ഡല്‍ഹി: രാജ്യത്ത് കൊവിഡ് വാക്സിന് ഉത്പാദിപ്പിക്കാന്‍ സ്വകാര്യ കമ്പനികള്‍ക്ക് നല്‍കിയത് പൊതു ഫണ്ടാണെന്നും അതുകൊണ്ടുതന്നെ കൊവിഡ് വാക്സിന് പൊതുമുതലാണ് എന്നും സുപ്രീം കോടതി വ്യക്തമാക്കി. കാര്യങ്ങള്‍ ഇങ്ങനെയായിരിക്കെ എന്തുകൊണ്ടാണ് കേന്ദ്ര സര്‍ക്കാര്‍ വാക്സിന് നേരിട്ട് വാങ്ങി വിതരണം ചെയ്യാത്തത് എന്നും സുപ്രീം കോടതി ചോദിച്ചു. എന്തുകൊണ്ടാണ് വാക്സിന് രണ്ടുതരം വില നിശ്ചയിക്കുന്നത്? എന്തുകൊണ്ട് മുഴുവന്‍ വാക്സിനും സര്‍ക്കാര്‍ വാങ്ങി വിതരണം ചെയ്യുന്നില്ല? സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനോടാരാഞ്ഞു.
കേന്ദ്ര സര്‍ക്കാരിന്റെ വാക്സിന് നയത്തെ രൂക്ഷമായി വിമര്‍ശിച്ച സുപ്രീം കോടതി വാക്സിന് ഉത്പാദനവും അതിന്റെ വിതരണവും പേറ്റന്റുനിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരാനുള്ള ശ്രമത്തെയും ചോദ്യം ചെയ്തു. ഇത് രണ്ടാം തവണയാണ് സുപ്രീം കോടതിയില്‍ നിന്ന് വാക്സിന്, കൊവിഡ് നയങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിന് വിമര്‍ശനമേല്‍ക്കുന്നത്. ജസ്റ്റിസ് പി വൈ ചന്ദ്ര ചൂഢിന്റെ ബഞ്ചാണ് കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ നയങ്ങളെ വിമര്‍ശിച്ചത്. ഡല്‍ഹി ഹൈക്കോടതിയും കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശനം ഇക്കാര്യത്തില്‍ നടത്തിയിരുന്നു.