കല്‍പ്പറ്റ: സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തില്‍ തന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിനായി എത്തിച്ച ഒരു കോടി രൂപ ഒരുവിഭാഗം ബിജെപി പ്രവര്‍ത്തകര്‍ തട്ടിയെടുത്തതായി എന്‍ ഡി എ സ്ഥാനാര്‍ത്ഥി സി. കെ. ജാനു ആരോപിച്ചു. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന് നല്കിയ കത്തിലാണ് സി. കെ. ജാനു ഈ പരാതി ഉന്നയിച്ചിരിക്കുന്നത്. ബിജെപി ജില്ലാ കമ്മിറ്റി തന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വലിയ വീഴ്ചയാണ് വരുത്തിയത് എന്നും ജാനു ആരോപിച്ചു.
വയനാട് ജില്ലയിലെ സവിശേഷ പ്രശ്നങ്ങള്‍ എടുത്ത് ചര്‍ച്ചയാക്കുന്നതില്‍ മനപൂര്‍വ്വമായ അലംഭാവമാണ് ബിജെപി ജില്ലാ നേതൃത്വം കാണിച്ചത്. പ്രചാരണത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ മെല്ലെപ്പോക്ക് നയമാണ് അവര്‍ സ്വീകരിച്ചത്. അതുകൊണ്ടുതന്നെ കഴിഞ്ഞ തവണത്തെക്കാള്‍ വോട്ടുകള്‍ ഗണ്യമായി കുറയുമെന്നും സി. കെ. ജാനു കത്തില്‍ ചൂണ്ടിക്കാട്ടി.
ഒരു രാഷ്ട്രീയ പ്രസ്ഥാനം എന്ന നിലയില്‍ ബിജെപി തങ്ങളോട് പെരുമാറിയത് വളരെ മോശമായ രീതിയിലാണ്. തന്റെ പാര്‍ട്ടിയായ ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി (ജെ ആര് പി) യുടെ സംസ്ഥാന സെക്രട്ടറിമാരെ ബിജെപിക്കാര്‍ തങ്ങളുടെ വാഹനത്തില്‍ നിന്ന് ഇറക്കിവിട്ടു. ഇത് തങ്ങളുടെ ആത്മാഭിമാനത്തെതന്നെ ചോദ്യം ചെയ്യുന്നതായിരുന്നു. ബിജെപി ആദിവാസി വിരുദ്ധരാണ് എന്ന കാര്യം അടിവരയിടുന്ന പ്രവര്‍ത്തികളാണ് അവരില്‍ നിന്ന് തങ്ങള്‍ക്ക് നേരിടേണ്ടിവന്നത് എന്നും ബിജെപി സംസ്ഥാന പ്രസിഡന്റിനയച്ച കത്തില്‍ ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി അദ്ധ്യക്ഷ കൂടിയായ സി. കെ. ജാനു സങ്കടത്തോടെ വിവരിക്കുന്നു.