ഡല്‍ഹി: മൃതദേഹങ്ങള്‍ സംസ്കരിക്കാന്‍ ഇടമില്ലാതെ രാജ്യ തലസ്ഥാനം. കൊവിഡ് ബാധിച്ച് മരിക്കുന്നവരെ സംസ്കരിക്കാനായി താല്‍ക്കാലിക ശ്മശാനങ്ങളൊരുക്കുകയാണ് ഡല്‍ഹി സര്‍ക്കാര്‍. ദിനംപ്രതി മുന്നൂറിലേറേപ്പേരാണ് തലസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിക്കുന്നത്. ഇരുപത്തിനാല് മണിക്കൂറിനിടെ ഡല്‍ഹിയില്‍ കൊവിഡ് ബാധിച്ച് മരിച്ചത് 350 പേരാണ്. 348, 357 എന്നിങ്ങനെയായിരുന്നു കഴിഞ്ഞ ദിവസങ്ങളിലെ കണക്കുകള്‍.
ഡല്‍ഹിയിലെ സാരയ് കാലെ ഖാന് സ്മശാനത്തില്‍ അറുപത് മുതല്‍ എഴുപത് വരെ മൃതദേഹങ്ങളാണ് ഒരു ദിവസം സംസ്കരിക്കുന്നത്. പത്തില്‍ താഴെ മൃതദേഹങ്ങള്‍ മാത്രം സംസ്കരിക്കാന്‍ ശേഷിയുളള ശ്മശാനങ്ങളിലാണ് അളവില്‍ കൂടുതല്‍ മൃതദേഹങ്ങള്‍ സംസ്കരിക്കേണ്ടതായി വരുന്നത്. ഡല്‍ഹിയില്‍ മൂന്ന് മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകളിലായി 25 ശ്മശാനങ്ങളാണുളളത്. മരണനിരക്ക് ഇനിയും കൂടാന്‍ സാധ്യതയുളളതിനാല്‍ മൃതദേഹങ്ങള്‍ സംസ്കരിക്കാനായി കൂടുതല്‍ താല്‍ക്കാലിക ശ്മശാനങ്ങളൊരുക്കുകയാണ് അധികൃതര്ക്കുമുന്നിലുളള ഏക വഴി.
രാജ്യത്തെ മിക്ക നഗരങ്ങളും മൃതദേഹങ്ങള്‍ സംസ്കരിക്കാന്‍ സ്ഥലമില്ലാത്ത പ്രശ്നം അഭിമുഖീകരിക്കുന്നുണ്ട്. കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ബംഗളൂരുവില്‍ താല്‍ക്കാലിക ശ്മശാനങ്ങള്‍ സ്ഥാപിക്കുന്നതിനായി ഭൂമികള്‍ കണ്ടെത്താനുളള നടപടികള്‍ ആരംഭിച്ചതായി കര്‍ണാടക റവന്യൂ മന്ത്രി ആര് അശോക വ്യക്തമാക്കിയിരുന്നു. ഓക്സിജന്‍, ആശുപത്രി, വാക്സിന്, കിടക്ക തുടങ്ങിയവയുടെ ക്ഷാമത്തോടൊപ്പം ആളുകളെ സംസ്കരിക്കാനുളള ഇടവും കൂടി തേടേണ്ട അവസ്ഥയിലാണ് ഡല്‍ഹി സര്‍ക്കാര്‍.