ചെന്നൈ: തന്റെ സ്വകാര്യ ഫോണ്‍ നമ്പര്‍ തമിഴ്നാട് ബിജെപിയും ബിജെപിയുടെ ഐടി സെല്ലും ചേര്‍ന്ന് ചോര്‍ത്തിയതായി നടന് സിദ്ധാര്‍ത്ഥ്. 'കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുളളില്‍ അസഭ്യം പറഞ്ഞും, എന്നെയും കുടുംബത്തെയും കൊല്ലുമെന്നും റേപ്പുചെയ്യുമെന്നും ഭീഷണിപ്പെടുത്തിയും അഞ്ഞൂറിലേറേ കോളുകളാണ് വന്നത്. ബിജെപി ലിങ്കുകളും ഡിപികളും സഹിതം എല്ലാ നമ്പറുകളും റെക്കോര്‍ഡ് ചെയ്തിട്ടുണ്ട്. അത് പൊലീസിന് കൈമാറുകയാണ്. ഞാന്‍ സംസാരിക്കുന്നത് നിര്‍ത്തില്ല, നിങ്ങള്‍ ശ്രമിച്ചുകൊണ്ടിരിക്കൂ' സിദ്ധാര്‍ത്ഥ് ട്വീറ്റ് ചെയ്തു. നരേന്ദ്രമോദിയെയും അമിത് ഷായെയും ടാഗ് ചെയ്തായിരുന്നു സിദ്ധാര്‍ത്ഥിന്റെ ട്വീറ്റ്.
തന്നെ ആക്രമിക്കാനും ഉപദ്രവിക്കാനും ആഹ്വാനം ചെയ്തുകൊണ്ടുളള ഒരു അക്കൗണ്ടിന്റെ സ്ക്രീന്‍ഷോട്ടും സിദ്ധാര്‍ത്ഥ് പങ്കുവച്ചു. ഗീതാ വസന്ത് എന്ന ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് സിദ്ധാര്‍ത്ഥിന്റെ നമ്പര്‍ പുറത്തുവിട്ടിരിക്കുന്നത്. ഇവന് ഇനിമേലാല്‍ വാ തുറക്കാന്‍ പാടില്ല എന്ന അടിക്കുറിപ്പോടെയാണ് നമ്പര്‍ പങ്കുവച്ചിരിക്കുന്നത്. നമ്മള് കൊവിഡിനെ അതിജീവിക്കും എന്നാല്‍ ഇവരില്‍ നിന്ന് മോചനം ഉണ്ടാവുമോ എന്നാണ് സ്ക്രീന്‍ഷോട്ട് പങ്കുവച്ചുകൊണ്ട് സിദ്ധാര്‍ത്ഥ് ചോദിച്ചത്.
നിരന്തരം ബിജെപിക്കും കേന്ദ്രസര്‍ക്കാരിന്റെ തെറ്റായ നടപടികള്‍ക്കുമെതിരെ ശബ്ദമുയര്‍ത്തുന്നയാളാണ് സിദ്ധാര്‍ത്ഥ്. ബിജെപി അധികാരത്തില്‍ നിന്ന് പുറത്തുപോകുന്ന ദിവസം ഇന്ത്യ യഥാര്‍ത്ഥ പ്രതിരോധ ശേഷി നേടുമെന്ന് കഴിഞ്ഞ ദിവസം സിദ്ധാര്‍ത്ഥ് ട്വീറ്റ് ചെയ്തിരുന്നു.