന് കൊവിഡ് ബാധിതനായിരുന്നതിനാല് സീതാറാം യെച്ചൂരി പശ്ചിമ ബംഗാളിലെ തെരഞ്ഞെടുപ്പ് പ്രചാരണപരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. ഇന്ന് വെളുപ്പിന് ആശിഷിന് രോഗം മൂര്‍ച്ഛിക്കുകയും ഒടുവില്‍ മരണത്തിന് കീഴടങ്ങുകയുമായിരുന്നു. സീമ ചിസ്തി യെച്ചൂരിയാണ് ആശിഷിന്റെ അമ്മ. അഖില യെച്ചൂരി സഹോദരിയാണ്.