മലപ്പുറം: 38 വോട്ടിന് പരാജയപ്പെട്ട പെരിന്തല്‍മണ്ണയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ. പി. മുഹമ്മദ് മുസ്തഫ കോടതിയിലേക്ക്. 375 പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിയില്ലെന്നാണ് പരാതി. കവറിന് പുറത്ത് സീല്‍ ഇല്ലാത്തതാണ് എണ്ണാത്തതിന് കാരണമെന്നാണ് ഉദ്യോഗസ്ഥരുടെ പ്രതികരണം. എന്നാല്‍, സീല്‍ വെക്കേണ്ടത് ഉദ്യോഗസ്ഥരാണെന്നും മനപൂര്‍വ്വം സീല്‍ വെക്കാത്തതാണോയെന്നാണ് താന്‍ സംശയിക്കുന്നതെന്നും മുസ്തഫ പറഞ്ഞു.
സംസ്ഥാനത്തെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷം പെരിന്തല്‍മണ്ണയിലാണ്. യൂത്ത് ലീഗ് നേതാവ് നജീബ് കാന്തപുരമാണ് വിജയിച്ചത്. ഇവിടെ അപരന്മാര് ചേര്‍ന്ന് 1972 വോട്ടുകള്‍ നേടിയിട്ടുണ്ട്. 2016 ല്‍ മഞ്ഞളാംകുഴിഅലിയും വി ശശികുമാറും തമ്മില്‍ ശക്തമായ തെരഞ്ഞെടുപ്പ് നടന്ന മണ്ഡലമായിരുന്നു പെരിന്തല്‍മണ്ണ. അന്ന് 576 വോട്ടിനാണ് അലി ജയിച്ചത്. ഇത്തവണ അലി മങ്കടയിലേക്ക് കളം മാറുകയും ചെയ്തു.
കേരളത്തില്‍ മുസ്ലിം ലീഗും സിപിഎമ്മും നേരിട്ട് ഏറ്റുമുട്ടുന്ന മണ്ഡലങ്ങളിലൊന്നാണ് മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണ. എന്നാല്‍ കഴിഞ്ഞ അരനൂറ്റാണ്ടിനിടയില്‍ ഒരിക്കല്‍ മാത്രമാണ് എല്‍ഡിഎഫിന് മണ്ഡലത്തില്‍ വിജയിക്കാനായത്. 2006-ലെ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ വി ശശികുമാര്‍ മണ്ഡലത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടതൊഴിച്ചാല് ദീര്‍ഘകാലം ലീഗിനൊപ്പം പെരിന്തല്‍മണ്ണ മണ്ഡലം ഉറച്ചുനിന്നു. പിന്നീട്, 2011-ലെ തെരഞ്ഞെടുപ്പില്‍ 9589 വോട്ടുകള്‍ക്ക് അലി ലീഗിനുവേണ്ടി മണ്ഡലം തിരിച്ചുപിടിച്ചു.