ഡല്‍ഹി: കൊവിഡിന്റ രണ്ടാം തരംഗത്തെ നേരിടാന്‍ ലോക്ക്ഡൗണ്‍ അത്യാവശ്യമാണെന്ന് എയിംസ് മേധാവി ഡോ. രണ്‍ദീപ് ഗുലേറിയ. ഇന്ത്യയുടെ ആരോഗ്യസംവിധാനങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, കൊവിഡിന്റെ രണ്ടാം തരംഗത്തെ നിയന്ത്രിക്കാന്‍ വാരാന്ത്യ ലോക്ക്ഡൗണുകളും നൈറ്റ് കര്‍ഫ്യൂകളും പ്രഖ്യാപിച്ചതുകൊണ്ടുമാത്രം സാധിക്കില്ല. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തിനു മുകളിലുളള പ്രദേശങ്ങളിലെങ്കിലും ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുക തന്നെ വേണമെന്ന് ഗുലേറിയ പറഞ്ഞു.
രാജ്യത്ത് കൊവിഡ് കേസുകള്‍ ക്രമാതീതമായി വര്‍ധിക്കുന്നതാണ് ഓക്സിജന്‍ ക്ഷാമം പോലുളള പ്രശ്നങ്ങളുണ്ടാവാന്‍ കാരണം. ലോകത്ത് ഒരു ആരോഗ്യസംവിധാനങ്ങള്‍ക്കും ഇത്രയും വലിയതോതില്‍ രോഗികള്‍ ഉണ്ടാവുമ്പോള്‍ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാന്‍ സാധിക്കില്ല. അതിനാല്‍ കണ്ടെയ്ന്മെന്റ് സോണുകള്‍ ഏര്‍പ്പെടുത്തി, ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കണം- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, രാജ്യത്ത് കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുളളില്‍ 4.1 ലക്ഷം പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 3689 പേര്‍ക്ക് ജീവന് നഷ്ടമായി. 2,15,542 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. മഹാരാഷ്ട്രയ, കേരളം, കര്‍ണാടക, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതല്‍ രോഗികളുളളത്.