കുടുംബവഴക്കിന്റെ പേരിൽ ഭർത്താവായ ആദിത്യനെതിരെ സിനിമാ സീരിയൽ നടി അമ്പിളി ദേവി പൊലീസിൽ പരാതി നൽകി. സ്ത്രീത്വത്തെ അപമാനിച്ചുവെന്ന് കാണിച്ചാണ് അമ്പിളി ദേവി പരാതി നൽകിയിരിക്കുന്നത്. കരുനാഗപ്പള്ളി എസിപിക്കാണ് പരാതി നൽകിയത്. സൈബർ സെല്ലിനും പരാതി നൽകിയിട്ടുണ്ട്. അടിസ്ഥാനരഹിതമായ കാര്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ച് തന്നെയും മാതാപിതാക്കളെയും അപമാനിച്ചു എന്ന് പരാതിയിലുണ്ട്. ആദിത്യനിൽ നിന്ന് തനിക്കും മക്കൾക്കും ഭീഷണിയുണ്ടെന്നും ജീവൻ അപകടത്തിലാണെന്നും പരാതിയിൽ പറയുന്നു. പരാതിയിൽ അടിയന്തരമായി നടപടി എടുക്കണമെന്നും അമ്പിളി ദേവി ആവശ്യപ്പെട്ടിട്ടുണ്ട്.
രണ്ട് വർഷം മുമ്പാണ് അമ്പിളി ദേവിയും ആദിത്യൻ എന്ന ജയനും വിവാഹിതരായത്.നേരത്തെയുള്ള വിവാഹത്തിൽ ഇരുവർക്കും ഒരോ കുട്ടികൾ ഉണ്ട്. ആദിത്യനും അമ്പിളിയും തമ്മിലെ അസ്വാരസ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൻ ശ്രദ്ധ നേടിയിരുന്നു.
കഴിഞ്ഞ ദിവസം വൈകീട്ട് ആദിത്യനെ ആത്മഹത്യയ്ക്ക് ശ്രമിച്ച നിലയിൽ തൃശ്ശൂർ സ്വരാജ് റൗണ്ടിൽ കണ്ടെത്തിയിരുന്നു. കാറിനകത്ത് കൈഞരമ്പ് മുറിച്ച നിലയിലാണ് ആദിത്യനെ കണ്ടെത്തിയത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസാണ് ഇയാളെ ആശുപത്രിയിൽ എത്തിച്ചത്. വിദഗ്ധ ചികിത്സക്കായി ഇയാളെ തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി.