ചെന്നൈ: തന്റെ സ്വകാര്യ ഫോണ്‍ നമ്പറും വിവരങ്ങളും തമിഴ്നാട് ബിജെപിയും ബിജെപി ഐടി സെല്ലും ചേര്‍ന്ന് ചോര്‍ത്തിയ സംഭവത്തില്‍ തന്നോടൊപ്പം നിന്ന എല്ലാവര്ക്കും നന്ദി പറഞ്ഞ് നടന് സിദ്ധാര്‍ത്ഥ്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം പിന്തുണച്ചവരോട് നന്ദി അറിയിച്ചത്. 'എന്നോടൊപ്പം നിന്നതിന് നന്ദി, നമ്മള് ജയിക്കും' - എന്നായിരുന്നു സിദ്ധാര്‍ത്ഥിന്റെ പോസ്റ്റ്.
'കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുളളില്‍ അസഭ്യം പറഞ്ഞും, എന്നെയും കുടുംബത്തെയും കൊല്ലുമെന്നും റേപ്പുചെയ്യുമെന്നും ഭീഷണിപ്പെടുത്തിയും അഞ്ഞൂറിലേറേ കോളുകളാണ് വന്നത്. ബിജെപി ലിങ്കുകളും ഡിപികളും സഹിതം എല്ലാ നമ്പറുകളും റെക്കോര്‍ഡ് ചെയ്തിട്ടുണ്ട്. അത് പൊലീസിന് കൈമാറുകയാണ്. ഞാന്‍ സംസാരിക്കുന്നത് നിര്‍ത്തില്ല, നിങ്ങള്‍ ശ്രമിച്ചുകൊണ്ടിരിക്കൂ' എന്ന് സിദ്ധാര്‍ത്ഥ് ട്വീറ്റ് ചെയ്തിരുന്നു. നരേന്ദ്രമോദിയെയും അമിത് ഷായെയും ടാഗ് ചെയ്തായിരുന്നു സിദ്ധാര്‍ത്ഥിന്റെ ട്വീറ്റ്.
ഇതേത്തുടര്‍ന്ന് നിരവധി പേരാണ് സിദ്ധാര്‍ത്ഥിനെ പിന്തുണച്ച് രംഗത്തെത്തിയത്. ഞങ്ങളുടെ ശബ്ദമായതിനു നന്ദി, നിങ്ങളാണ് യഥാര്‍ത്ഥ ഹീറോ, വി സ്റ്റാന്റ് വിത്ത് യു സിദ്ധാര്‍ത്ഥ്, മോര് പവര്‍ ടു യു , ധൈര്യശാലിയായ ഏക ഇന്ത്യന്‍ നടന് തുടങ്ങി നിരവധി കമന്റുകളാണ് നിമിഷങ്ങള്‍ക്കകം സിദ്ധാര്‍ത്ഥിനെ പിന്തുണച്ചുകൊണ്ട് പ്രത്യക്ഷപ്പെട്ടത്.