തിരുവനന്തപുരം: അന്തരിച്ച കേരള കോണ്‍ഗ്രസ് ബി. ചെയര്മാന് ആര്. ബാലകൃഷ്ണപ്പിളളയുടെ സംസ്കാരം വൈകീട്ട് അഞ്ചിന് വാളകത്തെ വീട്ടില്‍ നടക്കും. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ഏറെനാളായി ചികിത്സയിലായിരുന്ന ബാലകൃഷ്ണപ്പിളളയെ, ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ശ്വാസതടസത്തെത്തുടര്‍ന്ന് വെന്റിലേറ്ററിലായിരുന്ന ബാലകൃഷ്ണപ്പിളള ഇന്ന് പുലര്‍ച്ചയോടെയാണ് അന്തരിച്ചത്.
1935 മാര്‍ച്ച് 8-ന് കൊല്ലം കൊട്ടാരക്കരയില്‍ കീഴൂട്ട് രാമന് പിളളയുടെയും കാര്‍ത്യായനിയമ്മയുടെയും മകനായി ജനിച്ച ബാലകൃഷ്ണപ്പിളള വിദ്യാര്‍ത്ഥിയായിരിക്കെ തന്നെ രാഷ്ട്രീയത്തില്‍ സജീവമായിരുന്നു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന അദ്ദേഹം പിന്നീട് കോണ്ഗ്രസുപേക്ഷിച്ച് കെ. എം. ജോര്‍ജ്ജിനൊപ്പം കേരള കോണ്‍ഗ്രസിന്റെ ഭാഗമായി. കേരള കോണ്‍ഗ്രസ് സ്ഥാപക ജനറല്‍ സെക്രട്ടറിയായിരുന്നു.
1964 മുതല്‍ 87 വരെ ഇടമുളയ്ക്കല്‍ പഞ്ചായത്ത് പ്രസിഡന്റായിരുന്നു. 1971-ലാണ് ബാലകൃഷ്ണപ്പിളള ലോക്സഭാംഗമാവുന്നത്. 1975-ല്‍ സി. അച്യൂതമേനോന് മന്ത്രിസഭയില്‍ ഗതാഗതം, ജയില്‍ വകുപ്പുകള്‍ കൈകാര്യം ചെയ്തു. 1980- 87 കാലഘട്ടത്തില്‍ വൈദ്യുതമന്ത്രിയായിരുന്നു. 1995 മുതല്‍ 95 വരെ എ. കെ. ആന്റണി മന്ത്രിസഭയില്‍ അംഗമായിരുന്നു. 2017-ലാണ് പിണറായി വിജയന് സര്‍ക്കാര്‍ അദ്ദേഹത്തെ മുന്നാക്ക വികസന കോര്പ്പറേഷന് ചെയര്‍മാനായി നിയമിക്കുന്നത്.